ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Non Smoking Non Drinking Keralite(NNK)

അവിവാഹിതര്‍ക്ക് ദുബായ് സ്വര്‍ഗ്ഗമാണ്.
പക്ഷെ താമസിക്കാന്‍ ഒരിടം കിട്ടാന്‍ ഇത്ര ബുദ്ധിമുട്ട് ഉള്ള സ്ഥലം വേറെ ഉണ്ടാകില്ല. പ്രത്യേകിച്ച് അവിവാഹിതര്‍ക്ക്.
ഫ്ലാറ്റുകള്‍, കുടുംബമായി ജീവിക്കുന്നവര്‍ക്ക് മാത്രമേ വാടകയ്ക്ക് നല്‍കൂ. ബാച്ച്‌ലേഴ്സ് താമസിക്കുന്നത് പല വിഭാഗമായാണ്.
Non Smoking Non Drinking Muslims(NNM), Non Smoking Non Drinking Hindus(NNH),Non Smoking Non Drinking Christians(NNC)
എന്നിങനെ. ക്രെസന്റ് ടീം, ത്രിശൂല്‍ ടീം, ക്രോസ്സ് ടീം എന്നും ചില വിഭാഗങള്‍ ഉണ്ട്. ബസ് സ്റ്റോപുകളിലും കഫ്റ്റേരിയകള്‍ക്ക് സമീപവും
ഇത്തരം റൂമുകളിലെ ഒഴിവ് വിവരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ആര്‍ക്കും കാണാം. ഇവിടെ വന്ന സമയത്ത് NNM അന്തേവാസിയായിരുന്നു.
കൂടെ പഠിച്ചവര്‍ വന്ന് തുടങിയപ്പോള്‍ മാറി താമസിച്ചു. രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരുപാട് തവണ താമസ സ്ഥലം മാറിയിട്ടുണ്ട്.
ഇത്തരം വിഭാഗീയത എങനെ ഉണ്ടായി എന്ന് അന്വേഷിച്ചാല്‍ നൂറായിരം കാരണങള്‍ നിരത്താനുണ്ടാകും. സ്വജാതി വാസം വലിയ
ഗുണമില്ലെന്ന് മാത്രമല്ല ഒരുപാട് ദോഷവുമാണ്. നഗരത്തിലെ തിരക്കില്‍ നിന്നും മാറി ഫ്ലാറ്റ് കുറഞ വാടകയ്ക് കിട്ടാനുണ്ടെന്ന് അറിഞപ്പോള്‍,
Non Smoking Non Drinking Keralite(NNK) കാറ്റഗറി ആകാന്‍ തീരുമാനിച്ചു. അങനെ തിരുവനന്തപുരത്തെ ഉമാദത്തനും തൃശൂരിലെ റോയിയും
മലപ്പുറത്തെ ഞാനും അവിചാരിതമായി താമസമാരംഭിച്ചു. കുറച്ച് മാസങള്‍ക്ക് ശേഷം വാടക കുറച്ച് കൂടെ കുറയ്ക്കുവാനായി ഒരാളെ തിരയാന്‍
തീരുമാനിച്ചു. ചെറിയാന്‍ എന്ന മാരണം അങിനെയാണ് റൂം മേറ്റ് ആയത്. ഇതിനിടയ്ക്ക് NNK കാറ്റഗറിയ്ക്ക് ചെറിയ ഭേദഗതി വന്നു.
Sunday Smoking Sunday Drinking Keralite(SSK) എന്നായി മാറി.
റോയി ഒരു indoor salesman ആണ്. സാ‍ധാരണ അവധി ദിനങളായ വ്യാഴവും വെള്ളിയും അതിനാല്‍ ലീവ് കിട്ടില്ല.
റോയിയ്ക്ക് ആഴ്ചയിലെ അവധി ഞായറാഴ്ചയാണ്. ചര്‍ച്ചില്‍ പോകുവാന്‍ അതിനാല്‍ കുറെ സൌകര്യവുമാണ്.
ഞായറാഴ്ചയിലെ ബോറടി മാറ്റാന്‍ റോയിയാണ് NNK കാറ്റഗറി മാറ്റി SSK ആക്കിയത്.
ചെറിയാന്‍ റൂം മേറ്റായത് gulf news classified വഴിയാണ്. എന്റെ മൊബൈലില്‍ വിളിച്ചാണ് ചെറിയാന്‍ തന്റെ വരവറിയിച്ചത്.
മറുനാടന്‍ മലയാളിയാണ് ചെറിയാന്‍. അവന്റെ അപ്പന്‍ കോടീശ്വരനായിരുന്നു. അപ്പനെ ധിക്കരിച്ച് ഗോവക്കാരിയെ കല്യാണം
കഴിച്ചതോടെ പടിക്ക് പുറത്തായി താമസം. മലയാളം പറയാന്‍ ശരിയ്ക്ക് അറിയില്ല. എന്റെ സംഭാഷണം തീരെ അവന് മനസ്സിലാകാറുണ്ടായിരുന്നില്ല.
മാലപ്പടക്കം പോലെയാണ് അവന്റെ സംസാര രീതി. ഹിന്ദിയായാലും ഇംഗ്ലീഷ് ആയാലും. ഹൃദയം നിറയെ സ്നേഹമുള്ളവന്‍ - വായ് നിറയെ
തെറിയുള്ളവന്‍ ഇതായിരുന്നു ചെറിയാന്‍.
വെള്ളമടിക്കുമായിരുന്നില്ല വെള്ളത്തില്‍ നീരാടുകയായിരുന്നു പതിവ്. സിഗരറ്റ് വലിക്കുമായിരുന്നില്ല പാന്‍ ആയിരുന്നു ശീലം. ഇതൊന്നുമില്ലാത്തപ്പോള്‍
അടുക്കളയില്‍ ഇറച്ചി കൊണ്ടുള്ള പലതരം വിഭവങളും ഉണ്ടാക്കുക പതിവായിരുന്നു.
ചെറിയാന് മലയാളിയുടെ രീതികളേ ആയിരുന്നില്ല. കേരളത്തിലേക്ക് മുമ്പെന്നോ ഒരു ക്രിസ്തുമസിന് വന്ന ഓര്‍മ്മയേ ഉള്ളൂ. മതമില്ലാത്ത മനുഷ്യനായിരുന്നു.
എന്നാല്‍ മതേതരവാദം എന്താണെന്ന് അറിയുമായിരുന്നില്ല. നാള്‍ക്ക് നാള്‍ ചെറിയാന്‍ മാറി കൊണ്ടിരുന്ന കാഴ്ച രസകരമായിരുന്നു. ഞായറാഴ്ചത്തെ ബാക്കി
വന്ന മദ്യം തിങ്കളാഴ്ച കഴിച്ച് റൂമില്‍ പുതിയ തുടക്കമിട്ടു. ഉമാദത്തന്‍ ഖിസൈസില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് ദേര ദുബായിലെത്തിയപ്പോള്‍ ചെറിയാന്‍
അരമണിക്കൂര്‍ കൊണ്ടു ജബല്‍ അലിയില്‍ പോയി വന്നു. അന്നാണ് ചെറിയാന്റെ ജോലി നഷ്ടമായ വിവരം ഞങള്‍ അറിഞത്. അതില്‍ പിന്നെ ചെറിയാന്റെ
പല ലീലാവിലാസങള്‍ക്കും ഞങള്‍ സാക്ഷികളായി.
24/7 എന്ന രീതിയിലായി വെള്ളമടി. വിവിധ സംസ്ഥാനക്കാരായ സുഹൃത്തുക്കള്‍ അതിഥികളായെത്തി. മിക്കവരും പടിക്ക് പുറത്തായ സമ്പന്ന മക്കള്‍. അതില്‍ എടുത്ത്
പറയേണ്ട ഒരാള്‍ മി. പാജിയാണ്. പഞ്ചാബി വംശജനായ പാജി U.K.സിറ്റിസണ്‍ ഷിപ്പുള്ള DJ (Disc Jockey) ആയിരുന്നു. ചെറിയാന്റെ പഴയ മുംബൈ സുഹൃത്ത് ദുബൈയില്‍
വരുമ്പോഴെല്ലാം ചെറിയാനെ സന്ദര്‍ശിച്ച് പോന്നു.
ഹെഡ് ഓഫീസിലേക്ക് എന്നും പറഞ് റൂമിലേക്ക് വന്ന ഒരു ദിവസം പാജിയുടെ കൈതണ്ടയില്‍ ഞരമ്പ് കിട്ടാന്‍ ചെറിയാന്‍ അമര്‍ത്തി പിടിക്കുകയായിരുന്നു, മയക്ക് മരുന്ന് കുത്തിവെയ്ക്കാന്‍.
എങനെയുണ്ട് ചെറിയാന്റെ ലീല??...അതും അറബി നാട്ടില്‍..മറ്റെല്ലാവരും രക്ഷപ്പെട്ടാലും ഞാന്‍ പിന്നെയും കിടക്കേണ്ടി വരും ജയിലില്‍, പിടിക്കപ്പെട്ടാല്‍..
പാജി പോയ ഉടനെ ഞാന്‍ ചെറിയാന്റെ കാലിലേയ്ക് വീഴുകയായിരുന്നു, ചെറിയാനെ ചെയ്യരുതേന്നും പറഞ്..തല്ലി തീര്‍ക്കാനാണ് തോന്നിയതെങ്കിലും ചെയ്തതിതാണ്.
പിന്നെ പാജി ആ വഴി വന്നിട്ടില്ല. ജോലിയില്ലാതെ ചെറിയാന്‍ പിന്നെയും വെള്ളമടിച്ച് കൊണ്ടിരുന്നു..
ഉമാദത്തനും റൊയിയുമില്ലാത്ത വ്യാഴാഴ്ച റൂമിലെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ ചെറിയാനും ഗേള്‍ഫ്രണ്ടും ഇരുന്ന് സൊറക്കുന്നു. ആവട്ടെ എന്നും കരുതി ഞാന്‍
രംഗം വിട്ടൊഴിഞു.. സമയം അര്‍ദ്ധരാത്രി തിരിച്ച് റൂമിലെത്തിയപ്പോള്‍ ഫിലിപ്പിനോ ഗേള്‍ഫ്രണ്ടും ചെറിയാനും ഒന്നിച്ചിരുന്ന് റ്റി വി കാണുകയായിരുന്നു.
ബാല്‍ക്കണിയിലേക്ക് വിളിച്ച് ചോദിച്ചപ്പോള്‍ ചെറിയാന്‍ അവളെ റൂമില്‍ പാര്‍പ്പിക്കാനാണ് പരിപാടി. ഞാനെന്ന ഒരു മൂന്നാമന്‍ അവിടെ കിടന്നുറങാനുണ്ടെന്ന ഒരു
വിചാരവുമില്ല ഇഷ്ടന്..
ബര്‍ദുബായില്‍ സുഹൃത്തിന്റെ അടുത്ത് പോയ ഉമാദത്തനെ രാത്രി തന്നെ വിളിച്ച് വരുത്തി. ഉമ വന്നതും ചെറിയാന്റെ മുഖമടച്ച് ആഞടിച്ചതും ഒന്നിച്ചായിരുന്നു!!!.
നിരവധി നിഷേധങളെ ചെറിയാന്‍ കണ്ടില്ലാന്ന് വെച്ചിരുന്നു. വാടക തരുന്നില്ലെ എന്നായിരുന്നു ന്യായം. പിറ്റേന്ന് ചെറിയാന്റെ സമ്പന്നനായ സഹോദരനെ പോയി കണ്ട്
വിവരങളെല്ലാം പറഞു ബോദ്ധ്യപ്പെടുത്തി ചെറിയാനെ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ചെറിയാന്‍ പിന്നെയും ഒരു മാസം കഴിഞ് കിഷിലേക്ക് വിസ മാറാന്‍
പോകുന്ന ലാഘവത്തോടെ ആരോടും മിണ്ടാതെ പോകുമ്പോള്‍ ഞാന്‍ സിഗരറ്റ് വലിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. ഉമ റ്റി വി കാണുകയായിരുന്നു.
അര മണിക്കൂറിന് ശേഷം ചെറിയാന്‍ വിളിച്ച് പറഞപ്പോഴാണ് മനസ്സിലായത്, നിബന്ധനകളേതുമില്ലാത്ത ഏതോ ഒരു റൂമില്‍ ചെറിയാന്‍ പുതിയ വാടകക്കാരനായി
ചേര്‍ന്നിരിക്കുന്നതെന്ന്..
ആ റൂമിലെ സുഹൃത്തുക്കള്‍ക്ക് ഞാനെന്റെ ഹൃദയത്തില്‍ നിന്നുള്ള ആശംസകള്‍ നേരുന്നു...

അഭിപ്രായങ്ങള്‍

രാജ് പറഞ്ഞു…
ഇബ്രൂ

ഇവിടെ ഇതാ വേറൊരു സമാനഹൃദയന്‍ - സമാനമായ അനുഭവങ്ങളുള്ള മറ്റൊരുവന്‍. പലതും ഇവിടെ തുറന്നെഴുതുവാന്‍ കൂടി കഴിയാത്തത്.
aneel kumar പറഞ്ഞു…
ഞാന്‍ സിഗരറ്റ് വലിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു...
സംസർഗ്ഗാ ഗുണാ ദോഷാ.. എന്ന് പറഞ്ഞപോലായി. നോണായിത്തുടങ്ങിയ ഇബ്രു ഒരു വിധം പുരോഗമിച്ചു തുടങ്ങിയപ്പോഴാണ് ആൾ ഓടിപ്പോയതല്ലേ?
പലശീലങ്ങളുള്ളവരുമായി താമസിക്കുക ഒരനുഭവം തന്നെയാണ്. പ്രത്യേകിച്ച് അകലെയുള്ള ജില്ലക്കാരുമായി. ഇവരും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുതന്നെയാണോന്നു നമുക്കു തോന്നും. (അവർക്ക് മറിച്ചും :))
ചില നേരത്ത്.. പറഞ്ഞു…
@ പെരിങ്ങോടര്‍..
ഇത് കക്ഷിയുടെ ചില നേരമ്പോക്കുകള്‍ മാത്രം നേരമ്പോക്കാന്‍ എഴുതിയതാ..വെടിക്കെട്ട് പെര്‍ഫൊര്‍മന്‍സുകള്‍ ഇവിടെ എഴുതാനൊക്കില്ല..
@ അനില്‍.
അകലെയുള്ള ജില്ലക്കാരുമായുള്ള സംസര്‍ഗ്ഗം പഠിക്കുന്ന സമയത്തും ഉണ്ടായിരുന്നു.എന്തായിരുന്നു അവരുടെ പെര്‍ഫൊര്‍മന്‍സ്. എഴുതാം എല്ലാം.വടക്കുള്ളവര്‍ വെടക്കന്മാര്‍ എന്നായിരുന്നു അക്കാലത്ത് അവരൊക്കെ പറഞിരുന്നത്. ഒരു തെക്കനെയും മൂര്‍ഖനെയും ഒരുമിച്ച് കണ്ടാല്‍ ആദ്യം തെക്കനെ ശരിപ്പെടുത്തണം എന്ന ആപ്തവാക്യം തിരിച്ചും പറയുമായിരുന്നു. എന്തൊക്കെയായാലും വിമര്‍ശനങ്ങളെ ചിരിച്ച് നേരിടാന്‍ അവരെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
CURRENT AFFAIRS പറഞ്ഞു…
Blogger,
Thank for your comment on my blog.But I can't read it.Pls.allow me another comment to read.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.