ചില നേരത്ത്.

വ്യാഴാഴ്‌ച, ജനുവരി 15, 2009

 

മരണവാര്‍ത്തകള്‍

യ്യോ! എന്ത് നല്ലൊരു ജീവിതമായിരുന്നു ഹംസാജിയുടേത്!
അദ്ദേഹം കേരള പൊതുജന പാര്‍ട്ടി എന്ന കെ.പൊ.പായുടെ സ്ഥാപക നേതാവും ആജീവനാന്ത തലവനുമായിരുന്നു. തന്റെ പലചരക്കു കടയ്ക്ക് മുന്നില്‍ നടന്നിരുന്ന സകല അനീതികള്‍ക്കെതിരെയും സന്ധിയില്ലാതെ വാചക കസര്‍ത്തിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. കുമാരന്റെ അമ്പലത്തിലേക്കുള്ള ഉത്സവവരവില്‍ സകല മതനേതാക്കളുടേയും വിലക്കിനെ അവഗണിച്ച് തോളത്തിടാറുള്ള തോര്‍ത്ത്മുണ്ട് തലയില്‍ കെട്ടി അദ്ദേഹം നടത്തിയിരുന്ന നൃത്തച്ചുവടുകള്‍ ഏവരേയും പുളകം കൊള്ളിക്കുന്നതായിരുന്നു. തല്‍ഫലമായി കെട്ട്പ്രായം എത്തിയ മകള്‍ക്ക് സ്വസമുദായത്തില്‍ നിന്ന് വരനെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും വര്‍ഷാവര്‍ഷമുള്ള നൃത്തച്ചുവടുകളേയും മുഖം നോക്കാതെയുള്ള വാചകകസര്‍ത്തുകളേയും അദ്ദേഹം മരണം വരെ കൈവെടിയുകയുണ്ടായില്ല. മതം നോക്കിയുള്ള കൊലപാതകങ്ങളിലേക്ക് ജനം തിരിഞ്ഞപ്പോള്‍ ഹാജിയുടെ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ ഹിന്ദുക്കളും മുസ്ലിംങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മുസ്ലിംങ്ങളും അങ്ങാടിയിലേക്കിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്ന ആ ദുഷിച്ച കാലത്താണ് അദ്ദേഹം ഉത്കൃഷ്ടമാ‍യ ഈ വിളംബരം തന്റെ കടയ്ക്ക് മുന്നില്‍ നിന്നും പ്രഖ്യാപിച്ചത്. മറ്റെല്ലാ ഹാജിമാരെ പോലെ തന്നെ മക്കത്ത് പോയി ഹജ്ജ് ചെയ്യുകയും മറ്റൊരു ഹാജിമാരും ചെയ്യാത്തത് പോലെ ചെയ്യുകയും ചെയ്ത ഒരു മഹാനുഭാവനാണ് തിരൂര്‍ താലൂക്കിലെ മണ്ണിത്തിരി വില്ലേജില്‍ നിന്ന് ഇന്നലെ മരിച്ച് പോയ, കാലഹരണപ്പെട്ട് പോകുന്ന മതേതര പുരുഷന്മാരിലെ എണ്ണം പറഞ്ഞൊരാളായ താലുള്ളതില്‍ വീട്ടില്‍ അയമുഹാജി മകന്‍ ഹംസ ഹാജി എന്ന ഹംസാജി. പരേതന് വിവാഹമോചനം ചെയ്യപ്പെട്ട രണ്ട് പെണ്മക്കളാണുള്ളത്.

ദുഷ്ടരേ, പക്ഷം പിടിക്കുന്നവരേ, വാര്‍ത്തകളെ വിഴുങ്ങുന്നവരേ, തെറ്റിദ്ധാരണ പരത്തുന്നവരേ, പ്രോജ്ജ്വലമായൊരു പ്രാദേശിക ഇതിഹാസത്തെയാണല്ലോ, തിരൂര്‍ താലൂക്കിലെ മണ്ണിത്തിരി വില്ലേജില്‍ താലുള്ളതില്‍ വീട്ടില്‍ അയമുഹാജി മകന്‍ ഹംസ ഹാജി പരേതനായി എന്നൊരു ഒരിഞ്ച് വാര്‍ത്തയില്‍ നിങ്ങള്‍ ഒതുക്കി കളഞ്ഞത്. വെറുതെയല്ല ചരമകോളങ്ങള്‍ പെണ്ണുങ്ങളും വൃദ്ധരും മാത്രം വായിക്കുന്ന വിരസമായ കോളങ്ങള്‍ നിറഞ്ഞ പേജായി മാറിയത്.


ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 11:14 AM 3 അഭിപ്രായങ്ങള്‍

ബുധനാഴ്‌ച, ജനുവരി 14, 2009

 

ഇതു മതിയോടോ?

‘വേണ്ടത്ര ക്രൂരതയായി, ഇനി തുറക്കൂ, നിന്റെ ദയാവായ്പും കാരുണ്യവും കണ്ണീരുമെല്ലാം.’

വേണ്ടത്ര ഒഴുകിയോ നിന്റെ കണ്ണീര്‍?

ഇത്രമതിയെന്ന് നിജപ്പെടുത്തിയോ നിന്റെ ദയാവായ്പ്?

ഉവ്വ്, അത്രയും ചെയ്തു.

എന്നാലിനിയൊരു കളിയുണ്ട്, നീ നിന്നെ തന്നെ അട്ടിമറിക്കുന്നൊരു കളി! പറയട്ടെ?

കയ്യില്‍ കിട്ടിയൊരു പലഹാരം പകുത്ത് നല്‍കിയ കാലത്ത് നീ പഠിച്ച പാഠമുണ്ട്, അതങ്ങ് മറന്നേക്കൂ.

അതേത് പാഠം? ഞാന്‍ ചോദിച്ചു.

ശരിക്കും ഒരു പാഠമല്ല, ഒരുപാടുണ്ട് , അതെല്ലാം മറന്നേക്കൂ. ഇനി വേണ്ടത് നീ ഭയങ്കര ശക്തനാണെന്ന് കരുതലാണ്. നിനക്കൊരു തെറ്റാടിയുണ്ടെന്ന് കരുതൂ, നിന്റെ കാരണവന്മാര്‍ വെട്ടിപ്പിടിച്ച് കെട്ടിയ മതിലിനപ്പുറത്ത് കുറേ കുരുവികളുണ്ടെന്നും കരുതൂ. അവയിടയ്ക്കിടക്ക് നിന്റെ ഇടങ്ങളിലേക്ക് കൊത്തിപ്പറിയ്ക്കാനെത്തുന്നത് നിനക്കറിയുമെന്ന് വിചാരിക്കൂ.

‘എന്നെല്ലാം വിചാരിച്ചു’ ഞാന്‍ പറഞ്ഞു.

ഇനി ചെറുകല്ലുകള്‍ വെച്ച് ആ കുരുവികളെ ഉന്നം വെയ്ക്കൂ.

എന്തിനാടാ അവയെ കൊല്ലുന്നേ? ഒച്ച വെച്ചാല്‍ പോവില്ലേ? എന്ന് ചിലര് പറയും, കേള്‍ക്കരുത്!

എല്ലാറ്റിനേം കൊല്ലേണ്ടടാ, മതിലിനു മുകളിലൂടെ തൊടിയിലേക്കെത്തുന്നവയേ കൊന്നാല്‍ പോരേ? എന്ന് വേറെ ചിലര് പറയും, കേള്‍ക്കരുത്!!

വേണ്ടത്ര കുരുവികളെ നീ കൊന്നിട്ടില്ലെന്ന് നിനക്ക് ചിലപ്പോള്‍ തോന്നും. അപ്പോള്‍ നീ തെറ്റാടിയെ കുറ്റം തോന്നും.

എല്ലാറ്റിനേം കൊല്ല്, എല്ലാറ്റിനേം കൊല്ല്, എന്നൊരങ്കിള്‍ പറയുന്നത് കേള്‍ക്കുന്നില്ലേ?

‘ഉണ്ട്, കുറേ നേരമായിട്ടുണ്ട്’ , ഞാന്‍ വീണ്ടും പറഞ്ഞു.

ചെല്ല്, ആ അങ്കിളിന്റെ അടുത്തേക്ക് ചെല്ല്, നിനക്ക് എല്ലാ കുരുവികളെയും എക്കാലത്തും കൊല്ലാന്‍ അങ്കിള്‍ ചിലത് തരും. നീ‍ കുരുവികളെ കൊന്നാല്‍ മാത്രം മതി, അങ്കിളിന് വേറെയൊന്നും വേണ്ട, വേറെയൊന്നും.

(നോട്: ഇതു മതിയോടോ? കുറച്ചായില്ലേ , ഗാസാ ഗാസാ എന്ന് നുരയ്ക്കുന്നത്?)
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 11:09 AM 2 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]