കഥാകൃത്ത് രമേഷ് റേഷൻ ഷാപ്പിലേക്ക് ദീർഘമായ വഴിയിലൂടെ തുണിസഞ്ചിയും കന്നാസുമേന്തി പോകുമ്പോൾ കഥാതന്തു മനസ്സിലിട്ട് ഭാവനയുടെ പൊടിപ്പും തൊങ്ങലുമുള്ള മാറും മുലയും ചേർത്ത് ചെറുമാസികകളുടെ എഡിറ്റർമാർക്ക് ഭോഗിക്കാനായി അയച്ചു കൊടുത്തു. തിരിച്ചയച്ച രചനകൾ നിരാശയുടെ ശുക്ലം പരത്താതെ നാലായി മടക്കി ചിതലരിക്കും വരെ സൂക്ഷിച്ചു. നിരന്തരമായ എഴുത്തുകുത്തലിനിടയ്ക്ക് രമേഷിന്റെ ഭാഷയ്ക്ക്, കഥാകാരന് അവശ്യം വേണ്ട പക്വത കൈവന്നതിനാൽ ഞാൻ,നീ,നമ്മൾ,നിങ്ങൾ,എന്നെ,നിന്നെ തുടങ്ങിയ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ മുഴച്ചുനിൽക്കൽ ഒഴിവായികിട്ടിയിരുന്നു. സംഭാഷണ ശകലങ്ങൾ മനോഹരമായും സാന്ദർഭികമായും കഥയിൽ ചേർത്ത് ഒഴുക്കോടെയുള്ള വായന സാദ്ധ്യമാക്കാനും കഴിഞ്ഞു. ഭൂത-വർത്തമാന-ഭാവി കാലഭേദങ്ങളെ ബുദ്ധിപരമായ സന്നിവേശത്തിലൂടെ പാകത വരുത്തി. കഥാമൽസരങ്ങൾക്ക് അയക്കുന്ന രചനകൾ, മൽസരവിജയികളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ ചിന്താഗതിക്കനുസരിച്ച് രൂപപ്പെടുത്തി. ഉദാഹരണത്തിന് മംഗലം വായനശാലാ ചെറുകഥാമൽസരത്തിനയച്ച കഥയിൽ പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തെ കുറിച്ചും കസ്തൂർബ ട്രസ്റ്റ് നടത്തിയ തന്തയില്ലായ്മക്കെതിരെയും സാമാന്യ സാ...