ചില നേരത്ത്.

ശനിയാഴ്‌ച, ജനുവരി 21, 2006

 

കഥാകൃത്ത്‌ രമേഷ്‌

കഥാകൃത്ത്‌ രമേഷ്‌ റേഷൻ ഷാപ്പിലേക്ക്‌ ദീർഘമായ വഴിയിലൂടെ തുണിസഞ്ചിയും കന്നാസുമേന്തി പോകുമ്പോൾ കഥാതന്തു മനസ്സിലിട്ട്‌ ഭാവനയുടെ പൊടിപ്പും തൊങ്ങലുമുള്ള മാറും മുലയും ചേർത്ത്‌ ചെറുമാസികകളുടെ എഡിറ്റർമാർക്ക്‌ ഭോഗിക്കാനായി അയച്ചു കൊടുത്തു. തിരിച്ചയച്ച രചനകൾ നിരാശയുടെ ശുക്ലം പരത്താതെ നാലായി മടക്കി ചിതലരിക്കും വരെ സൂക്ഷിച്ചു.

നിരന്തരമായ എഴുത്തുകുത്തലിനിടയ്ക്ക്‌ രമേഷിന്റെ ഭാഷയ്ക്ക്‌, കഥാകാരന്‌ അവശ്യം വേണ്ട പക്വത കൈവന്നതിനാൽ ഞാൻ,നീ,നമ്മൾ,നിങ്ങൾ,എന്നെ,നിന്നെ തുടങ്ങിയ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ മുഴച്ചുനിൽക്കൽ ഒഴിവായികിട്ടിയിരുന്നു. സംഭാഷണ ശകലങ്ങൾ മനോഹരമായും സാന്ദർഭികമായും കഥയിൽ ചേർത്ത്‌ ഒഴുക്കോടെയുള്ള വായന സാദ്ധ്യമാക്കാനും കഴിഞ്ഞു. ഭൂത-വർത്തമാന-ഭാവി കാലഭേദങ്ങളെ ബുദ്ധിപരമായ സന്നിവേശത്തിലൂടെ പാകത വരുത്തി.

കഥാമൽസരങ്ങൾക്ക്‌ അയക്കുന്ന രചനകൾ, മൽസരവിജയികളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ ചിന്താഗതിക്കനുസരിച്ച്‌ രൂപപ്പെടുത്തി. ഉദാഹരണത്തിന്‌ മംഗലം വായനശാലാ ചെറുകഥാമൽസരത്തിനയച്ച കഥയിൽ പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തെ കുറിച്ചും കസ്തൂർബ ട്രസ്റ്റ്‌ നടത്തിയ തന്തയില്ലായ്മക്കെതിരെയും സാമാന്യ സാഹിത്യത്തിലും ഭാഷാസ്നേഹിയായ ബെന്നി(എം.എസ്‌.എൻ ബ്ലോഗർ) അദ്ധ്യക്ഷനായ സമിതിയ്ക്ക്‌ കർമ്മണി പ്രയോഗത്തിന്റെ വായുസമ്മർദ്ദമില്ലാത്ത ശുദ്ധസാഹിത്യത്തിലും കഥകൾ പാകപ്പെടുത്തി.
സാഹിത്യകാരൻ സക്കറിയയ്ക്ക്‌ പകലത്തെ ആൻസി പണി റേഞ്ചിലുള്ള കഥകൾ അയച്ച്‌ പ്രശംസ നേടുകയും ചെയ്തു.

രചനാവൈഭവത്താലോ ഭാഷാശുദ്ധി കൊണ്ടോ രമേഷിന്റെ രചനകൾ പലതും അവാർഡിനർഹമാകുകയും ഉപോൽപ്പന്നമായ പ്രശസ്തി ചെറുതായി ലഭിക്കുകയും ചെയ്തതോടെ ഇന്തിവീട്ടിൽ രമേഷ്‌ കഥാകൃത്ത്‌ രമേഷായി അവസ്ഥാന്തരപ്പെട്ടു. പിന്നെ രചനകൾ പോസ്റ്റ്‌ ചെയ്ത്‌ നേരെ വായനശാലയിൽ പോയി സമ്മാനദാനചടങ്ങുകൾക്കായി പ്രസംഗകുറിപ്പുകൾ തയ്യാറാക്കി.

കഥാകൃത്തിന്റെ കലാലയ ജീവിതം പിൽക്കാലത്ത്‌ വേണ്ടിയിരുന്ന പരന്നവായനയുടെ കന്നിക്കാലമായിരുന്നു. വായന പെരുകി രമേഷിന്റെ ചിന്തകൾ എരിപൊരി സഞ്ചാരം കൊള്ളവെയാണ്‌ കഥകളുടെ പട്ടിപേറ്‌ സംഭവിച്ചത്‌.
അക്കാലത്തെ രചനകളിൽ ദൈനംദിന ജീവിതത്തിലെ പ്രസക്തവും എന്നാൽ കഥാകൃത്തിന്റെ പ്രതിഷേധങ്ങൾക്ക്‌ പാത്രീഭവിക്കുന്ന അച്ഛനെ തല്ലുന്ന അമ്മ, സ്വവർഗ്ഗരതിക്ക്‌ വലതുകരത്തിന്റെ കൈവെള്ളയിൽ വിരൽ കൊണ്ട്‌ ചൊറിഞ്ഞ്‌ ക്ഷണിക്കുന്ന മീൻകാരൻ പോക്കർ തുടങ്ങി അനുഭവവേദ്യമായ ബീജാവാപങ്ങളായിരുന്നു. ചിതലരിച്ച രചനകൾ പലതും അത്തരത്തിലുള്ളവയായിരുന്നു.

പ്രശസ്തിയുടെ പ്രാദേശികത അനുവാചകരൂടെ കത്തുകളായും ചെറുകവിതകളായും തപാലിൽ വന്നു തുടങ്ങിയതോടെ അവ തപാലാപ്പീസിൽ നിന്ന്‌ നേരിട്ട്‌ കൈപറ്റുക എന്നതും ശീലമായി. വായനക്കാരുടെ നിർബന്ധമാണ്‌ കഥകൾ പ്രമുഖ പത്രങ്ങളുടെ വാരാന്ത്യപതിപ്പിലേക്ക്‌ അയക്കുവാൻ രമേഷിനെ പ്രേരിപ്പിച്ചത്‌. കഥാരചനയുടെ ആദ്യകാലത്ത്‌ അനുവർത്തിച്ച അതേ തന്ത്രമാണ്‌ കഥകൾ പ്രസിദ്ധപ്പെടുത്തുവാൻ വീണ്ടും പ്രയോഗിച്ചതും വിജയിച്ചതും. ഹിന്ദു പ്രാമുഖ്യമുള്ള പത്രമാപ്പീസിലേക്ക്‌ സനാതന മൂല്യങ്ങളുടെ കലികാല പ്രസക്തിയിൽ ഊറ്റം കൊള്ളുന്ന കഥാപാത്രങ്ങളേയും ക്രിസ്ത്യൻ പത്രത്തിലേക്ക്‌ ബൌദ്ധിക മേഖലകളിൽ വ്യാപരിക്കുന്ന നസ്രാണിയുവാവിന്റെയും മുസ്ലിം പത്രമേഖങ്ങളിലേക്ക്‌ ആ സമൂഹത്തിലെ അനാചാരങ്ങളോ തമ്മിൽ തല്ലുകളോ കഥാതന്തുവാകാത്ത കഥകളുമയച്ച്‌, അച്ചടിമഷി പുരണ്ട്‌, ഗൌരവമേറിയ വായനക്കാർ രമേഷിന്റെ കഥകൾക്ക്‌ കാത്തിരിക്കുന്ന അവസ്ഥ സംജാതമായി.
അക്കാലത്ത്‌ രാഷ്ട്രീയാതിപ്രസരം, കണ്ണീർകഥകൾ എന്നിവയിൽ മനംമടുത്ത്‌ ജനങ്ങളിൽ നിന്ന് കാശ്‌ പിരിച്ച്‌ തൂടങ്ങിയ ചാനലിൽ നിന്നും പ്രവാസികളിൽ നിന്ന് കാശ്‌ മോഷ്ടിച്ച്‌ തുടങ്ങിയ ചാനലിൽ നിന്നും ജനങ്ങൾ വിമുഖത നേടി പുസ്തകങ്ങളിലേക്കും സാഹിത്യത്തിലേക്കും തിരിച്ചുവരുന്ന സമയമായിരുന്നു.

(മേൽ പറഞ്ഞ ഖണ്ഡിക വിവാദമാകുവാൻ സാദ്ധ്യതയുള്ളതിനാൽ,വിവാദത്തിന്റെ അസ്കിതയുള്ളവർ താഴെ പ്രകാരം മേൽഭാഗം വായിക്കുവാൻ അപേക്ഷ.)

ഒരുകാലത്ത്‌ ജനങ്ങളുടെ പ്രതീക്ഷയായിരുന്ന ചാനലിൽ നിന്നും കുവൈത്ത്‌ അധിനിവേശക്കാലത്ത്‌ പ്രവാസികളുടെ വിയർപ്പ്‌ പൊന്നാക്കി നേടിയ കായഫലം ഇറാഖികൾക്ക്‌ കിട്ടും മുമ്പ്‌ നാട്ടിലേക്ക്‌ അയച്ച്‌, പ്രതിഷേധിക്കാനും പ്രതികരിക്കാനും 'പ്രതിബിംബം' എന്ന പരിപാടിയും തുടങ്ങി പ്രശസ്തിയുടെ ഉത്തുംഗതയിൽ എത്തിയ ചാനലിൽ നിന്നും എന്തുകൊണ്ടോ പൊതുജനം പിന്മാറി, പുസ്തക വായനയിലേക്ക്‌ തിരിഞ്ഞകാലമായിരുന്നു.
അനുവാചകരുടെ സ്നേഹലാളനകൾ രക്തത്തിൽ ചാലിച്ച പ്രേമലേഖനങ്ങളായും വന്ന് കൊണ്ടിരുന്നത്‌ പറയാൻ വിട്ട്‌ പോയതിൽ ക്ഷമ ചോദിക്കുന്നു.
പത്രദ്വാരാ നേടിയ പ്രശസ്തി നിരവധി വ്യക്തിബന്ധങ്ങൾക്കും അതുവഴി പ്രതിബന്ധങ്ങൾക്കും കാരണമായി.
തുടർച്ചയായ വായനയും എഴുത്തും കഥാകൃത്ത്‌ രമേഷിനെ രണ്ടാമതും മൂലക്കുരുവിന്റെ ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കി, നിർബന്ധ വിശ്രമത്തിൽ കഴിഞ്ഞ്‌ കൊണ്ടിരുന്ന നട്ടുച്ച നേരത്തിലൊരിക്കലാണ്‌ പ്രശസ്ത പെണ്ണെഴുത്തുകാരിയും തൊലിവെളുത്ത, രമേഷിന്റെ ആരാധികയുമായ പുരുഷവിരോധി മുന്നറിയിപ്പില്ലാതെ കയറിവന്നത്‌. ഊണ്‌ കഴിഞ്ഞ്‌ വായനമുറിയിലേക്ക്‌ നീങ്ങിയ സംസാരത്തിനിടയ്ക്ക്‌, അപരിചിത ഭാവത്തിന്റെ ശൈശവം നീങ്ങി കിട്ടിയിരുന്ന ആ ബന്ധം മറ്റൊരു തലത്തിലേക്ക്‌ വലിച്ചിഴയ്ക്കുക എന്ന ദുരുദ്ദേശത്തോടെ, കഥാകാരി ചില ദുഷ്‌പ്രവർത്തികൾക്ക്‌ കഥാകൃത്ത്‌ രമേഷിനെ പ്രേരിപ്പിക്കുകയും നിഷേധത്തിന്റെ അവഗണന കൊണ്ട്‌ നിരസിക്കുകയും ചെയ്തു.

നിരന്തരമായ ദാർശനിക പഠനം രമേഷിന്റെ ലൈംഗിക ചോദനകളെ ഷണ്ഡീകരിച്ചിരുന്ന കാര്യം കഥാകാരിയോ അസംഖ്യം വരുന്ന അനുവാചകരോ അറിഞ്ഞിരുന്നില്ല. രചനകളിൽ ആത്മാശം കലർത്തുന്ന ആധുനിക രചനാസങ്കേതം ആയിരുന്നില്ല രമേഷിന്റെ രചനാരീതി എന്നതിനാൽ അത്തരം രഹസ്യങ്ങൾ അനാവൃതമാകുകയുമുണ്ടായില്ല.
അപ്രതീക്ഷമായുണ്ടായ അപമാനത്തിന്റെ നോവും പേറി പടിയിറങ്ങി പോയതിന്റെ വാരാന്ത്യം മുതൽ കഥാകൃത്ത്‌ രമേഷിന്റെ രചനകളെ അപഹസിക്കുന്ന രീതിയിൽ പെണ്ണെഴുത്തുകാരി ലേഖനമെഴുതുകയും പ്രമുഖ പത്രത്തിൽ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
സാഹിത്യനിരൂപകർ അതിനെ വാനോളം പുകഴ്ത്തുകയും കഥാകൃത്തിന്റെ പ്രശസ്തിക്ക്‌ കാര്യമായ മങ്ങലേൽപ്പിക്കുകയും ചെയ്തതിന്റെ തിക്തഫലമായി കഥാകൃത്ത്‌ രമേഷ്‌ കഥയെഴുത്ത്‌ അവസാനിപ്പിച്ച്‌ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു.

വർഷങ്ങൾക്ക്‌ ശേഷം അവിചാരിതമായി കണ്ടുമുട്ടിയ ഈയടുത്ത നാളുവരെ കഥാകൃത്ത്‌ രമേഷിന്റെ പ്രശസ്തിയുടേയും അവമതിയുടേയും ജീവിതകഥ എങ്ങും പ്രസിദ്ധീകരിക്കുകയോ അദ്ദേഹത്തിന്റെ സുമനസ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുകയോ ഇതുസംബന്ധിച്ച്‌ ചെയ്തിട്ടില്ല. ഈ നീണ്ടകുറിപ്പ്‌ അദ്ദേഹത്തിന്റെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നതിൽ എനിക്ക്‌ സന്തോഷമുണ്ട്‌.

കഥകളെന്നാൽ നുണകൾ കൂട്ടിവെച്ച്‌ സത്യസന്ധമായി കൂട്ടിയിണക്കുന്ന സാഹിത്യവ്യഭിചാരമാണെന്നാണ്‌ രമേഷ്‌ മാഷ്‌ അവസാനത്തെ കൂടികാഴ്ചയിലും പറഞ്ഞത്‌.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 3:09 PM
അഭിപ്രായങ്ങള്‍:
ബുദ്ധിയുള്ളവനു സൂചന മതി...
 
സൂചനയെന്താണ് ഡ്രിസിലേ?
 
സ്പാറി സഖാവേ, സ്പാറി.... =))

തലയറഞ്ഞു ചിരിക്കുന്നു.
 
സൂചന സൂചന..

ഒരു രണ്ടു കിലോ സൂചന കിട്ടിയാ വേണ്ടില്ലായിരുന്നു. ഡ്രിസിലോ, ആദിത്യനോ ഒക്കെ ഒരു കൈ വായ്പ തരൂ, 2015ലു ശമ്പളം കിട്ടുമ്പോ തിരിച്ചു തരാം.
 
അയ്യോ.. സൂചന തീര്‍ന്നു പോയല്ലോ അതുല്യേ.. ഇവിടെ മേശപ്പുറത്ത്‌ കുറച്ച്‌ സൂചി കിടപ്പുണ്ട്‌. അതു മതിയോ..?? -:))
 
സൂചന തീർന്ന സ്ഥിതിക്ക്, എന്നാ പിന്നെ ഇനി ആ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ഒന്നു വിളിച്ചു നോക്കാം ല്ലേ?
 
വിമര്‍ശിക്കപ്പെടുന്ന സാഹിത്യകാരനും സാഹിത്യ സൃഷ്ടിയും എന്നും കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ന്നിട്ടേയുള്ളൂ. ഇന്ന് വിമര്‍ശനങ്ങള്‍ മറ്റൊരു മാര്‍ക്കറ്റിംഗ്‌ തന്ത്രമായി മാറിക്കഴിഞ്ഞു. കേരളത്തിലെ ഒരു പ്രമുഖ പുസ്തക പ്രസാധനശാലയുടെ ഒരു പരസ്യവാചകം ശ്രദ്ധിക്കൂ. "ലോകത്താകമാനം വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയ, ഏറെക്കാലം നിരോധനത്തിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന ................. ന്റെ മലയാള പരിഭാഷ ഇപ്പോള്‍ വിപണിയില്‍" (ആശയം ഇതായിരുന്നു. വാചകങ്ങള്‍ക്കു മാറ്റം ഉണ്ടാവാം.) അതുകൊണ്ട്‌ രൂപ കൊടുത്ത്‌ വിമര്‍ശനങ്ങള്‍ എഴുതിക്കുന്ന ഈ കാലഘട്ടത്തില്‍ സൌജന്യമായി വിമര്‍ശനങ്ങള്‍ ധാരാളമായിക്കിട്ടിയിട്ടും കഥാനായകനു കഥാലോകം വിടേണ്ടിവന്നത്‌ തീര്‍ച്ചയായും സങ്കടകരം തന്നെ.
 
ഡ്രിസ്സിലേ..
എന്തായിരുന്നു ആ സൂചന :)
 
ഡ്രിസ്സില്‍ എന്തോ കൊടുത്തൂന്ന് കേട്ടിട്ട് വന്നതാ. ഒക്കെ തീര്‍ന്നോ?
 
:)
 
അത്യുഗ്രന്‍..
ആദ്യത്തെ പാരഗ്രാഫ് ഏറ്റവും കലക്കി...
അഭിനന്ദനങ്ങള്‍...
 
ഡ്രിസ്സിലേ നീ ആ സൂചനയെന്തേ പറയാതിരുന്നത്?
ബെന്നി,ഇവിടം സന്ദര്‍ശിച്ചതിന് നന്ദി.
ആദിത്യാ,നന്ദി.
അതുല്യ,സൂ, വിശാലാ, നന്ദി.
സാക്ഷീ, കഥാകൃത്ത് ജീവിച്ചിരുന്ന കാലഘട്ടം കുറച്ച് കൂടെ പുരോഗമിച്ചതായിരുന്നു. മാര്‍ക്കറ്റിംഗിന്റെ വലയില്‍ വീണു പോകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.
അരവിന്ദ്.. ഇവിടം വരെ വന്നതിന് നന്ദി.
 
ഇബ്രു,

കഥയെ കുറിച്ചുള്ള രമെശന്‍ മാഷിന്റെ വ്യഖ്യാനം കൊള്ളാം.
നുണയെ സത്യത്തിന്റെ മേലങ്കി അണിയിച്ച്‌ നഗ്നത
മറിക്കാന്‍ കഥാകൃത്ത്‌ പെടുന്ന പാട്‌.
മര്‍ത്ത്യന്‍
 
:):)
 
ഇബ്രു, ബിസി ആണോ? പുത്യേ പോസ്റ്റ് ഒന്നൂല്ലാലോ?
 
മര്‍ത്ത്യാ.
ഇവിടം സന്ദര്‍ശിച്ചതിന് നന്ദി.
വര്‍ണ്ണമേ. :);)
അരവിന്ദാ..
പോസ്റ്റിംഗ് കഠിനം.
കമന്റുകള്‍ സുഖപ്രദം..
 
ഹായ്! എനിക്കൊരു സഹ്രുദയനായ സുഹ്രുത്തിനെക്കൂടെക്കിട്ടി.:-)
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]