മുസ്ല്യാർക്ക് എങ്ങോട്ട് തിരിയാനും ഒരാൾ വേണമായിരുന്നു. ദേര ദുബായിൽ നിന്ന് ഖുസൈസിലേക്ക്, തെരുപ്പറമ്പിൽ അബ്ദുല്ലാക്കയുടെ മൂത്തമകനെ കാണാൻ, മൂന്നാം നമ്പർ ബസ്, പഴയ ദുബൈ സിനിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ മതിയാവുമെന്ന് നൂറാവർത്തി പറഞ്ഞു കാണും. ദുബൈ സിനിമ എവിടെയെന്നാണ് എപ്പോഴും സംശയം. ഇക്കോലത്തിലൊക്കെ ഉടുപ്പിടാവോ എന്ന് മൊയ്തീൻക്കയോട് ചോദിച്ചതോർമ്മയില്ലേ, അവിടെയായിരുന്നു ദുബൈ സിനിമ. സംസാരം തീർന്നപ്പോൾ, നദീമിന് എഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആവാസ വ്യവസ്ഥയുടെ ചിത്രം ഓർമ്മ വന്നു. ജലത്തിനടിയിലെ സസ്യങ്ങൾക്കിടയിൽ നിന്ന് വളഞ്ഞ് പുളഞ്ഞൊരു നീർക്കോലി, ജലവിതാനത്തിനടിയിൽ ബാക്കി ഉടലും മീതെ തലയുമായി, തുഴഞ്ഞു നിൽക്കുന്ന കൊച്ചു തവളയെ ലക്ഷ്യമാക്കി കുതിക്കുന്ന രംഗം. ചിത്രം ആ നിശ്ചലതയിൽ അല്ലായിരുന്നുവെങ്കിൽ, കിട്ടാവുന്ന എന്തെങ്കിലും കൊണ്ട് ആ തവളയെ രക്ഷിക്കണമെന്ന് , സിലബസ് വർഷങ്ങൾക്ക് ശേഷം മാറുന്നത് വരേയ്ക്കും ആ ചിത്രം കാണുമ്പോൾ നദീമിനു തോന്നാറുണ്ടായിരുന്നു. ആവാസ വ്യവസ്ഥയിൽ നീർക്കോലിയുടെ ഭക്ഷണം തവളയാണ്, കൊച്ചു തവളകൾ. നദീം മുഴുത്ത കല്ലൊന്നെടുത്ത് കൊച്ചു തവളയ്ക്ക് നേരെയെറിഞ്ഞു. ഉഭയജീവിയാണെന്ന ബോധം നഷ്ട