ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിഷ്കാസിതന്‍

നീ മൃതിയടഞ്ഞവന്‍..
ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ,
നിന്റെ ശവമെടുപ്പാണ്‌..
വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച.
തണുത്ത്‌ മരവിച്ച സായംസന്ധ്യ.
മരം കോച്ചും തണുപ്പ്‌.
തമസ്സില്‍ തന്നെ നിന്റെ ഖബറടക്കം.
വെളിച്ചത്തിനായ്‌ കത്തിച്ചു വെച്ച-
മണ്‍ചിരാതാരോ ഊതി കെടുത്തി..
അതു നീ തന്നെ ആയിരുന്നില്ലേ?.
പുറത്ത്‌ ഒരായിരം പേര്‍ കാത്ത്‌ നില്‍ക്കുന്നു..
നിനക്കായ്‌ ജയ്‌ വിളിച്ചവര്‍..
നിന്റെ നിണത്തിന്നായ്‌-
കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!.
അനന്തപുരിയില്‍..
നിനക്കായ്‌ ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍..
അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്‌..
നിനക്കിനി ആരാണ്‌ കൂട്ട്‌?.
നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു
വിരേതിഹാസം രചിച്ചവരുടെ പരിലാളന?.
നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!.
പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍-
ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?.
ഹാ.. കഷ്ടം!!.
പട നയിക്കുമ്പോളെന്തിനു നീ-
പാളയത്തിലെ പട നയിച്ചു?..
പിന്തിരിഞ്ഞോടുന്നവന്റെ വിധി-
നിനക്കെന്തേ അറിയാതെ പോയി?..
കുഴിമാടം പൂര്‍ത്തിയായി.
മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക.
നിന്റെ വാസസ്ഥലം എത്ര ക്രൂരം!
നിന്റെ വാരിയെല്ലുകള്‍-
കോര്‍ത്തിണക്കില്ലേ?.
ഈ ശീതകാറ്റില്‍ എനിക്ക്‌ കോച്ചുന്നു.
നിനക്കുമില്ലേ?.
നിനക്കിനി ആരുണ്ട്‌ കൂട്ട്‌?..
നിലാവുള്ള രാത്രിയില്‍,
കൂട്ടിചേര്‍ത്ത കാലുകളെ,

പറിച്ചെറിഞ്ഞു വന്നാലും,
ഇനി വയ്യല്ലോ നിനക്കായ്‌ ആമോദിക്കാന്‍.
നിനക്കുണ്ടാവാം മറ്റൊരു കൂട്ട്‌,
കുന്തത്തില്‍ തലനാട്ടിയ ആമു പോലീസിന്‍ കൂട്ട്‌..

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
"നിനക്കിനി ആരാണ്‌ കൂട്ട്‌?"
----------
"നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!."
aneel kumar പറഞ്ഞു…
ഇബ്രു. നന്നായിരിക്കുന്നു.
Kalesh Kumar പറഞ്ഞു…
നന്നായിട്ടുണ്ട്‌ ഇബ്രു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!