ചില നേരത്ത്.

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2005

 

എന്റെ വീട്‌

അങ്ങനെ നീണ്ട ഒന്നരമാസത്തെ പരിശ്രമം തീർന്നുകിട്ടി. ജോലി തിരക്കിന്റെ സമ്മർദ്ദത്താൽ കാര്യമായൊന്നും ബ്ലോഗുവാൻ പറ്റിയിരുന്നില്ല. വല്ലപ്പോഴും ഒന്നു കമന്റിയതൊഴിച്ചാൽ തലയിൽ മുഴുവൻ സബ്‌ കോണ്ട്രാക്റ്റ്‌ ക്ലോസുകൾ ആയിരുന്നു. കണ്ൺ തെറ്റിയാൽ പെയ്‌മന്റ്‌ ടേം മാറ്റി അഗ്രീമെന്റ്‌ ഒപ്പിടീക്കും. മാലപടക്കം പോലെ സബ്‌ കോണ്ട്രാക്റ്റ്‌ വന്നപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. നെറ്റും വേണ്ട കമ്പ്യൂട്ടറും വേണ്ട എന്നങ്ങു തീരുമാനിച്ചു. ജീവിച്ച്‌ പോണ്ടെ??
.പിന്നെ അതിനിടക്ക്‌ നാട്ടിലൊന്ന് പോയി അടിച്ച്‌ പൊളിച്ച്‌ തിരിച്ച്‌ വരണം.
പത്ത്‌ ദിവസത്തിന്ന് പോയിട്ട്‌ വരാൻ അനുമതി കിട്ടിയിട്ട്‌ വേണ്ടെന്ന് വെച്ചു.വീട്ടുകാരെ കാണാൻ അതു ധാരാളം മതി..പക്ഷെ അതുപോരല്ലോ?..
ഇതിനിടയ്ക്ക്‌ രാത്രിയിലെപ്പെഴോ വീട്‌ കിനാവ്‌ കണ്ടു.എന്റെ വീട്‌..ഇളം പച്ച ചുമരുകളിൽ ഞാനെപ്പെഴോ വരച്ചിട്ട അക്ഷരമാലകളും അക്കങ്ങളും എന്നെ മാടിവിളിക്കുന്നു.വർഷങ്ങൾക്ക്‌ മുൻപെ അവയെല്ലാം മായ്ച്ചിട്ടുണ്ടെന്ന് അറിയാഞ്ഞല്ല..പക്ഷെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്ന ചിത്രമതാണ്‌.അകത്തെ മുറികളിലെവിടെയോ നിന്ന് വാതരോഗം ബാധിച്ച്‌ കിടപ്പിലായ കാരണവർ എന്തിനോ വിളിക്കുന്നു.
ഓട്ടുകിണ്ടിയിൽ വെച്ച വെള്ളമുപയോഗിച്ച്‌ മുഖം കഴുകുമ്പോൾ വല്യുമ്മ പറഞ്ഞു..ഇന്ദിരാഗാന്ധിക്ക്‌ വെടിയേറ്റു..
പ്രാതലിനിടയ്ക്ക്‌ കേട്ട രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത ഉപ്പാനെ വിളിച്ച്‌ പറയാൻ ഓടിയെത്തിയപ്പ്പ്പോൾ സങ്കടത്താൽ വാക്കുകൾ മുറിഞ്ഞു.
എന്റെ ഓർമ്മകളിൽ അമ്മയുടെയും മകന്റെയും മരണ വാർത്തയ്ക്ക്‌ ഇപ്പോൾ നിമിഷങ്ങളുടെ വ്യത്യാസം.വീടിനോട്‌ ഇഴ ചേർന്ന ഒരോർമ്മ.
അവധിക്കാലങ്ങളിൽ പഴയ മുറികളിൽ തിരഞ്ഞ്‌ ഞാനെന്റെ ജനനദിന വിശേഷങ്ങൾ അറിഞ്ഞു. മകൻ ജനിച്ചു..ഉപ്പ ചുരുങ്ങിയ വാക്കുകളിലാണെന്റെ ജനനം ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
എന്റെ വീട്ടിന്റെ മുക്കിലും മൂലയിലും ഓർമ്മകൾ വിഹരിക്കുന്നു.
മാവിലും പ്ലാവിലും സ്മരണകൾ തൂങ്ങിയാടുന്നു.പെരുമഴയിലെ ഇറവെള്ളം പോലെ എല്ലാം ഒലിച്ചിറങ്ങുന്നു.ശീതകാറ്റിൽ തിണ്ണയിൽ പതിച്ച മഴതുള്ളികളിൽ ഞാനെന്റെ പേരെഴുതുന്നു.ഒരറ്റം മുതൽ മറ്റേയറ്റം വരെ..
ദുർബലമായ മച്ച്‌ ഒരു പ്രശ്നമായി. വീട്‌ പൊളിക്കുവാൻ ആശാരി പറഞ്ഞപ്പോൾ ഞാൻ രൂപരേഖ വരച്ചു. വല്യുമ്മാനെ കാണിച്ചപ്പോൾ കണ്ണുനീരിൽ കുതിർന്ന വാക്കുകളാൽ പറഞ്ഞു..എന്റെ മരണശേഷം മാത്രം മതി വീട്‌ പൊളിക്കൽ..പിന്നെ വീട്‌ ചില പുതുക്കി പണികൾ മാത്രം നടത്തി.പഴയ ഓർമ്മകളുടെ ആയുസ്സ്‌ വീണ്ടും നീട്ടി.
വീട്‌ വീണ്ടും ദുർബലമായി തുടങ്ങിയിരിക്കുന്നു. വീട്ടിൽ താമസിക്കുന്നവരും..പഴയ മട്ടിലെ സൌകര്യങ്ങൾ പുതിയ കാലത്തേക്ക്‌ തീരെ യോജിക്കുന്നില്ല.
ഇനിയും ഓർമകൾക്ക്‌ തപസ്സിരിക്കാൻ കഴിയുകയില്ല.അവയ്ക്ക്‌ മീതെ അതിമനോഹരമായ സ്മാരകം പണിയാം. വല്യുമ്മയ്ക്ക്‌ വിഷമമുണ്ടാകും.വീടുകൾ പ്രിയപ്പെട്ടവരുടെ സ്മാരകങ്ങൾ കൂടെയാണ്‌.
വീടിനോട്‌ ചേർന്നുള്ള പ്ലാവ്‌ മര ഉരുപ്പടികൾക്കായി വെട്ടിയിട്ടുണ്ടാകും.പുതിയ വീടിന്റെ പണി നടക്കട്ടെ.അതിന്‌ ശേഷം പുതിയവരെ കുടിയിരുത്താൻ കൂടെയുണ്ട്‌.പുതിയ ഓർമ്മകൾ നാമ്പിട്ട്‌ തുടങ്ങട്ടെ.
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 1:23 PM 15 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]