ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു.
വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി.

എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന്ന് ഉപ്പാന്റെ തോളിലേറി ഞാന്‍ ചക്കപ്പഴം പറിക്കുമായിരുന്നു.

ഒരവധിക്കാലം കഴിഞ്ഞയുടനെയാണ് സാബുവിന്റെ വല്യച്ഛന്‍ മരിച്ചത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ടീച്ചര്‍മാരുമൊത്ത് വല്യച്ഛന്റെ ശവമടക്കലിനും സാബുവിന്റെ കുതിരകളെയും കാണാന്‍ പോയി. സാബുവിന് പക്ഷേ കുതിരലായമോ കുതിരകളെ വാങ്ങാന്‍ വേണ്ടി ഖരഗ്‌പൂരിലേക്ക് പോകാന്‍ മാത്രം കരുത്തുള്ള വല്യച്ഛനോ ഉണ്ടായിരുന്നില്ല. മടക്കയാത്രയില്‍ കുതിര കഥകളെ അത്യധികം ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വളരെ വ്യസനം തോന്നി. ഖരഗ്‌പൂരില്‍ കുതിരചന്തകളുമില്ലായിരുന്നു.
ആ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് ഇംഗ്ലീഷിലും കണക്കിലും ഞാന്‍ പതിവില്ലാതെ തോറ്റു. പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടുവാന്‍ വാപ്പ തന്നെ വരണമെന്ന് ക്ലാസ് ടീച്ചര്‍ നിര്‍ബന്ധം പിടിച്ചില്ലായിരുന്നുവെങ്കില്‍ മനോഹരമായ എന്റെ ഉദ്യാനവും സ്നേഹ സമ്പന്നനായ പിതാവും സുഹൃത്തുക്കളില്‍ കുറേ കാലം കൂടെ മനസ്സില്‍ തങ്ങി നില്‍ക്കുമായിരുന്നു. കാരണം എന്നെ പരസ്യമായി ശകാരിക്കുമ്പോള്‍ സ്നേഹ നിധിയായ പിതാവിന്റെ രൂപം അവര്‍ക്കിടയില്‍ നിന്ന് പൊഴിഞ്ഞ് വീഴുകയായിരുന്നല്ലോ.

പിന്നെയാണ് അറിഞ്ഞത് ഞങ്ങള്‍ക്കാര്‍ക്കും സ്നേഹം നല്‍കുന്ന പിതാക്കന്മാരുണ്ടായിരുന്നില്ലെന്ന്..

കലാലയ ജീ‍വിതത്തിലെ സൌഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ ജയശ്രീയെന്ന സുഹൃത്ത് ബാല്യകാല സഖിയുണ്ടായിരുന്നോയെന്ന് ചോദിച്ചു. ഇടതുകാലിന്ന് ചെറിയ വൈകല്യമുള്ള റീനയെന്ന സുഹൃത്തിന്റെ കഥ പറഞ്ഞവസാനിപ്പിച്ചപ്പോളവള്‍ വീണ്ടും ചോദിച്ചു..
‘റീനയെ ചുംബിച്ചിട്ടുണ്ടോ?’
ചുംബനങ്ങള്‍ കൊണ്ട് പങ്കുവെക്കാന്‍ മാത്രം പരിചിതമായ സ്നേഹപ്രകടനങ്ങള്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ഞാന്‍ വീണ്ടും നുണ പറഞ്ഞു.

എന്റെ ഇല്ലായ്മകളെ വിശ്വസനീയമായ നുണകളെ കൊണ്ട് ഞാന്‍ പ്രതിരോധിച്ചു.സാബുവും അതുപോലെയായിരുന്നു. കുതിരകളോട് തോന്നിയ അതിരറ്റ സ്നേഹം നുണകളില്‍ കുതിരാലയം പണിയിച്ചു. ശയ്യാവലംബിയായ വല്യച്ഛനെ വിട്ട് ഖരഗ്‌പൂരില്‍ നിന്നും കുതിരകളെ വാങ്ങിപ്പിച്ചു.

ഞാന്‍ , സ്നേഹത്തിന്‍ കരവലയം പ്രതീക്ഷിച്ച് കൂട്ടുകുടുംബത്തിലെങ്കിലും ഏകാന്തമായി അലഞ്ഞു. അന്ന് ബാല്യത്തില്‍ വില കൂടിയ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. പെന്‍സിലും ബാഗുകളുമുണ്ടായിരുന്നു. സ്നേഹം മാത്രം ഉണ്ടായിരുന്നില്ല. പക്ഷേ അതിന്റെ ദാരിദ്ര്യം കൊണ്ടല്ല, അതിന്റെ വിതരണത്തിലെ തെറ്റിദ്ധാരണകള്‍ കൊണ്ടാണ് ഞങ്ങള്‍ അവയ്ക്ക് ദാഹിക്കേണ്ടി വന്നത്. എന്റെ ചുണ്ടിലോ കവിളിലോ പിന്നീട് ജയശ്രീ ചുംബിക്കുമെന്ന് കരുതി. അങ്ങിനെയുണ്ടാകാത്തതിലെ സങ്കടം, രാത്രികള്‍ പങ്കിട്ടതിന്റെ മനോഹര കഥകളായി മാറി. അതെനിക്കാശ്വാസം നല്‍കിയതിനെ പറ്റി താത്വികമായി ചിന്തിച്ചപ്പോഴാണ് നുണകള്‍ ഇല്ലായ്മകള്‍ മറക്കുന്ന ഉടുപ്പാണെന്ന് തോന്നിയത്.

എന്റെ സഹപ്രവര്‍ത്തകന്‍ ഫലസ്ത്വീനി പൌരന്‍ കരീമിനോട് സ്വാതന്ത്ര്യത്തിന്‍ ചോരയൊഴുക്കുന്നതിന്‍ പകരം നുണകളില്‍ ആശ്വസിക്കാനപേക്ഷിച്ചു. ഒരു സ്വപ്നം തകര്‍ത്തവനെ പോലെ എന്നെ ക്രുദ്ധനായയാള്‍ നോക്കി. എനിക്ക് പറയാന്‍ ആകെയുണ്ടായിരുന്നതതാണ്. മസ്ജിദുല്‍ അഖ്‌സയുടെ തെക്ക് ഭാഗത്ത് ഖബറടക്കപ്പെടണമെന്ന് അയാള്‍ക്ക് നുണ പറയാനല്ലേ പറ്റൂ. അതസാദ്ധ്യമാണെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അറിയുകയും ചെയ്യും.

ഇറാഖികള്‍ക്കും നുണകളില്‍ അഭിരമിച്ച് മനസ്സമാധാനത്തോടെ കഴിയാം. സ്വാതന്ത്ര്യത്തിന്റെ ആഘോഷപ്രകടമാണ് ഫല്ലൂജയിലും ബാഗ്ദാദിലും നടക്കുന്നതെന്ന് ആശ്വസിച്ചാല്‍ പോരെ? ഭര്‍ത്താവിനെയും ആണ്‍കുഞ്ഞുങ്ങളെയും കാത്തിരിക്കുന്ന അനേകം ബോസ്നിയന്‍ വിധവകള്‍ക്കും, തിരിച്ച് വരവിന്റെ നുണകളില്‍ ആശ്വസിച്ച് മധുവിധു ആഘോഷിക്കാം..അങ്ങിനെ ദു:ഖം പേറുന്നവര്‍ക്ക് മറുമരുന്നാണ് നുണകള്‍ കൊണ്ട് ആശ്വസിക്കാമെന്ന് കരുതിയതിലൂടെ ബാല്യകാലത്ത് ഞാനും സാബുവും കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍

Achinthya പറഞ്ഞു…
ഇബ്രുട്ടാ
നന്ന്നായിണ്ട്.
സന്തോഷിന്‍റെ അച്ഛന്‍റെ കത്ത് കളഞ്ഞ ഉറക്കം ബാക്കി വെച്ചിട്ട് പോയത്? ഇങ്ങനെ കൊതിച്ചു കിട്ടാത്ത , അല്ലെങ്കില്‍ തിരിച്ചറിപ്പെടാണ്ടേം തിരിച്ചു നല്‍കപ്പ്പെടാണ്ടേം പോണ ആശകളും,, മോഹങ്ങളും സ്സ്നേഹങ്ങളും യാഥാര്‍ത്ഥ്യാണ് ന്ന് വിശ്വ്വസിക്കാനും വിശ്വസിപ്പിക്കാനും ഒരു സ്രഷ്ടാവിന്‍റെ കരവിരുതും ദര്‍ശനവും വേണം.തന്റ്റെ കഥ ശരിയാണ് ന്ന് മറ്റുള്ളോരെ വിശ്വസിപ്പിക്കണോടത്ത്‌ ന്ന് , അത് സ്വയം വിശ്വസിക്കണ നിലേല്‍ക്ക് എത്തണ അവസ്ഥ്യാണോ ഈ ഭ്രമം, വിഭ്രമം, മതിഭ്രമം ? ആഅണെങ്കിത്തന്നെ ആര്‍ക്കെന്തു ചേതം ,ല്ലേ! സാബു കുതിരപ്പുറമേറട്ടേ, ഇബ്രൂം വാപ്പേം സ്വര്‍ണ്ണവര്‍ണ്ണപ്പൂക്കള്‍ക്ക് വെള്ളമൊഴിക്കട്ടേ, ഞാനെന്‍റെ പ്രിയപ്പെട്ടവന്‍റെ ക്കൂടെ ഹിമാലയസാനുക്കളില്‍ യതിയെത്തിരയട്ടെ...

സ്നേഹം
അജ്ഞാതന്‍ പറഞ്ഞു…
അന്നങ്ങനെ തന്നെയായിരുന്നു...
പക്ഷെ ഇല്ലായ്മകള്‍ മറച്ചുവെയ്ക്കാന്‍ പറഞ്ഞ നുണകല്‍ നിഷ്കളങ്കമായ പ്രതിരോധമായിരുന്നു. ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീഴുമ്പോള്‍ ആശ്വാസത്തോടെ മറ നീക്കി പുറത്ത്‌ വരാന്‍ കഴിയുന്നവ.

മസ്ജിദുല്‍ അഖ്‌സയുടെ തെക്ക് ഭാഗത്ത് ഖബറടക്കപ്പെടണമെന്ന് സ്വപ്നം കാണുന്നവനോടും,ബോസ്നിയയിലെ ഭര്‍ത്താവ്‌ നഷ്ടപെട്ട സ്ത്രീകളോടും നുണയുകള്‍ കൊണ്ട്‌ പ്രതിരോധം തീര്‍ക്കാന്‍ പറയുവന്നെങ്ങനെ സാബു ഇബ്രൂ?
Kalesh Kumar പറഞ്ഞു…
ഇബ്രാന്‍, സുഖമുള്ള ചെറുതായി നൊമ്പരപ്പെടുത്തുന്ന വായന....
നന്നായിരിക്കുന്നു!
aneel kumar പറഞ്ഞു…
മനോഹരം ഇബ്രൂ!
Kumar Neelakandan © (Kumar NM) പറഞ്ഞു…
നന്നായിരിക്കുന്നു ഇബ്രു, വേറിട്ട ഏഴുത്തിലൂടെ ഇനിയും പോണം ഏറെ ദൂരം.
Visala Manaskan പറഞ്ഞു…
'ഒരു സ്വപ്നം തകര്‍ത്തവനെ പോലെ എന്നെ ക്രുദ്ധനായയാള്‍ നോക്കി'

അറിയാതെ ഞാനും ചുറ്റിനും നോക്കി. ഞാന്‍ ആരുടെയെങ്കിലും സ്വപനങ്ങള്‍ അറിയാതെയെങ്കിലും തകര്‍ക്കുന്നുണ്ടോ??

ഇബ്രാനേ, നല്ല എഴുത്ത്.
ചില നേരത്ത്.. പറഞ്ഞു…
ഉമേച്ചീ
ശേഷം ചിന്ത്യം എന്നാണല്ലോ സന്തോഷിന്റെ ബ്ലോഗ് നാമം.അതെന്നെ വേദനിപ്പിച്ചിരുന്നു.വേണ്ട സമയത്ത് കിട്ടാതെ പോയ സ്നേഹം യാത്രാമൊഴികളില്‍(ബ്ലോഗല്ല)കണ്ണീരായും പ്രവാസത്തില്‍ ആശങ്കയായും കിട്ടിയിരുന്നു.അവയെല്ലാം പാറപ്പുറത്ത് വിതച്ച വിത്തുകള്‍!!. നുണകളില്‍ ആശ്വാസം കണ്ടെത്തുന്നത് ഒരു ജാള്യതയല്ലെന്ന് എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നു എനിക്കീ കഥ.
തുളസീ
അധിനിവേശമെന്നത് ആവേശമാണ് അതിന്റെ ഇരകള്‍ക്ക് എന്ന് എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു. എരിഞ്ഞൊടുങ്ങുന്ന ജീവനില്‍ നിന്നാരെങ്കിലും ഊര്‍ജ്ജമുള്‍കൊള്ളുന്നില്ല തന്നെ. ഇറാഖിലെ കാര്യമെടുക്കാം, മുഖ്തദ സദര്‍ ശിയാക്കളുടെ നേതാവാണ്, അവരുടെ മാത്രം. സുന്നികള്‍ക്ക് വേറെ നേതാവും അനുയായികളും കുര്‍ദുകള്‍ തികച്ചും വേറിട്ട് തന്നെ.പിന്നെയെന്ത് കൊണ്ട് അനുഭവിക്കുന്ന പാരതന്ത്ര്യം തന്നെ സ്വാതന്ത്ര്യം എന്ന് കരുതി, നാള്‍ക്ക് നാള്‍ കൊഴിയുന്ന ജീവിതം ആസ്വദിച്ച് കൂടാ? ഇരകള്‍ക്ക് പലതും നഷ്ടമായി..ജീവിതമെങ്കിലും തിരിച്ച് കിട്ടിയവര്‍ നാളെയെ ശുഭപ്രതീക്ഷയോടെ കാണട്ടെ.ശുഭാപ്തിവിശ്വാസം ആത്മവിശ്വാസം തന്നെയല്ലെ.നുണകള്‍ എക്കാലത്തും ഇല്ലായ്മ മറയ്ക്കുന്ന മേലങ്കി തന്നെ.
കലേഷ്
നന്ദി :)
അനില്‍
വളരെ നന്ദി.കൈവിട്ട് പോയി, തെറ്റുകള്‍ തീര്‍ച്ചയായും തിരുത്തുന്നതാണ്.
കുമാര്‍
അതെ വളരെ ദൂരം പോകുവാനുണ്ട്.നിനക്കിപ്പോഴും ബാഗ്ദാദ് വിടാനായില്ലേ എന്ന് ഈ കഥ വായിച്ചെന്റെ ബ്ലോഗറ് അല്ലാത്ത സുഹൃത്ത് പറഞ്ഞു. എനിക്കെന്തോ ബാധയുടെ ശല്യമുണ്ട്. ഒരു ഉഴിഞ്ഞ്യാങ്ങല്‍ വേണം. നന്ദി.
വിശാലാ
ആരുടെയും സ്വപ്നങ്ങള്‍ താങ്കള്‍ തകര്‍ക്കുന്നില്ല..എല്ലാവര്‍ക്കും ആശ്വാസം നല്‍കുകയാണ്. സന്തോഷം
ബിന്ദു പറഞ്ഞു…
ഇബ്രൂ..മനസ്സിലൊരു നൊമ്പരം ഉണ്ടാക്കിയെങ്കിലും പറയാതിരിക്കാനാവില്ല, നല്ല എഴുത്ത്‌. ഇതും ഒരു കഥയെന്നു വിശ്വസിക്കുന്നു.
തണുപ്പന്‍ പറഞ്ഞു…
“അറിയാക്കഥകള്‍ തേടിയലഞ്ഞും അര്‍ദ്ധസത്യങ്ങളിലന്തിയുറങ്ങിയും”

നുണകളുടെ പുറ്റുകള്‍ തകര്‍ത്ത് ഇല്ലായമകള്‍ പുറത്തേക്ക് വരട്ടെ, ബന്ദ്ധനങ്ങളെല്ലാം തകര്‍ത്തെറിഞ്ഞ് സ്വര്‍ണവര്‍ണപ്പൂക്കളായി അത് ലോകം മുഴുവന്‍ വിരിയട്ടെ.
ആ ദര്‍ശനത്തിന്‍റെ നിര്‍വൃതിയില്‍ ഖോരഖ്പൂരില്‍ നിന്ന് വല്യച്ചന്‍ കൊണ്ട് വന്ന പറക്കും കുതിരയേറി, കരീം, മജിദുല്‍ അഖ്സയുടെ തെക്ക് ഭാഗത്തെ വരുംകാല കുഴിമാടത്ത് കണ്‍പാര്‍ക്കുക.
ബോസ്നിയയുടെ പ്രിയന്മാര്‍ മധുവിധു ആഘോഷിക്കാന്‍ അവിടെയെത്തും.
myexperimentsandme പറഞ്ഞു…
ഇബ്രൂ...എന്തോ ഒരു വേദന, വായിച്ചു കഴിഞ്ഞപ്പോള്‍.... വളരെ നന്നായി എഴുതിയിരിക്കുന്നു...
Adithyan പറഞ്ഞു…
ഇബ്രൂ,
ഇതേ പോലെ ഒരു സുഹ്രുത്തെനിക്കുമുണ്ടായിരുന്നു. മാഹിയില്‍ സ്വന്തമായി ഒരു സ്റ്റാര്‍ ഹോട്ടല്‍ ഉണ്ടെന്ന്‌ അവകാശപ്പെട്ടിരുന്നവന്‍... എല്ലാത്തവണയും വീട്ടില്‍ പോയി വരുമ്പോള്‍ അവന്‍ ഹോട്ടല്‍ നടത്തിപ്പിന്റെ നിറം പിടിപ്പിച്ച കഥകളുമായി എത്തിയിരുന്നു. ഒടുക്കം ഞങ്ങള്‍ ആദ്യമായി അവന്റെ വീട്ടില്‍ പോകാനിരുന്നതിന്റെ തലേദിവസം ഒരു കുപ്പിയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന്‌ വളരെ ചമ്മലോടെ ഒരു പാട്‌ ആമുഖങ്ങളോടെ അവനെന്നോടു പറഞ്ഞു “ഡാ ആ ഹോട്ടല്‍ എന്റെയല്ല... ഒരു കസിന്റെയാണ്”...

ഇതു വയിച്ചപ്പോള്‍ അവനും പിന്നെ ആ കാലത്തെ ചില നല്ല ഓര്‍മ്മകളുമാണ് മനസിലേക്കോടി വന്നത്‌... മനോഹരം എന്നോ നന്ദി എന്നോ പറയുന്നില്ല...
ഒരു കാര്യം ഞാന്‍ പഠിച്ചു. കഥകളൊന്നും കമ്പ്യൂട്ടന്റെ സ്ക്രീനില്‍ നോക്കി വായിച്ചിട്ടു കാര്യമില്ലെന്നു്‌.
ഇബ്രുവിന്റെ കഥ അങ്ങനെ വായിച്ചു്‌ കുറച്ചു നേരമിരുന്നു. എന്തായിവന്‍ പറഞ്ഞതെന്നു്‌ അന്തിച്ചു. ഖോരഗ്പൂര്‍ സാബു കുതിര ഫലസ്തീന്‍....

ഒരു പ്രിന്റെടുത്തിട്ടു്‌ ഒഴിവായപ്പോള്‍ ഒന്നു കൂടെ വായിച്ചു. ഇതായിരുന്നല്ലേ കാര്യം. നന്നായി ഇബ്രാന്‍. വിഷയം വന്നതു്‌ സമീഹയുടെ ബ്ലോഗില്‍ നിന്നായിരുന്നോ, എന്നു സംശയമുണ്ടായി.

എനിക്കുമാത്രമേയുള്ളോ ഈ കടലാസോമാനിയ?
reshma പറഞ്ഞു…
സത്യവും അസത്യവും ഒരിക്കലും തുല്യമല്ല എന്നത് കുട്ടിക്കാലം തൊട്ട് എളുപ്പം മനസ്സില്‍ കേറിവന്ന അറിവ്. എന്റെ സത്യം മറ്റൊരാളുടെ അസത്യമാകാമെന്നത് മുഴുവനായും മനസ്സിലാകാതെ കിടക്കുന്ന അനുഭവങ്ങള്‍ തന്ന അറിവ്.പരിമിതികള്‍ ഉള്ള കാഴ്ചയും കേള്‍വിയും കൊണ്ടായിരിക്കാം പ്രായസങ്ങള്‍ വരുമ്പോള്‍ നമ്മള്‍ നുണകളെ കുട്ടുപിടിക്കുന്നത്.
ശനിയന്‍ \OvO/ Shaniyan പറഞ്ഞു…
ഇബ്രു,
ഒരു നല്ല വിഷയം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നൂ..

"യെ കിസ്സെ സഭീ കോ സുനാത്തേ നഹീം ഹേ,
മഗര്‍ ദോസ്തോ സേ, ഛുപാത്തേ നഹീ ഹേ...”

നേരത്തെ വായിച്ചെങ്കിലും സൂ വാര്‍ത്ത വായിച്ച പോലെ ഓരോ കുരിശെടുത്തു തോളത്തിട്ട് നടക്കുന്നതു കൊണ്ട് കമന്റാന്‍ പറ്റിയില്ല..
അല്ല ഇബ്രുവേ, ഈ അനോനി കമന്റ് ഇല്ലാണ്ടാക്കിയാല്‍ അക്കൌണ്ടില്ലാ‍ത്തോരെന്തു ചെയ്യും?
sami പറഞ്ഞു…
ചെറുപ്പം മുതലിങ്ങോട്ട്...ഓരോ ഘട്ടങ്ങളിലും...അസത്യത്തിന്‍റെ അംശം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ...അവയുടെ കാരണങ്ങള്‍....ആനുകാലികമായ ചില കോറിയിടലുകള്‍....ഒഴുക്കുള്ള വിവരണം..ഇബ്രു,കഥകളിലെ വ്യത്യസ്ഥമായ ശൈലിയാണ് താങ്കളെ എന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്
കുറുമാന്‍ പറഞ്ഞു…
ദാ ഞാന്‍ പിന്നേം വൈകി......ഇബ്രുവേ....മനോഹരമായി എഴുതിയിരിക്കുന്നു. എനിക്കിഷ്ടായി.

ബ്ലോഗറ് അല്ലാത്ത സുഹൃത്ത് പറഞ്ഞു. എനിക്കെന്തോ ബാധയുടെ ശല്യമുണ്ട്. ഒരു ഉഴിഞ്ഞ്യാങ്ങല്‍ വേണം. അതെന്താപ്പോ അങ്ങനെ? ഉഴിയലൊന്നും ബേണ്ട ഭായ്......ഇബിടുത്തെ ഉഴിയലും, ഉഴിഞ്ഞ്യാങ്ങലെല്ലാം ബെടക്കാ.....എടങ്ങേറാക്കും......
അജ്ഞാതന്‍ പറഞ്ഞു…
നന്നായിട്ടുണ്ടു....
ആദ്യം അരിഗോണികള്‍ പിന്നെ ദാ ഇപ്പോള്‍ "അങ്ങനെയായിരുന്നു അന്ന്".
ഇബ്രു വളരുകയാണ്.

പെരിങ്ങോടന്‍റെ 'സ്പര്‍ശവും അനുബന്ധവും' വായിച്ചു കഴിഞ്ഞപ്പോള്‍ ബൂലോകത്തെ കുറിച്ച് ശരിക്കും അഭിമാനം തോന്നി. ഇപ്പോള്‍ പെരിങ്ങോടന്‍ ബൂലോകത്തിന്‍റെ മാത്രം സ്വന്തമാണല്ലോ. അല്പം അഹങ്കാരവും, ഇതില്‍ ഞാനും ഒരു ചെറിയ കണ്ണിയാണല്ലോ.

പെരിങ്ങോടന്‍, ഏവൂരാന്‍, ഇബ്രു.
നമ്മുടെ കഥാലോകം സമ്പന്നമാണ്.
അതെ ബൂലോകവും വളരുകയാണ്,
സ്വന്തം നിലയില്‍ തന്നെ.
കണ്ണൂസ്‌ പറഞ്ഞു…
ഇബ്രൂ, മനോഹരമായിരിക്കുന്നു. ഈ ലോകത്ത്‌, ഓരോ മനുഷ്യനും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കടന്നു പോവുന്ന ഒരു ഘട്ടം സുന്ദരമായി കോറിയിട്ടിരിക്കുന്നു.

ഒരു സംശയം മാത്രം. ഇതൊക്കെ നുണകളാണോ? സ്വപ്നങ്ങള്‍ എന്ന് വിളിക്കുന്നതല്ലേ ഉചിതം? ഇത്തരം സ്വപ്നങ്ങളില്‍ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യാനുള്ള ത്വര ഓരോരുത്തരിലും ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. ഇറാഖിലേയും ബോസ്നിയയിലേയും ഫലസ്തീനിലേയും യൌവനത്തിന്‌ ഈ സ്വപ്നങ്ങള്‍ തീവ്രമാകുന്നത്‌ അവ വിദൂരമായതുകൊണ്ട്‌ കൂടിയല്ലേ?
myexperimentsandme പറഞ്ഞു…
അതുപോലെതന്നെ സ്വന്തം നാട്ടില്‍ത്തന്നെ പ്രവാസികളാവാന്‍ വിധിക്കപ്പെട്ട കാഷ്മീരി പണ്ഡിറ്റുകളും... എന്തോ അവര്‍ക്ക് വേണ്ട പ്രാധാന്യം ഇന്ത്യക്കാര്‍ കൊടുക്കുന്നുണ്ടോ എന്നൊരു സംശയം. അവരുടെ സംഖ്യ പോലും അപകടരമാം വണ്ണം കുറഞ്ഞുവരുന്നു എന്ന് ഈയിടെ എവിടെയോ വായിച്ചിരുന്നു.
രാജ് പറഞ്ഞു…
“അന്ന് ബാല്യത്തില്‍ വില കൂടിയ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. പെന്‍സിലും ബാഗുകളുമുണ്ടായിരുന്നു. സ്നേഹം മാത്രം ഉണ്ടായിരുന്നില്ല. പക്ഷേ അതിന്റെ ദാരിദ്ര്യം കൊണ്ടല്ല, അതിന്റെ വിതരണത്തിലെ തെറ്റിദ്ധാരണകള്‍ കൊണ്ടാണ് ഞങ്ങള്‍ അവയ്ക്ക് ദാഹിക്കേണ്ടി വന്നത്. എന്റെ ചുണ്ടിലോ കവിളിലോ പിന്നീട് ജയശ്രീ ചുംബിക്കുമെന്ന് കരുതി. അങ്ങിനെയുണ്ടാകാത്തതിലെ സങ്കടം, രാത്രികള്‍ പങ്കിട്ടതിന്റെ മനോഹര കഥകളായി മാറി. അതെനിക്കാശ്വാസം നല്‍കിയതിനെ പറ്റി താത്വികമായി ചിന്തിച്ചപ്പോഴാണ് നുണകള്‍ ഇല്ലായ്മകള്‍ മറക്കുന്ന ഉടുപ്പാണെന്ന് തോന്നിയത്.”

ഇബ്രുവേ മേല്പറഞ്ഞ വരികള്‍ സുന്ദരവും ലളിതവുമാണു്, അതേ സമയം ഈ ഒരു tone കഥയിലുടനീളം പ്രയോഗിക്കുവാന്‍ ശ്രമിച്ചതു ഭാഗികമായെങ്കിലും പരാജയപ്പെട്ടതുപോലെ തോന്നുന്നു. ആ ഒരു മുഴച്ചുനില്പു ആസ്വാദനത്തില്‍ വിടവുകള്‍ വരുത്തുന്നുമുണ്ടു്.

വക്കാരിയേ, ദുര്‍ബലരില്‍ (minority) ദുര്‍ബലരെ കുറിച്ചാരും ഓര്‍ക്കാറില്ല.
Santhosh പറഞ്ഞു…
രണ്ടാവര്‍ത്തി വായിച്ചിട്ടും കമന്‍റിടാഞ്ഞത് എന്തെഴുതണമെന്ന് തിട്ടമില്ലാത്തതിനാലാണ്. ചെറിയ നുണകള്‍-സ്വപ്നങ്ങളല്ല-അല്ലേ എല്ലാര്‍ക്കും അവസാനത്തതിന്‍റെ തൊട്ടുമുമ്പുള്ള രക്ഷാമാര്‍ഗം?

ഒന്നുകൂടി മനസ്സിരുത്തി ഖണ്ഡിക തിരിക്കാമായിരുന്നു എന്നു തോന്നി; ഒരു ഒഴുക്കുണ്ടാവാന്‍.
ദേവന്‍ പറഞ്ഞു…
നല്ല ടോപ്പിക്ക്‌ ആണല്ലോ ഇബ്രൂ ഇത്തവണത്തേത്‌. ആഗ്രഹങ്ങളെ കുതിരകളാക്കി സവാരി നടത്തുന്ന ബോസ്നിയക്കാരികളും ഫലൂജക്കാരന്മാരും.
മനൂ‍ .:|:. Manoo പറഞ്ഞു…
ഇബ്രൂ,

അതെ. പലപ്പോഴും നുണകള്‍, ഇല്ലായ്മകളെ മറയ്ക്കുന്ന ഉത്തരീയങ്ങളാവാറുണ്ട്‌... കൂടുതലും ബാല്യത്തില്‍.

ചെറുപ്പത്തില്‍, ദു:ഖിതരെ ആശ്വസിപ്പിയ്ക്കാന്‍, അവരുടെ ദുരിതങ്ങളകറ്റാന്‍ രാജ്യങ്ങള്‍തോറും സഞ്ചരിച്ചിരുന്ന വീരയോദ്ധാവായാണ്‌ ഒരിയ്ക്കലും ഓര്‍മ്മകളില്‍ പതിഞ്ഞിട്ടില്ലാത്ത അച്ഛനെ സങ്കല്‍പ്പിച്ചിരുന്നത്‌... ആരോടും ഒരിയ്ക്കലും പറഞ്ഞിരുന്നില്ലെങ്കിലും അതിലൊരാശ്വാസം ഞാന്‍ കണ്ടിരുന്നിരിയ്ക്കാം... പിന്നെ എന്നെങ്കിലും ഏറെ സങ്കടപ്പെട്ടിരിയ്ക്കുന്ന ഏതെങ്കിലും രാത്രികളില്‍ എന്നെതേടി വരുമെന്നും ആശിച്ചിരിയ്ക്കാം...

ഇന്നു നുണകള്‍ കൊണ്ട്‌ സ്വയമാശ്വസിയ്ക്കാനാത്തവിധം വളര്‍ന്നപ്പോള്‍ അറിയുന്നു, ഞാന്‍ നഷ്ടപ്പെടുത്തിയ സ്വപ്നക്കൊട്ടാരങ്ങളെക്കുറിച്ച്‌... എനിയ്ക്കു നഷ്ടമായ പ്രതീക്ഷകളുടെ കോളാമ്പിപൂക്കളെക്കുറിച്ച്‌...

നുണകളും നല്ലതാവാം, ചിലനേരങ്ങളിലെങ്കിലും എന്നും ഞാന്‍ അറിയുന്നു...
ചില നേരത്ത്.. പറഞ്ഞു…
ബിന്ദു.
നന്ദി, ഇതൊരു കഥ മാത്രം..സാബു പക്ഷേ എന്റെ സുഹൃത്ത് തന്നെ. ഈയിടെ നാട്ടില്‍ പോയപ്പോളീ കാര്യം പറഞ്ഞ് ഒരു പാട് ചിരിക്കുകയുണ്ടായി.
തണുപ്പാ.
എല്ലായിടത്തും സ്നേഹങ്ങള്‍ പരക്കട്ടെ..അതിന്റെ സുഗന്ധത്തില്‍ നമുക്ക് ആശ്വസിക്കാം
വക്കാരീ.
കാശ്മീരിലെ പണ്ഡിറ്റുകളുടെ ജീവിതവും പാലസ്തീന്‍ ജനതയുടെ ദു:ഖവും ഒരു പോലെയാണ്. കാരണം അവരെ പീഡിപ്പിക്കുന്നവര്‍ കാശ്മീരിലെ മുസ്ലിം തീവ്രവാദികളും പാലസ്തീനില്‍ ഇസ്രയേല്‍ ജൂതന്മാരും ആണ്. രണ്ട് കൂട്ടരും ഒരുപാട് പീഡനങ്ങള്‍ക്കിരയായവരും പീഡനകാലം മറന്ന് ആശ്വസിക്കാന്‍ അവസരം കിട്ടുമ്പോഴൊക്കെ പീഡിപ്പിച്ച് ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. പക്ഷം പിടിക്കാന്‍ വയ്യാത്തത്ര തീവ്രമായാണ് കുരുതികള്‍ അരങ്ങേറുന്നത്.
ആദീ.
നന്ദി, ഓര്‍മ്മകള്‍ ഓരോന്നായി പകര്‍ത്തിയെഴുതാതെ ഉപകഥകള്‍ കമന്റുകളാക്കി രക്ഷപ്പെടാതിരിക്കൂ.
സിദ്ദാര്‍ത്ഥാ.
തിരക്കിട്ട എഴുത്താണിതിന് കാരണം. എല്ലായ്പ്പോഴും എല്ലാവരും രണ്ടാമത് വായിക്കണമെന്നില്ല. രണ്ടാമത് വായിക്കാന്‍ താല്പര്യം കാണിച്ചതിന് നന്ദി. അവസാനം ഇങ്ങിനെയായിരുന്നില്ല ;)
രേഷ്മ.
സത്യാസത്യങ്ങളുടെ ആപേക്ഷികതയുടെ ആധികാരികത പൊള്ളയാണ്. ബുദ്ധിപരമായ ദുര്‍വ്യയമാണ് അതില്‍ കാണാന്‍ സാധിക്കുക.
ശനിയാ.
നന്ദി, അനോണിയ്ക്ക് കമന്റ് കാര്യം നോക്കട്ടെ..ആ ഹിന്ദി വരികള്‍ എനിക്കിഷ്ടപ്പെട്ടു.
സമീ.
നന്ദി, ബാല്യകാലം നഷ്ടമായ സ്നേഹങ്ങളുടെ ശവപ്പറമ്പാണ്.അവയുടെ അസ്ഥികളാണീ വരികളും വാക്കുകളും.പറയാന്‍ ശേഷിയില്ലാതെ പോകുന്നവ ഏകാന്തതയിലെ നിരാശയും രോഷങ്ങളുമാണ്.
കുറുമാനെ.
ലേറ്റായിട്ടില്ല. പിന്നെ ഉഴിഞ്ഞ്യാങ്ങല്‍..അതതല്ല ;)
rsbank.
നന്ദി. ചുംബനമറിയാത്ത ചുണ്ടുകള്‍ എന്നൊരു പ്രയോഗമുണ്ടല്ലെ? എല്ലാ പ്രതീക്ഷകള്‍ക്കും നുണ കൊണ്ട് പ്രതിരോധം തീര്‍ത്ത് ജീവിതം ആസ്വദിച്ചിരുന്നതിനാല്‍ എന്തെങ്കിലും നേടുമ്പോഴായിരുന്നു നിരാശ.ജയശ്രീ ചുംബനം നിഷേധിച്ചതിനെയാണ് ഞാനിഷ്ടപ്പെടുന്നത്.
L G.
നന്ദി.കഥയാസ്വദിച്ചുവല്ലോ അല്ലേ?
സാക്ഷീ
നന്ദി.എന്താണീയിടെയായി കഥകള്‍ ഇല്ലാത്തത്? എല്ലായ്പ്പോഴും കുട്ടിക്കാലത്തേക്ക് സ്നെഹമായി കൂട്ടികൊണ്ട് പോകുന്ന സാക്ഷിയുടെ വാക്കും വരയും വല്ലാതെ മിസ്സ് ചെയ്യുന്നു. തിരക്കുകള്‍ തീര്‍ത്ത് തിരിച്ചെത്തൂ.
കണ്ണൂസ്.
ഉല്‍ക്കടമായൊരു അഭിലാഷത്തിന് വേണ്ടി എത്രകാലം പൊരുതാനാകും? ജീവിതം ജീവിച്ച് തീര്‍ക്കാതെ വിദൂരമായ സ്വപ്നത്തിനെ കല്ലെറിഞ്ഞ് വീഴ്ത്തുന്നതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ഇരകളുടെ സ്വപ്നങ്ങള്‍ അപഹരിക്കപ്പെടുന്നു. സ്വപ്നങ്ങള്‍ നുണകള്‍ കോണ്ട് തിരസ്കരിച്ച് ജീവിതം പുല്‍കട്ടെ. എനിക്ക് പറയാനുള്ളതിതാണ്.
പെരിങ്ങോടരെ.
എല്ലായ്പ്പോഴും ധൃതിയിലല്ലാതെ എഴുതാന്‍ സാധിക്കുന്നില്ല. ബ്ലോഗെഴുത്ത് ചിലനേരത്ത് ഒരു ഒളിച്ചോട്ടം പോലെ അനുഭവപ്പെടുന്നു.സാവകാശത്തില്‍ എഴുതുവാന്‍ കഴിയുമ്പോള്‍ നന്നാക്കുവാനേയേക്കും എന്നയൊരു പ്രതീക്ഷ്യുണ്ട്.വാചകങ്ങളോട് നീതി പുലര്‍ത്താനാകാത്തതില്‍ ദു:ഖവുമുണ്ട്. നിരീക്ഷണങ്ങള്‍ കിറുകൃത്യമായിരിക്കുന്നു. അത് ഞാന്‍ പ്രതീക്ഷിക്കുന്നു തുടര്‍ന്നും..
സന്തോഷ്ജീ.
ധൃതി നശിപ്പിച്ച് കളഞ്ഞൊരു കഥാബീജമിത്. അവസാനിപ്പിക്കാനുള്ള ധൃതിയിലെപ്പോഴും കഥാവസാനം കൈവിട്ട് പോകുന്നു. നിരീക്ഷണങ്ങള്‍ പ്രചോദനങ്ങളാണ്. നന്ദി.
ദേവേട്ടാ.
നന്ദി. പരിഹാരം നിര്‍ദ്ദേശിച്ചിട്ടും നടപ്പിലാകാതെ നീണ്ട്പോകുന്നു പോരാട്ടങ്ങള്‍. സാധാരണക്കാര്‍, അതിന്റെ ഇരകള്‍ എത്രകാലം പ്രതീക്ഷിക്കണം? ജീവിതം കാത്തിരിപ്പുകളും ശത്രുക്കളോടുള്ള നിരന്തരമായ പോരാട്ടവും മാത്രമല്ലല്ലോ..സ്വപ്നങ്ങള്‍ നീണ്ട് പോകുമ്പോള്‍ നുണകള്‍ ആശ്വാസമാണെന്ന ഒരു തോന്നല്‍. അത്രമാത്രം.
അരവിന്ദ് :: aravind പറഞ്ഞു…
ഒരു പോസ്റ്റ് വായിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാസം കാത്തിരിക്കണമെങ്കിലെന്ത്!!
മനോഹരം ഇബ്രൂ....അതി മനോഹരമായി എഴുതിയിരിക്കുന്നു! താങ്കള്‍ കഥകളുടെ രാജകുമാരന്‍ തന്നെ!

“നുണകള്‍ ഇല്ലായ്മകള്‍ മറക്കുന്ന ഉടുപ്പാണെന്ന് “
എത്ര ശരി!
എന്റെ വീട്ടില്‍ ടി വിയും വി.സി.ആറും ഫ്രിഡ്ജും എല്ലാമുണ്ടായിരുന്നു, വളരെ പണ്ട് തൊട്ടേ!.
അതു കൊണ്ടെന്തായി, അവസാ‍നം എല്ലാം ശരിക്കും ഉണ്ടായപ്പോ ആ സന്തോഷം കൂട്ടുകാരോട് പങ്കു വയ്കാന്‍ പറ്റിയില്ലെന്നു മാത്രം!

അവസാനം നുണകളെ , രക്തം പൊടിയുന്ന ഇന്നുമായി യോജിപ്പിച്ചെഴുതിയതും മനോഹരം!
Sreejith K. പറഞ്ഞു…
ചെറുപ്പത്തില്‍ നീ ഒരു വലിയ നുണയനായിരുന്നെന്ന് എങ്ങിനെ ഇത്ര മനോഹരമായി നിനക്ക് പറയാന്‍ സാധിക്കുന്നു? എഴുത്ത് അസ്സലായിരിക്കുന്നു ഇബ്രു. നുണപറയുന്നത് വെറുക്കുന്നവരെപ്പോലും ഈ എഴുത്ത് വായിച്ച് നുണപറയുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലേ എന്ന് പറയിപ്പിക്കും നീ. ഈ എഴുത്തിനെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എനിക്ക് നിന്നെ പുകഴ്ത്താന്‍ ആകുന്നില്ല. എന്നോട് നീ ക്ഷമിക്കണമെന്നപേക്ഷ.
Unknown പറഞ്ഞു…
ഇബ്രു.. വായിക്കാന്‍ വൈകി. അതു കൊണ്ട് തന്നെ കമന്റാനും വൈകി. നിന്റെ എല്ലാ എഴുത്തുകളിലും കാണുന്ന വ്യത്യസ്‌ത ഈ കഥയിലും കാണുന്നു. വലിയ വായില്‍ കമന്റാന്‍ ധൈര്യം വരുന്നില്ല. വിഡ്ഡിത്തമാകുമോ എന്ന പേടി. ‘നന്നായിട്ടുണ്ട്’ എന്ന ഉപചാരവാക്കും ഉപയോഗിക്കുന്നില്ല. കാരണം, എനിക്ക് നിന്നെ അറിയാം. നിന്റെ എഴുത്തിനെ അറിയാം.
നിന്റെ കഥയിലെ പോലെ ചില നുണ-സ്വപ്‌നങ്ങള്‍ ഞാനും മനസ്സിലെ കൂട്ടുകാരോട് പറയാറുണ്ട്. ‘അരിഗോണികളും’ ‘അങ്ങനെയായിരുന്നു അന്നും’ എഴുതുന്ന ഡ്രിസിലിനെ കുറിച്ചുള്ള നുണ-സ്വപ്‌നങ്ങള്‍.

പിന്നെ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, ‘എന്റെ ഉപ്പാക്ക് റോകറ്റ് ഉണ്ടെന്ന് പറഞ്ഞതും റോകറ്റിലൂടെ ഞാന്‍ പോകുന്നത് കാണണമെങ്കില്‍ ഇന്ന് വൈകുന്നേരം നിങ്ങളുടെ വീടിനു മുന്നില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞതും, റോകറ്റിനേയും കാത്തിരുന്ന് കാണാത്ത ദേശ്യവുമായി പിറ്റേന്ന് സ്‌കൂളില്‍ വന്ന കൂട്ടുകാരോട് റോകറ്റിന്റെ ടയര്‍ പൊട്ടിപ്പോയെന്ന് പറഞ്ഞതും‘, അറിയാതെ ചിരി പടര്‍ത്തുന്ന ചില ഓര്‍മകള്‍.
സ്നേഹിതന്‍ പറഞ്ഞു…
ദഃഖം മറയ്ക്കാനും മറക്കാനും നുണകള്‍ക്ക് കഴിയുമൊ? കാലത്തിനാകുമായിരിയ്ക്കാം!
നല്ലെഴുത്ത്... ചില നേരത്തല്ല, എപ്പോഴും!
ചില നേരത്ത്.. പറഞ്ഞു…
പ്രിയ അരവിന്ദ്..

എഴുതാനൊന്നുമില്ലാത്തതിനാല്‍ കാലവിളംബം വരുന്നു. പിന്നെ ട്രാക്കില്‍ നിന്ന് ഔട്ടാകുന്നുവെന്ന് തോന്നുമ്പോ പോസ്റ്റുന്നു. കഥകള്‍ ഇഷ്ടമാവുന്നുവെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം അനിര്‍വചനീയമാണ്‍.വിമര്‍ശനവും വേണം..എന്നാല്‍ കുറച്ച് കൂടെ തെറ്റുകള്‍ ശ്രദ്ധിക്കാനാവും.
ഡ്രിസ്സില്‍..

നുണകളെന്ന ആശ്വാസമില്ലായിരുന്നെങ്കില്‍ തീര്‍ത്തും ദുര്‍ബലമായ മാനസികാവസ്ഥയിലേക്ക് വഴുതി വീഴുമെന്ന ധാരണകളാണ്‍ അവയ്കെന്നെ പ്രേരിപ്പിച്ചത്. വൈകിയാണെങ്കിലും വായിച്ച് അഭിപ്രായം പറഞ്ഞത് സന്തോഷം നല്‍കുന്നു.
സ്നേഹിതാ..

വേര്‍പ്പാടുകള്‍ നല്‍കുന്ന ദു:ഖം കാലം കൊണ്ട് മറക്കാമെന്നും അവഗണനകളും ഇല്ലായ്മകളും നുണകള്‍ കൊണ്ട് ആശ്വസിക്കാമെന്നും എന്റെ അനുഭവമാണ്‍. ആസ്വാദനം ,നിറഞ്ഞ സന്തോഷം നല്‍കുന്നു.
മഴനൂലുകള്‍..

മനോഹരമായ നുണകളില്‍ നെയ്ത ഉത്തരീയങ്ങളില്‍ നിന്റെ ബാല്യത്തെ സംരക്ഷിച്ചതിന്റെ ഓര്‍മ്മകളെ ദീപ്തമാക്കിയതിലെനിക്ക് ദു:ഖവും നിന്റെ ആസ്വാദനത്തിലെ തെളിമയില്‍ സന്തോഷവുമുണ്ട്.
ചില നേരത്ത്.. പറഞ്ഞു…
നുണപറയുന്നത് വെറുക്കുന്നവരെപ്പോലും ഈ എഴുത്ത് വായിച്ച് നുണപറയുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലേ എന്ന് പറയിപ്പിക്കും നീ..

അതാരാ ശ്രീജിത്തേ നീയാണോ? ഞാന്‍ നുണകള്‍ പറയുന്നുവെന്ന് നീ ധരിച്ചുവല്ലേ..ഇതൊക്കെ ഒരു കഥ മാത്രമല്ലേ? എന്നാലും നുണ ഒരു പ്രതിരോധമെന്ന നിലയ്ക്ക് ഉറപ്പുള്ള പരിചയാണ്.
നന്ദി
Nileenam പറഞ്ഞു…
അന്നങ്ങനെ തന്നെ ആയിരുന്നു. കടലുകണ്ടിട്ടുള്ളവര്‍ എഴുന്നേറ്റു നില്‍ക്കന്‍ രാജമ്മടീച്ചര്‍ പറഞ്ഞത്‌ ഇപ്പോഴും ഞാനോര്‍ക്കുന്നു.കടലുകണ്ടിട്ടുള്ളവരുടെ ഗമ കണ്ടിട്ടാണ്‌ മടിച്ച്‌ മടിച്ച്‌ ഞാനും എഴുന്നേറ്റു നിന്നത്‌. പിന്നെ ഒരു മേമ്പൊടിക്കോ അതിഭാവുകത്വത്തിനോ വേണ്ടി അടുത്തിരുന്ന മൊഞ്ചത്തിയോടു പറഞ്ഞു."അതേ, അന്നെനിക്കുണ്ടായിരുന്ന കുഞ്ഞനിയത്തി വല്യോരു തിരമാലേലുപെട്ട്‌ ഒലിച്ചു പോയി". താഴെവീഴാതെ അവള്‍ അതു ടീച്ചറെ പറഞ്ഞു കേള്‍പ്പിച്ചു. പിടിച്ചുനില്‍ക്കാന്‍ ഞാനും പറഞ്ഞു, "ടീച്ചറേ, സത്യം".

വൈകുന്നേരം അമ്മ ചോദിച്ചു. "നിന്റെ ഏതനിയത്തിയാ തിരമാലേലു മുങ്ങിപ്പോയത്‌? ഞങ്ങളും കൂടി അറിയട്ടെ". ആകെ ചമ്മി ഒരു ഇളിഭ്യച്ചിരീം പാസ്സാക്കി നില്‍ക്കുമ്പോള്‍ അമ്മ അച്ഛനോട്‌ പറയുന്നതു കേട്ടു. " ദേ,കടലുകാണാന്‍ പോയപ്പൊ നമ്മുടെ മോള്‍ടെ അനിയത്തി തിരമാലേലു മുങ്ങിപ്പോയെന്നു. ഇന്ന് രാജമ്മ ടീച്ചറോട്‌ വെളിപ്പെടുത്തിയതാ ഈ സത്യം. staff room ല്‍ ചിരീടെ മാലപ്പടക്കം കൊളുത്തി ഇവള്‍.

അന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ ജലാശയം പമ്പാനദി ആയിരുന്നൂന്ന് അവര്‍ക്കല്ലേ അറിയാമായിരുന്നുള്ളു.
bodhappayi പറഞ്ഞു…
പലതും കണ്ട, പല സുഖങ്ങളനുഭവിച്ച ഒരു മായാലോകം തീര്‍ക്കാന്‍ ഞാനും നുണകളെ കൂട്ടുപിടിച്ചിട്ടുണ്ട്‌. എന്റെ നുണകള്‍ നിര്‍വികാരതയോടെ കേള്‍ക്കാറുള്ള പഴയ സുഹ്രുത്തുക്കളെ കാണുമ്പോള്‍ അല്‍പം ജാള്യത തോന്നാറുണ്ട്‌. അവരാരും പക്ഷെ ഈ മായക്കുതിരമേലേറിയ എന്നെ വലിച്ചു താഴെയിടാന്‍ ശ്രമിച്ചിട്ടില്ല.
ചില നേരത്ത്.. പറഞ്ഞു…
നിലീനം
ഓര്‍മ്മകളിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഒരുപാട് നുണകള്‍ നിറഞ്ഞ ബാല്യമായിരുന്നെന്റേത്.
കുട്ടപ്പായി.
അത് ഒരു സത്യമാണ്.നുണകളുടെ ഇരകളെ ഭയക്കുന്നതിനാലാകണം ഞാനും പിന്നെ നുണ പറയല്‍ കുറച്ചു.
മുല്ലപ്പൂ പറഞ്ഞു…
ഇപ്പോഴെ കണ്ടുള്ളൂ ഇതു.
നന്ദി ബാല്യകാലതിന്റെ ഒര്‍മപ്പെടുതലിനു..

ഈ നുണകളെ ,ഞാന്‍ ഭാവന എന്നു വിളിച്ചൊട്ടെ...
ചില നേരത്ത്.. പറഞ്ഞു…
മുല്ലപ്പൂവേ,
ഭാവനകള്‍ക്ക് തീര്‍ച്ചയായും ചിറകുണ്ട്..പ്രവിശാലമായ ഭൂമികയില്‍ അവയ്ക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ട്..നുണകള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തോട് ബന്ധിക്കേണ്ടതുണ്ടായിരുന്നു..കമന്റിയതിന് നന്ദി.

ഒരിക്കല്‍..
നന്ദി,എന്റെ നുണകള്‍ വളരെ ആസ്വദിച്ച നിനക്കും ഇത്തരം കഥകള്‍ പറയാനില്ലേ..പറഞ്ഞ് തുടങ്ങൂ..എന്റെ എല്ലാ ഭാവുകങ്ങളും..(പിന്നെ വീട്ടിലറിയിക്കരുത് ഇതൊന്നും എനിക്ക് തിരിച്ച് വരാനുള്ളതാണ്)..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ