ചില നേരത്ത്.

ഞായറാഴ്‌ച, ജൂൺ 02, 2013

 

കുറുക്കൻ

വിശാലമായ ഖബറിസ്ഥാനിലെ പുരാതനമായ മാളത്തിലിരുന്ന് ഓരിയിടാൻ മക്കളേയും കൊച്ചുമക്കളേയും മൂത്തകുറുക്കൻ കാരണവർ കുറുക്കൻ ഓർമ്മിപ്പിക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മായാൻ തുടങ്ങിയിരുന്നു. അപ്പോൾ കൊച്ചു കുറുക്കൻ ചോദിച്ചു,

"എന്തിനാണ് വല്യച്ഛാ, സന്ധ്യാ നേരത്ത് നമ്മളെല്ലാവരും പള്ളിയിലെ ബാങ്ക് വിളിക്കുന്നതിനൊപ്പം ഓരിയിടുന്നത്?'

അപ്പോൾ മംഗലം വലിയ പള്ളിയിലെ മുക്രി മഗ്‌രിബ് ബാങ്ക് വിളിയ്ക്കാനായി മുരടനക്കി തൊണ്ടയൊരുക്കുന്ന ശബ്ദം പുറപെട്ടു.

അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ...
മൈക്കിലൂടെ ഖബറിസ്ഥാന്റെ അതിർത്തിയും കടന്ന് ആ ബാങ്കൊലി കൂട്ടായിക്കടവ് വരെ ചെന്നു, അവിടെ വെച്ച് മറ്റൊരു ബാങ്കൊലിയുമായി ചേർന്ന് അടുത്ത വരിയുടെ ഗർഭം ധരിച്ചു.

അനാദികാലം മുതൽ തുടരുന്ന ഖബറിസ്ഥാനിലെ പുരാതന ഗുഹകളിൽ സ്ഥിരതാമസക്കാരായ കുറുക്കന്മാരുടെ ഓരിയിടൽ കിതച്ച് കിതച്ച് ബാങ്കൊലിയ്ക്കൊപ്പം ഓടിയെത്തി. അതിന്റെ പ്രതിധ്വനിയിൽ കുറുക്കന്മാർ പരസ്പരം ആശ്വസിച്ചു. ഇന്നത്തെ പകലും അതിജീവിയ്ക്കാനായിരിക്കുന്നു.

"കുഞ്ഞേ, ഈ സന്ധ്യാ നേരത്തെ ഓരിയിടലിനും പിന്നിൽ പണ്ടെങ്ങോ സംഭവിച്ചൊരു കഥയുണ്ട്. അതു പറഞ്ഞു തരാം."

മുത്തശ്ശൻ കുറുക്കൻ ഇളം ചൂടുള്ള മണ്ണിൽ വയറമർത്തി കിടന്നു, കൊച്ചുകുറുക്കൻ കഥ കേൾക്കാൻ അക്ഷമനായി.

"ഈ പള്ളിക്കാട്ടിൽ പണ്ട് പണ്ട് കുറേ കുറുക്കൻ കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർ രാത്രി ഇരതേടി പുറത്തിറങ്ങാൻ ഇരുട്ട് കാത്തിരിക്കുമായിരുന്നു. എന്നാൽ അക്കാലത്തൊരു ചെറുപ്പക്കാരൻ ഇര തേടാൻ സന്ധ്യമയങ്ങാൻ കാത്തിരിക്കാതെ പുറപ്പെട്ടു. കൂട്ടത്തിലെ മുതിർന്നവർ വിലക്കിയിട്ടും വക വെയ്ക്കാതെ ആ കുറുക്കൻ പുറപ്പെട്ടു പോയി. പക്ഷേ ആ കുറുക്കൻ നേരം പുലരാറായിട്ടും മാളത്തിലേയ്ക്ക് തിരിച്ചെത്തിയില്ല. ആ വിവരം പള്ളിക്കാട്ടിലെ മറ്റ് കുറുക്കൻ കുടുംബത്തോടെല്ലാം അറിയിച്ചു, പക്ഷേ അവരാരും പുറപ്പെട്ട് പോയ കുറുക്കനെ കണ്ടില്ലെന്ന് പറഞ്ഞ് വ്യസനിച്ചു.

വിസ്തൃതമായ ഈ പള്ളിക്കാട്ടിലെവെടെയെങ്കിലും വഴി തെറ്റി പോയതാകുമെന്ന് കരുതി അടുത്ത ദിവസം ഇരതേടി പുറപ്പെടും മുന്നെ കുടുംബത്തിലെ കാരണവർ കുറുക്കന്മാർ ഓരിയിട്ട് വഴി അടയാളപ്പെടുത്തി കൊടുത്തു. പക്ഷേ നിരാശയായിരുന്നു ഫലം. എന്നാൽ പ്രതീക്ഷ കൈവിടാതെ പള്ളിക്കാട്ടിലെ മറ്റു കുറുക്കന്മാർ എല്ലാവരും ചേർന്ന് തൊട്ടടുത്ത ദിവസവും ഓരിയിട്ട് വിളിച്ച് നോക്കി. അന്നീ നാട് ഓരിയിടലിന്റെ പ്രകമ്പനത്തിൽ വിറച്ചു, പക്ഷേ പുറപ്പെട്ട കുറുക്കൻ മാത്രം തിരിച്ചെത്തിയില്ല. അങ്ങിനെ സാഹസികരായ കുറച്ച് ചെറുപ്പക്കാരായ കുറുക്കന്മാരെ തിരച്ചിലിനായി പറഞ്ഞയച്ചു. അവർ നടത്തിയ തിരച്ചിലിന് ഒടുവിൽ, അങ്ങ് ദൂരെ പള്ളിക്കാടിന്റെ അതിർത്തി നിശ്ചയിക്കുന്ന വിശാലമായ കുളത്തിനരികിലെ നനഞ്ഞ മണ്ണ് ചുരണ്ടെടുത്തപ്പോൾ തലയ്ക്കടിയേറ്റ് മരിച്ച കുറുക്കന്റെ ശവം അടക്കം ചെയ്തതവർ കണ്ടെത്തി.

കുളം ഉപയോഗിക്കാൻ വന്ന പള്ളിയിലുള്ളവരാരോ കൊലപ്പെടുത്തിയതാണ് ആ ധൈര്യശാലിയായ കുറുക്കനെ എന്ന് തിരിച്ചറിഞ്ഞയന്ന് മുതൽ തുടങ്ങിയതാണ് ഈ ഓരിയിടൽ. അതിൽ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും അലയൊലികൾ അടങ്ങിയിട്ടുണ്ട് കുഞ്ഞേ!

തന്റെ പൂർവ്വികന്റെ സാഹസികതയുടെ തുടക്കവും ഒടുക്കവും ദുരന്തപര്യവസാനിയായതിൽ ആ കൊച്ചുകുറുക്കന് അത്യന്തം വിഷമം തോന്നി. അന്ന് രാത്രി വൈകിയിട്ടുള്ള ബാങ്ക് മുഴങ്ങുമ്പോൾ അന്നാട്ടുകാർ പതിവിൽ നിന്നും വിപരീതമായിട്ടൊരു ഓരിയിടൽ കേട്ടു, ഒച്ചയുറക്കാത്തയൊരു കൊച്ചു കുറുക്കന്റെ സങ്കടം കലർന്നൊരു ഓരിയിടൽ. അതിൽ വരാനിരിക്കുന്ന സംഘർഷത്തിന്റെ നാളുകൾ അടങ്ങിയിട്ടുണ്ടാകുമെന്ന് ആരറിഞ്ഞു.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 10:24 AM
അഭിപ്രായങ്ങള്‍:
Just great to read !
 
സൂപ്പർ!!!
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]