ചില നേരത്ത്.

വ്യാഴാഴ്‌ച, ജൂൺ 30, 2005

 

പെരുമഴക്കാലം

പുറത്ത്‌ മഴ തകര്‍ത്താടുന്നു...
വീട്ടുപറമ്പിലെ കുളം നിറയുമായിരിക്കും. തുള്ളിക്കൊരുകുടം കണക്കാണു മഴ പെയ്യുന്നത്‌. നാളെ മുതല്‍ കുളി കുളത്തില്‍ വെച്ചാകാം.കിണറ്റിലെ വെള്ളം ബക്കറ്റ്‌ വെച്ച്‌ കോരിയെടുക്കുവാന്‍ മാത്രം നിറയുമായിരിക്കും...അയല്‍പക്കത്തെ കുട്ടികള്‍ തല നിറയെ എണ്ണ തേച്ച്‌ കുളത്തില്‍ കുളിക്കുവാന്‍ വരും. എണ്ണ പാട കെട്ടി വെള്ളത്തില്‍ കലരും എന്ന് എത്ര പറഞ്ഞാലും അവറ്റകള്‍ കേള്‍ക്കില്ല.സോപ്പ്‌ വെള്ളത്തില്‍ കലര്‍ത്തരുതെന്ന് പറഞ്ഞിട്ടും ഫലമില്ല!!..
പെരുമഴക്കാലം....
അതിരു ഇടിഞ്ഞ്‌ കുളത്തിന്റെ വലിപ്പം കൂടാതിരിക്കുവാനായി കാലവര്‍ഷാരംഭത്തിന്ന് മുമ്പായി കുളം കിളച്ച്‌ അതിരുകള്‍ വൃത്താകൃതിയില്‍ കൈക്കോട്ട്‌ ഉപയോഗിച്ച്‌ വൃത്തിയായി തേച്ച്‌ മനോഹരമാക്കിയിട്ടുണ്ടാകും. കുളത്തിലേക്ക്‌ ഇറങ്ങുവാനായി തെങ്ങിന്‍ തടി ഉപയോഗിച്ച്‌ പടികള്‍ ഉണ്ടാക്കാറുണ്ട്‌.മഴക്കാലത്ത്‌ ഈ പടികള്‍ നിറയുന്നതിന്നനുസരിച്ചാണു വീട്ടില്‍ നിന്ന് കുളിക്കുവാന്‍ അനുവാദം കിട്ടുക. നാലോ അഞ്ചോ പടികളില്‍ വെള്ളം നിറഞ്ഞാല്‍ നിര്‍ത്തികൊള്ളണം അതായിരുന്നു നിയമം.
മഴ പെയ്തു കൊണ്ടേയിരിക്കുകയാണു.. ഇടക്ക്‌ ശക്തി കുറഞ്ഞും പിന്നീട്‌ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയാണു. മഴയത്ത്‌ മൂടി പുതച്ചുള്ള ഈ പാതിയുറക്കം നല്‍കുന്ന സുഖാനുഭൂതി പറഞ്ഞറിയിക്കുവാന്‍ വയ്യ.സമയ സ്ഥലബോധമില്ലാതെ ഇങ്ങനെ
കുറച്ച്‌ കിടക്കാം.ആരും വിളിച്ച്‌ ഉണര്‍ത്താതിരുന്നാല്‍ മതിയായിരുന്നു. വല്ല്യുമ്മ ആയിരിക്കും ആദ്യം വിളിക്കുക, കാരണം കുട്ടികള്‍ സ്കൂളില്‍ നിന്ന് വരാന്‍ തുടങ്ങിയിട്ടുണ്ടാകും. അനിയനെ പോയി വിളിച്ച്‌ കൊണ്ടുവരാന്‍ പറഞ്ഞായിരിക്കും തുടങ്ങുക.. ഈ ചെക്കനാണെങ്കില്‍ കുടയും എടുക്കാതെ പോകും സ്കൂളിലേക്ക്‌,.. വിളിക്കട്ടെ, അപ്പോള്‍ പോകാം. തിരിഞ്ഞു കിടന്നു. മഴ തകരപാത്രത്തില്‍ വീണു കരഞ്ഞു തുടങ്ങി.. സന്തോഷത്തിന്റെയോ സന്താപത്തിന്റെയോ?.കരഞ്ഞുകലങ്ങിയ അന്തരീക്ഷം..മഴയുടെ വിഷാദത്തിന്റേതാണു.. മഴക്കുമുണ്ടോ എന്റേതു പോലെ നഷ്ടമായ കിനാവുകള്‍?..
എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല, മഴ ചിന്നം പിന്നം പെയ്യുന്നു...അനിയന്‍ സ്കൂള്‍ വിട്ട്‌ വന്നുവോ?. ആവലാതിയായി..എന്തു പറ്റി?..ആരും വിളിച്ചില്ല!!. പുതപ്പ്‌ മാറ്റി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോഴുണ്ട്‌ അലാറം മുഴങ്ങുന്നു.. സമയം നാലര കഴിഞ്ഞിരിക്കുന്നു.സ്ഥലവും മാറിയിരിക്കുന്നു. കാതങ്ങള്‍ അകലെയാണു ഞാന്‍.. വര്‍ഷം മൂന്ന് കഴിഞ്ഞിരിക്കുന്നു അനിയനെയും വല്ല്യുമ്മയെയും കണ്ടിട്ട്‌,...സ്കൂള്‍ കാലം കഴിഞ്ഞു അനിയന്‍ കോളേജില്‍ ആണു പഠിക്കുന്നത്‌.
വല്ല്യുമ്മ വാര്‍ദ്ധക്യരോഗത്താല്‍ പീഡിതയായിരിക്കുന്നു...
അബുദാബിയിലെ ഉച്ചയുറക്കത്തിലെ, കേടുവന്ന എ സിയുടെ ഞരക്കമായിരുന്നു ഓര്‍മകളിലേക്കു നയിച്ച മഴ. ഇനി ഓഫീസിലേക്ക്‌..മഴ നനഞ്ഞ മനസ്സുമായി രണ്ടാം പാതി
ആടിത്തീര്‍ക്കുവാനായി ചമയമണിയുമ്പോള്‍ മൊബൈല്‍ മുഴങ്ങുന്നു.. മറുതലക്കല്‍ അനിയന്‍ - നാട്ടില്‍ നിന്ന്- മഴ നനയാതെ വീട്ടിലെത്തിക്കുവാന്‍ കുടയുമായി ഞാന്‍ അവനെയായിരുന്നു വിളിക്കാന്‍ പോകേണ്ടിയിരുന്നത്‌..അവന്‍ ഇംഗ്ലണ്ടിലേക്ക്‌ യാത്രയാകുന്നു.. ഈ പ്രാവശ്യവും അവനെ കാണാനൊത്തില്ല. പരിഭവങ്ങള്‍ പറഞ്ഞ്‌ കരച്ചിലിന്റെ വക്കോളമെത്തിയപ്പോള്‍ എനിക്കും വാക്കുകള്‍ മുറിഞ്ഞു. നല്ലത്‌ വരട്ടെ എന്നാശംസിച്ച്‌ മൊബൈല്‍ കട്ട്‌ ചെയ്തു.
അബൂദാബിയില്‍ മഴക്കോളിന്റെ ലാഞ്ചന പോലുമില്ലെങ്കിലും എന്റെ മനസ്സില്‍ സങ്കടത്തിന്റെ പെരുമഴക്കാലമായിരുന്നു അപ്പോള്‍...

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 2:22 PM
അഭിപ്രായങ്ങള്‍:
Again മഴ!!!
 
ബൂലോഗങ്ങളില്‍ തകര്ത്തു പെയ്യുന്ന മഴ...
നനഞ്ഞു കരഞ്ഞു...
 
പ്രിയ ഇബ്രു, വളരെ നന്നായിട്ടുണ്ട്‌ . ഇനിയും എഴുതണം.
മഴത്തുള്ളികള്‍ പ്രകൃതിയുടെ കണ്ണീരാണോ?
______
P.S: ഇബ്രു, ദയവായി http://vfaq.blogspot.com/2005/01/blog-post.html സന്ദര്‍ശിക്കുക. കമന്റുകള്‍ ട്രാക്ക്‌ ചെയ്യാന്‍ ശ്രീ.സിബുവും ശ്രീ.രാജും (പെരിങ്ങോടര്‍) ചേര്‍ന്ന് രൂപീകരിച്ച ഒരു ഉഗ്രന്‍ സംവിധാനമാണ്‌. കാര്യങ്ങള്‍ വിശദമായി വിശദീകരിച്ചിട്ടുണ്ട്‌ അതില്‍.

http://www.blog4comments.blogspot.com/ എന്ന ലിങ്കും സന്ദര്‍ശിക്കുക.
 
പ്രിയ കലേഷ്‌,
ബ്ലോഗ്‌ ചെയ്യുവാന്‍ സൂ-വായിരുന്നു പ്രചോദനം-
ഇപ്പോള്‍ എന്നെ വഴി നടത്തിക്കുന്നത്‌ നിങ്ങളാണു..
നന്ദിയുണ്ട്‌..
നന്ദി മാത്രമേയൊള്ളോ, എന്നു സലിം കുമാര്‍ മീശമാധവനില്‍ ചോദിച്ച പോലെ ചോദിക്കരുത്‌..
ഈ ഓട്ട കീശക്കാരന്റെ കയ്യില്‍ അതു മാത്രമേയുള്ളൂ..
ഇബ്രു..

Dear sunil
മഴ-
വേണമെങ്കില്‍ ഇനിയും നനയ്ക്കാം.

ശ്രീ പോള്‍.
വായിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷിക്കുന്നു.

നന്ദി എല്ലാവര്‍ക്കും..
-ഇബ്രു-
 
...വെറുമൊരോര്‍മ്മതന്‍ കിളുന്നു തൂവലും... തഴുകി നിന്നെക്കാത്തിരിക്കയാണു ഞാന്‍...

.... നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുര്‍നര്‍ജ്ജനിക്കുമോ....


മഴചിന്തകളില്‍ ഇബ്രു ഒരു പൊങ്ങുതടിപോലെ.....
കൊള്ളാം ഈ തണുപ്പ്‌. കരിമ്പടം മൂടി സൂക്ഷിക്കുക.
 
ഇബ്രു,
പിന്നെ നോക്കാം എന്നു പറഞ്ഞതിനു മാപ്പ്. നോക്കാതിരിക്കാന്‍ തോന്നിയില്ല. ഇബ്രുവിന്റെ മഴക്കാലവും മഴക്കാല ഓര്‍മ്മകളും നന്നായിരിക്കുന്നുട്ടൊ. എന്തായാലും വീട്ടില്‍ വെച്ചുള്ള ഉറക്കത്തിലെ ഓര്‍മ്മയില്‍ മഴ വന്നതു നന്നായി.അല്ലെങ്കില്‍ ഓഫീസില്‍ വെച്ചു ഉറങ്ങി സ്വപ്നം കണ്ടോണ്ടിരിക്കുമ്പോള്‍ ആണ് പണ്ട് ഓഫീസ് സന്ദര്‍ശിക്കാന്‍ വന്നയാള്‍ വരുന്നതെങ്കിലോ? വഴക്കിന്റെ പെരുമഴക്കാലം ആയേനേ.അല്ലേ?
 
കിണറ്റിലെ വെള്ളം ബക്കറ്റ്‌ വെച്ച്‌ കോരിയെടുക്കുവാന്‍ മാത്രം നിറയുമായിരിക്കും........

manoharam :)

-rathri
 
അര്‍ദ്ധവാര്‍ഷിക വേനല്‍ത്തലച്ചൂടില്‍ ഈ മഴയോര്‍മ്മ തലയും മനസ്സും തണുപ്പിച്ചു.
ഇബ്രു...
 
സൂ...
ഓഫീസില്‍ ഉറങ്ങാറില്ല..
പ്രവാസിയായതിന്ന് ശേഷം വീട്ടിലും കാര്യമായി ഉറങ്ങാറില്ല!!..
കിട്ടുന്ന സമയം പുളുവടിച്ചും നാട്ടുകാരെ കുറ്റം പറഞ്ഞും രാഷ്ട്രീയക്കാരെ ചീത്തവിളിച്ചും കഴിക്കാറാണു പതിവ്‌..
വല്ലപ്പ്പ്പോഴും മലയാറ്റൂരോ ആനന്ദോ വിജയനോ ഖലീല്‍ ജിബ്രാനോ വന്നു കയറിയാലായി..

ശ്രീ രാത്രീ...
അറിയാതെ വന്നു കയറിയതാണു..

ശ്രീ അനില്‍..
പൊയ്തൊഴിഞ്ഞ കാര്‍മേഘം മനസ്സും കുളിര്‍പ്പിച്ചുവോ?..

പ്രിയ കുമാര്‍..
ചില മഴക്കാല ഓര്‍മ്മകള്‍ മറ്റേതൊരു ഋതുക്കാലവും നല്‍കാത്തത്ര തീവ്രമായ അനുഭവങ്ങള്‍ നല്‍കുമെന്ന് എനിക്ക്‌ തോന്നാറുണ്ട്‌, നിങ്ങള്‍ക്കുമങ്ങനെയാണൊ?..
-ഇബ്രു-
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]