ചില നേരത്ത്.

ബുധനാഴ്‌ച, നവംബർ 01, 2017

 

𝗶𝗣𝗵𝗼𝗻𝗲 𝗫 ഉം Facial recognition technology യുടെ അനന്ത സാദ്ധ്യതകളും.𝗶𝗣𝗵𝗼𝗻𝗲 𝗫 ന്റെ 𝗙𝗮𝗰𝗲 𝗜𝗗 വിശേഷങ്ങൾ.

ജീവിതത്തിൽ ഒരിക്കലോ മറ്റോ മാത്രമേ ഭാവി, ഭൂതം വർത്തമാനം വിളിച്ച് പറയുന്നവരുടെ അടുത്ത് പോയിരുന്നിട്ടുള്ളൂ. കാക്കാലത്തികൾ എന്നായിരുന്നു, വീട് തോറും കയറിയിറങ്ങുന്ന ഈ സ്ത്രീകളെ വിളിച്ചിരുന്നത്. ഒരിക്കൽ നിർബന്ധത്തിന് വഴങ്ങി ചെന്നിരുന്നപ്പോൾ അവർ പറഞ്ഞു, മുപ്പത്തിമൂന്ന് വയസ്സ് വരെ കഷ്ടകാലമാണ്. എന്റെ ഇരുപതുകളിൽ ആയിരുന്നു അത്. കൈ കാണിക്കാൻ മടി കാണിച്ചപ്പോൾ മുഖം നോക്കിയാണെന്ന് ലക്ഷണം പറഞ്ഞത്.ഈ ലക്ഷണം, പിന്നീട് വല്ല കാൽ വെച്ച് കുത്തി മുറിവ് പറ്റിയാലോ, വാപ്പാന്റെ അടുത്ത് നിന്ന് കട്ട ചീത്ത കേട്ടാലോ ഉമ്മ ഈ സംഭവം എടുത്തിട്ട് സമാധാനിപ്പിക്കുമായിരുന്നു. കുറേ കാലം കഴിഞ്ഞ് സ്ഥിരം കാക്കാലത്തിയെ കണ്ടപ്പോൾ, ഉമ്മ പറയുന്നത് കേട്ടു, അവരെ ഭർത്താവ് വിട്ടു പോയതും മറ്റും. ശരിയായിരുന്നാലും തെറ്റായിരുന്നാലും കാക്കാലത്തിയുടെ റെവന്യൂ സോഴ്സ് അന്യന്റെ മുഖവും കൈപ്പത്തിയുമായിരുന്നു. മുഖം കാക്കാലത്തിയ്ക്ക്ക് മാത്രമല്ല ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളിനും (Apple Inc.) വരുമാനമാർഗ്ഗമാകുകയാണ്.
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണല്ലോ വെപ്പ്. അതായത് വികാരത്തിന്റെ സെക്കണ്ടറി ബിൽ ബോഡാണ് മുഖം. ആപ്പിളിന്റെ പുതിയ ഫോൺ ആയ iPhone X ൽ ഉപയോക്താവിന്റെ മുഖം ഫോൺ ഉപയോഗിക്കുന്നതിനുള്ള താക്കോൽ ആയി മാറുകയാണ്. iPhone X ന്റെ Face ID എന്ന ഫീച്ചർ ഉപയോക്താവിന്റെ മുഖം മാപ്പ് ചെയ്ത് പ്രവർത്തിക്കുന്ന തരത്തിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അവരുടെ പരസ്യവാചകം പറയുന്നത്, "Face ID maps unique geometry of your face" എന്നാണ്. 30,000 invisible dots ഉപയോഗിച്ച് കിട്ടുന്ന ഡാറ്റ ഐ ഫോണിന്റെ A11 bionic chip ഉപയോഗിച്ച് അനലൈസ് ചെയ്യുന്നു. ഇരുട്ടിൽ പോലും നമ്മുടെ മുഖം തിരിച്ചറിയാവുന്ന തരത്തിൽ ആണ് Face ID രൂപപ്പെടുത്തിയിരിക്കുന്നത്. പരസ്യ വാചകത്തിലെ, മുഖത്തിന്റെ unique geometry എന്ന technology ആപ്പിളിന്റെ അക്ഷയഖനിയാകാൻ അധികം താമസം വേണ്ട എന്ന് തോന്നുന്നു. കാക്കാലത്തികളുടേത് അശാസ്ത്രീയമായ രീതിയാണെങ്കിൽ ആപ്പിളിന്റേതിന് ശാസ്ത്രീയതയുടെ ശക്തമായ പിന്തുണയോടെയുള്ളതാണ്. 
ആപ്പിളിന്റെ ശാസ്ത്രീയത. 
Mind reading ന്റെ സാധ്യതകളെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി Facial recognitionഉം emotionഉം തമ്മിലുള്ള ബന്ധവും പഠന വിധേയമായിട്ടുണ്ട്. മനുഷ്യന്റെ മാത്രമല്ല, കുതിരകളുടെ മുഖത്തിന് പോലും മനസ്സിന്റെ വികാരങ്ങളെ പ്രകടിപ്പിക്കുന്ന ചേഷ്ഠകളുണ്ടെന്ന് തെളിയിച്ച സൈക്കോളജിസ്റ്റാണ്, അമേരിക്കയിലെ Princeton University അദ്ധ്യാപകനായിരുന്ന Silvan Tomkins. കുറ്റവാളികളുടെ mug shot കണ്ട്, ആരൊക്കെ എന്ത് തരം കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്ന തരത്തിൽ മനുഷ്യന്റെ മുഖചേഷ്ഠകളെ പറ്റി പഠിച്ച പ്രമുഖൻ. മുഖത്തെ ചുളിവുകളും വീർപ്പുമെല്ലാം നിരീക്ഷിച്ചായിരുന്നു, Silvan വ്യക്തികളുടെ പറ്റിയുള്ള കൃത്യമായ നിരീക്ഷണം നടത്തിയിരുന്നത്. പ്രസ്തുത വിഷയത്തിൽ നാല് വോള്യം വരുന്ന ' Affect, Imagery, Consciousness' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. അതോടൊപ്പം, ഈ വിഷയത്തിൽ Tomkins ന്റെ ശിഷ്യനായിരുന്നു, സൈക്കോളജിസ്റ്റായിരുന്ന Paul Ekman. Ekman തന്റെ ഗുരുവിന്റെതിൽ നിന്ന് ഒരു പടി മുന്നോട്ട് പോയി, മറ്റൊരു സൈക്കോളജിസ്റ്റായ Friesen നുമായി ചേർന്ന് മുഖത്തെ ലക്ഷണങ്ങളെ, മെഡിക്കൽ ടെക്സ്‌റ്റ് ബുക്കുകളെ ആധാരമാക്കി, മുഖത്തെ ഓരോ പേശി ചലനങ്ങളേയും (e.g. pars orbitalis, frontalis etc.) വിവിധ ആക്ഷൻ യൂണിറ്റുകളാക്കി (Action Units) ക്ലാസിഫൈ ചെയ്തു. ഇത്തരത്തിൽ 43 ചലനങ്ങളെ അവർ രേഖപ്പെടുത്തി. ഏഴ് വർഷത്തെ കഠിന പ്രയത്നം കൊണ്ട് അവർ മുഖത്തെ ഇതര മസിലുകളുടെ ചലനത്തെയും ചേർത്ത് നിരവധി തുടർ ചലനങ്ങളെയും രേഖപ്പെടുത്തി. ഇങ്ങിനെ അഞ്ച് പേശികളിൽ നിന്ന് മാത്രം പതിനായിരത്തോളം ചലനങ്ങൾ അവർ നിരീക്ഷിച്ചു. ഓരൊന്നിനും ഓരൊ ആക്ഷൻ യൂണിറ്റ് നമ്പറും നൽകി (e.g. A.U 9, A.U. 10). ഈ ആക്ഷൻ യൂണിറ്റുകളെ Paul Ekman, വികാരങ്ങളുമായി (emotions) ബന്ധിപ്പിച്ചു. ഉദാഹരണമായി Happiness എന്നതിനെ അദ്ദേഹം A.U 9 എന്ന് ക്ലാസിഫൈ ചെയ്തു. 30,000 invisible dots കൊണ്ട് ക്ലാസിഫൈ ചെയ്യാവുന്ന emotions അനന്തമാണ്. മനുഷ്യമുഖം വികാരപ്രകടങ്ങളുടെ അക്ഷയഖനിയാണെന്ന് പഠനാനന്തരം Ekman സാക്ഷ്യപ്പെടുത്തി. അതായത്, വികാരത്തിന്റെ സെക്കണ്ടറി ബിൽ ബോഡാണ് മുഖമെന്ന് അദ്ദേഹത്തിന്റെ പഠനം തെളിയിച്ചു. Mind reading നെ പറ്റിയുള്ള പഠനം അവിടം കൊണ്ടവസാനിച്ചില്ല. 
ജർമ്മനിയിൽ നിന്നുള്ള സൈക്കോളജിസ്റ്റുകൾ ഒരുപടി കൂടെ മുന്നോട്ട് പോയി. അവർ കുറച്ച് പേരുടെ വായിൽ പേന തിരുകി പിടിപ്പിച്ച്, ചിരിക്കുന്ന മസിലുകളുടെ പ്രവർത്തനത്തെ നിയന്ത്രിച്ച്, കാർട്ടൂൺ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ജർമ്മൻ സൈക്കോളജിസ്റ്റുകൾ നടത്തിയ പരീക്ഷണത്തിൽ , Paul Ekman ന്റെ നിരീക്ഷണത്തിൽ നിന്നും വ്യത്യസ്തമായി, മനസ്സിലെ വികാരങ്ങൾ രൂപപ്പെടുത്തുന്ന സെക്കണ്ടറി ബിൽ ബോഡുകൾ മാത്രമല്ല മുഖം, തിരിച്ചും സംഭവിക്കാമെന്ന് തെളിയിച്ചു. അതായത്, വികാരപ്രകടനങ്ങൾ മുഖത്ത് നിന്ന് തുടങ്ങി മനസ്സിലേക്ക് പോകുന്ന തരത്തിലും പ്രവർത്തിക്കുമെന്ന് തെളിയിച്ചു. മുഖം മനസ്സിന്റെ കണ്ണാടിയെന്നത് പോലെ തന്നെ മുഖത്തിൽ നിന്ന് മനസ്സിലേക്ക് വികാരങ്ങൾ പ്രവഹിക്കുമെന്നും തെളിയിച്ചു. iPhone X ന്റെ Face ID ഈ അനന്തസാദ്ധ്യതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഫേസ്ബുക്കിൽ ഒരു ഫോട്ടോ കാണുമ്പോഴുണ്ടാകുന്ന വികാരവും വാർത്ത കാണുമ്പോഴുണ്ടാകുന്ന പ്രതികരണവും നിഷ്പ്രയാസം അവർക്ക് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞേക്കും.
Paul Ekman ഉം Friesen ഉം ചേർന്ന് നടത്തിയ പഠനത്തെ അവർ Facial Action Coding System (FACS) എന്ന പേരിൽ 500 പേജുള്ള ഡോക്യുമെന്റ് ആയി ക്രോഡീകരിച്ചത്, Schizophrenia മുതൽ ഹൃദയരോഗത്തിന് വരെ ഇന്നുപകരിക്കുന്നു. കൂടാതെ Shrek (Dreamworks), Toy Story (Pixar) തുടങ്ങിയ അനിമേഷൻ സിനിമകളിൽ കഥാപാത്രങ്ങളുടെ മുഖപേശീ ചലനങ്ങൾക്കും ഉപയോഗിച്ചു. അവിടെ നിന്ന് ഒരു പടി കൂടെ കടന്നാണ്, ഈ സാങ്കേതികത സ്മാർട്ട് ഫോണിലേക്ക് കൂടെ കടന്ന് വരുന്നത്. ഈ ലേഖനമെഴുതുവോളം Paul Ekman ന്റെ പഠനം തന്നെയാണോ അതോ ജർമ്മൻ ടെക്നോളജിയാണോ അതോ രണ്ട് പഠനങ്ങളേയും സംയോജിപ്പിച്ചാണോ iPhone X ന്റെ Face ID യിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. പക്ഷേ unique geometry of your face എന്നത് iPhone X ന്റെ മാത്രം തുറക്കുന്ന കിളിവാതിലല്ല, മറിച്ച് ഉപഭോക്താവിന്റെ അന്തരാത്മാവിലേക്ക് തുറക്കുന്ന അറവാതിലാണ്. നിങ്ങളുടെ മുഖത്ത് പ്രസരിക്കുന്ന വികാരങ്ങളെയെല്ലാം ഓരോ ആക്ഷൻ യൂണിറ്റുകളായി ക്ലാസിഫൈ ചെയ്തിരിക്കുന്നതിനെ അനലൈസ് ചെയ്യുമ്പോൾ നിങ്ങളിലുള്ള വികാരം എന്താണെന്ന് തിരിച്ചറിയാൻ ഈ സാങ്കേതികതയ്ക്ക്ക് കഴിയുന്നു. 

Facial recognition technology യുടെ അനന്ത സാദ്ധ്യതകൾ. 
ടെക്നോളജിയിലെ ഈ കുതിച്ച് ചാട്ടം സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ മേഖലയിൽ വലിയ കുതിച്ച് ചാട്ടത്തിന് വഴിവെയ്ക്ക്കുമെന്ന് കരുതാം. അബുദാബിയിൽ നിന്നും ദുബൈയിലേയ്ക്ക്ക് ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് ഒരിക്കൽ എന്റെ ബോസ് ആയിരുന്നയാൾ ഹൃദയാഘാതം മൂലം ഓടിച്ചിരുന്ന വാഹനത്തിലിരുന്ന് മരിക്കുന്നത്. iPhone X ന്റെ Face ID പോലെയുള്ള സാങ്കേതികത IoT (Internet of Things) പോലെ കണക്ടടായിരുന്നെങ്കിൽ ഒരു പക്ഷേ ഇത്തരം മരണങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. Facial Action Coding System (FACS) വഴി, ഫോൺ ഉപയോഗിക്കുന്ന സമയത്ത് തന്നെ ഹൃദയാഘാതസാദ്ധ്യതകളെ തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്റെ ഡോക്ടറെ വിവരമറിയിക്കുകയും തക്ക ചികിൽസ സാദ്ധ്യമാക്കാനും സാധിക്കുമായിരുന്നു. 
മറ്റൊരു സാദ്ധ്യത സെലിബ്രിറ്റികളുടെ പോപ്പുലാരിറ്റി സംബന്ധിച്ചുള്ളതാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ അടിസ്ഥാനമാക്കിയാണ് പോപ്പുലാരിറ്റി നിശ്ചയിക്കുന്നത്. Face ID ഇതിനെ മാറ്റി മറിച്ച്, emotional coefficient വഴിയായിരിക്കും നിശ്ചയിക്കുക. സെലിബ്രിറ്റിയുടെ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന വികാരമായിരിക്കും ഇനി ആ വ്യക്തിയുടെ പോപ്പുലാരിറ്റി നിശ്ചയിക്കുക. രാഹുൽ ഗാന്ധിയ്ക്ക്കാണോ മോഡിക്കാണോ കൂടുതൽ പോപ്പുലാരിറ്റിയെന്നത് കുറേ കൂടെ കൃത്യമായി വിലയിരുത്താനും ഇത് വഴി സാധിച്ചേക്കും. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ഇനി, Action Unit കളായി അടയാളപ്പെടുത്താൻ സൗകര്യമാകും. ആ യൂണിറ്റുകൾ benchmark ആക്കി ഒരു നടന്റെ കൃത്യത കണക്കാക്കാൻ കഴിഞ്ഞേക്കും. മോഹൻലാലും മമ്മൂട്ടിയുമൊക്കെ എത്ര efficient ആണെന്നൊക്കെ വിലയിരുത്താൻ കഴിഞ്ഞേക്കും. 
കൂടാതെ സർവീസ് സെക്ടറിന്റെ കാര്യക്ഷമത (Human intensive sector) വർദ്ധിപ്പിക്കാനുതകുമായിരിക്കും. സേവനങ്ങളുടെ ഫീഡ്‌ബാക്ക് ഇനി ടച്ച് സ്ക്രീൻ വഴിയായികൊള്ളണമെന്നില്ല. ഒരേ നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാൻ സേവന മേഖലയ്ക്ക്ക് കഴിഞ്ഞേയ്ക്ക്കും സാദ്ധ്യതകൾ അനന്തമാണ്. 

Facial recognition technology യുടെ ആശങ്കകൾ.
ഈ അനന്തസാദ്ധ്യത ഇത് വലിയ സ്വകാര്യത ലംഘനത്തിലേക്ക് വഴിവെയ്ക്ക്കുമെന്ന് ആശങ്കകളുയർന്നു കഴിഞ്ഞു.facial recognition technology മറ്റു പല സ്മാർട്ട് ഫോൺ നിർമ്മാതാക്കളും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ iPhone X ന്റെ Face ID യ്ക്ക്ക് തതുല്യമായ സംവിധാനം ഇത് വരെയാരും അവതരിപ്പിച്ചിട്ടില്ല എന്നതാണവരുടെ അവകാശവാദം. കാരണം ഇതര facial recognition technology യിൽ നിന്ന് വ്യത്യസ്തമായി, മുഖത്തിന്റെ three dimensional scan ആദ്യമായാണ് ഒരു സ്മാർട്ട് ഫോണിൽ അവതരിപ്പിക്കുന്നത്. അവരുടെ A11 bionic chip ന്റെ സഹായത്താൽ അവതരിപ്പിച്ച neural engine, ഫോട്ടോ ഉപയോഗിച്ച് ഹാക്ക് ചെയ്യുന്നതിൽ നിന്നും മറ്റുള്ളവരെ തടയുന്നുവെന്നും അവകാശപ്പെടുന്നുണ്ട്. ഈ വാദത്തെ, facial recognition data base സംബന്ധിച്ച് പഠനം നയിച്ച George town university Law school ലെ Clare Garvie ശരിവെയ്ക്ക്കുന്നുമുണ്ട്. iPhone X ന്റെ അപ്പുറത്തുള്ള ലോകത്തെ സ്വകാര്യത ലംഘനം ഇപ്പോൾ തന്നെ American Civil Liberties Union ഉയർത്തിക്കഴിഞ്ഞു. കുറേ കൂടെ ദുർബലമായ ജനാധിപത്യരാജ്യങ്ങളിൽ, പോലീസ് വാഹനത്തിന്റെ അരികിലൂടെ പോകുമ്പോൾ, ഉടുവസ്ത്രമണിഞ്ഞാൽ പോലും നിങ്ങൾ നഗ്നരായിരിക്കുമെന്നതാണ് മറ്റൊരു വിശേഷം.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 11:01 AM 0 അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, ജൂൺ 02, 2013

 

കുറുക്കൻ

വിശാലമായ ഖബറിസ്ഥാനിലെ പുരാതനമായ മാളത്തിലിരുന്ന് ഓരിയിടാൻ മക്കളേയും കൊച്ചുമക്കളേയും മൂത്തകുറുക്കൻ കാരണവർ കുറുക്കൻ ഓർമ്മിപ്പിക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മായാൻ തുടങ്ങിയിരുന്നു. അപ്പോൾ കൊച്ചു കുറുക്കൻ ചോദിച്ചു,

"എന്തിനാണ് വല്യച്ഛാ, സന്ധ്യാ നേരത്ത് നമ്മളെല്ലാവരും പള്ളിയിലെ ബാങ്ക് വിളിക്കുന്നതിനൊപ്പം ഓരിയിടുന്നത്?'

അപ്പോൾ മംഗലം വലിയ പള്ളിയിലെ മുക്രി മഗ്‌രിബ് ബാങ്ക് വിളിയ്ക്കാനായി മുരടനക്കി തൊണ്ടയൊരുക്കുന്ന ശബ്ദം പുറപെട്ടു.

അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ...
മൈക്കിലൂടെ ഖബറിസ്ഥാന്റെ അതിർത്തിയും കടന്ന് ആ ബാങ്കൊലി കൂട്ടായിക്കടവ് വരെ ചെന്നു, അവിടെ വെച്ച് മറ്റൊരു ബാങ്കൊലിയുമായി ചേർന്ന് അടുത്ത വരിയുടെ ഗർഭം ധരിച്ചു.

അനാദികാലം മുതൽ തുടരുന്ന ഖബറിസ്ഥാനിലെ പുരാതന ഗുഹകളിൽ സ്ഥിരതാമസക്കാരായ കുറുക്കന്മാരുടെ ഓരിയിടൽ കിതച്ച് കിതച്ച് ബാങ്കൊലിയ്ക്കൊപ്പം ഓടിയെത്തി. അതിന്റെ പ്രതിധ്വനിയിൽ കുറുക്കന്മാർ പരസ്പരം ആശ്വസിച്ചു. ഇന്നത്തെ പകലും അതിജീവിയ്ക്കാനായിരിക്കുന്നു.

"കുഞ്ഞേ, ഈ സന്ധ്യാ നേരത്തെ ഓരിയിടലിനും പിന്നിൽ പണ്ടെങ്ങോ സംഭവിച്ചൊരു കഥയുണ്ട്. അതു പറഞ്ഞു തരാം."

മുത്തശ്ശൻ കുറുക്കൻ ഇളം ചൂടുള്ള മണ്ണിൽ വയറമർത്തി കിടന്നു, കൊച്ചുകുറുക്കൻ കഥ കേൾക്കാൻ അക്ഷമനായി.

"ഈ പള്ളിക്കാട്ടിൽ പണ്ട് പണ്ട് കുറേ കുറുക്കൻ കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർ രാത്രി ഇരതേടി പുറത്തിറങ്ങാൻ ഇരുട്ട് കാത്തിരിക്കുമായിരുന്നു. എന്നാൽ അക്കാലത്തൊരു ചെറുപ്പക്കാരൻ ഇര തേടാൻ സന്ധ്യമയങ്ങാൻ കാത്തിരിക്കാതെ പുറപ്പെട്ടു. കൂട്ടത്തിലെ മുതിർന്നവർ വിലക്കിയിട്ടും വക വെയ്ക്കാതെ ആ കുറുക്കൻ പുറപ്പെട്ടു പോയി. പക്ഷേ ആ കുറുക്കൻ നേരം പുലരാറായിട്ടും മാളത്തിലേയ്ക്ക് തിരിച്ചെത്തിയില്ല. ആ വിവരം പള്ളിക്കാട്ടിലെ മറ്റ് കുറുക്കൻ കുടുംബത്തോടെല്ലാം അറിയിച്ചു, പക്ഷേ അവരാരും പുറപ്പെട്ട് പോയ കുറുക്കനെ കണ്ടില്ലെന്ന് പറഞ്ഞ് വ്യസനിച്ചു.

വിസ്തൃതമായ ഈ പള്ളിക്കാട്ടിലെവെടെയെങ്കിലും വഴി തെറ്റി പോയതാകുമെന്ന് കരുതി അടുത്ത ദിവസം ഇരതേടി പുറപ്പെടും മുന്നെ കുടുംബത്തിലെ കാരണവർ കുറുക്കന്മാർ ഓരിയിട്ട് വഴി അടയാളപ്പെടുത്തി കൊടുത്തു. പക്ഷേ നിരാശയായിരുന്നു ഫലം. എന്നാൽ പ്രതീക്ഷ കൈവിടാതെ പള്ളിക്കാട്ടിലെ മറ്റു കുറുക്കന്മാർ എല്ലാവരും ചേർന്ന് തൊട്ടടുത്ത ദിവസവും ഓരിയിട്ട് വിളിച്ച് നോക്കി. അന്നീ നാട് ഓരിയിടലിന്റെ പ്രകമ്പനത്തിൽ വിറച്ചു, പക്ഷേ പുറപ്പെട്ട കുറുക്കൻ മാത്രം തിരിച്ചെത്തിയില്ല. അങ്ങിനെ സാഹസികരായ കുറച്ച് ചെറുപ്പക്കാരായ കുറുക്കന്മാരെ തിരച്ചിലിനായി പറഞ്ഞയച്ചു. അവർ നടത്തിയ തിരച്ചിലിന് ഒടുവിൽ, അങ്ങ് ദൂരെ പള്ളിക്കാടിന്റെ അതിർത്തി നിശ്ചയിക്കുന്ന വിശാലമായ കുളത്തിനരികിലെ നനഞ്ഞ മണ്ണ് ചുരണ്ടെടുത്തപ്പോൾ തലയ്ക്കടിയേറ്റ് മരിച്ച കുറുക്കന്റെ ശവം അടക്കം ചെയ്തതവർ കണ്ടെത്തി.

കുളം ഉപയോഗിക്കാൻ വന്ന പള്ളിയിലുള്ളവരാരോ കൊലപ്പെടുത്തിയതാണ് ആ ധൈര്യശാലിയായ കുറുക്കനെ എന്ന് തിരിച്ചറിഞ്ഞയന്ന് മുതൽ തുടങ്ങിയതാണ് ഈ ഓരിയിടൽ. അതിൽ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും അലയൊലികൾ അടങ്ങിയിട്ടുണ്ട് കുഞ്ഞേ!

തന്റെ പൂർവ്വികന്റെ സാഹസികതയുടെ തുടക്കവും ഒടുക്കവും ദുരന്തപര്യവസാനിയായതിൽ ആ കൊച്ചുകുറുക്കന് അത്യന്തം വിഷമം തോന്നി. അന്ന് രാത്രി വൈകിയിട്ടുള്ള ബാങ്ക് മുഴങ്ങുമ്പോൾ അന്നാട്ടുകാർ പതിവിൽ നിന്നും വിപരീതമായിട്ടൊരു ഓരിയിടൽ കേട്ടു, ഒച്ചയുറക്കാത്തയൊരു കൊച്ചു കുറുക്കന്റെ സങ്കടം കലർന്നൊരു ഓരിയിടൽ. അതിൽ വരാനിരിക്കുന്ന സംഘർഷത്തിന്റെ നാളുകൾ അടങ്ങിയിട്ടുണ്ടാകുമെന്ന് ആരറിഞ്ഞു.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 10:24 AM 2 അഭിപ്രായങ്ങള്‍

തിങ്കളാഴ്‌ച, മേയ് 27, 2013

 

വാറന്റ്

അക്കാലത്ത് , പോലീസുകാരെയോ അവരുടെ ഇതര ആളുകളെയോ കാത്തിരിക്കുന്നത് അപൂർവ്വതയായിരുന്നില്ല.

വിശാലമായ വരാന്തയിൽ കമിഴ്ന്ന് കിടക്കുമ്പോൾ, പുറത്ത് വളർന്ന്  വളഞ്ഞ നരച്ച രോമങ്ങൾ അയാളുടെ മകൾ  പറിച്ചെടുക്കുകയായിരുന്നു. അപ്പോഴാണ്‌  പോലീസുകാരൻ വാറന്റുമായി കടന്ന് വന്നത്. മകൾ, വാറന്റ് വായിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ  വസ്ത്രം മാറി, പോകാൻ തയ്യാറായി വന്നു.

വില്പത്രം നേരത്തെ തയ്യാറാക്കി വെച്ചിരുന്നതിനാൽ മകൾക്ക്  സമ്പാദ്യം എങ്ങിനെ ചെലവഴിക്കണമെന്ന് നിശ്ചയമായും അറിയുന്നുണ്ടാകുമെന്ന് അയാള് കരുതിയുറപ്പിച്ചു.

വാറന്റിൽ, അജ്ഞാതനായൊരാളെന്നെ എവിടെയോ കണ്ടുമുട്ടിയിട്ടുണ്ടെന്നതായിരുന്നു കുറ്റം.

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 10:17 AM 0 അഭിപ്രായങ്ങള്‍

വ്യാഴാഴ്‌ച, ഡിസംബർ 30, 2010

 
Posted by Picasa

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 10:59 PM 0 അഭിപ്രായങ്ങള്‍

വെള്ളിയാഴ്‌ച, ഡിസംബർ 24, 2010

 
Posted by Picasa

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 1:06 PM 0 അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, ഒക്‌ടോബർ 11, 2009

 

ആവാസ വ്യവസ്ഥ.

മുസ്ല്യാർക്ക് എങ്ങോട്ട് തിരിയാനും ഒരാൾ വേണമായിരുന്നു.

ദേര ദുബായിൽ നിന്ന് ഖുസൈസിലേക്ക്, തെരുപ്പറമ്പിൽ അബ്ദുല്ലാക്കയുടെ മൂത്തമകനെ കാണാൻ, മൂന്നാം നമ്പർ ബസ്, പഴയ ദുബൈ സിനിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ മതിയാവുമെന്ന് നൂറാവർത്തി പറഞ്ഞു കാണും. ദുബൈ സിനിമ എവിടെയെന്നാണ് എപ്പോഴും സംശയം. ഇക്കോലത്തിലൊക്കെ ഉടുപ്പിടാവോ എന്ന് മൊയ്തീൻ‌ക്കയോട് ചോദിച്ചതോർമ്മയില്ലേ, അവിടെയായിരുന്നു ദുബൈ സിനിമ. സംസാരം തീർന്നപ്പോൾ, നദീമിന് എഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആവാസ വ്യവസ്ഥയുടെ ചിത്രം ഓർമ്മ വന്നു. ജലത്തിനടിയിലെ സസ്യങ്ങൾക്കിടയിൽ നിന്ന് വളഞ്ഞ് പുളഞ്ഞൊരു നീർക്കോലി, ജലവിതാനത്തിനടിയിൽ ബാക്കി ഉടലും മീതെ തലയുമായി, തുഴഞ്ഞു നിൽക്കുന്ന കൊച്ചു തവളയെ ലക്ഷ്യമാക്കി കുതിക്കുന്ന രംഗം. ചിത്രം ആ നിശ്ചലതയിൽ അല്ലായിരുന്നുവെങ്കിൽ, കിട്ടാവുന്ന എന്തെങ്കിലും കൊണ്ട് ആ തവളയെ രക്ഷിക്കണമെന്ന് , സിലബസ് വർഷങ്ങൾക്ക് ശേഷം മാറുന്നത് വരേയ്ക്കും ആ ചിത്രം കാണുമ്പോൾ നദീമിനു തോന്നാറുണ്ടായിരുന്നു. ആവാസ വ്യവസ്ഥയിൽ നീർക്കോലിയുടെ ഭക്ഷണം തവളയാണ്, കൊച്ചു തവളകൾ.

നദീം മുഴുത്ത കല്ലൊന്നെടുത്ത് കൊച്ചു തവളയ്ക്ക് നേരെയെറിഞ്ഞു. ഉഭയജീവിയാണെന്ന ബോധം നഷ്ടപ്പെട്ട തവള ഒന്നാഞ്ഞു തുഴഞ്ഞു.

മുസ്ല്യാർക്ക് വഴി തെറ്റുമോ?

ഗലദാരി സിഗ്നലിലെ പുതിയ പാലത്തിന്റെ അരികു പറ്റി ഇടത്തോട്ട് തിരിഞ്ഞ്, വീണ്ടും ഏതാനും വളവു തിരിവുകൾക്കും ശേഷം മൂന്നാം നമ്പർ ബസ്, ഗ്രാന്റ് ഹോട്ടലിന്റ്റെ മുന്നിലെത്തി. നീർക്കോലി ബോധമണ്ഡലത്തിൽ ഇരയുടെ ഗന്ധം അറിഞ്ഞു. ആവാസ വ്യവസ്ഥയിലെ താളഗതിയ്ക്ക് പിഴവു പറ്റുകയോ? ഒരിക്കലുമില്ല, ഒരിക്കലുമില്ല.

അസ്സലാമു അലൈക്കും!

തെറ്റുപറ്റുന്നതാർക്കാണ്? അബ്ദുല്ലാക്കയുടെ മൂത്ത മകനോ? റബ്ബുൽ ആലമീനായ തമ്പുരാനോ?

വ അലൈക്കും സലാം!

നീർക്കോലി പരിസരം മണത്തു. ഭേഷ്!

കൊച്ചു തവളയെ പിന്നെ ആഹരിക്കാം.നിറയെ കുളങ്ങളുള്ള നീർത്തടത്തിൽ , മടക്കയാത്രയാവുമ്പോൾ മാത്രം ഈ കൊച്ചു തവളയെ ഭക്ഷിയ്ക്കാം.

ഇരയ്ക്കൊപ്പം വേട്ടക്കാരൻ രാപകലുകളില്ലാതെ കുളത്തിൽ നിന്നും കുളത്തിലേക്ക് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. നീർക്കോലിയുടെ വിസ തീർന്നു. നീർക്കോലി പെരുമ്പാമ്പായി ജനിതകമാറ്റം ഉൾക്കൊണ്ടു. തവളകൾ തവളകളായി തന്നെ നിലകൊണ്ടു. ആവാസ വ്യവസ്ഥയിൽ ജനിതകമാറ്റത്തിന് വിവേചനം!

നീർക്കോലി പിന്നേയ്ക്കായി കരുതി വെച്ചിരുന്ന തവളയേയും ഭക്ഷിച്ചു. അവസാനം!
അസ്സലാമു അലൈക്കും!

പെരുമ്പാമ്പ് വിമാനം കയറി, നാടൻ കുളത്തിലേക്കിറങ്ങി. ആ വെള്ളിയാഴ്ച ഖുതുബയിൽ തവളകളെ തവളകളായി തന്നെ നിലനിർത്താൻ പ്രാർത്ഥിച്ചു. നീർക്കോലികളുടെ ആയാസങ്ങളെ പറ്റി റബ്ബുൽ ഇസ്സത്തിനോട്, ആകാവുന്ന നിലയിൽ തലയുയർത്തി പ്രാർത്ഥിച്ചു.

നീർക്കോലികളെ നീ പെരുമ്പാമ്പുകളാക്കേണമേ!!
നാടൻ തവളകൾ, പോക്രോം! പോക്രോം!! എന്നുറക്കെ ആമീൻ ചൊല്ലി.

ലേബലുകള്‍:


ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 2:13 PM 3 അഭിപ്രായങ്ങള്‍

ഞായറാഴ്‌ച, ജൂൺ 21, 2009

 

ദുബൈയിലെ മറ്റൊരു ഡ്രൈവിംഗ് ലൈസൻസ്.

പതിനഞ്ചാം തവണയും കാർ മുന്നോട്ടെടുക്കാനാഞ്ഞപ്പോൾ ഗിയർ മാറ്റാതിരുന്നത് കാരണം മുരൾച്ച കൂടുതലായി. എന്ന് വെച്ചാൽ, പതിനഞ്ച് ടെസ്റ്റുകളിലും ഇതേ തെറ്റ് പരിഭ്രമം കാരണം ആവർത്തിച്ചിരിക്കുന്നു.

ജേഞ്ച് ഗിയർ!!

പരിശോധകൻ അലോസരപ്പെട്ടു.

സജിത്തിന്റെ മുഖം രക്തവർണ്ണമായി. ബ്രേക്കമർത്തി ഗിയർ ചേഞ്ച് ചെയ്തു. അനന്തരം വൺ പോയിന്റ് ത്രീ എഞ്ചിൻ നിസ്സാൻ സണ്ണി കാറിന്റെ ആക്സിലേറ്ററിൽ അമർത്തിയപ്പോൾ അനുസരണയില്ലാത്ത കുതിരയെ പോലെ മുന്നോട്ട് കുതിച്ചു. പരിശോധകൻ അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. സജിത്ത് അപ്പോഴുറപ്പിച്ചു, പതിനാറാം തവണ ടെസ്റ്റ് കൊടുക്കുമ്പോൾ കുറച്ച് കൂടെ ശ്രദ്ധിക്കണമെന്ന്. ഡ്രൈവിംഗ് സ്കൂളിന്റെ ഗേറ്റിൽ നിന്ന് പുറത്തേക്കുള്ള കച്ച പാർക്കിലൂടെ വണ്ടിയെടുത്ത് ലെബനോൺ റോഡിലെത്തിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു. കച്ച റോഡ് വഴി വണ്ടിയോടിക്കേണ്ടി വന്ന ഒരാളും ഇത് വരെ ടെസ്റ്റിൽ വിജയിച്ചിട്ടില്ല. എങ്കിലും, ഒരു യു ടേൺ എടുത്തതിന് ശേഷം വന്ന ആദ്യത്തെ ബസ് സ്റ്റോപ്പെത്തിയപ്പോൾ കേട്ടു.

ബാർക്കിംഗ്!

അറബി ഇൻസ്പെക്ടർ തന്നോടാവില്ല എന്നാണ് സജിത്ത് കരുതിയത്. പക്ഷേ വീണ്ടും ഇളകിയിരുന്ന് ഇൻസ്പെക്ടർ പറഞ്ഞു.

ബാർക്കിംഗ് ,യാ ! ഹബീബി.

സജിത്ത് വണ്ടി പരമാവധി ഒതുക്കി നിർത്തി. മനസ്സൊരു നിമിഷം ശാന്തമായപ്പോൾ, അന്തരാമിയിൽ നിന്നൊരു അനുരണനമുണ്ടായി,

ന്യൂട്രലിലിലാക്കടാ തെണ്ടീ!

ശേഷം, പിറകിലെ പാക്കിസ്ഥാനികളുടെ നിരയിലേക്ക് കയറിയിരുന്നു. ദൈവമേ, ഇത്തവണയെങ്കിലും ഈ ടെസ്റ്റിൽ വിജയിപ്പിക്കണേയെന്ന് നിശ്വസിച്ചു. ആ തക്കത്തിൽ മൂക്കിലേക്ക് സകലനിയന്ത്രണവും തെറ്റിച്ച് ശീമക്കൊന്നയുടേയും നിസ്‌വാറിന്റേയും രൂക്ഷഗന്ധം ഇടിച്ച് കയറി. അപ്പോൾ സജിത്ത് ദൈവത്തോട് പ്രാർത്ഥനയോടെ അന്വേഷിച്ചു.

“വൃത്തി എന്താണെന്ന് നീ ഇവരെ പഠിപ്പിക്കില്ലേ?”

കാർ അവസാനത്തെ വിദ്യാർത്ഥിയേയും കൊണ്ട് എല്ലായ്പ്പോഴും, നെടുവീർപ്പുകളോടെ ഊഴം കാത്ത് നിൽക്കുന്ന മറ്റൊരു കൂട്ടം വിദ്യാർത്ഥികളുടെ അടുത്തേക്കാണ് കൊണ്ടു പോകുന്നത്. തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്ന ഒരു ചാക്രിക ചലനം. ശേഷം റിസൾട്ട് പ്രഖ്യാപിക്കലായി.

“അഹ്മദ് ഖാൻ, ഫെയിൽ ”

“നോകിയ ഖാൻ, ഫെയിൽ ”

ഓരോ ചാക്രിക ചലനത്തിലും ഒരാൾ ഡ്രൈവിംഗ് ടെസ്റ്റ് പാസാവുമെന്നാണ് അലിഖിത നിയമം. അതിനാൽ സജിത്ത് , പിന്നെപ്പോഴെങ്കിലും ആലോചിച്ചാൽ തനിക്ക് തന്നെ നാണം തോന്നുന്ന വിധത്തിൽ ദൈവത്തിനോട് ഒന്നുകൂടെ പ്രാർത്ഥിച്ചു. ദൈവമേ, പ്ലീസ്. അപ്പോൾ കേട്ടു.

സജിത്ത് പെദങ്ങാത്ത് , ബാസ്

ഇക്കാലമത്രയും അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ആശ്വാസത്തിന്റേതായും പാതിയിൽ കേട്ട റിസൾട്ടിന്റെ കൃത്യതയ്ക്കും വേണ്ടിയുള്ള, കോസ്റ്റ് കട്ടിംഗ് നടത്തിയ ഒരേയൊരു വാക്ക്. ഒരേയൊരു അറബി വാക്ക് സജിത്തിൽ നിന്നും ബഹിർഗമിച്ചു.

ശൂ!

പരിശോധകൻ അലറി,

സജിത്ത് പെദങ്ങാത്ത് , ബാസ്!!

സകല ദൈവങ്ങൾക്കും മീതെ അമ്മയുടെ പ്രാർത്ഥനാനിരതമായ മുഖം തെളിഞ്ഞു വന്നു. ഇരിപ്പുറയ്ക്കാതെ ഫോൺ കാത്തിരിക്കുന്ന അച്ഛനെയോർമ വന്നു. കണ്ണിൽ നിന്നുതിർന്ന അശ്രുകണത്തിൽ, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെക്ക് ലിസ്റ്റിനു കുറുകെ വൃത്തിയില്ലാതെയെഴുതിയ ‘പാസ്’ എന്ന വാക്ക് പരന്നൊഴുകുന്നു. അകാല നര ബാധിച്ച തലമുടിയൊതുക്കി, നാട്ടിലേക്ക് വിളിച്ചു.

ഹമ്മേ! എനിക്ക് ലൈസൻസ് കിട്ടി.

ശേഷം സ്ക്രോൾ ചെയ്ത് നീങ്ങുന്ന പേരുകളിൽ ഒന്നിൽ മനസുടക്കി.

“ഇബ്രു-തെണ്ടി.”

ഇബ്രുവപ്പോൾ ലിവിംഗ് റൂമിലേക്ക് മാറ്റിയിട്ട ബെഡ്ഡിൽ മലർന്ന് കിടന്ന്, ഇന്നലെത്തേതു പോലെ ചായയിൽ പച്ചവെള്ളം കൂടിയാൽ നാട്ടിലേക്ക് കയറ്റി വിടുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാവം, അയാളെ പറഞ്ഞിട്ട് കാര്യമില്ല, ദൈവാനുഗ്രഹമെന്ന വൈക്കോൽ തുരുമ്പിലാണ് ഈ അനുഗ്രഹീത ജോലി, രിസഷൻ കാലത്ത് തൂങ്ങി നിൽക്കുന്നത്. ദുബായിലെ ഒഴുക്കിൽ നീ പെട്ടോ എന്നാണ്, മുജ്ജന്മ സുകൃതത്താൽ ഒഴുക്കിനു മുന്നെ അബുദാബിയിലേക്ക് വണ്ടി കയറിയ സുഹൃത്തുക്കൾ വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത്. നാട്ടിൽ, അവധിക്ക് പോയവരോട് പോലും ‘ ജോലിയെങ്ങനാ പോയി മോനെ’ എന്ന് നാട്ടുകാർ ആവലാതിപ്പെട്ടു കൊണ്ടിരിക്കുകയാണ്.

നേരമെത്രയായി എന്ന് ചോദിച്ചപ്പോഴാണ്, തല ചെരിച്ചാൽ കാണാൻ പാകത്തിൽ വെച്ചിരിക്കുന്ന ക്ലോക്കിനെ പറ്റി ഭാര്യ ഓർമ്മിപ്പിച്ചത്. അപ്പോഴുണ്ട് ‘കോരപ്പൻ കോളിംഗ്’.

ഈ തെണ്ടിക്ക് രാവിലെ തന്നെ വേറെ പണിയില്ലേന്ന് ഒരു നിമിഷമാലോചിച്ചു. അതേ നിമിഷം, സംതിംങ്ങ് തടയാനാവുമെന്ന ശുഭാപ്തി വിശ്വാസവുമുണ്ടായി, അതേ നിമിഷം ‘ഹലോ’ ചൊല്ലി ഇരുപത്തിയൊന്ന് ഫിത്സ് രക്ഷിച്ചെടുത്തു.

അപാരമായ ശ്വാസനിയന്ത്രണത്തിൽ കോരപ്പെനെന്ന സജിത്ത് മൊഴിഞ്ഞു.

‘എനിക്കും കിട്ടി’.

പാവം, ഈയടുത്താണ് ലോണെടുത്ത് പറമ്പ് വാങ്ങിയത്, ബാക്കി പണം കൊണ്ട് ഒരു ടാറ്റാ ഇൻഡിക്ക കാറും. ഇത്ര ഭാഗ്യദോഷിയായ ഒരുത്തനുണ്ടാവില്ല തന്നെ. മൈനസായിരുന്ന ബാങ്ക് ബാലൻസ് ഈയിടെയാണ് പ്ലസ് ആയത്. അതിന്റെ സന്തോഷം എല്ലാവരേയും വിളിച്ച് ആഘോഷിച്ചത് പോലുമായിരുന്നു. കഷ്ടം എന്നല്ലാതെന്തു പറയാൻ!

‘ഇനിയെന്ത് ചെയ്യും? വീട്ടിലേക്ക് വിളിച്ച് പറഞ്ഞോ? ബാങ്കുകാരോട് പറയേണ്ട തൽക്കാലം, മാർക്കറ്റ് അപ് ആയി തുടങ്ങിയിരിക്കുന്നു, അബൂദാബിയിൽ ചാൻസ് ഉണ്ടാകും, നമുക്ക് ട്രൈ ചെയ്യാം’ ഇബ്രു പറഞ്ഞൊപ്പിച്ചു.

‘നീയെന്ത്‌ടാ പറേണത്, നിക്ക് ലൈസൻസ് കിട്ടിതിന്റെയാണ്ടാ, നീയൊക്കെ രാവിലെ എന്താലോചിച്ചിട്ടാണ്ടാ കെടക്കെണത്?’
സജിത്ത് സുഹൃത്തുക്കളോടൊക്കെ വിവരം പറഞ്ഞിട്ട് ടെസ്റ്റിനു പോയിരുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ സുഹൃത്തുക്കൾ രാവിലെ എഴുന്നേറ്റിരുന്നത് തന്നെ, സജിത്തിന് ഇന്ന് ‘ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം’ എന്ന് എസ് എം എസ് അയക്കാമല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു. പിന്നീട് ഈ പതിവ് ഇല്ലാതായി, എന്നിട്ടും ഡൈവിംഗ് സ്കൂളിലെ അസ്ലം ഒരു വിധം സുഹൃത്തുക്കൾക്കൊക്കെ സജിത്ത് തൊറ്റെന്ന വിവരം വിളിച്ച് പറയുമായിരുന്നു. പരിചയമുള്ള ഒരു ഇൻസ്പെകടർ തന്നെയാണ് സജിത്ത് കാറോടിക്കുമ്പോൾ മേലാസകലം വിറക്കുന്ന വിവരം അസ്ലമിനോട് പറയുന്നത്. അക്കാലത്താണ് കുടുംബം കൊച്ചിരാജാവിന്റെ പടത്തലവന്മാരുടേതാണെന്ന വിവരം സജിത്ത് എല്ലാവരോടുമായി പറയുന്നത്. വിറയൽ എന്നത് അവർക്ക് അന്യമത്രെ!
ഓ! അതായിരുന്നോ, ഇതിപ്പോ എത്രാമത്തേതിലാണീ ഓട്ടൊമാറ്റിക് ലൈസൻസ് കിട്ടിയത്, പതിനഞ്ച് തന്നെയല്ലേ? ഇനിയേത് വണ്ടിയാണ് എടുക്കണത്?” ഇബ്രു അലസമായി ചോദിച്ചു.
സജിത്തല്ലേ, അവനാരാ മോൻ! ഏത് ദ്രോഹിക്കലിനും പതിന്മടങ്ങ് ഡോസിൽ തിരിച്ച് തരും. ക്രയവിക്രയങ്ങളിൽ അപാരമായ മെയ്‌വഴക്കങ്ങളാൽ മേൽകൈ നേടും. ചിലപ്പോൾ, കാര്യങ്ങൾ വൃത്തിയായി പഠിക്കാനായിരുന്നു ഇക്കാലവിളംബം എന്നു പറഞ്ഞേക്കും. പറഞ്ഞുറപ്പിച്ച പെണ്ണ്, വേറേയൊരുത്തനെയാണ് ഇഷ്ടപ്പെടുന്നത് എന്നറിയിച്ച് പിൻ‌വലിഞ്ഞപ്പോൾ അവളുടെ വീടിനടുത്ത് നിന്നു തന്നെ മറ്റൊരു കുട്ടിയെ പറഞ്ഞുറപ്പിക്കുക മാത്രമല്ല, പിൻ‌വലിഞ്ഞ വീട്ടുകാരുടെ പത്ത് സെന്റ് സ്ഥലവും കെട്ടാൻ പോണ ചെക്കന്റെ വീട്ടുകാരുടെ വീടിന്റെ മുന്നിലെ സ്ഥലവും വിലക്ക് വാങ്ങിച്ച് പകരം വീട്ടിയവനാണ്.
സജിത്ത് പറഞ്ഞു.
‘ലാൻഡ് റോവർ’
സജിത്ത് അതുകൊണ്ട്, വാങ്ങാം വാങ്ങാതിരിക്കാം.
പക്ഷേ ഇബ്രു പിൻ‌വലിഞ്ഞു.
“നിന്റെ അഹങ്കാരം കൊണ്ടാണെടാ തെണ്ടീ, നിനക്കിത്ര കാലവും ലൈസൻസ് കിട്ടാതിരുന്നത്. ”

ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 8:29 AM 3 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

ജൂൺ 2005   ജൂലൈ 2005   ഓഗസ്റ്റ് 2005   സെപ്റ്റംബർ 2005   നവംബർ 2005   ഡിസംബർ 2005   ജനുവരി 2006   ഫെബ്രുവരി 2006   മാർച്ച് 2006   ഏപ്രിൽ 2006   ജൂൺ 2006   ജൂലൈ 2006   സെപ്റ്റംബർ 2006   ഒക്‌ടോബർ 2006   നവംബർ 2006   ഫെബ്രുവരി 2007   ഏപ്രിൽ 2007   ഏപ്രിൽ 2008   നവംബർ 2008   ജനുവരി 2009   ഏപ്രിൽ 2009   മേയ് 2009   ജൂൺ 2009   ഒക്‌ടോബർ 2009   ഡിസംബർ 2010   മേയ് 2013   ജൂൺ 2013   നവംബർ 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]