ചില നേരത്ത്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2005

 

പ്രണയ കഥ

എല്ലാവര്‍ക്കും ഒരു പ്രണയ കഥ പറയാനുണ്ടാകും. എനിക്ക്‌ പറയുവാനുള്ളത്‌ ഏകപക്ഷീയമായ ഒരു പ്രണയാനുഭവമാണ്‌.
സ്കൂള്‍ പഠനം കഴിഞ്ഞ്‌ അത്യവശ്യം രാഷ്ട്രീയവും പിന്നെ അല്ലറചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി നടക്കുന്ന സമയം. പ്രഭാതത്തിലെ പത്രവായനയും ചായകുടിയും കഴിഞ്ഞാല്‍ പിന്നെ നാട്‌ തെണ്ടാനിറങ്ങും. അത്തരം ഒരു അലച്ചിനിടയില്‍ ആണ്‌ എന്റെ പ്രണയം ആരംഭിക്കുന്നത്‌.എന്റേത്‌ ഒരു രാഷ്ട്രീയാഭിമുഖ്യമുള്ള കുടുംബമായതിനാല്‍ നാട്ടില്‍ നാലാളറിയും.ഒരു കണക്കിനത്‌ നല്ലതായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ പിതാമഹന്മാരുണ്ടാക്കിയിരുന്ന നല്ലപേര്‌ പല തെമ്മാടിത്തരങ്ങള്‍ക്കും ഒരു മറയായി ഞാന്‍ ഉപയോഗിച്ചിരുന്നു.
എന്റെ നാട്ടില്‍ വളരെ നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന വായനശാലയുണ്ട്‌. രാവിലെ ഈ വായനശാല തുറന്നിരുന്നത്‌ അക്കാലത്ത്‌ ഞാനായിരുന്നു.പ്രശസ്തനായ മുന്‍കാല നിയമസഭാ സ്പീക്കര്‍ സംഭാവന ചെയ്ത ധാരാളം പുസ്തകങ്ങള്‍ അവിടെ അലമാരികളില്‍ നിറഞ്ഞിരുന്നു. ഒഴിവ്‌ ദിവസങ്ങളില്‍ നിരവധി പേര്‍ പുസ്തകം വായിക്കുവാനും വാങ്ങുവാനുമായി അവിടെ എത്താറുണ്ടായിരുന്നു. അത്തരമൊരു ദിനത്തിലാണ്‌ സജ്‌ന കയറിവന്നത്‌. ഏെതോ ഒരു നോവല്‍ എടുത്ത്‌ രെജിസ്റ്റര്‍ ചെയ്യാന്‍ അടുത്ത്‌ വന്നപ്പോഴാണ്‌ ഞാന്‍ അവളെ ശ്രദ്ധിക്കുന്നത്‌. തരക്കേടില്ലാത്ത രൂപഭംഗി, മാന്‍ മിഴികള്‍,
ആകര്‍ഷണീയമായ വസ്ത്രധാരണ രീതി തുടങ്ങി ഒരു വായനോട്ടക്കാരന്റെ മനസ്സിന്‌ ഇണങ്ങുന്ന അവളുടെ പേര്‌ പക്ഷെ മെമ്പര്‍ രെജിസ്റ്ററില്‍ ഇല്ലായിരുന്നു.
നാട്ടിലെ തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരന്റെ മകളാണ്‌ അവളെന്ന് എനിക്ക്‌ മനസ്സിലായത്‌ പുസ്തകം അയാളുടെ പേരില്‍ രെജിസ്റ്ററില്‍ ചേര്‍ക്കാന്‍ പറഞ്ഞപ്പ്പ്പോഴായിരുന്നു. എന്റെ പരിചയക്കാരനായിരുന്നു അവളുടെ പിതാവ്‌. ഒന്നും രണ്ടും പറഞ്ഞ്‌ അവളുടെ കൂടെ കൂടുവാന്‍ എന്റെ ഇമേജ്‌ എനിക്കൊരു പ്രശ്നമായിരുന്നു. ആയതിനാല്‍ അവള്‍ പോകുന്ന വഴികളിലും അവളുടെ വീടിന്റെ പരിസരങ്ങളിലും ഞാന്‍ അലസനായി ചുറ്റി തിരിഞ്ഞ്‌ കാലം തള്ളി നീക്കി.അലസതയുടെയും വായിനോട്ടത്തിന്റെയും കാലത്തിന്‌ വിരാമമിട്ട്‌ തുടര്‍പഠനത്തിന്‌ ചെന്നൈ മഹാനഗരത്തിലേക്ക്‌ യാത്രയാകുമ്പോഴും എന്റെ മനസ്സിന്റെ കോണിലെവിടെയോ പറയാതെ പോയ പ്രണയത്തിന്റെ നീറ്റലുണ്ടായിരുന്നു. ഒോരോ തിരിച്ച്‌ വരവിലും പ്രണയാഭ്യര്‍ത്ഥന എന്തിനെയൊക്കെയോ ഭയപ്പെട്ട്‌ ഉടക്കി നിന്നു. സ്നേഹിതര്‍ക്കിടയിലെ കളിയാക്കലിലും കുറ്റപ്പെടുത്തലിനുമിടയ്ക്ക്‌ പെട്ട്‌ വീര്‍പ്പ്‌ മുട്ടി നില്‍ക്കുമ്പോള്‍ സഹായിക്കാന്‍ സുഹൃത്തിന്റെ കാമുകിയെത്തി. വളരെ വിശദമായി പ്രണയചരിത്രം വിവരിച്ച്‌ ഞാന്‍ രണ്ടാം അങ്കം കുറിക്കുവാന്‍ ദുബായിലെത്തി.
കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ പ്രണയഫലം അറിവായി..
സുഹൃത്തിന്റെ പ്രണയിനി സജ്‌നയോട്‌ എന്നെ പറ്റിയും മനസ്സില്‍
ഇന്നും കൊണ്ട്‌ നടക്കുന്ന പ്രണയത്തെ പറ്റിയും ഏെതോ വിവാഹപാര്‍ട്ടിയില്‍ വെച്ച്‌ സൂചിപ്പിച്ചുവത്രെ,
മറുപടി വളരെ ലളിതമായിരുന്നു..
'എനിക്ക്‌ ആ പേരും ഇഷ്ടമല്ല, അവനെയും കാണേണ്ട!!', എന്നായിരുന്നു..
ഈയിടെയായി ഞാന്‍ പെണ്‍ക്കുട്ടികളെ കാര്യമായി ശ്രദ്ധിക്കാറില്ല, കാരണം വളരെ റൊമാന്റിക്‌ ആണെങ്കിലും എനിക്ക്‌ തീരെ ധൈര്യമില്ല.
വെറുതെയെന്തിനാണ്‌ അവനവന്റെ ആത്മവിശ്വാസം തകര്‍ക്കുന്നത്‌?.
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 11:53 AM 30 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]