ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുറുക്കൻ

വിശാലമായ ഖബറിസ്ഥാനിലെ പുരാതനമായ മാളത്തിലിരുന്ന് ഓരിയിടാൻ മക്കളേയും കൊച്ചുമക്കളേയും മൂത്തകുറുക്കൻ കാരണവർ കുറുക്കൻ ഓർമ്മിപ്പിക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മായാൻ തുടങ്ങിയിരുന്നു. അപ്പോൾ കൊച്ചു കുറുക്കൻ ചോദിച്ചു,

"എന്തിനാണ് വല്യച്ഛാ, സന്ധ്യാ നേരത്ത് നമ്മളെല്ലാവരും പള്ളിയിലെ ബാങ്ക് വിളിക്കുന്നതിനൊപ്പം ഓരിയിടുന്നത്?'

അപ്പോൾ മംഗലം വലിയ പള്ളിയിലെ മുക്രി മഗ്‌രിബ് ബാങ്ക് വിളിയ്ക്കാനായി മുരടനക്കി തൊണ്ടയൊരുക്കുന്ന ശബ്ദം പുറപെട്ടു.

അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ...
മൈക്കിലൂടെ ഖബറിസ്ഥാന്റെ അതിർത്തിയും കടന്ന് ആ ബാങ്കൊലി കൂട്ടായിക്കടവ് വരെ ചെന്നു, അവിടെ വെച്ച് മറ്റൊരു ബാങ്കൊലിയുമായി ചേർന്ന് അടുത്ത വരിയുടെ ഗർഭം ധരിച്ചു.

അനാദികാലം മുതൽ തുടരുന്ന ഖബറിസ്ഥാനിലെ പുരാതന ഗുഹകളിൽ സ്ഥിരതാമസക്കാരായ കുറുക്കന്മാരുടെ ഓരിയിടൽ കിതച്ച് കിതച്ച് ബാങ്കൊലിയ്ക്കൊപ്പം ഓടിയെത്തി. അതിന്റെ പ്രതിധ്വനിയിൽ കുറുക്കന്മാർ പരസ്പരം ആശ്വസിച്ചു. ഇന്നത്തെ പകലും അതിജീവിയ്ക്കാനായിരിക്കുന്നു.

"കുഞ്ഞേ, ഈ സന്ധ്യാ നേരത്തെ ഓരിയിടലിനും പിന്നിൽ പണ്ടെങ്ങോ സംഭവിച്ചൊരു കഥയുണ്ട്. അതു പറഞ്ഞു തരാം."

മുത്തശ്ശൻ കുറുക്കൻ ഇളം ചൂടുള്ള മണ്ണിൽ വയറമർത്തി കിടന്നു, കൊച്ചുകുറുക്കൻ കഥ കേൾക്കാൻ അക്ഷമനായി.

"ഈ പള്ളിക്കാട്ടിൽ പണ്ട് പണ്ട് കുറേ കുറുക്കൻ കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർ രാത്രി ഇരതേടി പുറത്തിറങ്ങാൻ ഇരുട്ട് കാത്തിരിക്കുമായിരുന്നു. എന്നാൽ അക്കാലത്തൊരു ചെറുപ്പക്കാരൻ ഇര തേടാൻ സന്ധ്യമയങ്ങാൻ കാത്തിരിക്കാതെ പുറപ്പെട്ടു. കൂട്ടത്തിലെ മുതിർന്നവർ വിലക്കിയിട്ടും വക വെയ്ക്കാതെ ആ കുറുക്കൻ പുറപ്പെട്ടു പോയി. പക്ഷേ ആ കുറുക്കൻ നേരം പുലരാറായിട്ടും മാളത്തിലേയ്ക്ക് തിരിച്ചെത്തിയില്ല. ആ വിവരം പള്ളിക്കാട്ടിലെ മറ്റ് കുറുക്കൻ കുടുംബത്തോടെല്ലാം അറിയിച്ചു, പക്ഷേ അവരാരും പുറപ്പെട്ട് പോയ കുറുക്കനെ കണ്ടില്ലെന്ന് പറഞ്ഞ് വ്യസനിച്ചു.

വിസ്തൃതമായ ഈ പള്ളിക്കാട്ടിലെവെടെയെങ്കിലും വഴി തെറ്റി പോയതാകുമെന്ന് കരുതി അടുത്ത ദിവസം ഇരതേടി പുറപ്പെടും മുന്നെ കുടുംബത്തിലെ കാരണവർ കുറുക്കന്മാർ ഓരിയിട്ട് വഴി അടയാളപ്പെടുത്തി കൊടുത്തു. പക്ഷേ നിരാശയായിരുന്നു ഫലം. എന്നാൽ പ്രതീക്ഷ കൈവിടാതെ പള്ളിക്കാട്ടിലെ മറ്റു കുറുക്കന്മാർ എല്ലാവരും ചേർന്ന് തൊട്ടടുത്ത ദിവസവും ഓരിയിട്ട് വിളിച്ച് നോക്കി. അന്നീ നാട് ഓരിയിടലിന്റെ പ്രകമ്പനത്തിൽ വിറച്ചു, പക്ഷേ പുറപ്പെട്ട കുറുക്കൻ മാത്രം തിരിച്ചെത്തിയില്ല. അങ്ങിനെ സാഹസികരായ കുറച്ച് ചെറുപ്പക്കാരായ കുറുക്കന്മാരെ തിരച്ചിലിനായി പറഞ്ഞയച്ചു. അവർ നടത്തിയ തിരച്ചിലിന് ഒടുവിൽ, അങ്ങ് ദൂരെ പള്ളിക്കാടിന്റെ അതിർത്തി നിശ്ചയിക്കുന്ന വിശാലമായ കുളത്തിനരികിലെ നനഞ്ഞ മണ്ണ് ചുരണ്ടെടുത്തപ്പോൾ തലയ്ക്കടിയേറ്റ് മരിച്ച കുറുക്കന്റെ ശവം അടക്കം ചെയ്തതവർ കണ്ടെത്തി.

കുളം ഉപയോഗിക്കാൻ വന്ന പള്ളിയിലുള്ളവരാരോ കൊലപ്പെടുത്തിയതാണ് ആ ധൈര്യശാലിയായ കുറുക്കനെ എന്ന് തിരിച്ചറിഞ്ഞയന്ന് മുതൽ തുടങ്ങിയതാണ് ഈ ഓരിയിടൽ. അതിൽ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും അലയൊലികൾ അടങ്ങിയിട്ടുണ്ട് കുഞ്ഞേ!

തന്റെ പൂർവ്വികന്റെ സാഹസികതയുടെ തുടക്കവും ഒടുക്കവും ദുരന്തപര്യവസാനിയായതിൽ ആ കൊച്ചുകുറുക്കന് അത്യന്തം വിഷമം തോന്നി. അന്ന് രാത്രി വൈകിയിട്ടുള്ള ബാങ്ക് മുഴങ്ങുമ്പോൾ അന്നാട്ടുകാർ പതിവിൽ നിന്നും വിപരീതമായിട്ടൊരു ഓരിയിടൽ കേട്ടു, ഒച്ചയുറക്കാത്തയൊരു കൊച്ചു കുറുക്കന്റെ സങ്കടം കലർന്നൊരു ഓരിയിടൽ. അതിൽ വരാനിരിക്കുന്ന സംഘർഷത്തിന്റെ നാളുകൾ അടങ്ങിയിട്ടുണ്ടാകുമെന്ന് ആരറിഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ...