ചില നേരത്ത്.

ശനിയാഴ്‌ച, ജൂൺ 10, 2006

 

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു.
വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി.

എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന്ന് ഉപ്പാന്റെ തോളിലേറി ഞാന്‍ ചക്കപ്പഴം പറിക്കുമായിരുന്നു.

ഒരവധിക്കാലം കഴിഞ്ഞയുടനെയാണ് സാബുവിന്റെ വല്യച്ഛന്‍ മരിച്ചത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ടീച്ചര്‍മാരുമൊത്ത് വല്യച്ഛന്റെ ശവമടക്കലിനും സാബുവിന്റെ കുതിരകളെയും കാണാന്‍ പോയി. സാബുവിന് പക്ഷേ കുതിരലായമോ കുതിരകളെ വാങ്ങാന്‍ വേണ്ടി ഖരഗ്‌പൂരിലേക്ക് പോകാന്‍ മാത്രം കരുത്തുള്ള വല്യച്ഛനോ ഉണ്ടായിരുന്നില്ല. മടക്കയാത്രയില്‍ കുതിര കഥകളെ അത്യധികം ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വളരെ വ്യസനം തോന്നി. ഖരഗ്‌പൂരില്‍ കുതിരചന്തകളുമില്ലായിരുന്നു.
ആ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് ഇംഗ്ലീഷിലും കണക്കിലും ഞാന്‍ പതിവില്ലാതെ തോറ്റു. പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടുവാന്‍ വാപ്പ തന്നെ വരണമെന്ന് ക്ലാസ് ടീച്ചര്‍ നിര്‍ബന്ധം പിടിച്ചില്ലായിരുന്നുവെങ്കില്‍ മനോഹരമായ എന്റെ ഉദ്യാനവും സ്നേഹ സമ്പന്നനായ പിതാവും സുഹൃത്തുക്കളില്‍ കുറേ കാലം കൂടെ മനസ്സില്‍ തങ്ങി നില്‍ക്കുമായിരുന്നു. കാരണം എന്നെ പരസ്യമായി ശകാരിക്കുമ്പോള്‍ സ്നേഹ നിധിയായ പിതാവിന്റെ രൂപം അവര്‍ക്കിടയില്‍ നിന്ന് പൊഴിഞ്ഞ് വീഴുകയായിരുന്നല്ലോ.

പിന്നെയാണ് അറിഞ്ഞത് ഞങ്ങള്‍ക്കാര്‍ക്കും സ്നേഹം നല്‍കുന്ന പിതാക്കന്മാരുണ്ടായിരുന്നില്ലെന്ന്..

കലാലയ ജീ‍വിതത്തിലെ സൌഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ ജയശ്രീയെന്ന സുഹൃത്ത് ബാല്യകാല സഖിയുണ്ടായിരുന്നോയെന്ന് ചോദിച്ചു. ഇടതുകാലിന്ന് ചെറിയ വൈകല്യമുള്ള റീനയെന്ന സുഹൃത്തിന്റെ കഥ പറഞ്ഞവസാനിപ്പിച്ചപ്പോളവള്‍ വീണ്ടും ചോദിച്ചു..
‘റീനയെ ചുംബിച്ചിട്ടുണ്ടോ?’
ചുംബനങ്ങള്‍ കൊണ്ട് പങ്കുവെക്കാന്‍ മാത്രം പരിചിതമായ സ്നേഹപ്രകടനങ്ങള്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ഞാന്‍ വീണ്ടും നുണ പറഞ്ഞു.

എന്റെ ഇല്ലായ്മകളെ വിശ്വസനീയമായ നുണകളെ കൊണ്ട് ഞാന്‍ പ്രതിരോധിച്ചു.സാബുവും അതുപോലെയായിരുന്നു. കുതിരകളോട് തോന്നിയ അതിരറ്റ സ്നേഹം നുണകളില്‍ കുതിരാലയം പണിയിച്ചു. ശയ്യാവലംബിയായ വല്യച്ഛനെ വിട്ട് ഖരഗ്‌പൂരില്‍ നിന്നും കുതിരകളെ വാങ്ങിപ്പിച്ചു.

ഞാന്‍ , സ്നേഹത്തിന്‍ കരവലയം പ്രതീക്ഷിച്ച് കൂട്ടുകുടുംബത്തിലെങ്കിലും ഏകാന്തമായി അലഞ്ഞു. അന്ന് ബാല്യത്തില്‍ വില കൂടിയ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. പെന്‍സിലും ബാഗുകളുമുണ്ടായിരുന്നു. സ്നേഹം മാത്രം ഉണ്ടായിരുന്നില്ല. പക്ഷേ അതിന്റെ ദാരിദ്ര്യം കൊണ്ടല്ല, അതിന്റെ വിതരണത്തിലെ തെറ്റിദ്ധാരണകള്‍ കൊണ്ടാണ് ഞങ്ങള്‍ അവയ്ക്ക് ദാഹിക്കേണ്ടി വന്നത്. എന്റെ ചുണ്ടിലോ കവിളിലോ പിന്നീട് ജയശ്രീ ചുംബിക്കുമെന്ന് കരുതി. അങ്ങിനെയുണ്ടാകാത്തതിലെ സങ്കടം, രാത്രികള്‍ പങ്കിട്ടതിന്റെ മനോഹര കഥകളായി മാറി. അതെനിക്കാശ്വാസം നല്‍കിയതിനെ പറ്റി താത്വികമായി ചിന്തിച്ചപ്പോഴാണ് നുണകള്‍ ഇല്ലായ്മകള്‍ മറക്കുന്ന ഉടുപ്പാണെന്ന് തോന്നിയത്.

എന്റെ സഹപ്രവര്‍ത്തകന്‍ ഫലസ്ത്വീനി പൌരന്‍ കരീമിനോട് സ്വാതന്ത്ര്യത്തിന്‍ ചോരയൊഴുക്കുന്നതിന്‍ പകരം നുണകളില്‍ ആശ്വസിക്കാനപേക്ഷിച്ചു. ഒരു സ്വപ്നം തകര്‍ത്തവനെ പോലെ എന്നെ ക്രുദ്ധനായയാള്‍ നോക്കി. എനിക്ക് പറയാന്‍ ആകെയുണ്ടായിരുന്നതതാണ്. മസ്ജിദുല്‍ അഖ്‌സയുടെ തെക്ക് ഭാഗത്ത് ഖബറടക്കപ്പെടണമെന്ന് അയാള്‍ക്ക് നുണ പറയാനല്ലേ പറ്റൂ. അതസാദ്ധ്യമാണെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അറിയുകയും ചെയ്യും.

ഇറാഖികള്‍ക്കും നുണകളില്‍ അഭിരമിച്ച് മനസ്സമാധാനത്തോടെ കഴിയാം. സ്വാതന്ത്ര്യത്തിന്റെ ആഘോഷപ്രകടമാണ് ഫല്ലൂജയിലും ബാഗ്ദാദിലും നടക്കുന്നതെന്ന് ആശ്വസിച്ചാല്‍ പോരെ? ഭര്‍ത്താവിനെയും ആണ്‍കുഞ്ഞുങ്ങളെയും കാത്തിരിക്കുന്ന അനേകം ബോസ്നിയന്‍ വിധവകള്‍ക്കും, തിരിച്ച് വരവിന്റെ നുണകളില്‍ ആശ്വസിച്ച് മധുവിധു ആഘോഷിക്കാം..അങ്ങിനെ ദു:ഖം പേറുന്നവര്‍ക്ക് മറുമരുന്നാണ് നുണകള്‍ കൊണ്ട് ആശ്വസിക്കാമെന്ന് കരുതിയതിലൂടെ ബാല്യകാലത്ത് ഞാനും സാബുവും കണ്ടെത്തിയത്.
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 1:26 PM 38 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]