ചില നേരത്ത്.

ശനിയാഴ്‌ച, ജൂലൈ 23, 2005

 

ചില സമയ ദോഷങ്ങള്‍.

ഇവിടെ ദുബായില്‍ ഒരു പാട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്‌.സിവില്‍ എന്‍ജിനീയറിങ്ങിന്റെ അനന്തസാദ്ധ്യതകള്‍ നമ്മള്‍ മലയാളികള്‍ നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം അത്ര അധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌.എന്റെ ബാച്ചിലെ മുക്കാല്‍ പങ്കും ഇവിടെ എത്തി നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്‌. എന്റെ തന്നെ ജൂനിയര്‍ - സീനിയര്‍ സുഹൃത്തുക്കള്‍ വേറെയും..
ഞങ്ങള്‍ ചേര്‍ന്ന് ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്‌. നമ്മള്‍ മലയാളികള്‍ക്ക്‌ സംഘടന ഒഴിച്ച്‌ കൂടാനാകാത്ത ഒരു വിഭവമാണല്ലോ,
ഇനി കാര്യം പറഞ്ഞ്‌ തുടങ്ങാം..
അധിക പേരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിക്കാത്തവര്‍ക്ക്‌ അനുയോജ്യമായ ബന്ധം സംഘടിപ്പിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌. പക്ഷെ പലരും വളരെ അധികം ധൃതിയുള്ളവരാണ്‌. കാരണം നല്ല ജോലി, നല്ലശമ്പളം ഇനി അടുത്തത്‌ നല്ല ഭാര്യ തന്നെ എന്നാണ്‌ എന്റെയടക്കമുള്ളവരുടെ ലക്ഷ്യം.അങ്ങനെ ജോലിതിരക്കും ബ്ലോഗിങ്ങും കമന്റിങ്ങും കഴിഞ്ഞ്‌ കിട്ടുന്ന ഇടവേളകളില്‍ ഞാനും കേരള മാറ്റ്രിമോണിയില്‍ പെങ്കുട്ട്യൊളെ തപ്പിയിറങ്ങി. പത്ത്‌ മുന്നൂറ്‌ പ്രൊഫൈല്‍ തിരഞ്ഞ്‌ മടുത്തപ്പോള്‍ ഞാന്‍ വരന്മാരുടെ ലിസ്റ്റ്‌ തിരയാന്‍ തുടങ്ങി. അപ്പോഴുണ്ട്‌ എന്റെ ജൂനിയര്‍ ഒരുത്തന്‍ ഒരു കിടിലന്‍ പ്രൊഫൈല്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നു. തലയിലൂടെ ഒരു
മിന്നല്‍ പിണര്‍ പാഞ്ഞു...
അവന്റെ മൊബൈല്‍ നമ്പര്‍ എന്റെ കൈയില്‍ ഇല്ല, പക്ഷെ സംഘടിപ്പിച്ചു..
പിന്നെ കുറച്ച്‌ സുഹൃത്തുക്കളെ എല്ലാം വിളിച്ച്‌ വിവരം പറഞ്ഞു..
എല്ലാവരും ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കി. ഒരു പെണ്‍കുട്ടിയുടെ സഹോദരന്‌ അവനെ കണ്ട്‌ വിവാഹകാര്യം സംസാരിക്കുവാനുണ്ടെന്ന് ഞങ്ങളിലാരെങ്കിലും വിളിച്ച്‌ പറയുക.
അങ്ങനെയാണ്‌ അവനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് തന്ത്രപരമായി ദേര ദുബായിലെ മുനിസിപാലിറ്റി പാര്‍ക്കിലേക്ക്‌ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട്‌ എട്ട്‌ മണിക്ക്‌ വരാന്‍ പറഞ്ഞത്‌.
വൈകീട്ട്‌ അഞ്ച്‌ മണി മുതല്‍ മുന്‍ നിശ്ചയ പ്രകാരം ഓരോരുത്തരായി അവനെ പല പാര്‍ട്ടികള്‍ക്ക്‌ വിളിക്കാന്‍ തുടങ്ങി.അവന്ന് കമ്പനി വക ഒഴിച്ചുകൂടാനാവാത്ത പാര്‍ട്ടിയുണ്ടെന്നും പറഞ്ഞ്‌ ഒഴിഞ്ഞ്‌ മാറാന്‍ തുടങ്ങിയപ്പോഴേ ഞങ്ങളുടെ പദ്ധതി വിജയം മണത്തു തുടങ്ങിയിരുന്നു.അവന്റെ ഓരോ നീക്കവും സമര്‍ത്ഥമായി അവന്റെ റൂം മേറ്റ്‌ ഞങ്ങള്‍ക്ക്‌ എത്തിച്ച്‌ കൊണ്ടിരുന്നു.അങ്ങനെ ഞങ്ങള്‍ ഓരോരുത്തരായി പാര്‍ക്കില്‍ എത്തിയെന്ന് ഉറപ്പ്‌ വരുത്തി. ഞാന്‍ അവിടെ എത്തിയപ്പോഴുണ്ട്‌ കഥാനായകന്‍ കുളിച്ച്‌ കുട്ടപ്പനായി ആരെയോ കാത്ത്‌ നില്‍ക്കുന്നു. എന്നെ കണ്ടയുടനെ ഒഴിഞ്ഞു മാറാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു. കാരണം വേറൊരുത്തന്‍ അവന്റെ എതിര്‍ദിശയില്‍ വരുന്നുണ്ടായിരുന്നു. രണ്ടുപേര്‍ക്കുമിടയില്‍ പെട്ട്‌ നിസ്സഹായനായ കഥാനായകന്‍
ഇഞ്ചി തിന്ന കുരങ്ങിനെ പോലെ നിന്ന നില്‍പ്പില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവരും കടന്നു വന്നു. കൂട്ടിലടച്ച വെരുകിനെ പോലെ അവന്‍ വെപ്രാളപെട്ട കാഴ്ച അതിദയനീയമായിരുന്നു. മറ്റേതൊരു അവസരത്തിലാണെങ്കിലും അത്തരമൊരു കൂടിചേരല്‍ അവന്‍ ഒഴിവാക്കുമായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ അവന്‍ പെണ്‍വീട്ടുകാരെ കാത്ത്‌ നില്‍ക്കുകയല്ലെ!. പലരും പലതും പറഞ്ഞ്‌ പ്രലോഭിപ്പിച്ചിട്ടും കഥാനായകന്‍ നിന്ന നില്‍പ്പ്പ്പില്‍ തന്നെ!. അരമണിക്കൂര്‍ അവനെ അവിടെ തന്നെ നിര്‍ത്തി.ബഹളങ്ങളും പൊട്ടിചിരികളും ആ കൂട്ടായ്മയിലേക്ക്‌ പരിസര ശ്രദ്ധ തിരിയ്ക്കുമെന്നായപ്പോള്‍ ആരോ അവന്‍ കാത്ത്‌ നില്‍ക്കുന്ന ആളിന്ന് വിളിക്കുവാന്‍ പറഞ്ഞു. അവന്‍ മാറി നിന്ന് മൊബൈല്‍ കറക്കി.. ഞങ്ങളില്‍ ഒരുവന്‍ വാങ്ങിയ പുതിയ മൊബൈല്‍ റിംഗ്‌ ചെയ്യാന്‍ തുടങ്ങി.. ഞങ്ങളൊന്നിച്ച്‌ അവന്റെ അടുത്തേക്ക്‌ നടന്ന് നീങ്ങി, പിന്നെ മൊബൈല്‍ എടുത്ത്‌ റിംഗ്‌ ചെയ്യുന്ന അവന്റെ നമ്പര്‍ കാണിച്ച്‌ കൊടുത്തു.
കഥാനായകന്റെ മുഖത്തെ ഭാവമാറ്റം ഞാന്‍ ഇതുപോലത്തെ മറ്റൊരു അനുഭവമുണ്ടാകുന്നത്‌ വരെ മറക്കില്ല!!. അത്ര പരിതാപകരമായിരുന്നു. കരയാന്‍ വയ്യാത്തത്ര മുതിര്‍ന്നത്‌ കൊണ്ട്‌ കരഞ്ഞില്ലെന്നെയുള്ളൂ..
പിന്നെ എല്ലാവരും ചേര്‍ന്ന് അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം തൊട്ടടുത്ത ഹോട്ടലിലേക്ക്‌ മുന്‍നിശ്ചയപ്രകാരം കൊണ്ടുപോയി. ഞാന്‍ പതുക്കെ ആ കൂട്ടം വിട്ട്‌ മറ്റൊരു സ്ഥലത്തേക്ക്‌ നീങ്ങി.
രാത്രി ആരോ
വിളിച്ചു പറഞ്ഞു, ഹോട്ടലിലെ ബില്ലും അവനെ കൊണ്ട്‌ വസൂലാക്കിയെന്ന്..
പാവം..അവന്‌ മാനനഷ്ടവും പിന്നെ ധനനഷ്ടവും ഒന്നും വരികേലായിരുന്നു.. പ്രൊഫെഷണലുകള്‍ക്ക്‌ ഈ ആഴ്ച എന്ന പത്ര ജാതകം ഒന്നു നോക്കിയിരുന്നെങ്കില്‍...
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 7:01 PM 5 അഭിപ്രായങ്ങള്‍

തിങ്കളാഴ്‌ച, ജൂലൈ 11, 2005

 

നിഷ്കാസിതന്‍

നീ മൃതിയടഞ്ഞവന്‍..
ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ,
നിന്റെ ശവമെടുപ്പാണ്‌..
വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച.
തണുത്ത്‌ മരവിച്ച സായംസന്ധ്യ.
മരം കോച്ചും തണുപ്പ്‌.
തമസ്സില്‍ തന്നെ നിന്റെ ഖബറടക്കം.
വെളിച്ചത്തിനായ്‌ കത്തിച്ചു വെച്ച-
മണ്‍ചിരാതാരോ ഊതി കെടുത്തി..
അതു നീ തന്നെ ആയിരുന്നില്ലേ?.
പുറത്ത്‌ ഒരായിരം പേര്‍ കാത്ത്‌ നില്‍ക്കുന്നു..
നിനക്കായ്‌ ജയ്‌ വിളിച്ചവര്‍..
നിന്റെ നിണത്തിന്നായ്‌-
കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!.
അനന്തപുരിയില്‍..
നിനക്കായ്‌ ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍..
അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്‌..
നിനക്കിനി ആരാണ്‌ കൂട്ട്‌?.
നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു
വിരേതിഹാസം രചിച്ചവരുടെ പരിലാളന?.
നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!.
പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍-
ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?.
ഹാ.. കഷ്ടം!!.
പട നയിക്കുമ്പോളെന്തിനു നീ-
പാളയത്തിലെ പട നയിച്ചു?..
പിന്തിരിഞ്ഞോടുന്നവന്റെ വിധി-
നിനക്കെന്തേ അറിയാതെ പോയി?..
കുഴിമാടം പൂര്‍ത്തിയായി.
മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക.
നിന്റെ വാസസ്ഥലം എത്ര ക്രൂരം!
നിന്റെ വാരിയെല്ലുകള്‍-
കോര്‍ത്തിണക്കില്ലേ?.
ഈ ശീതകാറ്റില്‍ എനിക്ക്‌ കോച്ചുന്നു.
നിനക്കുമില്ലേ?.
നിനക്കിനി ആരുണ്ട്‌ കൂട്ട്‌?..
നിലാവുള്ള രാത്രിയില്‍,
കൂട്ടിചേര്‍ത്ത കാലുകളെ,

പറിച്ചെറിഞ്ഞു വന്നാലും,
ഇനി വയ്യല്ലോ നിനക്കായ്‌ ആമോദിക്കാന്‍.
നിനക്കുണ്ടാവാം മറ്റൊരു കൂട്ട്‌,
കുന്തത്തില്‍ തലനാട്ടിയ ആമു പോലീസിന്‍ കൂട്ട്‌..

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 8:51 AM 3 അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, ജൂലൈ 10, 2005

 

പ്രണയിച്ചവര്‍

കുറച്ചു ദിവസങ്ങളായി എന്റെ സുഹൃത്ത്‌ ഒണ്‍ലൈനില്‍ ഇടക്കിടെ വന്ന് ഹലോ ടൈപ്പ്‌ ചെയ്ത്‌ ചാറ്റിങ്ങിന്ന് ക്ഷണിക്കാറുണ്ട്‌.
തിരക്കുള്ള സമയമായതുകാരണം 'ബിസി' എന്ന് തിരിച്ചും റ്റൈപ്പ്‌ ചെയ്ത്‌ ഒഴിവാകാറാണ്‌.
ദുബായില്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഒരുപാട്‌ കാലം ഒരുമിച്ച്‌ താമസിച്ചിരുന്നു. ജോലി ഇല്ലാതിരുന്ന സമയങ്ങളില്‍ അവനെന്നെ സാമ്പത്തികമായി മാത്രമല്ല, അറിയാവുന്ന പലരെയും നേരിട്ട്‌ കണ്ട്‌ എന്റെ കാര്യത്തിന്നായി വിലപ്പെട്ട സമയവും എനിക്കായി ചിലവഴിച്ചിട്ടുണ്ട്‌. പിന്നെ എന്റെ ജോലിത്തിരക്കിന്റെയും അവന്റെ മീറ്റിങ്ങുകളുടെ ഇടവേളകള്‍ക്കിടയിലും ഞങ്ങള്‍ സൌഹൃദം പുതുക്കി കൊണ്ടിരുന്നു.
എന്റെ നാട്ടിലെ ഒരു പ്രബല കുടുംബത്തിലെ അംഗമായിരുന്ന അവന്റെ ചെറുപ്പത്തിലേയുള്ള കൂട്ടുകാരന്‍ ഞാന്‍ മാത്രമായിരുന്നു.എന്റെ അനേകം കൂട്ടുകാരില്‍ ഒരുവന്‍ മാത്രമായിരിന്നു അവനെങ്കിലും, എന്റെ സമയത്തിന്റെ മുക്കാല്‍ പങ്കും അവനെന്റെ കൂടെ തന്നെയായിരുന്നുവെന്ന് ഇന്നു ഞാന്‍ ഓര്‍മിക്കുന്നു..
നിരര്‍ത്‌ഥകമായ ബാല്യകാലസ്മരണകളാകും അവന്റെ പല ചാറ്റിംഗ്‌ വിഷയങ്ങളും..ഒരു നഗരത്തിലാണ്‌ താമസമെങ്കിലും അവന്‍ കുടുംബസമേതം താമസിക്കുന്ന വീട്ടിലേക്ക്‌ വല്ലപ്പോഴും മാത്രമേ ഞാന്‍ പോയിട്ടുള്ളൂ..അഞ്ച്‌ വര്‍ഷത്തിന്ന് ശേഷമാണ്‌-അവന്‍ നാട്ടില്‍ വിട്ടിട്ട്‌ പോന്ന ഭാര്യയേയും കുഞ്ഞിനേയും ദുബായിലേക്ക്‌ കൊണ്ടുവന്നത്‌.മുന്ന എന്നെ കാണുമ്പോള്‍ തന്നെ എന്റെ കൂടെ
വരണമെന്ന് പറഞ്ഞു തുടങ്ങും.പലപ്പൊഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌, ഈ കുഞ്ഞിനെന്താണ്‌ എന്നോടിത്ര അടുപ്പമെന്ന്?..മുന്നയ്ക്ക്‌ ഒന്നോ രണ്ടൊ വയസ്സുള്ളപ്പോഴാണ്‌ ഞാന്‍ ഇങ്ങോട്ട്‌ വിമാനം കയറിയത്‌.അവന്റെ ഭാര്യയോട്‌, എന്റെ മുഖസാമ്യമുള്ള ബന്‌ധുക്കള്‍ ആരെങ്കിലുമുണ്ടോയെന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ടു, മുന്നയ്ക്ക്‌ എന്നോടുള്ള അടുപ്പം കണ്ടിട്ട്‌,.. ഞങ്ങളുടെ സൌഹൃദത്തിന്റെ തീവ്രത മകള്‍ക്കും അറിയുന്നത്‌ കൊണ്ടാകും എന്നു നിഷ ഒരു തമാശയും പറയും..
നിഷ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ള സുന്ദരിയായ ഒരുവളായിരുന്നു..എപ്പ്പോഴാണ്‌ എന്റെ കൂട്ടുകാരന്‍ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പതിവ്‌ പോലെ അവരുടെ പ്രണയത്തിന്റെ ചുക്കാന്‍ പിടിച്ചതും വിപരീത ധ്രുവങ്ങളിലുള്ള രണ്ടു കുടുംബങ്ങളെ തമ്മില്‍, ഒരായിരം എതിര്‍പ്പുകള്‍ക്കിടയിലും യോജിപ്പിക്കാന്‍ കഴിഞ്ഞതും എനിക്ക്‌ വളരെ അധികം സന്തോഷം തരുന്ന ചില ഓര്‍മകള്‍ ആണ്‌.മുന്ന വെളുത്ത്‌ കൊലുന്നനെയുള്ള പെണ്‍കുഞ്ഞായിരുന്നു. എന്റെ സുഹൃത്ത്‌ വളരെ ഭാഗ്യവാനായിരുന്നു. തിരക്ക്‌ പിടിച്ച അവന്റെ ബിസിനസ്സ്‌ ലോകത്തിലേക്ക്‌ ഞാന്‍ കടന്നു നോക്കിയിട്ടില്ലെങ്കിലും അവന്റെ സൌഭാഗ്യത്തില്‍ സന്തോഷിക്കാറുണ്ട്‌.പക്ഷേ,ഭാര്യയേയും കുഞ്ഞിനേയും കൊണ്ടുവരാത്തതെന്തേയെന്ന് ഞാന്‍ സന്ദേഹിക്കാറുണ്ടായിരുന്നു..
ഭാര്യയേയും കുഞ്ഞിനേയും കൊണ്ട്‌ അവന്‍ ഞാന്‍ താമസിച്ചിടത്ത്‌ നിന്നും
അകലെ ഒരു ഫ്ലാറ്റ്‌ വാങ്ങി. വല്ലപ്പോഴും ഏേതെങ്കിലും ഷോപ്പിംഗ്‌ സെന്ററില്‍ വെച്ചായിരുന്നു കൂടുതലും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നത്‌. പിന്നെ മുന്നയെ എന്റെ അടുത്തിട്ട്‌ വിട്ടു അവര്‍ പതിയെ മാറിനടക്കുമായിരുന്നു. തിരക്കു പിടിച്ച ജീവിത ശൈലിയില്‍ അവന്ന് കിട്ടിയിരുന്ന അപൂര്‍വാവസരങ്ങള്‍..
ഈയടുത്താണ്‌, ഞാനെന്റെ വീട്ടിലേക്ക്‌ വിളിച്ചപ്പോള്‍ അറിഞ്ഞത്‌, നിഷയെ അവന്‍ വിവാഹമോചനം ചെയ്തെന്ന്!!..
ഒരു പ്ലെഷര്‍ ട്രിപ്പിനു പോകാനിരുന്ന ഞാന്‍ നിര്‍ന്നിമേഷനായി നിന്നു പോയി!!..
അപ്പോള്‍ മുന്ന -
ദൈവമേ, ഇതെകുറിച്ച്‌ എന്തെങ്കിലും പറയുവാനായിരിക്കുമോ നിഷാദ്‌ ഒണ്‍ലൈനില്‍ വന്നത്‌?!!..
ഉടന്‍ വിളിച്ചപ്പ്പ്പോള്‍ അവന്റെ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിരിക്കുന്നു..
പിന്നെ വിവരങ്ങള്‍ വീട്ടിലേക്ക്‌ തന്നെ വിളിച്ചറിഞ്ഞു..
ഉന്നത നിലയിലുള്ള തന്റെ ബിസിനസ്സ്‌ സാമ്രാജ്യത്തില്‍ ഒരു കേസില്‍ പെട്ട്‌ നിഷാദ്‌ മൂന്നുമാസം ജയിലിലായപ്പോള്‍ ആരാരും സഹായിക്കാനില്ലാതെ നിഷ കണ്ണീര്‍ വാര്‍ത്തു കഴിയുകയായിരുന്നു. തന്നെ സഹായിക്കാന്‍ വന്ന ബന്ധുക്കളുടെ പിടിപാട്‌ കൊണ്ടു ജയില്‍ മോചിതനായ നിഷാദില്‍ എപ്പോഴോ സംശയത്തിന്റെ ചെകുത്താന്‍ കയറി..പരസപര വിശ്വാസത്തിന്റെ നൂലിഴയില്‍ ചേര്‍ത്ത്‌ വെച്ച ദാമ്പത്യത്തില്‍ അസ്വാരസ്യം പടര്‍ന്നു കയറിയപ്പോള്‍ നിഷ മുന്നയുമായി നാട്ടിലേക്ക്‌ വിമാനം കയറി. തന്റെ കുഞ്ഞിന്ന് ശേഷകാലം ജീവിക്കുവാന്‍ വേണ്ട തുക കൂടെ വിവാഹമോചന
കരാറില്‍ നിഷാദ്‌ എഴുതി ചേര്‍ത്തുവത്രെ..
പ്ലെഷര്‍ട്രിപ്പ്‌ മാറ്റി വെച്ച്‌ അവന്റെ ഫ്ലാറ്റില്‍ ചെന്ന എനിക്ക്‌ അത്‌ പൂട്ടികിടക്കുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌..
ഗ്ലാസ്സിട്ട ജനാലയില്‍ മുഖം ചേര്‍ത്ത്‌ ഫ്ലാറ്റിനകത്തേക്ക്‌ നോക്കിയപ്പ്പ്പോള്‍ എപ്പോഴോ ഞാന്‍ വാങ്ങി കൊടുത്ത മൊദേഷ്‌ പാവ അഴിയില്‍ ചേര്‍ത്ത്‌ വെച്ചിരിക്കുന്നു -മുന്ന-
വഴക്കിന്റെയും കണ്ണീരിന്റെയും ഇടവേളകളിലെപ്പോഴെങ്കിലും ഒരു പെട്ടി ചൊക്ക്ലേറ്റുമായി ഞാന്‍ കടന്നു ചെല്ലുമെന്ന് മുന്ന നിനച്ചിട്ടുണ്ടാകും..
പക്ഷെ, ഞാനറിഞ്ഞില്ലല്ലൊ മകളെ, നിന്നെ കരുതി പോലും അവര്‍ ഇനിയടുക്കാനാകാത്തത്ര അകന്നു കഴിഞ്ഞെന്ന്..
പ്രണയിച്ച്‌ പിരിഞ്ഞവരെ, ഇനിയെങ്കിലും പറഞ്ഞു തരൂ.. ഒരുമിച്ച്‌ ജീവിച്ച്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ എവിടെയാണ്‌ ജീവിതം കൈവിട്ട്‌ പോകുന്നതെന്ന്?.
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 1:27 PM 7 അഭിപ്രായങ്ങള്‍

ശനിയാഴ്‌ച, ജൂലൈ 02, 2005

 

പ്രവാസം.......

തകര്‍ന്നടിഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ.
പകല്‍ മുഴുവന്‍ നീണ്ട യാത്ര..അബുദാബിയില്‍ വെച്ചിട്ടു പോന്ന പുസ്തകങ്ങളും വസ്ത്രങ്ങളും തിരിച്ചെടുക്കുവാന്‍ പറയാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങള്‍ ഒരു പാടായിരിക്കുന്നു.പഴയ സുഹൃത്തുകള്‍ ഫ്ലാറ്റ്‌ മാറുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യാത്ര മാറ്റിവെക്കുവാന്‍ വയ്യ.ആറു മാസം മുന്‍പ്‌ വരെ അവിടെയായിരുന്നു പൊറുതി.കൊടും ചൂടില്‍ നല്ലൊരു വ്യാഴാഴ്ച തന്നെ പുറപ്പെട്ടു. വലിയ ദൂരം ഇല്ല അബൂദാബിയിലേക്ക്‌.. പക്ഷെ, പുറപ്പെട്ട്‌ ഇറങ്ങുവാന്‍ വലിയ ബുദ്ധിമുട്ടാണെനിക്ക്‌.. ഇരുനൂറു കിലോമീറ്റര്‍ അടുത്തിരിക്കുന്നവന്റെ നാറ്റവും സഹിച്ച്‌ വേണം പോകാന്‍..
സുഹൃത്തുക്കളെ മുഴുവന്‍ വിളിച്ച്‌ ഒന്നിളക്കി നോക്കി, ആര്‍ക്കും കൂട്ട്‌ വരാന്‍ വയ്യ. വേനലിന്റെ ശാപം..
ആകെ ഒരു ലാഭമെന്നത്‌ ഒരു കൂട്ടുകാരന്‍ നാട്ടിലേക്ക്‌ പോകുന്നു അവന്റെ കൈയില്‍ വീട്ടിലേക്ക്‌ കത്ത്‌ കൊടുത്ത്‌ വിടാം.
കുറെ നാളായി കത്ത്‌ എഴുതാന്‍ ആവശ്യപെടുന്നു..ഫൊട്ടൊ ആവശ്യപ്പെട്ട്‌ തുടങ്ങിയിട്ടും കുറച്ചായി.. ഫോട്ടോയുടെ കാര്യം അവിടെ നില്‍ക്കട്ടെ, കത്ത്‌ അവിടെ ചെന്നിട്ട്‌ എഴുതാമെന്ന് കരുതി പുറപ്പെട്ടു. കത്ത്‌ എഴുതുമ്പോള്‍ നാലഞ്ച്‌ പുറം എഴുതണം എങ്കിലേ വീട്ടുകാരുടെ മനം നിറയൂ. അനിയത്തി കളിയാക്കും, നിന്റെ കഥ, വായിച്ചിട്ട്‌ തീരുന്നില്ലെന്ന്..
എഴുതുവാന്‍ മടിയാണു. എഴുതി തുടങ്ങിയാല്‍ നിര്‍ത്തുവാനും.. രാവിലെ തുടങ്ങി
വൈകീട്ട്‌ ജോലി അവസാനിക്കുന്നത്‌ വരെയുള്ള വിഷയങ്ങള്‍ പൊതുവിലും വിശ്രമസമയം ചെലവിടുന്നതിനെ പറ്റി വിശേഷിച്ചും വിസ്തരിച്ച്‌ എഴുതണം.അത്‌ എന്റെ പിതാശ്രീയുടെ ഒരു നിര്‍ബന്ധമാണു.വ്യായാമം, വസ്ത്രധാരണം, വസ്ത്രത്തിന്റെ നിറം തുടങ്ങിയ കാര്യങ്ങള്‍ തീര്‍ച്ചയായും എഴുതണം. അല്ലെങ്കില്‍ ചോദ്യം വരും..എന്നോടല്ല..പുള്ളി ഏെര്‍പ്പാടാക്കിയ ചില ചാരന്മാര്‍ ഉണ്ടിവിടെ, ദുബായില്‍..
പിതാശ്രീക്ക്‌ നന്നായി അറിയാം മൂത്ത സന്തതിയുടെ ലീലാവിലാസങ്ങള്‍!!!.അതാണു ഒരു ചാരകണ്ണ്‍ എന്റെ പിറകെ സൃഷ്ടിച്ചിരിക്കുന്നത്‌.കൈവിട്ട്‌ കളയാന്‍ വയ്യ ദൂരെയാണെങ്കിലും പയ്യനെ എന്നാണു.. ചാരന്മാര്‍ ആരൊക്കെയാണെന്നും അവര്‍ എവിടെയൊക്കെ ഉണ്ടാകുമെന്നും എനിക്ക്‌ കൃത്യമായും അറിയാം എന്നിടത്താണു എന്റെ ഉപ്പ(പിതാശ്രീ) പരാജയപ്പെടുന്നത്‌.പൂക്കുറ്റിയായി(മദ്യപിച്ച്‌ വഴിയില്‍ കിടക്കുന്നതിന്റെ നാട്ടുഭാഷ)കിടക്കുന്നത്‌ കണ്ടതിന്റെ മുപ്പതാം ദിവസം എന്നെ അറേബ്യായിലേക്ക്‌ നാടുകടത്തി. നാട്‌ വിടുന്നതിന്ന് മുന്‍പ്‌ ഒരു തീരുമാനവുമെടുത്തു, ഇനി മദ്യപാനമില്ല- അതു തെറ്റാണു, സങ്കടമാണു, വാതിലിനു പിറകില്‍ നിസ്സഹായയായി നില്‍ക്കുന്ന ഉമ്മയുടെ കണ്ണുനീരാണു,വേര്‍പ്പാടിലേക്ക്‌ നയിക്കുന്ന, വിരഹത്തിലേക്ക്‌ നയിക്കുന്ന പ്രണയിതാവിന്റെ ചങ്കെരിക്കുന്ന ദു:ഖത്തിന്റെ ആഴക്കടലാണു..ശ്രീമാന്‍ മോഹന്‍ലാല്‍ പറഞ്ഞതു പോലെ ഇന്നും തുടരുന്നു
എന്ന് തീരുമെന്ന് അറിയാത്ത ഈ പ്രവാസ പ്രവാഹം...

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 5:05 PM 9 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]