ചില നേരത്ത്.

ഞായറാഴ്‌ച, ജൂൺ 02, 2013

 

കുറുക്കൻ

വിശാലമായ ഖബറിസ്ഥാനിലെ പുരാതനമായ മാളത്തിലിരുന്ന് ഓരിയിടാൻ മക്കളേയും കൊച്ചുമക്കളേയും മൂത്തകുറുക്കൻ കാരണവർ കുറുക്കൻ ഓർമ്മിപ്പിക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മായാൻ തുടങ്ങിയിരുന്നു. അപ്പോൾ കൊച്ചു കുറുക്കൻ ചോദിച്ചു,

"എന്തിനാണ് വല്യച്ഛാ, സന്ധ്യാ നേരത്ത് നമ്മളെല്ലാവരും പള്ളിയിലെ ബാങ്ക് വിളിക്കുന്നതിനൊപ്പം ഓരിയിടുന്നത്?'

അപ്പോൾ മംഗലം വലിയ പള്ളിയിലെ മുക്രി മഗ്‌രിബ് ബാങ്ക് വിളിയ്ക്കാനായി മുരടനക്കി തൊണ്ടയൊരുക്കുന്ന ശബ്ദം പുറപെട്ടു.

അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ...
മൈക്കിലൂടെ ഖബറിസ്ഥാന്റെ അതിർത്തിയും കടന്ന് ആ ബാങ്കൊലി കൂട്ടായിക്കടവ് വരെ ചെന്നു, അവിടെ വെച്ച് മറ്റൊരു ബാങ്കൊലിയുമായി ചേർന്ന് അടുത്ത വരിയുടെ ഗർഭം ധരിച്ചു.

അനാദികാലം മുതൽ തുടരുന്ന ഖബറിസ്ഥാനിലെ പുരാതന ഗുഹകളിൽ സ്ഥിരതാമസക്കാരായ കുറുക്കന്മാരുടെ ഓരിയിടൽ കിതച്ച് കിതച്ച് ബാങ്കൊലിയ്ക്കൊപ്പം ഓടിയെത്തി. അതിന്റെ പ്രതിധ്വനിയിൽ കുറുക്കന്മാർ പരസ്പരം ആശ്വസിച്ചു. ഇന്നത്തെ പകലും അതിജീവിയ്ക്കാനായിരിക്കുന്നു.

"കുഞ്ഞേ, ഈ സന്ധ്യാ നേരത്തെ ഓരിയിടലിനും പിന്നിൽ പണ്ടെങ്ങോ സംഭവിച്ചൊരു കഥയുണ്ട്. അതു പറഞ്ഞു തരാം."

മുത്തശ്ശൻ കുറുക്കൻ ഇളം ചൂടുള്ള മണ്ണിൽ വയറമർത്തി കിടന്നു, കൊച്ചുകുറുക്കൻ കഥ കേൾക്കാൻ അക്ഷമനായി.

"ഈ പള്ളിക്കാട്ടിൽ പണ്ട് പണ്ട് കുറേ കുറുക്കൻ കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർ രാത്രി ഇരതേടി പുറത്തിറങ്ങാൻ ഇരുട്ട് കാത്തിരിക്കുമായിരുന്നു. എന്നാൽ അക്കാലത്തൊരു ചെറുപ്പക്കാരൻ ഇര തേടാൻ സന്ധ്യമയങ്ങാൻ കാത്തിരിക്കാതെ പുറപ്പെട്ടു. കൂട്ടത്തിലെ മുതിർന്നവർ വിലക്കിയിട്ടും വക വെയ്ക്കാതെ ആ കുറുക്കൻ പുറപ്പെട്ടു പോയി. പക്ഷേ ആ കുറുക്കൻ നേരം പുലരാറായിട്ടും മാളത്തിലേയ്ക്ക് തിരിച്ചെത്തിയില്ല. ആ വിവരം പള്ളിക്കാട്ടിലെ മറ്റ് കുറുക്കൻ കുടുംബത്തോടെല്ലാം അറിയിച്ചു, പക്ഷേ അവരാരും പുറപ്പെട്ട് പോയ കുറുക്കനെ കണ്ടില്ലെന്ന് പറഞ്ഞ് വ്യസനിച്ചു.

വിസ്തൃതമായ ഈ പള്ളിക്കാട്ടിലെവെടെയെങ്കിലും വഴി തെറ്റി പോയതാകുമെന്ന് കരുതി അടുത്ത ദിവസം ഇരതേടി പുറപ്പെടും മുന്നെ കുടുംബത്തിലെ കാരണവർ കുറുക്കന്മാർ ഓരിയിട്ട് വഴി അടയാളപ്പെടുത്തി കൊടുത്തു. പക്ഷേ നിരാശയായിരുന്നു ഫലം. എന്നാൽ പ്രതീക്ഷ കൈവിടാതെ പള്ളിക്കാട്ടിലെ മറ്റു കുറുക്കന്മാർ എല്ലാവരും ചേർന്ന് തൊട്ടടുത്ത ദിവസവും ഓരിയിട്ട് വിളിച്ച് നോക്കി. അന്നീ നാട് ഓരിയിടലിന്റെ പ്രകമ്പനത്തിൽ വിറച്ചു, പക്ഷേ പുറപ്പെട്ട കുറുക്കൻ മാത്രം തിരിച്ചെത്തിയില്ല. അങ്ങിനെ സാഹസികരായ കുറച്ച് ചെറുപ്പക്കാരായ കുറുക്കന്മാരെ തിരച്ചിലിനായി പറഞ്ഞയച്ചു. അവർ നടത്തിയ തിരച്ചിലിന് ഒടുവിൽ, അങ്ങ് ദൂരെ പള്ളിക്കാടിന്റെ അതിർത്തി നിശ്ചയിക്കുന്ന വിശാലമായ കുളത്തിനരികിലെ നനഞ്ഞ മണ്ണ് ചുരണ്ടെടുത്തപ്പോൾ തലയ്ക്കടിയേറ്റ് മരിച്ച കുറുക്കന്റെ ശവം അടക്കം ചെയ്തതവർ കണ്ടെത്തി.

കുളം ഉപയോഗിക്കാൻ വന്ന പള്ളിയിലുള്ളവരാരോ കൊലപ്പെടുത്തിയതാണ് ആ ധൈര്യശാലിയായ കുറുക്കനെ എന്ന് തിരിച്ചറിഞ്ഞയന്ന് മുതൽ തുടങ്ങിയതാണ് ഈ ഓരിയിടൽ. അതിൽ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും അലയൊലികൾ അടങ്ങിയിട്ടുണ്ട് കുഞ്ഞേ!

തന്റെ പൂർവ്വികന്റെ സാഹസികതയുടെ തുടക്കവും ഒടുക്കവും ദുരന്തപര്യവസാനിയായതിൽ ആ കൊച്ചുകുറുക്കന് അത്യന്തം വിഷമം തോന്നി. അന്ന് രാത്രി വൈകിയിട്ടുള്ള ബാങ്ക് മുഴങ്ങുമ്പോൾ അന്നാട്ടുകാർ പതിവിൽ നിന്നും വിപരീതമായിട്ടൊരു ഓരിയിടൽ കേട്ടു, ഒച്ചയുറക്കാത്തയൊരു കൊച്ചു കുറുക്കന്റെ സങ്കടം കലർന്നൊരു ഓരിയിടൽ. അതിൽ വരാനിരിക്കുന്ന സംഘർഷത്തിന്റെ നാളുകൾ അടങ്ങിയിട്ടുണ്ടാകുമെന്ന് ആരറിഞ്ഞു.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 10:24 AM 2 അഭിപ്രായങ്ങള്‍

തിങ്കളാഴ്‌ച, മേയ് 27, 2013

 

വാറന്റ്

അക്കാലത്ത് , പോലീസുകാരെയോ അവരുടെ ഇതര ആളുകളെയോ കാത്തിരിക്കുന്നത് അപൂർവ്വതയായിരുന്നില്ല.

വിശാലമായ വരാന്തയിൽ കമിഴ്ന്ന് കിടക്കുമ്പോൾ, പുറത്ത് വളർന്ന്  വളഞ്ഞ നരച്ച രോമങ്ങൾ അയാളുടെ മകൾ  പറിച്ചെടുക്കുകയായിരുന്നു. അപ്പോഴാണ്‌  പോലീസുകാരൻ വാറന്റുമായി കടന്ന് വന്നത്. മകൾ, വാറന്റ് വായിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ  വസ്ത്രം മാറി, പോകാൻ തയ്യാറായി വന്നു.

വില്പത്രം നേരത്തെ തയ്യാറാക്കി വെച്ചിരുന്നതിനാൽ മകൾക്ക്  സമ്പാദ്യം എങ്ങിനെ ചെലവഴിക്കണമെന്ന് നിശ്ചയമായും അറിയുന്നുണ്ടാകുമെന്ന് അയാള് കരുതിയുറപ്പിച്ചു.

വാറന്റിൽ, അജ്ഞാതനായൊരാളെന്നെ എവിടെയോ കണ്ടുമുട്ടിയിട്ടുണ്ടെന്നതായിരുന്നു കുറ്റം.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 10:17 AM 0 അഭിപ്രായങ്ങള്‍

വ്യാഴാഴ്‌ച, ഡിസംബർ 30, 2010

 
Posted by Picasa

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 10:59 PM 0 അഭിപ്രായങ്ങള്‍

വെള്ളിയാഴ്‌ച, ഡിസംബർ 24, 2010

 
Posted by Picasa

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 1:06 PM 0 അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, ഒക്‌ടോബർ 11, 2009

 

ആവാസ വ്യവസ്ഥ.

മുസ്ല്യാർക്ക് എങ്ങോട്ട് തിരിയാനും ഒരാൾ വേണമായിരുന്നു.

ദേര ദുബായിൽ നിന്ന് ഖുസൈസിലേക്ക്, തെരുപ്പറമ്പിൽ അബ്ദുല്ലാക്കയുടെ മൂത്തമകനെ കാണാൻ, മൂന്നാം നമ്പർ ബസ്, പഴയ ദുബൈ സിനിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ മതിയാവുമെന്ന് നൂറാവർത്തി പറഞ്ഞു കാണും. ദുബൈ സിനിമ എവിടെയെന്നാണ് എപ്പോഴും സംശയം. ഇക്കോലത്തിലൊക്കെ ഉടുപ്പിടാവോ എന്ന് മൊയ്തീൻ‌ക്കയോട് ചോദിച്ചതോർമ്മയില്ലേ, അവിടെയായിരുന്നു ദുബൈ സിനിമ. സംസാരം തീർന്നപ്പോൾ, നദീമിന് എഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആവാസ വ്യവസ്ഥയുടെ ചിത്രം ഓർമ്മ വന്നു. ജലത്തിനടിയിലെ സസ്യങ്ങൾക്കിടയിൽ നിന്ന് വളഞ്ഞ് പുളഞ്ഞൊരു നീർക്കോലി, ജലവിതാനത്തിനടിയിൽ ബാക്കി ഉടലും മീതെ തലയുമായി, തുഴഞ്ഞു നിൽക്കുന്ന കൊച്ചു തവളയെ ലക്ഷ്യമാക്കി കുതിക്കുന്ന രംഗം. ചിത്രം ആ നിശ്ചലതയിൽ അല്ലായിരുന്നുവെങ്കിൽ, കിട്ടാവുന്ന എന്തെങ്കിലും കൊണ്ട് ആ തവളയെ രക്ഷിക്കണമെന്ന് , സിലബസ് വർഷങ്ങൾക്ക് ശേഷം മാറുന്നത് വരേയ്ക്കും ആ ചിത്രം കാണുമ്പോൾ നദീമിനു തോന്നാറുണ്ടായിരുന്നു. ആവാസ വ്യവസ്ഥയിൽ നീർക്കോലിയുടെ ഭക്ഷണം തവളയാണ്, കൊച്ചു തവളകൾ.

നദീം മുഴുത്ത കല്ലൊന്നെടുത്ത് കൊച്ചു തവളയ്ക്ക് നേരെയെറിഞ്ഞു. ഉഭയജീവിയാണെന്ന ബോധം നഷ്ടപ്പെട്ട തവള ഒന്നാഞ്ഞു തുഴഞ്ഞു.

മുസ്ല്യാർക്ക് വഴി തെറ്റുമോ?

ഗലദാരി സിഗ്നലിലെ പുതിയ പാലത്തിന്റെ അരികു പറ്റി ഇടത്തോട്ട് തിരിഞ്ഞ്, വീണ്ടും ഏതാനും വളവു തിരിവുകൾക്കും ശേഷം മൂന്നാം നമ്പർ ബസ്, ഗ്രാന്റ് ഹോട്ടലിന്റ്റെ മുന്നിലെത്തി. നീർക്കോലി ബോധമണ്ഡലത്തിൽ ഇരയുടെ ഗന്ധം അറിഞ്ഞു. ആവാസ വ്യവസ്ഥയിലെ താളഗതിയ്ക്ക് പിഴവു പറ്റുകയോ? ഒരിക്കലുമില്ല, ഒരിക്കലുമില്ല.

അസ്സലാമു അലൈക്കും!

തെറ്റുപറ്റുന്നതാർക്കാണ്? അബ്ദുല്ലാക്കയുടെ മൂത്ത മകനോ? റബ്ബുൽ ആലമീനായ തമ്പുരാനോ?

വ അലൈക്കും സലാം!

നീർക്കോലി പരിസരം മണത്തു. ഭേഷ്!

കൊച്ചു തവളയെ പിന്നെ ആഹരിക്കാം.നിറയെ കുളങ്ങളുള്ള നീർത്തടത്തിൽ , മടക്കയാത്രയാവുമ്പോൾ മാത്രം ഈ കൊച്ചു തവളയെ ഭക്ഷിയ്ക്കാം.

ഇരയ്ക്കൊപ്പം വേട്ടക്കാരൻ രാപകലുകളില്ലാതെ കുളത്തിൽ നിന്നും കുളത്തിലേക്ക് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. നീർക്കോലിയുടെ വിസ തീർന്നു. നീർക്കോലി പെരുമ്പാമ്പായി ജനിതകമാറ്റം ഉൾക്കൊണ്ടു. തവളകൾ തവളകളായി തന്നെ നിലകൊണ്ടു. ആവാസ വ്യവസ്ഥയിൽ ജനിതകമാറ്റത്തിന് വിവേചനം!

നീർക്കോലി പിന്നേയ്ക്കായി കരുതി വെച്ചിരുന്ന തവളയേയും ഭക്ഷിച്ചു. അവസാനം!
അസ്സലാമു അലൈക്കും!

പെരുമ്പാമ്പ് വിമാനം കയറി, നാടൻ കുളത്തിലേക്കിറങ്ങി. ആ വെള്ളിയാഴ്ച ഖുതുബയിൽ തവളകളെ തവളകളായി തന്നെ നിലനിർത്താൻ പ്രാർത്ഥിച്ചു. നീർക്കോലികളുടെ ആയാസങ്ങളെ പറ്റി റബ്ബുൽ ഇസ്സത്തിനോട്, ആകാവുന്ന നിലയിൽ തലയുയർത്തി പ്രാർത്ഥിച്ചു.

നീർക്കോലികളെ നീ പെരുമ്പാമ്പുകളാക്കേണമേ!!
നാടൻ തവളകൾ, പോക്രോം! പോക്രോം!! എന്നുറക്കെ ആമീൻ ചൊല്ലി.

ലേബലുകള്‍:


ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 2:13 PM 3 അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, ജൂൺ 21, 2009

 

ദുബൈയിലെ മറ്റൊരു ഡ്രൈവിംഗ് ലൈസൻസ്.

പതിനഞ്ചാം തവണയും കാർ മുന്നോട്ടെടുക്കാനാഞ്ഞപ്പോൾ ഗിയർ മാറ്റാതിരുന്നത് കാരണം മുരൾച്ച കൂടുതലായി. എന്ന് വെച്ചാൽ, പതിനഞ്ച് ടെസ്റ്റുകളിലും ഇതേ തെറ്റ് പരിഭ്രമം കാരണം ആവർത്തിച്ചിരിക്കുന്നു.

ജേഞ്ച് ഗിയർ!!

പരിശോധകൻ അലോസരപ്പെട്ടു.

സജിത്തിന്റെ മുഖം രക്തവർണ്ണമായി. ബ്രേക്കമർത്തി ഗിയർ ചേഞ്ച് ചെയ്തു. അനന്തരം വൺ പോയിന്റ് ത്രീ എഞ്ചിൻ നിസ്സാൻ സണ്ണി കാറിന്റെ ആക്സിലേറ്ററിൽ അമർത്തിയപ്പോൾ അനുസരണയില്ലാത്ത കുതിരയെ പോലെ മുന്നോട്ട് കുതിച്ചു. പരിശോധകൻ അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. സജിത്ത് അപ്പോഴുറപ്പിച്ചു, പതിനാറാം തവണ ടെസ്റ്റ് കൊടുക്കുമ്പോൾ കുറച്ച് കൂടെ ശ്രദ്ധിക്കണമെന്ന്. ഡ്രൈവിംഗ് സ്കൂളിന്റെ ഗേറ്റിൽ നിന്ന് പുറത്തേക്കുള്ള കച്ച പാർക്കിലൂടെ വണ്ടിയെടുത്ത് ലെബനോൺ റോഡിലെത്തിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു. കച്ച റോഡ് വഴി വണ്ടിയോടിക്കേണ്ടി വന്ന ഒരാളും ഇത് വരെ ടെസ്റ്റിൽ വിജയിച്ചിട്ടില്ല. എങ്കിലും, ഒരു യു ടേൺ എടുത്തതിന് ശേഷം വന്ന ആദ്യത്തെ ബസ് സ്റ്റോപ്പെത്തിയപ്പോൾ കേട്ടു.

ബാർക്കിംഗ്!

അറബി ഇൻസ്പെക്ടർ തന്നോടാവില്ല എന്നാണ് സജിത്ത് കരുതിയത്. പക്ഷേ വീണ്ടും ഇളകിയിരുന്ന് ഇൻസ്പെക്ടർ പറഞ്ഞു.

ബാർക്കിംഗ് ,യാ ! ഹബീബി.

സജിത്ത് വണ്ടി പരമാവധി ഒതുക്കി നിർത്തി. മനസ്സൊരു നിമിഷം ശാന്തമായപ്പോൾ, അന്തരാമിയിൽ നിന്നൊരു അനുരണനമുണ്ടായി,

ന്യൂട്രലിലിലാക്കടാ തെണ്ടീ!

ശേഷം, പിറകിലെ പാക്കിസ്ഥാനികളുടെ നിരയിലേക്ക് കയറിയിരുന്നു. ദൈവമേ, ഇത്തവണയെങ്കിലും ഈ ടെസ്റ്റിൽ വിജയിപ്പിക്കണേയെന്ന് നിശ്വസിച്ചു. ആ തക്കത്തിൽ മൂക്കിലേക്ക് സകലനിയന്ത്രണവും തെറ്റിച്ച് ശീമക്കൊന്നയുടേയും നിസ്‌വാറിന്റേയും രൂക്ഷഗന്ധം ഇടിച്ച് കയറി. അപ്പോൾ സജിത്ത് ദൈവത്തോട് പ്രാർത്ഥനയോടെ അന്വേഷിച്ചു.

“വൃത്തി എന്താണെന്ന് നീ ഇവരെ പഠിപ്പിക്കില്ലേ?”

കാർ അവസാനത്തെ വിദ്യാർത്ഥിയേയും കൊണ്ട് എല്ലായ്പ്പോഴും, നെടുവീർപ്പുകളോടെ ഊഴം കാത്ത് നിൽക്കുന്ന മറ്റൊരു കൂട്ടം വിദ്യാർത്ഥികളുടെ അടുത്തേക്കാണ് കൊണ്ടു പോകുന്നത്. തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്ന ഒരു ചാക്രിക ചലനം. ശേഷം റിസൾട്ട് പ്രഖ്യാപിക്കലായി.

“അഹ്മദ് ഖാൻ, ഫെയിൽ ”

“നോകിയ ഖാൻ, ഫെയിൽ ”

ഓരോ ചാക്രിക ചലനത്തിലും ഒരാൾ ഡ്രൈവിംഗ് ടെസ്റ്റ് പാസാവുമെന്നാണ് അലിഖിത നിയമം. അതിനാൽ സജിത്ത് , പിന്നെപ്പോഴെങ്കിലും ആലോചിച്ചാൽ തനിക്ക് തന്നെ നാണം തോന്നുന്ന വിധത്തിൽ ദൈവത്തിനോട് ഒന്നുകൂടെ പ്രാർത്ഥിച്ചു. ദൈവമേ, പ്ലീസ്. അപ്പോൾ കേട്ടു.

സജിത്ത് പെദങ്ങാത്ത് , ബാസ്

ഇക്കാലമത്രയും അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ആശ്വാസത്തിന്റേതായും പാതിയിൽ കേട്ട റിസൾട്ടിന്റെ കൃത്യതയ്ക്കും വേണ്ടിയുള്ള, കോസ്റ്റ് കട്ടിംഗ് നടത്തിയ ഒരേയൊരു വാക്ക്. ഒരേയൊരു അറബി വാക്ക് സജിത്തിൽ നിന്നും ബഹിർഗമിച്ചു.

ശൂ!

പരിശോധകൻ അലറി,

സജിത്ത് പെദങ്ങാത്ത് , ബാസ്!!

സകല ദൈവങ്ങൾക്കും മീതെ അമ്മയുടെ പ്രാർത്ഥനാനിരതമായ മുഖം തെളിഞ്ഞു വന്നു. ഇരിപ്പുറയ്ക്കാതെ ഫോൺ കാത്തിരിക്കുന്ന അച്ഛനെയോർമ വന്നു. കണ്ണിൽ നിന്നുതിർന്ന അശ്രുകണത്തിൽ, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെക്ക് ലിസ്റ്റിനു കുറുകെ വൃത്തിയില്ലാതെയെഴുതിയ ‘പാസ്’ എന്ന വാക്ക് പരന്നൊഴുകുന്നു. അകാല നര ബാധിച്ച തലമുടിയൊതുക്കി, നാട്ടിലേക്ക് വിളിച്ചു.

ഹമ്മേ! എനിക്ക് ലൈസൻസ് കിട്ടി.

ശേഷം സ്ക്രോൾ ചെയ്ത് നീങ്ങുന്ന പേരുകളിൽ ഒന്നിൽ മനസുടക്കി.

“ഇബ്രു-തെണ്ടി.”

ഇബ്രുവപ്പോൾ ലിവിംഗ് റൂമിലേക്ക് മാറ്റിയിട്ട ബെഡ്ഡിൽ മലർന്ന് കിടന്ന്, ഇന്നലെത്തേതു പോലെ ചായയിൽ പച്ചവെള്ളം കൂടിയാൽ നാട്ടിലേക്ക് കയറ്റി വിടുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാവം, അയാളെ പറഞ്ഞിട്ട് കാര്യമില്ല, ദൈവാനുഗ്രഹമെന്ന വൈക്കോൽ തുരുമ്പിലാണ് ഈ അനുഗ്രഹീത ജോലി, രിസഷൻ കാലത്ത് തൂങ്ങി നിൽക്കുന്നത്. ദുബായിലെ ഒഴുക്കിൽ നീ പെട്ടോ എന്നാണ്, മുജ്ജന്മ സുകൃതത്താൽ ഒഴുക്കിനു മുന്നെ അബുദാബിയിലേക്ക് വണ്ടി കയറിയ സുഹൃത്തുക്കൾ വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത്. നാട്ടിൽ, അവധിക്ക് പോയവരോട് പോലും ‘ ജോലിയെങ്ങനാ പോയി മോനെ’ എന്ന് നാട്ടുകാർ ആവലാതിപ്പെട്ടു കൊണ്ടിരിക്കുകയാണ്.

നേരമെത്രയായി എന്ന് ചോദിച്ചപ്പോഴാണ്, തല ചെരിച്ചാൽ കാണാൻ പാകത്തിൽ വെച്ചിരിക്കുന്ന ക്ലോക്കിനെ പറ്റി ഭാര്യ ഓർമ്മിപ്പിച്ചത്. അപ്പോഴുണ്ട് ‘കോരപ്പൻ കോളിംഗ്’.

ഈ തെണ്ടിക്ക് രാവിലെ തന്നെ വേറെ പണിയില്ലേന്ന് ഒരു നിമിഷമാലോചിച്ചു. അതേ നിമിഷം, സംതിംങ്ങ് തടയാനാവുമെന്ന ശുഭാപ്തി വിശ്വാസവുമുണ്ടായി, അതേ നിമിഷം ‘ഹലോ’ ചൊല്ലി ഇരുപത്തിയൊന്ന് ഫിത്സ് രക്ഷിച്ചെടുത്തു.

അപാരമായ ശ്വാസനിയന്ത്രണത്തിൽ കോരപ്പെനെന്ന സജിത്ത് മൊഴിഞ്ഞു.

‘എനിക്കും കിട്ടി’.

പാവം, ഈയടുത്താണ് ലോണെടുത്ത് പറമ്പ് വാങ്ങിയത്, ബാക്കി പണം കൊണ്ട് ഒരു ടാറ്റാ ഇൻഡിക്ക കാറും. ഇത്ര ഭാഗ്യദോഷിയായ ഒരുത്തനുണ്ടാവില്ല തന്നെ. മൈനസായിരുന്ന ബാങ്ക് ബാലൻസ് ഈയിടെയാണ് പ്ലസ് ആയത്. അതിന്റെ സന്തോഷം എല്ലാവരേയും വിളിച്ച് ആഘോഷിച്ചത് പോലുമായിരുന്നു. കഷ്ടം എന്നല്ലാതെന്തു പറയാൻ!

‘ഇനിയെന്ത് ചെയ്യും? വീട്ടിലേക്ക് വിളിച്ച് പറഞ്ഞോ? ബാങ്കുകാരോട് പറയേണ്ട തൽക്കാലം, മാർക്കറ്റ് അപ് ആയി തുടങ്ങിയിരിക്കുന്നു, അബൂദാബിയിൽ ചാൻസ് ഉണ്ടാകും, നമുക്ക് ട്രൈ ചെയ്യാം’ ഇബ്രു പറഞ്ഞൊപ്പിച്ചു.

‘നീയെന്ത്‌ടാ പറേണത്, നിക്ക് ലൈസൻസ് കിട്ടിതിന്റെയാണ്ടാ, നീയൊക്കെ രാവിലെ എന്താലോചിച്ചിട്ടാണ്ടാ കെടക്കെണത്?’
സജിത്ത് സുഹൃത്തുക്കളോടൊക്കെ വിവരം പറഞ്ഞിട്ട് ടെസ്റ്റിനു പോയിരുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ സുഹൃത്തുക്കൾ രാവിലെ എഴുന്നേറ്റിരുന്നത് തന്നെ, സജിത്തിന് ഇന്ന് ‘ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം’ എന്ന് എസ് എം എസ് അയക്കാമല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു. പിന്നീട് ഈ പതിവ് ഇല്ലാതായി, എന്നിട്ടും ഡൈവിംഗ് സ്കൂളിലെ അസ്ലം ഒരു വിധം സുഹൃത്തുക്കൾക്കൊക്കെ സജിത്ത് തൊറ്റെന്ന വിവരം വിളിച്ച് പറയുമായിരുന്നു. പരിചയമുള്ള ഒരു ഇൻസ്പെകടർ തന്നെയാണ് സജിത്ത് കാറോടിക്കുമ്പോൾ മേലാസകലം വിറക്കുന്ന വിവരം അസ്ലമിനോട് പറയുന്നത്. അക്കാലത്താണ് കുടുംബം കൊച്ചിരാജാവിന്റെ പടത്തലവന്മാരുടേതാണെന്ന വിവരം സജിത്ത് എല്ലാവരോടുമായി പറയുന്നത്. വിറയൽ എന്നത് അവർക്ക് അന്യമത്രെ!
ഓ! അതായിരുന്നോ, ഇതിപ്പോ എത്രാമത്തേതിലാണീ ഓട്ടൊമാറ്റിക് ലൈസൻസ് കിട്ടിയത്, പതിനഞ്ച് തന്നെയല്ലേ? ഇനിയേത് വണ്ടിയാണ് എടുക്കണത്?” ഇബ്രു അലസമായി ചോദിച്ചു.
സജിത്തല്ലേ, അവനാരാ മോൻ! ഏത് ദ്രോഹിക്കലിനും പതിന്മടങ്ങ് ഡോസിൽ തിരിച്ച് തരും. ക്രയവിക്രയങ്ങളിൽ അപാരമായ മെയ്‌വഴക്കങ്ങളാൽ മേൽകൈ നേടും. ചിലപ്പോൾ, കാര്യങ്ങൾ വൃത്തിയായി പഠിക്കാനായിരുന്നു ഇക്കാലവിളംബം എന്നു പറഞ്ഞേക്കും. പറഞ്ഞുറപ്പിച്ച പെണ്ണ്, വേറേയൊരുത്തനെയാണ് ഇഷ്ടപ്പെടുന്നത് എന്നറിയിച്ച് പിൻ‌വലിഞ്ഞപ്പോൾ അവളുടെ വീടിനടുത്ത് നിന്നു തന്നെ മറ്റൊരു കുട്ടിയെ പറഞ്ഞുറപ്പിക്കുക മാത്രമല്ല, പിൻ‌വലിഞ്ഞ വീട്ടുകാരുടെ പത്ത് സെന്റ് സ്ഥലവും കെട്ടാൻ പോണ ചെക്കന്റെ വീട്ടുകാരുടെ വീടിന്റെ മുന്നിലെ സ്ഥലവും വിലക്ക് വാങ്ങിച്ച് പകരം വീട്ടിയവനാണ്.
സജിത്ത് പറഞ്ഞു.
‘ലാൻഡ് റോവർ’
സജിത്ത് അതുകൊണ്ട്, വാങ്ങാം വാങ്ങാതിരിക്കാം.
പക്ഷേ ഇബ്രു പിൻ‌വലിഞ്ഞു.
“നിന്റെ അഹങ്കാരം കൊണ്ടാണെടാ തെണ്ടീ, നിനക്കിത്ര കാലവും ലൈസൻസ് കിട്ടാതിരുന്നത്. ”

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 8:29 AM 3 അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, മേയ് 17, 2009

 

പൊന്നാനിയെ പറ്റി, പൊന്നാനിയില്‍ നിന്നല്ലാതെ.

എട്ട് മണിക്കെഴുന്നേറ്റാല്‍, നാട്ടില്‍ ഒമ്പതരയായിക്കാണും അപ്പോഴേക്കും വിജയസാദ്ധ്യതകള്‍ അറിയാനൊക്കും എന്നായിരുന്നു വെള്ളിയാഴ്ച വൈകി കിടക്കുമ്പോള്‍ ഓര്‍ത്തത്. പക്ഷേ രാവിലെ അഞ്ചിനൊന്നെഴുന്നേറ്റു, വീണ്ടും അഞ്ചേകാലിനെഴുന്നേറ്റു, അഞ്ചരയ്ക്ക്. ഉറക്കം ആകാംക്ഷ കാരണം ഉടക്കിയുടക്കി ഇല്ലാതായി. നാട്ടിലേക്ക് വിളിച്ചപ്പോള്‍ കരണ്ടില്ലെന്നാണ് പറഞ്ഞത്. ടി വി ഓണ്‍ ചെയ്തു, പിന്നെ ആറരയാവട്ടെ എന്ന് കരുതി തിരിച്ചുറങ്ങാന്‍ കിടന്നു. ‘ഇത്തവണയും തോറ്റാല്‍’ എന്നൊരു ടൈറ്റിലില്‍ മനോരാജ്യം കണ്ടു. വീണ്ടുമുണര്‍ന്നപ്പോള്‍ കൃത്യം ഏഴ്, നാട്ടില്‍ എട്ടര. വീട്ടില്‍ കരണ്ട് വന്നിട്ടില്ല. പക്ഷേ, മുറ്റത്ത് രണ്ട് ടി വി തയ്യാറാക്കിയിരിക്കുന്നു. ഇന്‍‌വെര്‍ട്ടര്‍ വെച്ച്, പ്രവര്‍ത്തിക്കുന്ന ടി വി യ്ക്കു മുന്നില്‍ യു ഡി എഫിന്റെ പ്രാദേശിക നേതാക്കളുടെ പടയ്ക്ക് , ഉമ്മയും അയല്‍‌വാസികളും ചായ ഒരുക്കുന്ന തിരക്കിലാണെന്ന് വിവരം. ടി വി ഓണ്‍ ചെയ്തപ്പോള്‍ ഫലം അറിവായി തുടങ്ങിയിരിക്കുന്നു. യു ഡി എഫ് പയ്യെ പയ്യെ ലീഡുകളില്‍ മുന്നേറുന്നു. മനോരമയില്‍ നിന്നും കൈരളിയിലേക്ക് മാറി. ജോണ്‍ ബ്രിട്ടാസ് എങ്ങിനെയാണ് പ്രതികൂല തരംഗത്തെ കൈകാര്യം ചെയ്യുന്നതെന്നറിയാന്‍ താല്പര്യമൂറി. മുഖത്ത് പുഞ്ചിരിയുണ്ട്. ശേഷം എണ്ണാനുള്ള മണ്ഡലങ്ങളെ കുറിച്ച് പറയൂ എന്നാവര്‍ത്തിച്ച് വിവിധ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ പ്രതിനിധികളോട് ആവശ്യപ്പെടുന്നുണ്ട്. ഒരു ജനതയ്ക് വേണ്ട ആശ്വാസം ആവിഷ്‌കരിക്കുന്നത് രസകരമായി തോന്നി. കേരളത്തിന്ന് പുറത്തുള്ള വിവരങ്ങള്‍ ലഭ്യമാവുന്നില്ല, ഒരു മലയാള ചാനലിലും, ഇട്ടാവട്ടത്തില്‍ വട്ടം ചുറ്റാനാണ് മലയാള ചാനലുകളുടെ പരിപാടിയെന്ന് തോന്നി. കമ്പ്യൂട്ടറില്‍, ജിമെയില്‍ സ്റ്റാറ്റസ് മാറി മറയുന്നു. അതും രസകരം. കേരളത്തില്‍ ഇടതുപക്ഷം പ്രതീക്ഷിച്ചതിലും മോശം പ്രകടനത്തിലേക്ക് പടനയിക്കുന്നു. എന്റെ വീട് ഉള്‍പ്പെടുന്ന പൊന്നാനിയില്‍ പതുക്കെ ടി മുഹമ്മദ് ബഷീര്‍ ലീഡുയര്‍ത്തുന്നു. ഇടക്ക്, ഒരിക്കല്‍ മാത്രം എല്‍ ഡി എഫ് സ്വതന്ത്രന്‍ ലീഡിലേക്ക് വരുന്നു. നാട്ടിലേക്ക് വിളിച്ചപ്പോള്‍ തൃത്താല മണ്ഡലത്തിലേതാവും എന്നൊരൂഹം കലര്‍ന്ന മറുപടി ആര്‍പ്പ് വിളികള്‍ക്കിടയില്‍ നിന്ന് കേട്ടു. വയനാടില്‍ ഷാനവാസ് മുന്നേറുന്നു. ജനം യു ഡി എഫിനൊപ്പമെന്ന ഇലക്ഷന്‍ ട്രെന്‍ഡ് എല്ലാ ചാനലുകളും കാണിക്കുന്നു. ഒരോ ശതമാനം വോട്ടെണ്ണുമ്പോഴും .ടി ആയിരത്തോളം വോട്ടുകള്‍ക്ക് മുന്നേറുന്നു. വീണ്ടും വിളിച്ചപ്പോള്‍ വീട്ടുമുറ്റത്ത്, വാപ്പയടക്കം പ്രായമുള്ള യു ഡി എഫ് കാരു മാത്രമേയുള്ളൂ. ചെറുപ്പക്കാരൊക്കെ, വാങ്ങി വെച്ച പടക്കം, കണക്കാക്കി വെച്ച ഇടങ്ങളില്‍പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി തുറന്നപ്പോള്‍ എല്‍ ഡി എഫ് പൊട്ടിഎന്ന ആര്‍പ്പ് വിളികള്‍ക്കൊപ്പം പൊട്ടിക്കുവാന്‍ പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
ഷെബി ഒരു കന്നി വോട്ടറാണ്, ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇലക്ഷന്റെ ആവേശം ചൂടാറും മുന്നെ റഷീദലി, ഈയിടെ ലഭിച്ച ബ്രോഡ് ബാ‍ന്‍ഡ് കണക്ഷന്‍ വഴി അയച്ച് തന്നപ്പോള്‍ ആദ്യം തിരിച്ചറിഞ്ഞത് ഇവനെയാണ്.


തൃത്താല ഇടതുപക്ഷാഭിമുഖ്യമുള്ള മണ്ഡലമാണ്. രണ്ടാമതൊരിക്കല്‍ ലീഡ് മാറാതായപ്പോള്‍, അങ്ങാടിയില്‍ ഒരു കൊച്ചുപ്രകടനത്തിനുള്ള ഒരുക്കങ്ങളായി. തൃത്താലയില്‍ ഇടത്പക്ഷം പതിനായിരത്തിന്റെ ഭൂരിപക്ഷമായിരുന്നു കണക്ക് വെച്ചിരുന്നത്, അത് മൂവായിരമായി കുറഞ്ഞു.
സഖാവ് ഇമ്പിച്ചിബാവയുടെ കാലശേഷം പൊന്നാനി യു ഡി എഫിലേക്ക് കൊണ്ടു വന്നത് എന്‍ സി പി സ്ഥാനാര്‍ത്ഥിയായി ഇക്കുറി തിരുവനന്തപുരത്ത് മത്സരിച്ച് വെറും മൂവായിരത്തില്‍ താഴെ വോട്ട് വാങ്ങി ദയനീയമായ ശ്രീ. എം പി ഗംഗാധരനായിരുന്നു. ശേഷം സഖാവ് പാലൊളി ഇരുപതിനായിരത്തിലധികം വോട്ടിനു തിരിച്ച് പിടിച്ചു. ഇക്കുറി അത്രത്തോളം ഭൂരിപക്ഷം ലോക്‍സഭയിലേക്ക് ഇടതന്മാര്‍ കൂട്ടിയ കണക്ക് പിഴച്ചു. പി ഡി പിയുടെ ശക്തികേന്ദ്രമെന്ന് മ‌അദനിയുടെ വിടുവായത്തവും പൊളിഞ്ഞു. യു ഡി എഫിന് അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം.

വര്‍ഷങ്ങള്‍ക്കു മുന്നെ, സഹകരണ ബാങ്ക് ഇലക്ഷനില്‍ യു ഡി എഫ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് പിളര്‍ന്നു. വലത് വശത്ത് വെള്ള വസ്ത്രം ധരിച്ച ഒന്നാമന്‍ സൈതാലിക്കുട്ടിക്ക കരുണാകരന്‍ ഗ്രൂപ്പും രണ്ടാമതായി ചാരനിറമുള്ള ഷര്‍ട്ട് ധരിച്ച ബാബുവേട്ടന്‍, ഡി സി സി സെക്രട്ടറിയായ ബാലേട്ടനെ പോലെ തന്നെ ആന്റണി കോണ്‍ഗ്രസുമായി. ലീഗുകാരും ആന്റണി കോണ്‍ഗ്രസുകാരും ഭരിക്കാന്‍ തീരുമാനിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസിലെ ഏക ഡയരക്ടര്‍ സൈതാലിക്കുട്ടിക്ക പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഇടഞ്ഞു നിന്നു, ഒരു സുപ്രധാന മീറ്റിംഗിനിടയില്‍ നിന്നും മിനുട്സ് ബുക്ക് എടുത്ത് ഓടിപ്പോയി കീറിക്കളഞ്ഞു. വിഭാഗീയതയുടെ മഞ്ഞ്മല ഉരുകാന്‍ യു ഡി എഫ് നിരന്തരം തോല്‍ക്കേണ്ടി വന്നു. ശേഷം ഭാഗം ലോക്‍സഭ വിജയാഹ്ലാദ പ്രകടനത്തില്‍.
ആയിരം ആളുകള്‍ക്കുള്ള പായസം ഉണ്ടാക്കണം എന്ന് സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോള്‍, അതാര്‍ഭാടമല്ലേയെന്ന് ഞാന്‍. നീണ്ട ഒമ്പത് വര്‍ഷമായില്ലേടാ പാര്‍ട്ടി ഒന്ന് വിജയിച്ചിട്ട് എന്നായിരുന്നു മറുപടി. ഉവ്വ്, യു ഡി എഫ് പഞ്ചായത്തിലും ബ്ലോക്കിലും നിയമസഭയിലും തോറ്റു. ലോക്‍സഭാ ഇലക്ഷനില്‍ വിജയിച്ചപ്പോള്‍ അത് പൊന്നാനിയില്‍ മാത്രമായി. ആഘോഷം വിട്ടു നിന്നു. വീട്ടില്‍ നിന്നെത്ര വാങ്ങണം എന്നായി പിന്നീട്. ഏതൊരാഘോഷങ്ങള്‍ക്ക് ശേഷവും കൈവിട്ട് പോകുന്ന ആര്‍ഭാടങ്ങളുടെ തിരുശേഷിപ്പ് ഞങ്ങള്‍ നികത്തിയിരുന്നത് സ്വരുക്കൂട്ടി വെച്ചിരുന്ന ഇത്തിരികാശ് വീതമെടുത്തായിരുന്നു. അതോര്‍ത്തപ്പോള്‍ അവനോട് പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് നീ വിളിക്കൂ.
ശുഭ്രവസ്ത്രം ധരിച്ച് ധൃതി വെച്ച് പായസം വിളമ്പുന്ന, ചിത്രത്തില്‍ വലത് വശത്ത് ആദ്യം കാണുന്ന അലിക്കുട്ടിക്ക. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത്, അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്ന സമയം. എങ്ങിനെയുണ്ട് പ്രചരണം? എട്ട് റൌണ്ട് വാര്‍ഡില്‍ ഞാന്‍ ചുറ്റിയടിച്ചു ഒരു മുന്നൂറ് വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ഉറപ്പ് എന്നായിരുന്നു മറുപടി. റിസള്‍ട്ട് വന്നപ്പോള്‍ നാന്നൂറ്റിമുപ്പത്തിനാല് വോട്ടിനു വൃത്തിയായി തോറ്റു. പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി വി എസ് ചിരിക്കുന്നത് കണ്ടപ്പോള്‍, അന്ന് തോറ്റ വിഷമത്തില്‍, പാര്‍ട്ടി ഓഫീസില്‍ ഇരുന്ന് , എട്ട് റൌണ്ട് വാര്‍ഡ് ചുറ്റി ഭൂരിപക്ഷമുറപ്പിച്ച അലിക്കുട്ടിക്കായെ പറ്റി ആര്‍ത്തുചിരിച്ചതോര്‍ത്തു പോയി.

ലീഗ് തോറ്റപ്പോള്‍ ഞങ്ങളില്‍ ചിലര്‍ക്ക് , ഇനി മതി എന്ന തോന്നലായി. പലരും വിദേശത്തേക്ക് പോയി. ചിലര്‍ ബിസിനസിലേക്ക് തിരിഞ്ഞു. പക്ഷേ ടി. കെ ഷുഐബ് എന്ന ടി കെ, നാട്ടിലേക്ക്, പഠിക്കണം, നാട്ടില്‍ ജോലി ചെയ്യണം, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണം എന്നുദ്ദേശിച്ച് വിദേശവാസം അവസാനിപ്പിച്ചു. ലീഗനുഭാവികളായ കുടുംബങ്ങളെ സി പി എം പതുക്കെ അവരിലേക്കടുപ്പിക്കുന്ന സമയം. ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവര്‍ത്തകര്‍ നിര്‍ജ്ജീവമായി. പക്ഷേ, ടി. കെ തന്റെ ബിരുദാനന്തര പഠനത്തിനിടയ്ക്ക്, ചിതറിത്തെറിച്ച പ്രവര്‍ത്തകരെ സുസജ്ജരാക്കാന്‍ തുടങ്ങി. നിയമസഭാ ഇലക്ഷനിലേറ്റ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ലീഗ് താഴെ തലം മുതല്‍ പ്രവര്‍ത്തനം സജ്ജമാക്കി. ടി. കെ യുടെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കള്‍ നിരന്തരം പ്രവര്‍ത്തിച്ചു. എല്ലാവരും ഒരു ഇലക്ഷനെ കാത്തിരിക്കുകയായിരുന്നു. അവനവന്റെ വാര്‍ഡുകളില്‍ നേടേണ്ട വോട്ടുകളുടെ കണക്കെടുപ്പുകള്‍, ചേര്‍ക്കേണ്ട വോട്ടുകള്‍, പ്രാദേശിക പ്രശ്നങ്ങള്‍, തുടങ്ങി വിജയത്തിലേക്കുള്ള ചെറിയ കാല്‍‌വെപ്പുകള്‍. ഫലം - ബൂത്ത് തലത്തില്‍ ഇടത് ആഭിമുഖ്യമുള്ള പ്രദേശത്ത് നൂറ് വോട്ടിന്റെ മേല്‍കൈ. വോട്ടെണ്ണിയപ്പോഴത് മുന്നൂറിലധികം ഭൂരിപക്ഷം.

കൊച്ചു കൊച്ചു ശബ്ദം കൊണ്ട് മഹാ ആരവം തീര്‍ത്ത സതീര്‍ത്ഥ്യരേ, കപടാദര്‍ശവും വര്‍ഗ്ഗീയതയും കൊണ്ട് ഒരു ജനതയെ ഒന്നാകെ വഴി തെറ്റിക്കാന്‍ ഇറങ്ങി തിരിച്ച ദേശദ്രോഹികള്‍ക്ക് നേരെ നിങ്ങള്‍ നെഞ്ചുയര്‍ത്തി നിന്നിരിക്കുന്നു. കാതങ്ങള്‍ക്കകലെ നിന്ന് ഞങ്ങളും ഉയര്‍ത്തുന്നു, നിങ്ങള്‍ ഉയര്‍ത്തിയ അതേ മുദ്രാവാക്യം ഊക്കോടെ, ഉശിരോടെ ,
ജയ്‌ഹിന്ദ്!!

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 7:27 PM 7 അഭിപ്രായങ്ങള്‍
 

വിധിയെഴുത്തുകളിലെ ആഹ്ലാദങ്ങള്‍!

നാം വിജയിച്ചിരിക്കുന്നു.
ജയ് ഹിന്ദ്!


ഇമേജിന് രാജീവിനോട് (സാക്ഷി) കടപ്പെട്ടിരിക്കുന്നു.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 6:35 PM 4 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]