ചില നേരത്ത്.

ഞായറാഴ്‌ച, മേയ് 17, 2009

 

പൊന്നാനിയെ പറ്റി, പൊന്നാനിയില്‍ നിന്നല്ലാതെ.

എട്ട് മണിക്കെഴുന്നേറ്റാല്‍, നാട്ടില്‍ ഒമ്പതരയായിക്കാണും അപ്പോഴേക്കും വിജയസാദ്ധ്യതകള്‍ അറിയാനൊക്കും എന്നായിരുന്നു വെള്ളിയാഴ്ച വൈകി കിടക്കുമ്പോള്‍ ഓര്‍ത്തത്. പക്ഷേ രാവിലെ അഞ്ചിനൊന്നെഴുന്നേറ്റു, വീണ്ടും അഞ്ചേകാലിനെഴുന്നേറ്റു, അഞ്ചരയ്ക്ക്. ഉറക്കം ആകാംക്ഷ കാരണം ഉടക്കിയുടക്കി ഇല്ലാതായി. നാട്ടിലേക്ക് വിളിച്ചപ്പോള്‍ കരണ്ടില്ലെന്നാണ് പറഞ്ഞത്. ടി വി ഓണ്‍ ചെയ്തു, പിന്നെ ആറരയാവട്ടെ എന്ന് കരുതി തിരിച്ചുറങ്ങാന്‍ കിടന്നു. ‘ഇത്തവണയും തോറ്റാല്‍’ എന്നൊരു ടൈറ്റിലില്‍ മനോരാജ്യം കണ്ടു. വീണ്ടുമുണര്‍ന്നപ്പോള്‍ കൃത്യം ഏഴ്, നാട്ടില്‍ എട്ടര. വീട്ടില്‍ കരണ്ട് വന്നിട്ടില്ല. പക്ഷേ, മുറ്റത്ത് രണ്ട് ടി വി തയ്യാറാക്കിയിരിക്കുന്നു. ഇന്‍‌വെര്‍ട്ടര്‍ വെച്ച്, പ്രവര്‍ത്തിക്കുന്ന ടി വി യ്ക്കു മുന്നില്‍ യു ഡി എഫിന്റെ പ്രാദേശിക നേതാക്കളുടെ പടയ്ക്ക് , ഉമ്മയും അയല്‍‌വാസികളും ചായ ഒരുക്കുന്ന തിരക്കിലാണെന്ന് വിവരം. ടി വി ഓണ്‍ ചെയ്തപ്പോള്‍ ഫലം അറിവായി തുടങ്ങിയിരിക്കുന്നു. യു ഡി എഫ് പയ്യെ പയ്യെ ലീഡുകളില്‍ മുന്നേറുന്നു. മനോരമയില്‍ നിന്നും കൈരളിയിലേക്ക് മാറി. ജോണ്‍ ബ്രിട്ടാസ് എങ്ങിനെയാണ് പ്രതികൂല തരംഗത്തെ കൈകാര്യം ചെയ്യുന്നതെന്നറിയാന്‍ താല്പര്യമൂറി. മുഖത്ത് പുഞ്ചിരിയുണ്ട്. ശേഷം എണ്ണാനുള്ള മണ്ഡലങ്ങളെ കുറിച്ച് പറയൂ എന്നാവര്‍ത്തിച്ച് വിവിധ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ പ്രതിനിധികളോട് ആവശ്യപ്പെടുന്നുണ്ട്. ഒരു ജനതയ്ക് വേണ്ട ആശ്വാസം ആവിഷ്‌കരിക്കുന്നത് രസകരമായി തോന്നി. കേരളത്തിന്ന് പുറത്തുള്ള വിവരങ്ങള്‍ ലഭ്യമാവുന്നില്ല, ഒരു മലയാള ചാനലിലും, ഇട്ടാവട്ടത്തില്‍ വട്ടം ചുറ്റാനാണ് മലയാള ചാനലുകളുടെ പരിപാടിയെന്ന് തോന്നി. കമ്പ്യൂട്ടറില്‍, ജിമെയില്‍ സ്റ്റാറ്റസ് മാറി മറയുന്നു. അതും രസകരം. കേരളത്തില്‍ ഇടതുപക്ഷം പ്രതീക്ഷിച്ചതിലും മോശം പ്രകടനത്തിലേക്ക് പടനയിക്കുന്നു. എന്റെ വീട് ഉള്‍പ്പെടുന്ന പൊന്നാനിയില്‍ പതുക്കെ ടി മുഹമ്മദ് ബഷീര്‍ ലീഡുയര്‍ത്തുന്നു. ഇടക്ക്, ഒരിക്കല്‍ മാത്രം എല്‍ ഡി എഫ് സ്വതന്ത്രന്‍ ലീഡിലേക്ക് വരുന്നു. നാട്ടിലേക്ക് വിളിച്ചപ്പോള്‍ തൃത്താല മണ്ഡലത്തിലേതാവും എന്നൊരൂഹം കലര്‍ന്ന മറുപടി ആര്‍പ്പ് വിളികള്‍ക്കിടയില്‍ നിന്ന് കേട്ടു. വയനാടില്‍ ഷാനവാസ് മുന്നേറുന്നു. ജനം യു ഡി എഫിനൊപ്പമെന്ന ഇലക്ഷന്‍ ട്രെന്‍ഡ് എല്ലാ ചാനലുകളും കാണിക്കുന്നു. ഒരോ ശതമാനം വോട്ടെണ്ണുമ്പോഴും .ടി ആയിരത്തോളം വോട്ടുകള്‍ക്ക് മുന്നേറുന്നു. വീണ്ടും വിളിച്ചപ്പോള്‍ വീട്ടുമുറ്റത്ത്, വാപ്പയടക്കം പ്രായമുള്ള യു ഡി എഫ് കാരു മാത്രമേയുള്ളൂ. ചെറുപ്പക്കാരൊക്കെ, വാങ്ങി വെച്ച പടക്കം, കണക്കാക്കി വെച്ച ഇടങ്ങളില്‍പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി തുറന്നപ്പോള്‍ എല്‍ ഡി എഫ് പൊട്ടിഎന്ന ആര്‍പ്പ് വിളികള്‍ക്കൊപ്പം പൊട്ടിക്കുവാന്‍ പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
ഷെബി ഒരു കന്നി വോട്ടറാണ്, ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇലക്ഷന്റെ ആവേശം ചൂടാറും മുന്നെ റഷീദലി, ഈയിടെ ലഭിച്ച ബ്രോഡ് ബാ‍ന്‍ഡ് കണക്ഷന്‍ വഴി അയച്ച് തന്നപ്പോള്‍ ആദ്യം തിരിച്ചറിഞ്ഞത് ഇവനെയാണ്.


തൃത്താല ഇടതുപക്ഷാഭിമുഖ്യമുള്ള മണ്ഡലമാണ്. രണ്ടാമതൊരിക്കല്‍ ലീഡ് മാറാതായപ്പോള്‍, അങ്ങാടിയില്‍ ഒരു കൊച്ചുപ്രകടനത്തിനുള്ള ഒരുക്കങ്ങളായി. തൃത്താലയില്‍ ഇടത്പക്ഷം പതിനായിരത്തിന്റെ ഭൂരിപക്ഷമായിരുന്നു കണക്ക് വെച്ചിരുന്നത്, അത് മൂവായിരമായി കുറഞ്ഞു.
സഖാവ് ഇമ്പിച്ചിബാവയുടെ കാലശേഷം പൊന്നാനി യു ഡി എഫിലേക്ക് കൊണ്ടു വന്നത് എന്‍ സി പി സ്ഥാനാര്‍ത്ഥിയായി ഇക്കുറി തിരുവനന്തപുരത്ത് മത്സരിച്ച് വെറും മൂവായിരത്തില്‍ താഴെ വോട്ട് വാങ്ങി ദയനീയമായ ശ്രീ. എം പി ഗംഗാധരനായിരുന്നു. ശേഷം സഖാവ് പാലൊളി ഇരുപതിനായിരത്തിലധികം വോട്ടിനു തിരിച്ച് പിടിച്ചു. ഇക്കുറി അത്രത്തോളം ഭൂരിപക്ഷം ലോക്‍സഭയിലേക്ക് ഇടതന്മാര്‍ കൂട്ടിയ കണക്ക് പിഴച്ചു. പി ഡി പിയുടെ ശക്തികേന്ദ്രമെന്ന് മ‌അദനിയുടെ വിടുവായത്തവും പൊളിഞ്ഞു. യു ഡി എഫിന് അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം.

വര്‍ഷങ്ങള്‍ക്കു മുന്നെ, സഹകരണ ബാങ്ക് ഇലക്ഷനില്‍ യു ഡി എഫ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് പിളര്‍ന്നു. വലത് വശത്ത് വെള്ള വസ്ത്രം ധരിച്ച ഒന്നാമന്‍ സൈതാലിക്കുട്ടിക്ക കരുണാകരന്‍ ഗ്രൂപ്പും രണ്ടാമതായി ചാരനിറമുള്ള ഷര്‍ട്ട് ധരിച്ച ബാബുവേട്ടന്‍, ഡി സി സി സെക്രട്ടറിയായ ബാലേട്ടനെ പോലെ തന്നെ ആന്റണി കോണ്‍ഗ്രസുമായി. ലീഗുകാരും ആന്റണി കോണ്‍ഗ്രസുകാരും ഭരിക്കാന്‍ തീരുമാനിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസിലെ ഏക ഡയരക്ടര്‍ സൈതാലിക്കുട്ടിക്ക പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഇടഞ്ഞു നിന്നു, ഒരു സുപ്രധാന മീറ്റിംഗിനിടയില്‍ നിന്നും മിനുട്സ് ബുക്ക് എടുത്ത് ഓടിപ്പോയി കീറിക്കളഞ്ഞു. വിഭാഗീയതയുടെ മഞ്ഞ്മല ഉരുകാന്‍ യു ഡി എഫ് നിരന്തരം തോല്‍ക്കേണ്ടി വന്നു. ശേഷം ഭാഗം ലോക്‍സഭ വിജയാഹ്ലാദ പ്രകടനത്തില്‍.
ആയിരം ആളുകള്‍ക്കുള്ള പായസം ഉണ്ടാക്കണം എന്ന് സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോള്‍, അതാര്‍ഭാടമല്ലേയെന്ന് ഞാന്‍. നീണ്ട ഒമ്പത് വര്‍ഷമായില്ലേടാ പാര്‍ട്ടി ഒന്ന് വിജയിച്ചിട്ട് എന്നായിരുന്നു മറുപടി. ഉവ്വ്, യു ഡി എഫ് പഞ്ചായത്തിലും ബ്ലോക്കിലും നിയമസഭയിലും തോറ്റു. ലോക്‍സഭാ ഇലക്ഷനില്‍ വിജയിച്ചപ്പോള്‍ അത് പൊന്നാനിയില്‍ മാത്രമായി. ആഘോഷം വിട്ടു നിന്നു. വീട്ടില്‍ നിന്നെത്ര വാങ്ങണം എന്നായി പിന്നീട്. ഏതൊരാഘോഷങ്ങള്‍ക്ക് ശേഷവും കൈവിട്ട് പോകുന്ന ആര്‍ഭാടങ്ങളുടെ തിരുശേഷിപ്പ് ഞങ്ങള്‍ നികത്തിയിരുന്നത് സ്വരുക്കൂട്ടി വെച്ചിരുന്ന ഇത്തിരികാശ് വീതമെടുത്തായിരുന്നു. അതോര്‍ത്തപ്പോള്‍ അവനോട് പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് നീ വിളിക്കൂ.
ശുഭ്രവസ്ത്രം ധരിച്ച് ധൃതി വെച്ച് പായസം വിളമ്പുന്ന, ചിത്രത്തില്‍ വലത് വശത്ത് ആദ്യം കാണുന്ന അലിക്കുട്ടിക്ക. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത്, അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്ന സമയം. എങ്ങിനെയുണ്ട് പ്രചരണം? എട്ട് റൌണ്ട് വാര്‍ഡില്‍ ഞാന്‍ ചുറ്റിയടിച്ചു ഒരു മുന്നൂറ് വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ഉറപ്പ് എന്നായിരുന്നു മറുപടി. റിസള്‍ട്ട് വന്നപ്പോള്‍ നാന്നൂറ്റിമുപ്പത്തിനാല് വോട്ടിനു വൃത്തിയായി തോറ്റു. പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി വി എസ് ചിരിക്കുന്നത് കണ്ടപ്പോള്‍, അന്ന് തോറ്റ വിഷമത്തില്‍, പാര്‍ട്ടി ഓഫീസില്‍ ഇരുന്ന് , എട്ട് റൌണ്ട് വാര്‍ഡ് ചുറ്റി ഭൂരിപക്ഷമുറപ്പിച്ച അലിക്കുട്ടിക്കായെ പറ്റി ആര്‍ത്തുചിരിച്ചതോര്‍ത്തു പോയി.

ലീഗ് തോറ്റപ്പോള്‍ ഞങ്ങളില്‍ ചിലര്‍ക്ക് , ഇനി മതി എന്ന തോന്നലായി. പലരും വിദേശത്തേക്ക് പോയി. ചിലര്‍ ബിസിനസിലേക്ക് തിരിഞ്ഞു. പക്ഷേ ടി. കെ ഷുഐബ് എന്ന ടി കെ, നാട്ടിലേക്ക്, പഠിക്കണം, നാട്ടില്‍ ജോലി ചെയ്യണം, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണം എന്നുദ്ദേശിച്ച് വിദേശവാസം അവസാനിപ്പിച്ചു. ലീഗനുഭാവികളായ കുടുംബങ്ങളെ സി പി എം പതുക്കെ അവരിലേക്കടുപ്പിക്കുന്ന സമയം. ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവര്‍ത്തകര്‍ നിര്‍ജ്ജീവമായി. പക്ഷേ, ടി. കെ തന്റെ ബിരുദാനന്തര പഠനത്തിനിടയ്ക്ക്, ചിതറിത്തെറിച്ച പ്രവര്‍ത്തകരെ സുസജ്ജരാക്കാന്‍ തുടങ്ങി. നിയമസഭാ ഇലക്ഷനിലേറ്റ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ലീഗ് താഴെ തലം മുതല്‍ പ്രവര്‍ത്തനം സജ്ജമാക്കി. ടി. കെ യുടെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കള്‍ നിരന്തരം പ്രവര്‍ത്തിച്ചു. എല്ലാവരും ഒരു ഇലക്ഷനെ കാത്തിരിക്കുകയായിരുന്നു. അവനവന്റെ വാര്‍ഡുകളില്‍ നേടേണ്ട വോട്ടുകളുടെ കണക്കെടുപ്പുകള്‍, ചേര്‍ക്കേണ്ട വോട്ടുകള്‍, പ്രാദേശിക പ്രശ്നങ്ങള്‍, തുടങ്ങി വിജയത്തിലേക്കുള്ള ചെറിയ കാല്‍‌വെപ്പുകള്‍. ഫലം - ബൂത്ത് തലത്തില്‍ ഇടത് ആഭിമുഖ്യമുള്ള പ്രദേശത്ത് നൂറ് വോട്ടിന്റെ മേല്‍കൈ. വോട്ടെണ്ണിയപ്പോഴത് മുന്നൂറിലധികം ഭൂരിപക്ഷം.

കൊച്ചു കൊച്ചു ശബ്ദം കൊണ്ട് മഹാ ആരവം തീര്‍ത്ത സതീര്‍ത്ഥ്യരേ, കപടാദര്‍ശവും വര്‍ഗ്ഗീയതയും കൊണ്ട് ഒരു ജനതയെ ഒന്നാകെ വഴി തെറ്റിക്കാന്‍ ഇറങ്ങി തിരിച്ച ദേശദ്രോഹികള്‍ക്ക് നേരെ നിങ്ങള്‍ നെഞ്ചുയര്‍ത്തി നിന്നിരിക്കുന്നു. കാതങ്ങള്‍ക്കകലെ നിന്ന് ഞങ്ങളും ഉയര്‍ത്തുന്നു, നിങ്ങള്‍ ഉയര്‍ത്തിയ അതേ മുദ്രാവാക്യം ഊക്കോടെ, ഉശിരോടെ ,
ജയ്‌ഹിന്ദ്!!

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 7:27 PM
അഭിപ്രായങ്ങള്‍:
ജയ്ഹിന്ദ്.....!
 
ജയ് ഹിന്ദ്!

ഉഗ്രൻ പോസ്റ്റ്!
 
OMG* Comrade! and all this while we were comparing public with donkeys...

*OMG - O My Guevara
 
ജയ് ഹിന്ദ്! :)
 
you said it
 
ജയ്‌ഹിന്ദ് !!

We need to move further. This is a good start..ജയ്‌ഹിന്ദ്!!
 
ഇപ്പഴാ വായിച്ചേ,
ഉഗ്രന്‍!!
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]