ചില നേരത്ത്.

ചൊവ്വാഴ്ച, മാർച്ച് 07, 2006

 

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം.
‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല.

വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു.

സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല.
അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്.


ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ അവധിക്കാലത്തേക്ക് കൊണ്ട് പോകുന്ന നിമിഷങ്ങളൊന്നും ഞാനാ വേദനയില്‍ അറിയാതെ പോയി. കാട്പാടിയിലെ ആശ്വാസത്തിലും സേലത്തെ തിരക്കിലും ഞാന്‍ മല്ലികയെ ഓര്‍ക്കുകയായിരുന്നു.... അവള്‍ എനിക്കന്ന്യയായിരുന്നില്ല.. കണ്ട് മറന്നു പോകുമായിരുന്ന മനോഹരമായ ആ ബന്ധം മല്ലികയുടെ ബുദ്ധിശൂന്യതയിലൂടെ എന്നേക്കുമായി എന്നില്‍ തങ്ങി നില്‍ക്കുമെന്ന് ഉറപ്പായി.
യൌവന സഹജമായ എന്റെ അഭിനിവേശം മല്ലികയുടെ മനോഹരമായ പുഞ്ചിരിയില്‍ അലിഞ്ഞില്ലാതായതില്‍ പിന്നെ അവധി ദിനങ്ങളില്‍ പങ്കുവെച്ച കഥകളെല്ലാം അവളുടെ ദൈന്യമായ ജീവിതത്തിന്റേതായിരുന്നു. തഞ്ചാവൂരിലെ കുഗ്രാമത്തില്‍ നിന്ന് ചെന്നൈയിലേക്ക്, എന്നെ പോലെ മഹാനഗരത്തിന്റെ കാമുകനായല്ല അവള്‍ വന്നത്. വറുതികള്‍ക്ക് അല്പമെങ്കിലും അറുതി നല്‍കാനായിരുന്നു.കഠിനാദ്ധ്വാനത്തിലൂടെ ജീവിതത്തിന് പ്രതീക്ഷ കൈവരുന്നതിനിടയില്‍ കതിരവനുമായി മല്ലിക പ്രണയത്തിലായി സ്വപ്നങ്ങളുടെ ചില്ലകള്‍കൊണ്ട് ജീവിതത്തിന്റെ കൂര പണിയുന്നതിന്റെ ഇടവേളയിലാണ് ഞാനുമായി മല്ലിക പരിചിതമായത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മല്ലികയെ ഓര്‍ക്കുമ്പോള്‍ നൊമ്പരമുണ്ടെങ്കിലും ആ ജീവിതം തകര്‍ന്ന് പോയതിന്റെ വേദന വേട്ടയാടിയ പൊങ്കലവധിക്ക് ശേഷം ചുടുകാടില്‍ വിശ്രമിക്കുന്ന മല്ലികയെ കാണാന്‍ ചെല്ലുകയുണ്ടായില്ല.ചെന്നൈ മഹാനഗരത്തോടുള്ള കാമം നഷ്ടപ്പെട്ട് പേരറിയാത്ത ഋതുക്കളുടെ ശാപം വഹിക്കാന്‍ മരുഭൂവിലെത്തി അധികമാകും മുമ്പെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറക്കം നഷ്ടപ്പെടുത്തി, മല്ലിക എന്റെ ചെവികളില്‍ പൊട്ടിച്ചിരികള്‍ കൊണ്ടലോസരപ്പെടുത്തി. വിളവെടുപ്പിന്റെ ഈ നാട്ടില്‍ ഇരുട്ടിറങ്ങാത്ത രാത്രിയെ കാണാന്‍ ഇടുങ്ങിയ ബാല്‍ക്കണികളിയിലേക്ക് ഞാനിറങ്ങി. പ്രഭാത പ്രാര്‍ത്ഥനക്കുള്ള ക്ഷണം നിരസിച്ച് ഓര്‍മ്മകളുടെ അലോസരം ആസ്വദിച്ചു.
ഉറക്കം നഷ്ടപ്പെടുത്തി മല്ലിക ഒരു നാള്‍ ബാല്‍ക്കണിയിലെന്നെ ഒറ്റയ്ക്കാക്കി കതിരവനെ വിളിക്കാന്‍ പോയ നേരത്ത്, പിതാമഹന്‍ ഭാഗം വെച്ച തെങ്ങിന്‍ തോപ്പ് അകാരണമായി വിറ്റഴിച്ചതിനെ പരിഭവിച്ച് ബാല്‍ക്കണി വഴി കടന്നു വന്നു. എന്റെ പിതാവിന്റെ ചെയ്തിയിലെനിക്കുള്ള നിസ്സഹായാവസ്ഥ അറിയിച്ച് ഞാനാശ്വാസം കൊണ്ടു.
മല്ലിക കതിരവനൊത്ത് തിരിച്ച് വന്നപ്പോഴേക്കും പിതാമഹന്‍ ബാല്‍ക്കണി വഴി താഴേക്ക് പോയെന്നെ അല്‍ഭുതപ്പെടുത്തി.
തിരുവാണ്മിയൂരിലെ അവസാന കാഴ്ചയില്‍ കതിരവന്റെ തല വേര്‍പ്പെട്ട ഉടലില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു.
ഇപ്പോള്‍ മല്ലികയുടെ മുല്ലപ്പൂ ഗന്ധവും കതിരവന്റെ ചോരയുടെ ഗന്ധവും ചേര്‍ന്ന് ബാല്‍ക്കണിയില്‍ നിന്നും വൃത്തികെട്ട ഗന്ധം വമിക്കാന്‍ തുടങ്ങി. ഭീതിയോടെ തല തറയിലേക്ക്താഴ്ത്തിയപ്പോള്‍ രക്തം കിനിഞ്ഞൊഴുകി കാലിലേക്ക് നനവ് പടരുമെന്ന നിലയിലായിരിക്കുന്നു.

മല്ലികയില്‍ നിന്നും ഭീതി അനുസ്യൂതം പ്രവഹിച്ച് രോമ കൂപങ്ങളൊക്കെയും എഴുന്ന് നില്‍ക്കാന്‍ തുടങ്ങി. കതിരവന്‍ എന്തിനെന്നറിയാതെ എന്നെ തുറിച്ച് നോക്കുന്നതിനിടയില്‍ കൈവരിയിലേക്ക് ഇരുന്നു ഞാന്‍ കാല്‍ നിലത്ത് നിന്നുയര്‍ത്തി ചുവരിനോട് ചേര്‍ത്ത് പ്രഭാത പ്രാര്‍ത്ഥനക്കുള്ള ക്ഷണം വിറയലോടെ കാതോര്‍ത്തു. പുലരിയുടെ തലോടല്‍ ഭയന്ന് പുതപ്പിനകത്തേക്ക് ഉള്‍വലിഞ്ഞ് കണ്ണടച്ചപ്പോള്‍ മല്ലിക കണ്‍പോളകളില്‍ എന്നെ കാത്തിരിക്കുന്നു.

മല്ലികയെ ഭയന്ന് ഞാനും എന്നെ ഭയന്ന് ബന്ധുക്കളും ഉറങ്ങാതെയിരുന്നു. പുതപ്പിനകത്ത്, വ്യവഹാരത്തിലെ നഷ്ടത്തോത് കണക്കാക്കി പിതാമഹനോട് പറയാന്‍ കരുതി രാത്രിയാകാന്‍ കാത്തിരുന്നു.

രാത്രിയില്‍, പുറത്ത് പോയ ബന്ധു തിരിച്ചുവരുന്നതിന്‍ മുമ്പ് കാറ്റിനാല്‍ കുളിക്കാന്‍ വിവസ്ത്രനായി ബാല്‍ക്കണിയിലേക്ക് ഇറങ്ങി... തണുത്ത കാറ്റില്‍ തുറന്ന് പിടിച്ച കണ്ണുകള്‍ നീറിപുകഞ്ഞു... പതിവിലധികം വ്യഗ്രതയോടെ, മല്ലികയെ ഭയന്ന് ഇമവെട്ടി.... ഇരുട്ട് ഭയമായി തുടങ്ങിയിരിക്കുന്നു... ഉറക്കവും...

കാറ്റേറ്റ് തലമുടിയില്‍ വിരലോടിക്കവേ, നിര്‍ബന്ധപൂര്‍വ്വം അടിവസ്ത്രമണിയിച്ച് കുറേ പേര്‍ ഗോവണി വഴി മഞ്ചലിലെന്ന പോലെ എങ്ങോട്ടോ കൊണ്ടുപോകുമ്പോള്‍ ഇമവെട്ടാതെ, മല്ലികയെ ഭയന്ന് വേദനയോടെ ഞരങ്ങി.


നീണ്ട ഉറക്കത്തിനു ശേഷം ഉണര്‍ന്നപ്പോള്‍, വിയര്‍പ്പ് ഗന്ധം നിറഞ്ഞിരുന്ന മുറിയിലാകെ പൂന്തോട്ടത്തിലെന്ന പോലെ സുഗന്ധം നിറഞ്ഞിരുന്നു. പുതപ്പിനും തലയിണയ്ക്കും എന്റെ ശരീരത്തിനും അതേ ഗന്ധമായിരുന്നു. പുതുവസ്ത്രമണിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ പകലോന്‍ പുഞ്ചിരിയോടെ എന്നെ എതിരേറ്റു. മരുഭൂമിയില്‍ ചൂടുകാലം ആരംഭിച്ചിരിക്കുന്നു.. ദിക്കറിയാതെ, വിയര്‍പ്പ് പൊടിഞ്ഞ്, വാഹനങ്ങളുടെ ഇരമ്പം കേട്ട് നില്‍ക്കുമ്പോള്‍, ഉന്മാദകാലത്ത് എന്നെ ഭയന്ന് അകന്ന് പോയ സുഹൃത്ത് കടന്നു വന്നു. സുഗന്ധം ആസ്വദിച്ച് സംഭാഷണത്തില്‍ മുഴുകവേ അയാള്‍ പറഞ്ഞു...
“മരണം കാത്തിരിപ്പുകള്‍ക്കുള്ള വിരാമമാണ്, മുമ്പേ പോയവരോട് പറയാന്‍ കഥ സ്വരൂപിക്കേണ്ടതിലേക്ക് നാം ജീവിച്ചിരുന്നേ പറ്റൂ.”

വിഭ്രാന്തിയുടെ പീഡനത്തിന് മുന്‍പ് സൂക്ഷിച്ച് വെച്ചിരുന്ന നീല പുറം ചട്ടയുള്ള എഴുത്തു പുസ്തകത്തില്‍ മല്ലികയോട് പറയാനായി ഒരൊറ്റ തലക്കെട്ടില്‍ ഞാന്‍ നീണ്ട കഥയെഴുതി തുടങ്ങി.
-ശുഭം-
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 1:11 PM 28 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]