ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണവാര്‍ത്തകള്‍

യ്യോ! എന്ത് നല്ലൊരു ജീവിതമായിരുന്നു ഹംസാജിയുടേത്!
അദ്ദേഹം കേരള പൊതുജന പാര്‍ട്ടി എന്ന കെ.പൊ.പായുടെ സ്ഥാപക നേതാവും ആജീവനാന്ത തലവനുമായിരുന്നു. തന്റെ പലചരക്കു കടയ്ക്ക് മുന്നില്‍ നടന്നിരുന്ന സകല അനീതികള്‍ക്കെതിരെയും സന്ധിയില്ലാതെ വാചക കസര്‍ത്തിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. കുമാരന്റെ അമ്പലത്തിലേക്കുള്ള ഉത്സവവരവില്‍ സകല മതനേതാക്കളുടേയും വിലക്കിനെ അവഗണിച്ച് തോളത്തിടാറുള്ള തോര്‍ത്ത്മുണ്ട് തലയില്‍ കെട്ടി അദ്ദേഹം നടത്തിയിരുന്ന നൃത്തച്ചുവടുകള്‍ ഏവരേയും പുളകം കൊള്ളിക്കുന്നതായിരുന്നു. തല്‍ഫലമായി കെട്ട്പ്രായം എത്തിയ മകള്‍ക്ക് സ്വസമുദായത്തില്‍ നിന്ന് വരനെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും വര്‍ഷാവര്‍ഷമുള്ള നൃത്തച്ചുവടുകളേയും മുഖം നോക്കാതെയുള്ള വാചകകസര്‍ത്തുകളേയും അദ്ദേഹം മരണം വരെ കൈവെടിയുകയുണ്ടായില്ല. മതം നോക്കിയുള്ള കൊലപാതകങ്ങളിലേക്ക് ജനം തിരിഞ്ഞപ്പോള്‍ ഹാജിയുടെ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ ഹിന്ദുക്കളും മുസ്ലിംങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മുസ്ലിംങ്ങളും അങ്ങാടിയിലേക്കിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്ന ആ ദുഷിച്ച കാലത്താണ് അദ്ദേഹം ഉത്കൃഷ്ടമാ‍യ ഈ വിളംബരം തന്റെ കടയ്ക്ക് മുന്നില്‍ നിന്നും പ്രഖ്യാപിച്ചത്. മറ്റെല്ലാ ഹാജിമാരെ പോലെ തന്നെ മക്കത്ത് പോയി ഹജ്ജ് ചെയ്യുകയും മറ്റൊരു ഹാജിമാരും ചെയ്യാത്തത് പോലെ ചെയ്യുകയും ചെയ്ത ഒരു മഹാനുഭാവനാണ് തിരൂര്‍ താലൂക്കിലെ മണ്ണിത്തിരി വില്ലേജില്‍ നിന്ന് ഇന്നലെ മരിച്ച് പോയ, കാലഹരണപ്പെട്ട് പോകുന്ന മതേതര പുരുഷന്മാരിലെ എണ്ണം പറഞ്ഞൊരാളായ താലുള്ളതില്‍ വീട്ടില്‍ അയമുഹാജി മകന്‍ ഹംസ ഹാജി എന്ന ഹംസാജി. പരേതന് വിവാഹമോചനം ചെയ്യപ്പെട്ട രണ്ട് പെണ്മക്കളാണുള്ളത്.

ദുഷ്ടരേ, പക്ഷം പിടിക്കുന്നവരേ, വാര്‍ത്തകളെ വിഴുങ്ങുന്നവരേ, തെറ്റിദ്ധാരണ പരത്തുന്നവരേ, പ്രോജ്ജ്വലമായൊരു പ്രാദേശിക ഇതിഹാസത്തെയാണല്ലോ, തിരൂര്‍ താലൂക്കിലെ മണ്ണിത്തിരി വില്ലേജില്‍ താലുള്ളതില്‍ വീട്ടില്‍ അയമുഹാജി മകന്‍ ഹംസ ഹാജി പരേതനായി എന്നൊരു ഒരിഞ്ച് വാര്‍ത്തയില്‍ നിങ്ങള്‍ ഒതുക്കി കളഞ്ഞത്. വെറുതെയല്ല ചരമകോളങ്ങള്‍ പെണ്ണുങ്ങളും വൃദ്ധരും മാത്രം വായിക്കുന്ന വിരസമായ കോളങ്ങള്‍ നിറഞ്ഞ പേജായി മാറിയത്.

അഭിപ്രായങ്ങള്‍

Rasheed Chalil പറഞ്ഞു…
ഇബ്രൂ...
സകല പത്രങ്ങളുടെയും പ്രഥമപേജ് ചരമപ്പേജിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍, ആദ്യപേജിലെ മുഖ്യവാര്‍ത്തകളും ചിത്രങ്ങളും മനപൂര്‍വ്വം മറന്ന് വായനക്കാരന്‍ ചരമക്കോളം അരിച്ച് പെറുക്കിത്തുടങ്ങിയിട്ടുണ്ട്.
ശ്രീ പറഞ്ഞു…
വെറുതെയല്ല ചരമകോളങ്ങള്‍ പെണ്ണുങ്ങളും വൃദ്ധരും മാത്രം വായിക്കുന്ന വിരസമായ കോളങ്ങള്‍ നിറഞ്ഞ പേജായി മാറിയത്...
Siji vyloppilly പറഞ്ഞു…
Kurachu neenda oru kadhayaakkaamaayirunnillee?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ് അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ, നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു. വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു. ദൈവമേ ഞാന്‍ വിശ്വാസിയാകാം.. അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ.. സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്- നരകമോ സ്വര്‍ഗ്ഗമോ?