ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ വീട്‌

അങ്ങനെ നീണ്ട ഒന്നരമാസത്തെ പരിശ്രമം തീർന്നുകിട്ടി. ജോലി തിരക്കിന്റെ സമ്മർദ്ദത്താൽ കാര്യമായൊന്നും ബ്ലോഗുവാൻ പറ്റിയിരുന്നില്ല. വല്ലപ്പോഴും ഒന്നു കമന്റിയതൊഴിച്ചാൽ തലയിൽ മുഴുവൻ സബ്‌ കോണ്ട്രാക്റ്റ്‌ ക്ലോസുകൾ ആയിരുന്നു. കണ്ൺ തെറ്റിയാൽ പെയ്‌മന്റ്‌ ടേം മാറ്റി അഗ്രീമെന്റ്‌ ഒപ്പിടീക്കും. മാലപടക്കം പോലെ സബ്‌ കോണ്ട്രാക്റ്റ്‌ വന്നപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. നെറ്റും വേണ്ട കമ്പ്യൂട്ടറും വേണ്ട എന്നങ്ങു തീരുമാനിച്ചു. ജീവിച്ച്‌ പോണ്ടെ??
.പിന്നെ അതിനിടക്ക്‌ നാട്ടിലൊന്ന് പോയി അടിച്ച്‌ പൊളിച്ച്‌ തിരിച്ച്‌ വരണം.
പത്ത്‌ ദിവസത്തിന്ന് പോയിട്ട്‌ വരാൻ അനുമതി കിട്ടിയിട്ട്‌ വേണ്ടെന്ന് വെച്ചു.വീട്ടുകാരെ കാണാൻ അതു ധാരാളം മതി..പക്ഷെ അതുപോരല്ലോ?..
ഇതിനിടയ്ക്ക്‌ രാത്രിയിലെപ്പെഴോ വീട്‌ കിനാവ്‌ കണ്ടു.എന്റെ വീട്‌..ഇളം പച്ച ചുമരുകളിൽ ഞാനെപ്പെഴോ വരച്ചിട്ട അക്ഷരമാലകളും അക്കങ്ങളും എന്നെ മാടിവിളിക്കുന്നു.വർഷങ്ങൾക്ക്‌ മുൻപെ അവയെല്ലാം മായ്ച്ചിട്ടുണ്ടെന്ന് അറിയാഞ്ഞല്ല..പക്ഷെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്ന ചിത്രമതാണ്‌.അകത്തെ മുറികളിലെവിടെയോ നിന്ന് വാതരോഗം ബാധിച്ച്‌ കിടപ്പിലായ കാരണവർ എന്തിനോ വിളിക്കുന്നു.
ഓട്ടുകിണ്ടിയിൽ വെച്ച വെള്ളമുപയോഗിച്ച്‌ മുഖം കഴുകുമ്പോൾ വല്യുമ്മ പറഞ്ഞു..ഇന്ദിരാഗാന്ധിക്ക്‌ വെടിയേറ്റു..
പ്രാതലിനിടയ്ക്ക്‌ കേട്ട രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത ഉപ്പാനെ വിളിച്ച്‌ പറയാൻ ഓടിയെത്തിയപ്പ്പ്പോൾ സങ്കടത്താൽ വാക്കുകൾ മുറിഞ്ഞു.
എന്റെ ഓർമ്മകളിൽ അമ്മയുടെയും മകന്റെയും മരണ വാർത്തയ്ക്ക്‌ ഇപ്പോൾ നിമിഷങ്ങളുടെ വ്യത്യാസം.വീടിനോട്‌ ഇഴ ചേർന്ന ഒരോർമ്മ.
അവധിക്കാലങ്ങളിൽ പഴയ മുറികളിൽ തിരഞ്ഞ്‌ ഞാനെന്റെ ജനനദിന വിശേഷങ്ങൾ അറിഞ്ഞു. മകൻ ജനിച്ചു..ഉപ്പ ചുരുങ്ങിയ വാക്കുകളിലാണെന്റെ ജനനം ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
എന്റെ വീട്ടിന്റെ മുക്കിലും മൂലയിലും ഓർമ്മകൾ വിഹരിക്കുന്നു.
മാവിലും പ്ലാവിലും സ്മരണകൾ തൂങ്ങിയാടുന്നു.പെരുമഴയിലെ ഇറവെള്ളം പോലെ എല്ലാം ഒലിച്ചിറങ്ങുന്നു.ശീതകാറ്റിൽ തിണ്ണയിൽ പതിച്ച മഴതുള്ളികളിൽ ഞാനെന്റെ പേരെഴുതുന്നു.ഒരറ്റം മുതൽ മറ്റേയറ്റം വരെ..
ദുർബലമായ മച്ച്‌ ഒരു പ്രശ്നമായി. വീട്‌ പൊളിക്കുവാൻ ആശാരി പറഞ്ഞപ്പോൾ ഞാൻ രൂപരേഖ വരച്ചു. വല്യുമ്മാനെ കാണിച്ചപ്പോൾ കണ്ണുനീരിൽ കുതിർന്ന വാക്കുകളാൽ പറഞ്ഞു..എന്റെ മരണശേഷം മാത്രം മതി വീട്‌ പൊളിക്കൽ..പിന്നെ വീട്‌ ചില പുതുക്കി പണികൾ മാത്രം നടത്തി.പഴയ ഓർമ്മകളുടെ ആയുസ്സ്‌ വീണ്ടും നീട്ടി.
വീട്‌ വീണ്ടും ദുർബലമായി തുടങ്ങിയിരിക്കുന്നു. വീട്ടിൽ താമസിക്കുന്നവരും..പഴയ മട്ടിലെ സൌകര്യങ്ങൾ പുതിയ കാലത്തേക്ക്‌ തീരെ യോജിക്കുന്നില്ല.
ഇനിയും ഓർമകൾക്ക്‌ തപസ്സിരിക്കാൻ കഴിയുകയില്ല.അവയ്ക്ക്‌ മീതെ അതിമനോഹരമായ സ്മാരകം പണിയാം. വല്യുമ്മയ്ക്ക്‌ വിഷമമുണ്ടാകും.വീടുകൾ പ്രിയപ്പെട്ടവരുടെ സ്മാരകങ്ങൾ കൂടെയാണ്‌.
വീടിനോട്‌ ചേർന്നുള്ള പ്ലാവ്‌ മര ഉരുപ്പടികൾക്കായി വെട്ടിയിട്ടുണ്ടാകും.പുതിയ വീടിന്റെ പണി നടക്കട്ടെ.അതിന്‌ ശേഷം പുതിയവരെ കുടിയിരുത്താൻ കൂടെയുണ്ട്‌.പുതിയ ഓർമ്മകൾ നാമ്പിട്ട്‌ തുടങ്ങട്ടെ.

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
ഇബ്രൂന്റെ വീട് :)
സു | Su പറഞ്ഞു…
ഇബ്രൂ,
പുതിയ വീടൊക്കെ ആയിട്ട് വീടും നാടും കാണാൻ വരാട്ടോ :)
ചില നേരത്ത്.. പറഞ്ഞു…
അതെ അനിലേട്ടാ..
ഇബ്രുവിന്റെ വീട്‌..
സൂ..
ഇവിടെ തന്നെ ചുറ്റിപറ്റി കാലം കഴിച്ചാലോ എന്ന ആലോചനയും ഇല്ലാതില്ല.
-ഇബ്രു-
അജ്ഞാതന്‍ പറഞ്ഞു…
പഴയ വീട്ടിന്റെ കോലയിൽ നിന്നും ഓടിപൊയ ആ കാറ്റ്ണ്ടല്ലൊ...അതു വീണ്ടും വരും,പുതിയ വീട്ടിന്റെ ജനലിൽ കൂടി,പഴയ വീട്ടിന്റെ സുഗന്ധവുമായി
Kalesh Kumar പറഞ്ഞു…
ഇബ്രൂ, നന്നായിട്ടുണ്ട്!
ഇത് വായിച്ചിട്ടിരുന്ന് എന്റെ വീടിനെ കുറിച്ച് ഓർത്തു!
അപ്പൂ‍പ്പൻ, അമ്മൂമ്മ, പശുത്തൊഴുത്ത്, മഴപെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും മാങ്ങ പൊഴിച്ചിടുന്ന നാട്ടുമാവ്, കൊക്കോ തോട്ടത്തിലെ തണുപ്പ്...
:(
ചില നേരത്ത്.. പറഞ്ഞു…
Test..
നന്മകൾ..
നൻമ
മംഗൾ പാണ്ഡെ.
മയിൽ
മകൻ.
keralafarmer പറഞ്ഞു…
നാട്ടിൻപുറത്തിന്റെ മണം ഒന്നു വേറെ തന്നെ. "ആരോഗ്യദായിനി"
ചില നേരത്ത്.. പറഞ്ഞു…
പ്രിയ തുളസി..
ബ്ലോഗ്‌ വായിച്ചതിന്‌ നന്ദി.
കലേഷ്‌..
കൂടുതൽ എഴുതണമെന്നുണ്ടായിരുന്നു.പക്ഷെ ഒരു മടുപ്പ്‌ തോന്നി. ഒരു മരവിപ്പ്‌!!.എല്ലാം പൊയ്‌പോയി.മാവും പ്ലാവും വീട്ടുമുറ്റത്തെ കുളവും മാങ്ങയ്ക്ക്‌ കല്ലെറിയാൻ വന്നിരുന്നവരും എല്ലാം..ആളൊഴിഞ്ഞ വീട്ടിലേക്ക്‌ ബന്ധുക്കൾ തന്നെ വല്ലപ്പോഴും വന്നാലായി..

ശ്രീ കേരള ഫാർമർ..
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം..പട്ടചാരായങ്ങളാലും..
കിരൺ..
പ്രശംസാവചനങ്ങൾക്ക്‌ നന്ദി.
വർഷങ്ങളോളം ഒരുകാറ്റും മുല്ലപ്പൂ ഗന്ധം വഹിക്കില്ല.പൂമൊട്ടുകൾ നിശകളെ കാത്തിരിക്കുന്നത്‌, വിടരാൻ വേണ്ടിയാണ്‌. സുഗന്ധം പരത്തുവാനും.അതറിയാതെ പോകുന്നവർ എത്രായിരം പേർ. മുടിയിൽ ചൂടാൻ മാത്രമല്ല, മെത്തയിൽ വിതറാൻ കൂടെ നാം മുല്ലപ്പൂ ഉപയോഗിക്കാറുണ്ട്‌..
-ഇബ്രു-
Visala Manaskan പറഞ്ഞു…
ഇബ്രുവിന്റെ വീട്‌ ഇന്നാണ്‌ വായിച്ചത്‌. നല്ല പോസ്റ്റിങ്ങ്‌. ഇനിയും എഴുതുക.
Kalesh Kumar പറഞ്ഞു…
പ്രിയ ഇബ്രൂസേ,
എവിടാ???
എന്താ‍ ഒന്നും എഴുതാത്തേ?
ഞങ്ങളെയൊക്കെ മറന്നോ???
ചില നേരത്ത്.. പറഞ്ഞു…
കലേഷ്‌ ഞാനിവിടെയുണ്ടായിരുന്നു. ഇതിനിടയ്ക്ക്‌,നേരാനേരം ഭക്ഷണം കിട്ടാതെയുഴലുന്ന അനേകലക്ഷം സഹജീവികളെയോർത്തു.പക്ഷെ, സമൃദ്ധിയുടെ മന്നയും സൽവയും അസ്തമയതിന്ന് ശേഷം വർഷിച്ചപ്പോൾ എല്ലാം മറക്കാൻ ഞാൻ അവ വാരി വലിച്ച്‌ ഭക്ഷിച്ചു. ഒരേ സമയം വിശക്കുന്നവന്റെ ദൈന്യതയും സമ്പന്നന്റെ സമൃദ്ധിയും അനുഭവിച്ചു.
പാമോയിലിൽ പൊരിച്ചെടുത്ത മൽസ്യം വെറും വയറ്റിൽ കഴിച്ചതിന്റെ രാത്രി ഞാൻ വയറുവേദനിച്ച്‌ അലറുകയായിരുന്നു. എല്ലാം ഭേദമായി വന്നപ്പോൾ കുമിഞ്ഞു കൂടിയ ജോലിയും..ഇന്നിതാ ഒരു ഇടവേളയ്ക്ക്‌ ശേഷം വീണ്ടുമിതാ ബ്ലോഗുന്നു.. വിട്ടു പോകാനാകാത്ത ഒരു പൊക്കിൾ കൊടി ബന്ധം ബ്ലോഗുമായി എനിക്കുമില്ലെ, കലേഷിനെ പോലെ...
ഇബ്രു-
reshma പറഞ്ഞു…
love the way trhis is written

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!