ചില നേരത്ത്.

ഞായറാഴ്‌ച, ഫെബ്രുവരി 11, 2007

 

മികച്ച കര്‍ഷകന്‍.

“പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടിയിരിക്കുന്നു..
ശവം തീനികഴുകന്മാര്‍ പ്ലാസ്റ്റിക്ക് തിന്ന്, ഞങ്ങളുടെ ശവം ഭക്ഷിക്കാന്‍ പോലും എത്താതായിരിക്കുന്നു..കഴുകന്മാര്‍ ചത്തൊടുങ്ങിയിരിക്കുന്നു.. ”

എന്റെ പാര്‍സീ സുഹൃത്ത് വളരെ ഖേദത്തോടെയാണ് അത് പറഞ്ഞത്,

എന്നിലെ കര്‍ഷകഹൃദയമുണര്‍ന്നത് അതില്‍ പിന്നെയാണ്.
ഗ്രാമത്തിലെ വസതിയില്‍ ഞാനൊരു പന്തല്‍ കെട്ടി , പാര്‍സികള്‍ക്കായി അതില്‍ കഴുകന്‍ കുഞ്ഞുങ്ങളെ വിരിയിച്ചു..
ആദ്യത്തെ വിളവ് പാര്‍സി സുഹൃത്തിനയച്ചു ..അയാളെനിക്കൊരു പാര്‍സി തൊപ്പി സമ്മാനം നല്‍കി..
എനിക്ക് ആദ്യത്തെ പാരിതോഷികം..
പന്തല്‍ വെറുതെയാവരുതല്ലോ..ശവം തീനി കഴുകന്മാര്‍ക്ക് വംശനാശവും സംഭവിക്കരുത്..
വീണ്ടും മുട്ടകള്‍ വിരിയിച്ചു..അപ്രതീക്ഷിതമായി ബോസ്നിയയില്‍ നിന്നും വന്ന ഓര്‍ഡറിന് കഴുകന്‍ കുഞ്ഞുങ്ങളെ അയക്കാനൊത്തു..
ചുടു ചോരയില്‍ കുളിച്ച ശവശരീരങ്ങള്‍ അവ ഭക്ഷിക്കുന്നില്ലെന്ന പരാതി വന്നപ്പോള്‍ ഞാന്‍, എന്റെയും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഹൃദയം ചുരത്തിയ നിണം നല്‍കി കഴുകന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി..
അവ പാലെസ്തീനിലും അഫ്‌ഗാനിലും ഈയിടെ ഇറാഖിലും നല്ല പ്രകടനം നടത്തിയപ്പോള്‍, ഇന്ത്യാഗവണ്മെന്റ് വഴിയെനിക്ക് യു എന്നിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചു.

എങ്കിലും ഞാന്‍ നിരാശനായിരുന്നു.

ബോസ്നിയയിലേക്കയച്ച എന്റെ കഴുകന്മാര്‍ ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങുന്നു.യൂറോപ്യന്‍ യൂണിയനോടെനിക്ക് അമര്‍ഷം അറിയിച്ച് ഞാന്‍ കത്തെഴുതി.
ഈയടുത്ത കാലത്തൊന്നും എനിക്കാത്മഹത്യ ചെയ്യേണ്ടി വരില്ല. ഈയിടെ വെടിമരുന്ന് രുചിക്കുന്ന കഴുകന്‍ കൂഞ്ഞുങ്ങളെ ഞാന്‍ വിരിയിച്ചു..ലെബനോണിലേക്കും സോമാലിയയിലേക്കും കപ്പലിലേറ്റി വിട്ടുണ്ട് എന്റെ പുതിയ വിളവ്.
ഇത്തവണയും എനിക്കാണ് മികച്ച കര്‍ഷകനുള്ള അവാര്‍ഡ്..ജൂതന്മാര്‍ക്ക് നന്ദി.

(അടിക്കുറിപ്പ് : ഇത് മാധ്യമം, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എന്നീ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ‘ദേശാ‍ഭിമാനിയിലും’.)
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 12:33 PM
അഭിപ്രായങ്ങള്‍:
തേങ്ങയടിക്കാനായി ഓടി വന്നതാ, പിന്നെ ഒരു സംശയം. ഇത് നീ വല്ല സ്ഥലത്തു നിന്നും കോപ്പിയടിച്ചതാണെങ്കിലൊ?

എന്നാലും കിടക്കട്ടെ ഒരെണ്ണം - ഠേ.......

നന്നായി എഴുതിയിരിക്കുന്നു ഇബ്രൂ.
 
ഇബ്രു അധ്വാനിക്കുന്നില്ല,

എഴുത്തുകാരന്‍ മെനങ്ങാന്‍ തയ്യാറാകാത്തിടത്തോളം ആശയം ആശയമായി തന്നെ നിലനില്‍ക്കുകയും അതിന് രൂപത്തിന്റെ (കഥയോ കവിതയോ എന്തോ ആവട്ടെ) ഭംഗി കിട്ടാതെ വരികയും ചെയ്യും. നല്ല എഴുത്തുകാരന്‍ അത് ചെയ്യുമ്പോള്‍ അത് വായനക്കാരനോട് ചെയ്യുന്ന ചതിയാവുന്നു അത്.
 
ഇബ്രൂ,
കഥ അസ്സലായി. ഇനിയും കഴുകന്‍ കുഞ്ഞുങ്ങള്‍ വേണ്ടി വരും. കഴുതപ്പുലികലേയും വളര്‍ത്താവുന്നതേയുള്ളൂ. നല്ല ബിസിനസാ. ‘ഇബ്രു ബ്രാന്റ് കഴുതപ്പുലിക്കുഞ്ഞുങ്ങള്‍.. വില തുഛം, കടി മെച്ചം’ എന്ന് പരസ്യവും ചെയ്യാം.

ഓടോ: അടിക്കുറിപ്പാണ് കലക്കിയത് ഇബ്രൂ. ഞാന്‍ എന്റെ സ്വാധീനം ഉപയോഗിച്ച് എം എസ് എന്നിനെ കൊണ്ട് ഇതിനെ കോപ്പിയടിപ്പിയ്ക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുന്നുണ്ട്. യേത്? :-)
 
എന്റെ പൊന്ന്‌ ഇബ്രൂ...

ഇത്‌ അനന്തവും അപാരവുമായ സാധ്യതകളുള്ള ഒരു കഥതന്തു മാത്രമാണ്‌. താങ്കള്‍ അല്‍പ്പംകൂടി മനനം ചെയ്ത്‌ നല്ല ഒരു ക്രാഫ്റ്റില്‍ ഈ 'കഴുകന്റെ മുട്ടകള്‍' വിരിയിച്ചാല്‍, ഒന്നംതരമൊരു കഥയാവുമെന്ന്‌ പറയാന്‍ യാതൊരു മടിയുമില്ല. പക്ഷേ അതിന്‌ ഗൌരവമേറിയ വിശകലനരീതിയും മുഹൂര്‍ത്തങ്ങളും താങ്കള്‍ അല്‍പ്പം മെനക്കെട്ട്‌ കോര്‍ത്തെടുക്കണം. അതിനു ശ്രമിക്കാതെ ഒരു തമാശമട്ടില്‍ ഇങ്ങനെ പറഞ്ഞാല്‍ അതിന്റെ ആശയവും ആസ്വാദനവും അത്രയൊന്നും ഏശുകയില്ല. ഒന്ന്‌ ശ്രമിച്ചുനോക്കിക്കൂടെ, ഇബ്രൂ? താങ്കള്‍ വിചാരിച്ചാല്‍ നിശ്ചയമായും സാധിക്കും.
 
ശരിയാണ്. താങ്കളൊരു‍ മികച്ച കര്‍ഷകന്‍ തന്നെയാണ്!
ഇബ്രാനേ...വളരെ നന്നായിട്ടുണ്ട്.

(പോസ്റ്റ് കണ്ടപ്പോള്‍ ആദ്യം, ചന്ദ്രേട്ടന്റെയാണെന്നാണ് വിചാരിച്ചത്. വന്ന് നോക്കിയപ്പോഴല്ലേ മനസ്സിലായേ!)
 
ഇതിവൃത്തം കൊള്ളാം. വേഗത്തില്‍ മാറി മാറി കഴുകന്‍
കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചതിനാലാവാം വായിക്കുമ്പോള്‍ എവിടെയോ ഒരു അംഗവൈകല്യം. എങ്കിലും പുതുമയുള്ള
പരീക്ഷണം.
 
ഇബ്രു ഇതാ എഴുതിയിരിക്കുന്ന് സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്ത്
എന്തേ... ഇബ്രു ഇത്രയും കാലം യവനികയ്ക്കുള്ളില്‍ ഒളിച്ചിരുന്നത് ?
വാത്മീകത്തില്‍ നിന്നുവന്നത് ജ്ഞാനമായിട്ടല്ലയോ !
നന്നായിരിക്കുന്ന് ഇനിയും നന്നാക്കാമായിരിന്നു ആ വിശ്വാസം ഇബ്രുവിനില്ലെങ്കിലും ഞങ്ങള്‍ക്കുണ്ട്
 
ഇബ്രുവിന്റേത്‌ നല്ല തീം ആണെന്നതില്‍ സംശയമില്ല. ഇത്ര ധൃതിയില്‍ പറയാതെ ഒന്നൂടെ മനസ്സിരുത്തി എഴുതിയാല്‍ ഒരു ഉദാത്തമാം കഥ ഇതില്‍നിന്നും വിരിയിച്ചെടുക്കാമെന്ന് എനിക്കും തോന്നി. ഇബ്രൂ ശ്രമിക്കണം. ഇതുടച്ച്‌ വാര്‍ത്ത്‌ ഗംഭീരമാം സൃഷ്‌ടിയാക്കണം. പ്രതീക്ഷിച്ചുകൊണ്ട്‌...
 
ഇബ്രൂ....
ആദ്യമായാണിവിടെ. നല്ല ചിന്ത, നല്ല സംരംഭം. ഇതു തന്നെ ഒന്നു കൂടി എഴുതി നോക്കുക. ഇതിലും നന്നായിരിക്കും, തീര്‍ച്ച.

സസ്നേഹം
ദൃശ്യന്‍
 
ഇബ്രു

വളരെ Relevant ആയ ഒരു പ്രമേയം എല്ലാ അര്‍ത്ഥത്തിലും ഒരു short and sharp satire ആയി ആവിഷ്കരിച്ചിരിക്കുന്നു.
 
സുനിലിന്റെ അഭിപ്രായം തന്നെ, വളരെ ചുരുക്കി പറഞ്ഞിരിക്കുന്ന അസ്സല്‍ രാഷ്ട്രീയ ആക്ഷേപഹാസ്യം. ഇതില്‍ കൂടുതല്‍ ബ്ലോട്ടഡ് ആയിരുന്നേല്‍ കഥാ’പ്രസംഗം’ ആയേന്നെ.
 
വായിച്ചു
qw_er_ty
 
കര്‍ഷകന് ഇറാനിലേക്കും വിളവയക്കാനുള്ള കോപ്പ് ഇവിടെ കൂട്ടുന്നെന്ന് ടിവി ന്യൂസ്.good read.
 
നല്ല ആശയം. നന്നായിട്ടുണ്ട്. :)
 
ഞാന്‍ സുനിലിനും പെരിങ്ങ്‌സിനും ഒപ്പം. ഇതിങ്ങനെയേ പറ്റൂ. ചിന്താധാരയില്‍ പുലര്‍ത്തുന്ന വ്യത്യസ്തതക്കും, പരീക്ഷണങ്ങള്‍ക്ക്‌ മടിക്കാത്ത രചനാശൈലിക്കും ഇബ്രു അഭിനന്ദനം അര്‍ഹിക്കുന്നു.
 
ഇബ്രു :) , നല്ല കഥ, നല്ല കൃഷി !
 
ഇതിവൃത്തവും അതെഴുതാന്‍ ലളിതമായ ഭാഷ തന്നെ സ്വീകരിച്ചതും ഇഷ്ടമായി.കഥയുടെ രാഷ്ട്രീയമാണ് കൂടുതല്‍ തിളങ്ങുന്നത്.അത് കൂടുതല്‍ വായനക്കാരില്‍ എത്താന്‍ ക്രാഫ്റ്റില്‍ വലിയ പരീക്ഷണങ്ങള്‍ ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്.എല്ലാ ബൂലോകരും ഒന്ന് വായിച്ചു പോവുകയെങ്കിലും ചെയ്യേണ്ട കഥയാണിത്.
 
നമുക്ക്‌ പഴ്‌ സിള്‍ക്ക്‌ രാഷ്ട്രിയ കുഞ്ഞുങ്ങളെ കയറ്റിയയക്കാം അവര്‍ ഭക്ഷിക്കും എന്തും.. തീവ്രമായ ഒരു വിഷയത്തിന്റെ ഉള്‍ക്കത്ത്‌ ഒളിഞ്ഞിരിപ്പുണ്ട്‌, ഈ കഥാകര്‍ഷകന്റെ കഥയില്‍. നന്നായിട്ടുണ്ട്‌.
 
മനോഹരം ഇബ്രൂ. ആശയം ഇഷ്ടമായി. ശക്തമായ ഭാഷയും വിമര്‍ശനവും ആക്ഷേപഹാസ്യവും.
 
വായിച്ചു... അവസാനത്ത വരിയിലൂടെ സ്വന്തം രാഷ്ട്രീയത്തിന്റെ കോട്ടവാതില്‍ അടച്ചത്‌ കഥാകൃത്തിന്റെ കൌശലം തന്നെ.
very good !!!!
 
(അടിക്കുറിപ്പ് : ഇത് മാധ്യമം, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എന്നീ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ‘ദേശാ‍ഭിമാനിയിലും’.)

മൊത്തത്തില്‍ രസിച്ചു. പ്രത്യേകിച്ച് അടിക്കുറിപ്പ്
 
ഇബ്രു വല്‍മീകത്തില്‍ നിന്നും പുറത്തു വന്ന് കിരാതന്മാരോട് ഉറക്കെ ആക്രോശിയ്ക്കുന്നു..
മാ നിഷാദാ..

തൂണു തകര്‍ത്ത് പുറത്തു വന്ന നരസിംഹ മൂര്‍ത്തിയ്ക്ക അഭിനന്ദനങ്ങള്‍
 
ലെബനോണ്‍ ഭാഗത്ത് ജൂതമിസൈലുക്കള്‍ ഭൂമിക്കു മുന്‍പ് നിന്‍റെ കഴുകന്മാരുടെ നെഞത്ത് വീണ് പോട്ടിയാല്‍ കുറച്ചു മനുഷ്യര്‍ രക്ഷപ്പെട്ട വകയില്‍ ഒരു നോബല്‍ പീസ് പ്രൈസും പ്രതീക്ഷിക്കാം... :)

മനേകച്ചേച്ചി സുല്ല്... :)
 
ഇബ്രൂ,
നല്ല കല ഇത്രയും പ്രകടമാവാമോ?
 
പോസ്റ്റ് വായിച്ച് കമന്റിയ എല്ലാവര്‍ക്കും നന്ദി.
ജോലിയുടെ മിതമായ ഭാരത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ വേണ്ടിയും അത് വഴിയുണ്ടാകുന്ന അമിതമായ വേതനവ്യവസ്ഥകളില്‍ ആകൃഷ്ടനായതിനാലും ഇനി മുതല്‍ അനിശ്ചിതമായി, ബ്ലോഗ്, ചാറ്റിംഗ്, ഓര്‍കുട്ട് എന്നിവയില്‍ ഈ വിനീതന്റെ സാന്നിദ്ധ്യം ഉണ്ടാകുകയില്ലെന്ന് ഇക്കാലമത്രയും എന്റെ ബ്ലോഗിനോടും അഭിപ്രായങ്ങളോടും എതിരായും അനുകൂലിച്ചും പ്രതികരിച്ച എല്ലാ സുഹൃത്തുക്കളോടും നന്ദിയോടെ അറിയിക്കുന്നു.
സസ്നേഹം
ഇബ്രു.
(എന്റെ ബ്ലോഗിലെ എന്തും ആര്‍ക്ക് വേണമെങ്കിലും എടുത്ത് ഉപയോഗിക്കാന്‍ ഇതിനാല്‍ അനുമതിയും നല്‍കുന്നു.)
 
ഈ പോക്കിനണെങ്കില്‍ എന്റെ പേരു ഞാന്‍ മാറ്റും. ഞാനെന്റെ പേര് കഴുകനെന്നാക്കും. എന്നാലും അവാര്‍ഡ് എനിക്ക്‌ കിട്ടില്ലല്ലോ. ശത്രുക്കള്‍ ധാരാളം.
 
ഇബ്രാന്‍, കലക്കി!!!
 
മന്മഥത്തില്‍ വിയോജിപ്പെഴുതിയ ഇവനാരെടാ എന്ന് അന്വേഷണമാണ് എന്നെ ഈ ബ്ലോഗിലെത്തിച്ചത്. ഉളളിന്റെയുളളില്‍ കഴുകന്മാരുടെ മുട്ടകളെ വിരിയിക്കുന്നവര്‍ തന്നെ ഓരോരുത്തരും. തന്നില്‍ ചെറിയവന്റെ മുന്നില്‍ കഴുകനും അല്ലാത്തവന്റെ മുന്നില്‍ മുയല്‍ക്കുഞ്ഞുമാകുന്ന ഉഡായ്പുകള്‍.

നല്ല എഴുത്ത്. എനിക്ക് വിയോജിപ്പേയില്ല.
 
എന്തൊരെഴുത്തപ്പാ ഇത് !
മനസ്സറിഞ്ഞ് ഒന്ന് നമിച്ചോട്ടെ.
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]