ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയ കഥ

എല്ലാവര്‍ക്കും ഒരു പ്രണയ കഥ പറയാനുണ്ടാകും. എനിക്ക്‌ പറയുവാനുള്ളത്‌ ഏകപക്ഷീയമായ ഒരു പ്രണയാനുഭവമാണ്‌.
സ്കൂള്‍ പഠനം കഴിഞ്ഞ്‌ അത്യവശ്യം രാഷ്ട്രീയവും പിന്നെ അല്ലറചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി നടക്കുന്ന സമയം. പ്രഭാതത്തിലെ പത്രവായനയും ചായകുടിയും കഴിഞ്ഞാല്‍ പിന്നെ നാട്‌ തെണ്ടാനിറങ്ങും. അത്തരം ഒരു അലച്ചിനിടയില്‍ ആണ്‌ എന്റെ പ്രണയം ആരംഭിക്കുന്നത്‌.എന്റേത്‌ ഒരു രാഷ്ട്രീയാഭിമുഖ്യമുള്ള കുടുംബമായതിനാല്‍ നാട്ടില്‍ നാലാളറിയും.ഒരു കണക്കിനത്‌ നല്ലതായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ പിതാമഹന്മാരുണ്ടാക്കിയിരുന്ന നല്ലപേര്‌ പല തെമ്മാടിത്തരങ്ങള്‍ക്കും ഒരു മറയായി ഞാന്‍ ഉപയോഗിച്ചിരുന്നു.
എന്റെ നാട്ടില്‍ വളരെ നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന വായനശാലയുണ്ട്‌. രാവിലെ ഈ വായനശാല തുറന്നിരുന്നത്‌ അക്കാലത്ത്‌ ഞാനായിരുന്നു.പ്രശസ്തനായ മുന്‍കാല നിയമസഭാ സ്പീക്കര്‍ സംഭാവന ചെയ്ത ധാരാളം പുസ്തകങ്ങള്‍ അവിടെ അലമാരികളില്‍ നിറഞ്ഞിരുന്നു. ഒഴിവ്‌ ദിവസങ്ങളില്‍ നിരവധി പേര്‍ പുസ്തകം വായിക്കുവാനും വാങ്ങുവാനുമായി അവിടെ എത്താറുണ്ടായിരുന്നു. അത്തരമൊരു ദിനത്തിലാണ്‌ സജ്‌ന കയറിവന്നത്‌. ഏെതോ ഒരു നോവല്‍ എടുത്ത്‌ രെജിസ്റ്റര്‍ ചെയ്യാന്‍ അടുത്ത്‌ വന്നപ്പോഴാണ്‌ ഞാന്‍ അവളെ ശ്രദ്ധിക്കുന്നത്‌. തരക്കേടില്ലാത്ത രൂപഭംഗി, മാന്‍ മിഴികള്‍,
ആകര്‍ഷണീയമായ വസ്ത്രധാരണ രീതി തുടങ്ങി ഒരു വായനോട്ടക്കാരന്റെ മനസ്സിന്‌ ഇണങ്ങുന്ന അവളുടെ പേര്‌ പക്ഷെ മെമ്പര്‍ രെജിസ്റ്ററില്‍ ഇല്ലായിരുന്നു.
നാട്ടിലെ തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരന്റെ മകളാണ്‌ അവളെന്ന് എനിക്ക്‌ മനസ്സിലായത്‌ പുസ്തകം അയാളുടെ പേരില്‍ രെജിസ്റ്ററില്‍ ചേര്‍ക്കാന്‍ പറഞ്ഞപ്പ്പ്പോഴായിരുന്നു. എന്റെ പരിചയക്കാരനായിരുന്നു അവളുടെ പിതാവ്‌. ഒന്നും രണ്ടും പറഞ്ഞ്‌ അവളുടെ കൂടെ കൂടുവാന്‍ എന്റെ ഇമേജ്‌ എനിക്കൊരു പ്രശ്നമായിരുന്നു. ആയതിനാല്‍ അവള്‍ പോകുന്ന വഴികളിലും അവളുടെ വീടിന്റെ പരിസരങ്ങളിലും ഞാന്‍ അലസനായി ചുറ്റി തിരിഞ്ഞ്‌ കാലം തള്ളി നീക്കി.അലസതയുടെയും വായിനോട്ടത്തിന്റെയും കാലത്തിന്‌ വിരാമമിട്ട്‌ തുടര്‍പഠനത്തിന്‌ ചെന്നൈ മഹാനഗരത്തിലേക്ക്‌ യാത്രയാകുമ്പോഴും എന്റെ മനസ്സിന്റെ കോണിലെവിടെയോ പറയാതെ പോയ പ്രണയത്തിന്റെ നീറ്റലുണ്ടായിരുന്നു. ഒോരോ തിരിച്ച്‌ വരവിലും പ്രണയാഭ്യര്‍ത്ഥന എന്തിനെയൊക്കെയോ ഭയപ്പെട്ട്‌ ഉടക്കി നിന്നു. സ്നേഹിതര്‍ക്കിടയിലെ കളിയാക്കലിലും കുറ്റപ്പെടുത്തലിനുമിടയ്ക്ക്‌ പെട്ട്‌ വീര്‍പ്പ്‌ മുട്ടി നില്‍ക്കുമ്പോള്‍ സഹായിക്കാന്‍ സുഹൃത്തിന്റെ കാമുകിയെത്തി. വളരെ വിശദമായി പ്രണയചരിത്രം വിവരിച്ച്‌ ഞാന്‍ രണ്ടാം അങ്കം കുറിക്കുവാന്‍ ദുബായിലെത്തി.
കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ പ്രണയഫലം അറിവായി..
സുഹൃത്തിന്റെ പ്രണയിനി സജ്‌നയോട്‌ എന്നെ പറ്റിയും മനസ്സില്‍
ഇന്നും കൊണ്ട്‌ നടക്കുന്ന പ്രണയത്തെ പറ്റിയും ഏെതോ വിവാഹപാര്‍ട്ടിയില്‍ വെച്ച്‌ സൂചിപ്പിച്ചുവത്രെ,
മറുപടി വളരെ ലളിതമായിരുന്നു..
'എനിക്ക്‌ ആ പേരും ഇഷ്ടമല്ല, അവനെയും കാണേണ്ട!!', എന്നായിരുന്നു..
ഈയിടെയായി ഞാന്‍ പെണ്‍ക്കുട്ടികളെ കാര്യമായി ശ്രദ്ധിക്കാറില്ല, കാരണം വളരെ റൊമാന്റിക്‌ ആണെങ്കിലും എനിക്ക്‌ തീരെ ധൈര്യമില്ല.
വെറുതെയെന്തിനാണ്‌ അവനവന്റെ ആത്മവിശ്വാസം തകര്‍ക്കുന്നത്‌?.

അഭിപ്രായങ്ങള്‍

rathri പറഞ്ഞു…
'രക്തരക്ഷസ്സിനു കൊടുത്തു ഞനെന്റെ തിക്തരാഗത്തിൻ പുല്ലാങ്കുഴൽ' എന്നു പറഞ്ഞ ആളെ ഓർമയില്ലെ ഇബ്രു?
--രാത്രി
aneel kumar പറഞ്ഞു…
ഓൾടെ പേരിനെക്കാളും നന്നാണല്ലോ ഇബ്രൂന്റെ?
സജ്ന ഇബ്രുവിനെ തെരക്കി വരുന്ന ഒരു നാളുണ്ടാവും...
Kalesh Kumar പറഞ്ഞു…
ഇബ്രു, അവളെക്കാൾ സുന്ദരിയും ശാലീനയുമൊക്കെ ആയ വേറേ ഏതോ ഒരു മാന്മിഴിയാളെ മുകളിലിരിക്കുന്ന ടീം (ദൈവംതമ്പുരാൻ) ഇബ്രുവിനു വേണ്ടി ഈ ദുനിയാവിലെവിടെയോ കണ്ടുവച്ചിട്ടുണ്ട്‌! സമയമാകുന്നതു വരെ ഒന്ന് സബൂറാക്ക്‌ ! (സബൂറാക്ക്‌ - ക്ഷമിക്ക്‌)
സു | Su പറഞ്ഞു…
അനിലും കലേഷും രാത്രിയും ഒന്നും പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.

ഒന്നാമത് അവളോട് പറയാൻ വേറെ ആളെ വിട്ടു. അപ്പോത്തന്നെ അവൾക്ക് തോന്നീക്കാണും ഇബ്രു ഒരു പേടിത്തൊണ്ടൻ ആണെന്ന്.

പിന്നെ എന്താ ഇബ്രൂ സ്നേഹിക്കുന്നൂന്ന് പറയാൻ ഇത്ര മടി. അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൽ നേരിട്ട് പറയണം കേട്ടോ.

എനിക്ക് തോന്നുന്നത് ആ കൂട്ടുകാരി പേടിച്ചിട്ട് ഒന്നും ചോദിച്ചു കാണില്ല എന്നാ.


(ദൈവമേ സത്യായിട്ടും ഞാൻ ഇതൊന്നും ഇബ്രൂനെ തല്ലുകൊള്ളിക്കാൻ കൊടുക്കുന്ന ഉപദേശം അല്ല.)
aneel kumar പറഞ്ഞു…
സു വിന്റെ ഉപദേശം അനുസരിക്കുന്നത് വളരെ നല്ലതാണ്.
ഇപ്പോഴേ ഗ്യാരണ്ടി തന്നിരിക്കയല്ലേ.
റിട്ടേൺ ടിക്കറ്റ് ഓപ്പണാക്കി പൊയ്ക്കോളൂ ഇബ്രു. എയർപോർട്ടിൽ തന്നെ എമർജെൻസിയിൽ കയറിവരാം.
ഇബ്രൂ,

പെണ്ണുങ്ങൾ പറയുന്ന ഒരു വാക്കും അപ്പാടെ മുഖവിലക്കെടുക്കരുതു മോനേ!

ഇഷ്ടമില്ലെന്നവളുടെ നാവു പറയുമ്പോൾ അകത്തിരുന്ന് മനസ്സു കൂവിവിളിക്കുന്നുണ്ടാവും “ ഇബ്രൂ, എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ, എന്നാത്മഗീതങ്ങൾ കേട്ടിട്ടില്ലല്ലോ!“


മൂന്നു പ്രാവശ്യമെങ്കിലും ഇഷ്ടമില്ലെന്നുറപ്പിച്ചു പറഞ്ഞാലേ ഒരു പ്രാവശ്യം അതു വിശ്വസിക്കാവൂ...

ദൈവത്തിന്റെ ഓരോരോ ഡിസൈനുകൾ!

-(മറ്റൊരു പഴയ നിശ്ശബ്ദകാമുകൻ)
evuraan പറഞ്ഞു…
മൂന്നു പ്രാവശ്യമെങ്കിലും ഇഷ്ടമില്ലെന്നുറപ്പിച്ചു പറഞ്ഞാലേ...

മൂന്നാമത് പറഞ്ഞു കഴിയുമ്പോൾ, ഒരു കുപ്പിയിൽ ആസിഡുമായി അവൾ വരുന്ന വഴിയിൽ കാത്ത് നിൽ‍ക്കണം. എന്നിട്ട്...

വയറു നിറയെ ആങ്ങളമാരുടെയും നാട്ടുകാരുടെയും അടി കൊള്ളണം...

എന്നിട്ട് വർ‍ഷങ്ങളോളം കഭീ കഭീയെന്ന പാട്ടും , ചെമ്മീനിലെ മധു പാടിയ ശൈലിയിൽ
മാനസമൈനേ വരൂ” -വും പാടിപ്പാടി “കടാപ്പുറത്ത്” അലഞ്ഞു തിരിയണം

-- എന്നൊന്നും ഞാൻ പറയുന്നില്ല..


നല്ലൊരു ജ്വാലി തരപ്പെടുത്തിയിട്ട് പിതാവിനെയും കൂട്ടി അങ്ങട് ചെല്ലുക.. അവരുടെ വീട്ടിലേക്ക്, പെണ്ണ് ചോദിക്കാൻ.

പിന്നെ അന്നേരവും അയാൾക്ക് തന്നെ വേണ്ടെന്നാണെങ്കിൽ, ഇബ്രു, അട്ടേൽ പിടിച്ചു മെത്തേൽ കിടത്തിയാൽ കിടക്കില്ലല്ലോ എന്ന് ആത്മഗതവുമടിച്ച് തിരിച്ച് പോരുക.

--ഏവൂരാൻ.
സു | Su പറഞ്ഞു…
ഒരു തമിഴ്-മലയാളി എലി വന്ന് പോയിട്ട് മനുഷ്യന് വട്ട് പിടിച്ചിരിക്കുമ്പോഴാ ഇവിടെ ഒരാളുടെ വക ഉപദേശം.

വിശ്വപ്രഭേ.....( സു അലറുന്നു).

“പെണ്ണുങ്ങൾ പറയുന്ന ഒരു വാക്കും അപ്പാടെ മുഖവിലക്കെടുക്കരുതു മോനേ“

എന്ന് പറഞ്ഞത് ഉടൻ തിരുത്തി “ചില പെണ്ണുങ്ങൾ ......എന്ന് പറഞ്ഞോളണം.

എന്നെക്കൊണ്ട് പാസ്സ്പോർട്ട് എടുപ്പിക്കരുത്. പറഞ്ഞില്ലാന്നു വേണ്ട.
വിശ്വപ്രഭ തിരിച്ചലറുന്നു:
“അങ്ങനത്തെ ‘ചില’ പെണ്ണുങ്ങളെ ഇതുവരെയും കണ്ടുമുട്ടിയിട്ടില്ല.“

(സുനാമി വരുമെന്ന് പണ്ടേ അറിയാമായിരുന്നു! സുനാമിക്കും പാസ്പോർട്ട് വേണമെന്ന് ഇപ്പോഴാണ് അറിഞ്ഞത്!)

വരുമെന്ന പ്രതീക്ഷയോടെ....
ചില നേരത്ത്.. പറഞ്ഞു…
സൂ-
വിശ്വപ്രഭ ഒരു അനുഭവ സമ്പന്നനാണെന്നാണ്‌ തോന്നുന്നത്‌. എനിക്കും അദ്ദേഹത്തിന്റെ അഭിപ്രായമാണ്‌.
പിന്നെ സൂ- ആണുങ്ങളുടെ തല്ലിന്റെ വേദന എന്ന് പറഞ്ഞാല്‍ ഭയങ്കരം തന്നെയാണ്‌,കിട്ടിയ തല്ലുകളുടെ വേദന അക്കാലത്ത്‌ മറന്നിരുന്നില്ല. അതാണ്‌ നേരിട്ട്‌ പറയാതിരുന്നത്‌.
സന്തോഷ്‌ ചേട്ടാ..ചങ്ക്‌ പറിച്ച്‌ കാണിക്കുമ്പോള്‍ ചെമ്പരത്തി പൂവാണെന്ന് പറയരുതേ....
ഏവൂരാനേ, കാക്ക കാക്ക എന്ന സിനിമയിലേത്‌ പോലെ എന്നായിരിക്കുമല്ലേ?..
ജോലിയൊന്നും തരക്കേടില്ല, പക്ഷെ നായിക വിവാഹിതയായ വിവരം അറിയിക്കുവാന്‍ വിട്ട്‌ പോയതില്‍ എന്നോട്‌ ക്ഷമിക്കുക!.
വിശ്വപ്രഭേ,
താങ്കളുടെ അഭിപ്രായങ്ങളെ മാനിക്കുന്നു.
ദൈവത്തിന്റെ ഓരൊ ഡിസൈനുകള്‍!! കൊള്ളാം, നല്ല വിശേഷണം.
അനില്‍ ഭായ്‌,
എന്തു ചെയ്യാം?.. സുവിനറിയില്ലല്ലോ പെണ്ണിന്റെ ബാപ്പായ്ക്ക്‌ ഒരു ആര്‍നോള്‍ഡ്‌ ബോഡിയാണെന്ന്,.
ശ്രീ കലേഷ്‌,
ആ ഒരു സമാധാനം മാത്രമേ ഇനി ബാക്കിയുള്ളൂ.
രാത്രിഞ്ചരരേ..
അറിയാം, ശരിക്കും അറിയാം..
കമന്റിയ എല്ലാവര്‍ക്കും നന്ദി.
ഇബ്രു-
ചില നേരത്ത്.. പറഞ്ഞു…
വിശ്വപ്രഭേ,
നീ ആണുങ്ങളിലെ മുത്താണ്‌ മോനേ....
ഇബ്രു-
aneel kumar പറഞ്ഞു…
കൊണ്ടക്കളഞ്ഞില്ലേ ഇബ്രൂ.
ബൂലോഗത്തിലും അങ്ങു നാട്ടിലും മുട്ടൻ തല്ലുപരമ്പര നടക്കേണ്ട ഒരു വിഷയം, നായികയെ കെട്ടിച്ചതോടെ നശിപ്പിച്ചില്ലേ? വൻ ചതിയായിപ്പോയി.

വിശ്വപ്രഭ:സു എന്ന നാമമുള്ളയാൾ എന്ന അർത്ഥത്തിലാണോ സുനാമി? (അല്ലെങ്കിൽ ശരിക്കുള്ള സുനാമി ആക്രമണം പ്രതീക്ഷിച്ചോളൂ)
സു | Su പറഞ്ഞു…
അവളെ കെട്ടിച്ചോ. ഛെ! എന്നാലും നീ ഇത്രേം ഭീരു ആയിരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. ഇനിയിപ്പോ ദൈവം കണ്ടുവെച്ചിട്ടുള്ളത് തന്നെ നടക്കട്ടെ.
Kalesh Kumar പറഞ്ഞു…
ആരും തമ്മിൽ കൊമ്പുകോർക്കണ്ട. ആരും ഭീരുക്കളല്ല - ആണായാലും പെണ്ണായാലും- സാഹചര്യങ്ങളാണ്‌ എല്ലാത്തിനും കാരണം. ചില സമയത്ത്‌ ജീവിതത്തിന്റെ പോക്ക്‌ നമ്മുക്ക്‌ നോക്കിക്കൊണ്ട്‌ നിൽക്കാനേ കഴിയൂ - ഒരു ചൂണ്ട്‌വിരൽ പോലും അനക്കാൻ കഴിയില്ല!

സാരമില്ല ഇബ്രു! ഒരു ബസ്സ്‌ പോയാൽ അതിന്റെ പുറകേ അടുത്ത ലക്ഷ്വറി കോച്ച്‌ വരും! പോയ ബസ്സിന്റെ പുറകേ ഓടീട്ടോ അല്ലേൽ ബസ്സ്‌ പോയതിൽ വിഷമിച്ചിട്ടോ കാര്യമില്ല (ഈതെന്റെ അച്ഛൻ എനിക്ക്‌ ഉപദേശിച്ച്‌ തന്നതാ! :))
ചില നേരത്ത്.. പറഞ്ഞു…
ശ്രീ കലേഷ്‌,
ലക്ഷ്വറി കോച്ച്‌ വരും,അതില്‍ ലക്ഷ്വറി പെണ്‍കൊച്ചുകള്‍ വരുമായിരിക്കും അല്ലേ?..
(നാലു കെട്ടാനല്ല കേട്ടോ..)
-ഇബ്രു-
Anees പറഞ്ഞു…
വെറുതെയല്ല ഒറ്റയൊരൊണ്ണം തിരിഞ്ഞുനോക്കാത്തത്‌
ANs
Geo പറഞ്ഞു…
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
“വെറുമൊരുവാക്കിനക്കരെയിക്കരെ കടവുതോണീ കിട്ടാതെ നില്‍ക്കുന്നവരെ” പറ്റി ചുള്ളിക്കാട് എവിടെയോ എഴുതി.

പല പ്റണയങ്ങള്‍ എനിക്കും. 5-ഇല്‍ 4 പേരോടും പറയാന്‍ ധൈര്യമില്ലാതെ പോയി. ഒടുവില്‍ ഒരുത്തിയോടു പറഞ്ഞ്പ്പോല്‍ ആ ബന്ധം വിജയിക്കില്ല എന്നു നൂറു പേജില്‍ സുവിശേഷം. ഞാന്‍ പിന്നെ ദുഖഗാനങളില്‍ എന്‍റെ ആശ്വാസം കണ്ടെത്തി :-)
Jayan പറഞ്ഞു…
ഇത്രവേഗം ആത്മവിശ്വാസം തകരേണ്ട ഇബ്രൂ.... ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാ......... (അയ്യോ, എന്റെ കാര്യം ഞാന്‍ പരമരഹസ്യമാക്കി വച്ചിരുന്നതാ.........)
:)
Kumar Neelakandan © (Kumar NM) പറഞ്ഞു…
dear Mahout,
“...ഒരു ചെറുവാക്കിനക്കരൈക്കരെ കടത്തുതോണി കിട്ടാതെ നിൽക്കുന്നവരെ”ക്കുറിച്ച് ഓ എൻ വി അല്ലേ പറഞ്ഞത്?
“ഒരു വിലപ്പെട്ട ജന്മം മുഴുവനും വെറുമൊരുവാക്കിനക്കരെയിക്കരെ കടവുതോണി കിട്ടാതെ നിൽക്കുന്നവർ“ -- “വ്യർത്ഥമാസത്തിലെ കഷ്ടരാത്രികൽ“ -- ചുള്ളിക്കാട്. ONV-യും സദൃശമായ ഒന്നു് എഴുതീട്ടുണ്ടോ എന്നിനിക്കറീല്ലാട്ടോ.
ക്ഷമ പറയാൻ എന്തു തെറ്റാണ് ആൻസി^h^h^h കുമാർ ചെയ്തത്? ഇബ്രുമോനൊരിക്കൽ എന്നോടു ചോദിച്ചു, uncle ആരാണെന്ന്. ഞാൻ പറഞ്ഞു, “പാപ്പാൻ, രാജാവിന്റെ പാപ്പാൻ“. ങ്യാഹഹഹഹ
അജ്ഞാതന്‍ പറഞ്ഞു…
ibru shall i send you an urdu gazal by ahmed jahanzeb?
or'changupottumbol" a poem by umeshbabu K.C ?
enthinanenno?
thoongi chavan thanne...
eathu pranayavum oruparidhikazhinjal virasamanu ennanetne abhiprayam.
enikkuparayan randumoonnu pranaya kadhakalundu...oru malayali, oru assamese, oru telungathi..nhanum ezhuthum oru divasam
കെവിൻ & സിജി പറഞ്ഞു…
പ്രണയനൈരാശ്യം പോലും മറക്കാൻ നല്ലൊരോണക്കാലത്തിനു കഴിയില്ലേ?

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന...