ചില നേരത്ത്.

ബുധനാഴ്‌ച, ജൂൺ 22, 2005

 

പുതിയ മാനേജര്‍

പുതിയ പ്രോജക്ടിലേക്ക്‌ രണ്ടാമത്തെ പ്രോജക്ട്‌ മാനേജര്‍ കുറച്ചു ദിവസം മുന്‍പ്‌ ചാര്‍ജെടുത്തു. വന്ന ദിവസം തന്നെ അദ്ദേഹത്തിന്ന് ഒരു കാര്യം മനസ്സിലായി.ആരും കമ്പനിക്ക്‌ വേണ്ടിയല്ല അവനവന്റെ ബോസ്സുമാരെ സുഖിപ്പിച്ചാണു കഴിയുന്നത്‌ എന്ന്,ഏെറ്റവും വലിയ സോപ്പ്‌ വീരന്‍ സെക്രട്ട്രി രവിയെ സ്വകാര്യമായി വിളിച്ച്‌ വലിയ വായില്‍ ചീത്ത വിളിച്ച്‌ അഹ്‌മദ്‌ അന്‍വര്‍ ഖലാഫി എന്ന മാനേജ്‌മന്റ്‌ ബിരുദാനന്തര ബിരുദധാരി തന്റെ വരവറിയിച്ചു. പിന്നെ ഊഴമനുസരിച്ച്‌ പ്ലാനിംഗ്‌ എന്‍ജിനീയര്‍ ആദില്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ നാസര്‍ സാനി മൊഹമ്മദ്‌ തുടങ്ങി എല്ലാവര്‍ക്കും വേണ്ടത്ര കൊടുത്തു.
തൊട്ടടുത്ത ദിവസം രണ്ടാം നിരക്കാര്‍ക്കും കൊടുത്തു തുടങ്ങിയെന്ന് പ്രൊജെക്റ്റ്‌ മാനേജറുടെ റൂമിന്റെ അടുത്തു കൂടെ പോയപ്പോള്‍ മനസ്സിലായി. പ്രൊക്വര്‍മന്റ്‌ ഏന്‍ജിനീയര്‍ റഷീദ്‌ ഖാനെ ചീത്ത വിളിക്കുന്നത്‌ കേട്ടപ്പോള്‍ 'ചോര തിളച്ചു ഞരമ്പുകളില്‍..' ഒരു ഭാരതീയനെ കേവലമായ ഈ ഈജിപ്‌ഷ്യന്‍ ചീത്ത വിളിക്കുകയോ?..
യൂസുഫ്‌ ദാദ കെനിയക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ പിതാമഹന്മാര്‍ ഗുജറാത്തികളായിരുന്നു. ഇപ്പോഴും ഭാരതീയ സംസ്ക്കാരം സൂക്ഷിക്കുന്ന അദ്ദേഹം ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാമത്തെ തലവനാണു്‌.വരട്ടെ അദ്ദേഹത്തിന്നോട്‌ പരാതി പറയാം എന്ന് കരുതി പതിവു പോലെ സൈറ്റില്‍ നിന്നും നേരത്തെ മുങ്ങി.
സൈറ്റിലുള്ള എല്ലാവരും പെപ്സിയുടെ
പരസ്യത്തില്‍ എം ടി വി അവതാരകന്‍ സൈറസ്‌ പറയും പോലെ 'മേരാനമ്പര്‍ കബ്‌ ആയേഗാ?' എന്നും പറഞ്ഞ്‌ പ്രൊജെക്റ്റ്‌ മാനേജറുടെ വിളിയും പ്രതീക്ഷിച്ച്‌ നില്‍ക്കുമ്പൊഴാണു്‌ ഞാന്‍ ഈ അഹങ്കാരം കാണിച്ചത്‌.
വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലോ,...
രാവിലെ വന്നയുടനെ പ്രോജക്ട്‌ മാനേജരെ കാണാന്‍ പറഞ്ഞുവെന്നു്‌ സീനിയര്‍ സര്‍വെയര്‍ ഫിലിപ്പ്‌ പറഞ്ഞു.
എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ സംഗതി കുറച്ച്‌ ഗുരുതരമാണു്‌.പ്രോജക്ട്‌ മാനേജര്‍ വൈകീട്ട്‌ എന്നെ തേടി വന്നപ്പോള്‍ ഞാന്‍ റൂമിലെത്തി 'മാര്‍ക്വസിന്റെ മക്കൊണ്ട നഗരത്തില്‍, ഉര്‍സുല നിര്‍ത്തിന്‍ പശുക്കളെ നിങ്ങളുടെ പ്രസവം' എന്ന് തുടങ്ങുന്ന അദ്ധ്യായം വായിച്ചു തുടങ്ങിയിട്ടുണ്ടാകുമെന്ന് മനസ്സില്‍ ഊഹിച്ചു.യൂസുഫ്‌ ദാദയെ രക്ഷക സ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ വലത്‌ കാല്‍ വെച്ച്‌(അതോ ഇടത്തോ?, മുട്ടുകാലിടിച്ചിരുന്നു എന്ന് വ്യക്തമായി ഓര്‍ക്കുന്നുണ്ട്‌.) മാനേജരുടെ റൂമില്‍ കടന്ന പാടെ അറബി സ്ലാങ്ങില്‍,വേറ്ര്‍ വാസ്‌ യു യെസ്റ്റര്‍ര്‍ര്‍ തേയ്‌ ഈഫനിംഗ്‌?. എന്നൊരു അലര്‍ച്ച!!.
മലയാളം സ്ക്കൂളില്‍ പഠിച്ചതിന്റെ ക്ഷീണം ഇംഗ്ലീഷ്‌ ഭാഷയില്‍ തീര്‍ന്നു വരുന്നതേയുള്ളൂ, മറുപടി തൊണ്ടയില്‍ കുടുങ്ങി..
ഈസും വാസും ചേര്‍ന്ന് തൊണ്ടയില്‍ ശിങ്കാരിമേളം...
പിന്നെയും എന്തൊക്കെയോ മാനേജര്‍ അലറുന്നുണ്ട്‌...
പണ്ടൊരു ത്രിശൂര്‍ക്കാരന്‍ എ ടി എം കാര്‍ഡ്‌ കളഞ്ഞു പൊയപ്പോള്‍ ഐ സി ഐ സി ബാങ്കിന്റെ ശാഖയില്‍ ചെന്ന് പരാതി പറഞ്ഞു. അവര്‍
മുംബയ്‌ ഓഫീസിലേക്ക്‌ വിളിക്കുവാന്‍ പറഞ്ഞു. അങ്ങനെ എ ടി എം കൌണ്ടറിലേക്ക്‌ വന്നപ്പ്പ്പോള്‍ പുള്ളിയുടെ പരവേശം കണ്ട്‌ കാശ്‌ എടുക്കാന്‍ ചെന്ന ഞാന്‍ മാറി കൊടുത്തു. പത്ത്‌ മിനുറ്റ്‌ കഴിഞ്ഞ്‌ ആളാകെ വിയര്‍ത്ത്‌ കുളിച്ച്‌ വരുന്നത്‌ കണ്ടു എന്തുണ്ടായെന്ന് ചോദിച്ചപ്പോള്‍ ത്രിശൂര്‍ സ്റ്റൈലില്‍ മറുപടി വന്നു..
എന്ത്‌ ചെയ്യും ഇഷ്ടാ.. അവള്‍ ഭയങ്കര ഇംഗ്ലീഷ്‌... നമുക്കിത്‌ അറിയാഞ്ഞിട്ടല്ല...പക്ഷേ തൊണ്ടേന്നു വരേണ്ടേ?.
അതെ അവസ്ഥയിലായി ഞാന്‍..അറിയാഞ്ഞിട്ടല്ല.. തൊണ്ടേന്ന് വരണ്ടേ?..
തൊണ്ടയിലെ പൂരം കഴിഞ്ഞ്‌ ഇംഗ്ലീഷ്‌ വരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്ക്‌ ഒരു വാക്കും കേള്‍ക്കേണ്ടത്രെ..
പിന്നെ യൂസഫ്‌ ദാദയ്ക്കും ചീത്ത വിളിച്ചു.സോപ്പ്‌ വീരന്മാരുടെ കൂട്ട്ത്തില്‍ എന്നെയും ചേര്‍ത്തിരിക്കുന്നുവെന്ന് മനസ്സിലായി. പ്രൊമിസിംഗ്‌ ഗയ്‌ എന്ന് മാത്രമെ ദാദ വിശേഷിപ്പിക്കാറുള്ളൂ, ആ ഞാന്‍ ആണു്‌ ഇന്നലെ വന്ന മാനേജരുടെ ചീത്ത വിളി കേള്‍ക്കുന്നത്‌. ഗുരു സ്ഥാനത്ത്‌ നിര്‍ത്തിയിട്ടുള്ള ദാദയെ കൂടെ ചീത്ത വിളിച്ച ഇയാള്‍ക്ക്‌ ഒരു പണി കൊടുക്കണമെന്ന് സകലഗുരുക്കന്മാരെയും മനസ്സിലോര്‍ത്ത്‌ മാനേജരുടെ റൂമില്‍ നിന്നും പുറത്ത്‌ കടന്നപ്പോഴുണ്ട്‌ സകല ചീത്ത കൊള്ളികളും പുഞ്ചിരിച്ച്‌ എന്നെ വരവേല്‍ക്കാന്‍ നില്‍ക്കുന്നു.
പിറ്റെന്ന് ദാദ വന്നു അത്യാവശ്യജോലി കഴിഞ്ഞപ്പ്പ്പോള്‍ എന്നെ വിളിച്ചു. അപമാനം അടിമുടി ബാധിച്ചതിനാല്‍, എന്റെ മുഖം രണ്ടെണ്ണം വിട്ട്‌ ഉറങ്ങി എഴുന്നേറ്റവനെ പോലെയായിരുന്നു.
വാര്‍ഷിക
പരീക്ഷ തോറ്റ വിദ്യാര്‍ത്‌ഥി പുതിയ അധ്യയന വര്‍ഷം സ്കൂളിലേക്ക്‌ വരുന്ന പോലെയാണു്‌ അന്ന് ഞാന്‍ ഓഫീസിലേക്ക്‌ വന്നത്‌.
പതിവ്‌ ചോദ്യങ്ങള്‍ക്കെല്ലാം അവിടെയും ഇവിടെയും തൊടാതെ മറുപടി പറഞ്ഞു. യു പി എ ഗവണ്മെന്റിനു്‌ ഇടതുപക്ഷം കൊടുക്കുന്ന രീതിയിലുള്ള എന്റെ സമീപനം കണ്ടപ്പോള്‍ ദാദ എന്തുണ്ടായെന്ന് ചോദിച്ചു. മുരടനക്കി തൊണ്ട ശരിയാക്കി ശ്രീ അച്യുതാനന്ദന്‍ പ്രസംഗിക്കുവാന്‍ തുടങ്ങുന്ന പോലെ ഷര്‍ട്ടിന്റെ കോളര്‍ ശരിയാക്കി, അച്യുതാനന്ദന്‍ അനുകരണം അവിടെ വെച്ചു നിര്‍ത്തി കാരണം അതേ ശൈലിയില്‍ പ്രസംഗിച്ചാല്‍ കേള്‍ക്കാനിരിക്കുന്നത്‌ കഥയറിയാത്ത ഡിഫിക്കാരല്ല മുന്നിലിരിക്കുന്നത്‌, നാട്ടിലേക്ക്‌ ചീട്ട്‌ എഴുതി കൈയില്‍ തരാന്‍ പറ്റുന്ന ആളാണു്‌.ചീട്ട്‌ കൈപറ്റി നാട്ടില്‍ ചെന്നാല്‍ ഒരു ഇത്തിരി സ്മാര്‍ട്ടാവാന്‍ പോലും ചില കൂപമണ്ഠൂകങ്ങള്‍ സമ്മതിക്കില്ല.ആയത്‌ കൊണ്ട്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഇംഗ്ലീഷില്‍ ഒന്നിനു നൂറെന്ന നിലക്ക്‌ കാര്യങ്ങള്‍ പൊലിപ്പിച്ചു അവതരിപ്പിച്ചു. ഇടക്ക്‌ ഒന്നു നിര്‍ത്തി ദാദ ശ്രദ്ധിക്കുന്നില്ലേയെന്ന് നോക്കി.വികാരവിക്ഷുബ്ധനായി ദാദ അടിമുടി വിറക്കുകയാണു്‌.എന്റെ മനംകുളിര്‍ത്തു. ഹെഡ്‌ ഓഫീസില്‍ ഇരിക്കുന്നവരെല്ലാം വിഡ്ഡികളാണു്‌ എന്ന് വരെ മനേജര്‍ പറഞ്ഞെന്നും പറഞ്ഞ്‌ ഞാന്‍ ഉപസംഹരിച്ചു.
ദാദ ചെയറിലേക്ക്‌ മലര്‍ന്നു..എനിക്ക്‌ ചെറുതായി പേടി തോന്നി തുടങ്ങി.. സ്വല്‍പ നേരം കണ്ണടച്ചിരുന്നു. ശൈഖുമാര്‍
പങ്കെടുക്കുന്ന മീറ്റിങ്ങില്‍ സംസാരിച്ചു തുടങ്ങുന്ന അതേ അവധാനതയൊടെ പറഞ്ഞു തുടങ്ങി...
പ്രോജക്ട്‌ മാനേജര്‍ സമ്മര്‍ദ്ദങ്ങളുടെ നടുവിലാണു്‌.പ്രോജക്ട്‌ നൂലില്ലാത്ത പട്ടം പോലെയായിരിക്കുന്നു.അദ്ദേഹം കുറച്ച്‌ കടുത്ത തീരുമാനമെടുത്തില്ലെങ്കില്‍ മില്ല്യണ്‍സിന്റെ നഷ്ടം വരുമെന്നും പറഞ്ഞു. ദാദയെ ചീത്ത വിളിച്ച തന്റെ കീഴുദ്ദ്യോഗസ്ഥനെ കുറിച്ച്‌ പറഞ്ഞത്‌ ഇത്ര മാത്രം..
'ഹി ഈസ്‌ ഏേന്‍ മിസിന്‍ഫൊംഡ്‌ ഇഗ്നൊറന്റ്‌'.
'ആരോ വഴി തെറ്റിച്ചു വിട്ട ഒന്നുമറിയാത്തവന്‍'
ഞാന്‍ ഒന്നാലോചിച്ച്പോള്‍ തോന്നി ആ വിശേഷണം എന്നെ പറ്റി ആയിരുന്നില്ലേ?.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 5:02 PM
അഭിപ്രായങ്ങള്‍:
വളരെ നന്നായിട്ടുണ്ട് ഇബ്രൂ. രസകരമായി വായിച്ചു.
 
ഇബ്രൂ,
'എന്റെ ലോക'ത്തെ അപേക്ഷിച്ച് ഒറ്റവായനയ്ക്കുതന്നെ ഉള്ളിന്റെ ഉള്ളില്‍ കയറുന്ന വിഷയമായതിനാല്‍ നന്നായി ആസ്വദിച്ചു. വളരെ ബോധിച്ചു. നല്ല ശൈലി. ഞാന്‍ തന്നെ അനുഭവിച്ചമാതിരി തോന്നി. അഭിനന്ദനങ്ങള്‍ !
 
പ്രിയ സൂ,അനില്‍...
പുതിയ മാനേജരെ വായിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു.ഒരാളെങ്കിലും വായിച്ച്‌ അഭിപ്രായം പറയുന്നുവെങ്കില്‍ തുടര്‍ന്നും എഴുതുന്നതില്‍ സന്തോഷമേയുള്ളൂ.
നിങ്ങളുടെ കമന്റുകള്‍ക്ക്‌ നന്ദി...
 
ibru, thuTarnnezhuthaam. pakshe jOli sthhalatthe kuRicchum matum ezhuthumpOL Sraddhikkuka.
 
ബ്ലോഗ്‌ ചെയ്ത്‌ പണി കളയാതെ നോക്കുക.
beware.
Read this
 
എനിക്ക്‌ ഇപ്പോള്‍ ബ്ലോഗ്‌ ചെയ്യാന്‍ പേടിയായി തുടങ്ങി..
ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നന്ദി..
വഴി മാറി നടക്കാമെന്ന് തോന്നുന്നു.. ഈ ഒരു മുന്നറിയിപ്പ്‌ "പുതിയ മാനേജര്‍" എന്ന പോസ്റ്റിങ്ങുമായി ചേര്‍ത്തു വായിക്കുവാന്‍ അപേക്ഷ..
പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ, എന്റെ പുതിയ ബ്ലോഗിലേയും ഇനി വരാനിരിക്കുന്ന ബ്ലോഗ്ഗുഗളിലേയും കഥാപാത്രങ്ങള്‍ക്ക്‌ എന്റെ ലോകത്തിലെ ചിലരുമായി സാമ്യം തോന്നാമെങ്കിലും അതു തികച്ചും സാങ്കല്‍പികം മാത്രമാണു്‌...
 
ഇബ്രു,

നന്നായിട്ടുണ്ട്‌!

ഇതൊക്കെ എല്ലായിടത്തും ഉള്ളതാണെടോ! പാര വയ്ക്കുന്നവര്‍ "insecure" എന്ന വര്‍ഗ്ഗത്തില്‍ പെടുന്നവരാ! പുതിയതായി വരുന്നവര്‍ അധികാരം കാണിക്കാനായി കീഴ്ജീവനക്കാരുടെ തലയില്‍ കയറുന്നത്‌ സാധാരണകാര്യമല്ലേ ഇബ്രൂ. പിന്നെ ഈജിപ്ഷ്യര്‍ക്ക്‌ പ്രത്യേകിച്ചും ഒരു കോമ്പ്ലെക്സ്‌ ഉണ്ട്‌!ഓഫീസ്‌ പൊളിറ്റിക്സ്‌ ഇല്ലാത്ത ഓഫീസുകള്‍ വളരെ കുറവല്ലേ?
ബ്ലോഗ്‌ ചെയ്ത്‌ പണികളയാതെ നോക്ക്‌ എന്ന ഭീഷണി കേട്ട്‌ പേടിക്കണ്ട ഇബ്രു. ബുദ്ധിപൂര്‍വ്വം ബ്ലോഗ്‌ ചെയ്യുക. ശൈലി നന്നായിട്ടുണ്ട്‌. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]