ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഞാനാര്?

നീയാര്? എന്ന് ചോദിക്കപ്പെട്ടതിന് ശേഷം മാത്രമാണ് ഞാന് ആരെന്ന് അന്വേഷിയ്ക്കാന് തുടങ്ങിയത്.

ഞാനാര്?

ഞാന്..
പ്രണയത്താന് ചവിട്ടിയരയ്ക്കപ്പെടാത്ത യൌവ്വനം.
രതിയില് ആലസ്യം പുല്കാത്ത കാമം.
മദ്യത്തിന് രുചി നുകരാത്ത രസമുകുളം.
പുഞ്ചിരിയില് തുടങ്ങുന്ന സൌഹൃദം.
അറിവുള്ളവന്റെ അടിമ,
അറിഞ്ഞിടാത്തവര്ക്കായുള്ള എളിമ.
അശരണര്ക്കായ് പൊഴിക്കും കണ്ണുനീര്-
അഗതികള്ക്ക് നല്കും സാന്ത്വനം.

എന്നില് എന്നെ തിരയുന്ന ഞാന്,
നിന്നിലെ നന്മയില് എന്നെകണ്ടെത്തുന്ന ഞാന്,
എങ്ങിനെയെന്നാല്?..
നിന്നില് കണ്ട നന്മയെയായിരുന്നു ഞാന് എന്നില് തിരഞ്ഞത്.
ഞാന് പരാജിതനായതും, പിന്നെ ജയിച്ചതും നിന്നെ കണ്ടെത്തിയപ്പോഴാണ്..

നീ പ്രണയമല്ല, കാമമല്ല, രതിയല്ല.
നീ നിസ്വാറ്ത്ഥന് സ്നേഹസമ്പന്നന് ജ്ഞാനി.
നീ സൌഹൃദങ്ങളാല് ജയിച്ചവന്.

ഞാന് നിന്റെ ഉദാരതയില് വീണ്ടെടുക്കപ്പെട്ടവന്.


എന്നില് നീ നിന്നെ തിരയാന് തുടങ്ങിയപ്പോള്,
ഞാന് മറ്റൊരു ജ്ഞാനിയെ തേടിയിറങ്ങി.
നിന്റെ ഉദാരതയില് മനം മടുത്തല്ല-
എന്നിലെ നന്മയില്ലായ്മയെന്ന നഗ്നത,
അനാവരണം ചെയ്യപ്പെടുമെന്ന് ഭയന്നതിനാലാണ്.

അഭിപ്രായങ്ങള്‍

myexperimentsandme പറഞ്ഞു…
സത്യം പറയാമല്ലോ... ഇതിന്റെ നിലവാരത്തിലുള്ള ഒരു കമന്റ്....... ഊഹൂം.... ആകപ്പാടെ വരുന്നത് പപ്പുവിന്റെ ഡയലോഗ്..

‘ഞാനാരാണെന്ന് നിനക്കറിയാന്മേലേൽ നീ എന്നോട് ചോദിക്ക് ഞാനാരാണെന്ന്..... ഇനി ഞാനാരാണെന്ന്.....”

ഇതാണെങ്കിൽ ആദ്യത്തെ കമന്റും.

സംഗതി അടിപൊളി കേട്ടോ... കമന്റിന് സോറീട്ടോ
Visala Manaskan പറഞ്ഞു…
ഇബ്രുവേ... നന്നായിട്ടുണ്ട്‌.
--
:)) വക്കാരിയുടെ കമന്റ്‌ ദേ വീണ്ടും ചിരിപ്പിക്കുന്നു..!
Adithyan പറഞ്ഞു…
ഇബ്രൂ,
പോസ്റ്റ്‌ സ്പാറി...

വക്കാരി പറഞ്ഞപോലെ എന്തെഴുതണം എങ്ങനെയെഴുതണം എന്നൊരു കൺഫ്യൂഷൻ...

“ഞാൻ നിന്നെ തിരഞ്ഞ്‌...
നീ എന്നെ തിരഞ്ഞ്‌...
പരസ്പരം തിരയുന്ന ഒരന്യോന്യത്തിനായി....”
അജ്ഞാതന്‍ പറഞ്ഞു…
ചോദിക്കപ്പെട്ടതിന്, ചവിട്ടിയരക്കപ്പെടാത്ത, വീണ്ടെടുക്കപ്പെട്ടവന്‍, ചെയ്യപ്പെടുമെന്ന്....

‘പാസ്സീവ് വോയ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും‘ എന്ന വിഷയത്തെ അധികരിച്ച് ഒരു ലേഖനം മനസ്സിലുണ്ട്. കര്‍മ്മണി പ്രയോഗത്തിന്റെ ആധിക്യം കൊണ്ട് മലയാളഭാഷയ്ക്ക് വീര്‍പ്പുമുട്ടി തുടങ്ങി.

ദൈവമേ, ഇങ്ങനെ പോവപ്പെട്ടാല്‍, അധികം കഴിയപ്പെടുന്നതിന്‍ മുമ്പുതന്നെ കേരളത്തില്‍ പറയപ്പെടുന്ന ഭാഷ മൊത്തത്തില്‍ പാസ്സീവ് പ്രയോഗമായി മാറപ്പെടുമോ എന്നാണ് എന്റെ മനസ്സില്‍ ഉണ്ടാവപ്പെടുന്ന സംശയം!
കണ്ണൂസ്‌ പറഞ്ഞു…
അപ്പോ, ഇബ്രു.. മൊസ്സ്യേ കൊമ്മൂണിസ്റ്റ്‌?
Unknown പറഞ്ഞു…
ഞാന്‍ ആരു.. നീ ആരു????
നീ... ഒരു ശരീരവും, ഒരു ആത്മാവും, ഒരു മനസ്സും, ഒരു ഹൃദയവും, കുറെ ചിന്തകളും സംഘടിച്ചപ്പോള്‍ ഉണ്ടായ പ്രസ്ഥാനം...
അപ്പോള്‍ ഞാന്‍??? ഇതിന്റെയെല്ലാം കൂടെ നീയും കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ മറ്റൊരു പ്രസ്ഥാനം. ഇപ്പൊ പറഞ്ഞത്‌ വല്ലതും മനസ്സിലായോ??? ഉവ്വെങ്കില്‍, എന്നെയും കൂടെ ഒന്നു മനസ്സിലാക്കി തന്നാല്‍ കൊള്ളാമായിരുന്നു.
എന്റെ ഇബ്രൂ...
'കലക്കന്‍'..
നീ ഒരു പ്രസ്ഥാനമാണെടാ...
രാജ് പറഞ്ഞു…
കണ്ണൂസെ,
ബെന്നി കാടടച്ച് വെടിവെച്ചതാവാണു വഴി. ലേഖനം വരുന്നതുവരെ നമുക്ക് കാത്തിരിക്കാം.

ഇബ്രു കവിത നന്നായിരിക്കുന്നു.
സു | Su പറഞ്ഞു…
ഇബ്രൂ :) നന്നായിട്ടുണ്ട്ട്ടോ.
ചില നേരത്ത്.. പറഞ്ഞു…
വക്കാരീ..
ഇതുപോര, ഇങ്ങനെയല്ലല്ലോ ഞാന്‍ പറയാന്‍ പറഞ്ഞത്.ഉപരിപ്ലവത്തിന്റെ..പ്ലവത്തിന്റെ എന്നൊക്കെയല്ലെ?..
വിശാല മനസ്കാ..കളം മാറ്റി ചവിട്ടി.
ആദീ.നിന്നെയും എന്നെയും തിരഞ്ഞ് നടക്കുമ്പോള്‍ നമ്മെ തിരഞ്ഞാരെങ്കിലും വന്നാല്‍..പെട്ടുപോകില്ലെ?.
ബെന്നീ..
അഭിപ്രായത്തിന് നന്ദി. ശ്വാസം മുട്ടിക്കുന്നില്ല.
കണ്ണൂസ്.
ബെന്നിയ്ക്ക് എന്നെ കുറിച്ച് ചില പ്രതീക്ഷകളുണ്ട് :).
ഈ തിരുത്തലുകളെ ഞാന്‍ കാണുന്നതങ്ങിനെയാണ്.
ഡ്രിസ്സിലേ..ഇത്രയ്ക്ക് വേണ്ടായിരുന്നു.
പെരീ..സന്തോഷത്തോടെ സ്വീകരിക്കുന്നു.
സൂ..നന്ദി.
aneel kumar പറഞ്ഞു…
മുയോനും മന്‍സിലായില്ല
എന്തോ നല്ല സംഭവമാണെന്നു തിരിഞ്ഞീര്‍ക്ക്‍ണ്.
ഇബ്രൂ :)
Cibu C J (സിബു) പറഞ്ഞു…
ബെന്നി. അപ്പോള്‍ ക്രിസ്ത്യാനികളുടെ പങ്കെവിടെ പോയി? വാഴ്ത്തപ്പെട്ട, ഉയിര്‍ത്തപ്പെട്ട, തൂങ്കപ്പെട്ട...

നാട്ടിലെ കമ്യൂണിസ്റ്റുകളുടെ മെത്തേഡുകളെല്ലാം ക്രിസ്ത്യാനികളുടെതില്‍ നിന്നും കോപ്പിയടിച്ചതാണെന്ന്‌ ഒരുത്തന്‍ പറഞ്ഞുകേട്ടിരുന്നു. രക്ത്സാക്ഷികള്‍ മുതലിങ്ങോട്ട്.. അതുമല്ലെങ്കില്‍, ടിവി പോലെ‍ എന്തെങ്കിലും പുതിയ സാധനം വന്നാല്‍ രണ്ടുപേരും അതിനെ നഖശിഖാന്തം എതിര്‍ക്കും പിന്നെ ഒരു ചാനല്‍ തുടങ്ങും എന്നിങ്ങനെ.

എല്ലാം ക്രിസ്ത്യാനികളുടെ കോപ്പിയാണെന്ന്‌ കുറച്ചു നാളായി പറയുന്നതിന്റെ ചമ്മല്‍ മറച്ചു വയ്ക്കുന്നില്ല :(
ചില നേരത്ത്.. പറഞ്ഞു…
അനിലേട്ടാ..ഇവിടെ വന്നതിന് നന്ദി
ക്ഷമിക്കൂ..സിബു ചേട്ടാ.
കണ്ണൂസ്‌ പറഞ്ഞു…
സിബൂ, അതു കൊള്ളാം!! :-)

പണ്ടൊരു സുഹൃത്ത്‌ പരാതിപ്പെട്ടതോര്‍ക്കുന്നു. ഏതു സിനിമ എടുത്തു നോക്കിയാലും മെയിന്‍ വില്ലന്‍ ഒരു റിച്ചാര്‍ഡ്‌ പെരേരയോ, ക്ലെമന്റ്‌ ഗോണ്‍സാല്‍വസ്സോ ഒക്കെ ആയിരിക്കുമത്രേ. എന്നാണാവോ ഗോപാലന്‍ നായരും ദാമോദരന്‍ നമ്പൂതിരിയും ഒക്കെ ജാക്കറ്റും ഇട്ട്‌ മഷീന്‍ ഗണ്ണും തൂക്കി പ്രത്യക്ഷപ്പെടുക എന്നാവലാതിപ്പെട്ടിരുന്നു അവന്‍.
അജ്ഞാതന്‍ പറഞ്ഞു…
ഇബ്രു, എനിക്കെന്താണ് പറ്റിയതെന്ന് അറിയില്ല. കര്‍മ്മണി പ്രയോഗം കണ്ടാല്‍ ചുവപ്പു കണ്ട കാളയെപ്പോലെയാണ് ഞാന്‍. അതുകൊണ്ട് എഴുതിയതാണ്.

സിബ്വോ, ക്രിസ്ത്യാനികള്‍ക്കും ഉണ്ടൊരു പങ്ക്. കമ്മ്യൂണിസം ഉണ്ടാവുന്നതിനു മുമ്പേ ഉണ്ടായ പ്രാര്‍ത്ഥനകളാണല്ലോ സിബു ഉദ്ധരിച്ചത്. “വാഴ്ത്തപ്പെട്ടവള്‍ നീയേ” എന്നൊക്കെയുള്ള സ്ഥിരം നമ്പറുകളില്‍ ഇഷ്ടം പോലെ കര്‍മ്മണി പ്രയോഗങ്ങള്‍ ഉണ്ട്.

ക്രിസ്തുമതത്തിന്റെ ഹയരാര്‍ക്കിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എന്നതിന് സംശയമില്ല. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി സ്ഥാനം എന്നുവെച്ചാല്‍ ഇടവക വികാരിയുടേതിന് തുല്യമായ പദവിയാണ്.

ക്രിസ്തുമതത്തിനും പാര്‍ട്ടിക്കും ഈവിധത്തിലുള്ള സാമ്യമൊക്കെ ഉണ്ടെങ്കിലും കര്‍മ്മണി പ്രയോഗത്തിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ ‘എന്റെ പിഴ, എന്റെ വലിയ പിഴ’ ചൊല്ലേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പള്ളിയിലച്ചന്മാരോ സുവിശേഷ പ്രഭാഷകരോ കര്‍മ്മണി പ്രയോഗത്തില്‍ അഭിരമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും സിബുവൊരു കമ്മ്യൂണിസ്റ്റ് യോഗത്തില്‍ സംബന്ധിക്കണം, നക്സലും യുവജനവേദിയും തൊട്ട് സിപിഎം വരെയുള്ള സംഘടനകളുടെ ഏതെങ്കിലുമൊരു യോഗത്തില്‍. കര്‍മ്മണി പ്രയോഗം പത്തു പ്രാവശ്യമെങ്കിലും നടത്താത്ത ഒരു കമ്മ്യൂണിസ്റ്റ് പ്രാസംഗികനെ കാണിച്ചു തന്നാല്‍ ഞാന്‍ തല മൊട്ടയടിക്കാം.

കമ്മ്യൂണിസ്റ്റുകാരുടെ പാസ്സീവ് പ്രണയത്തിന്റെ പിന്നിലെ മനശ്ശാസ്ത്രത്തെ പറ്റി, തത്വശാസ്ത്രത്തെ പറ്റി ഒരു ലേഖനമെഴുതണം എന്നു കരുതിത്തുടങ്ങിയിട്ട് നാളേറെയായി.
reshma പറഞ്ഞു…
ഒത്തിരി വിസ്മയവും , ഒരിത്തിരി സൈര്യക്കേടും തന്ന വായനാനുഭവം ആയി ഇത്. ഒരു പാടിഷ്ടായി ട്ടോ ഇബ്രു.
nalan::നളന്‍ പറഞ്ഞു…
ഇബ്രു,
ഒരുപാടിഷ്ടമായി.
നഗ്നനാക്കപ്പെട്ടതില്‍ പരിഭങ്ങളില്ലാതെ..
Nileenam പറഞ്ഞു…
നിന്റെ കണ്ണുകളില്‍ ഞാന്‍ തിരഞ്ഞതു നിന്നെ ആയിരുന്നില്ല, എന്നിലെ എന്നെ ആയിരുന്നു. ഞാന്‍ പ്രണയമോ കാമമോ രതിയോ ആയിരുന്നില്ല.കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന പച്ച മനുഷ്യന്റെ അഭിനിവേശം മാത്രമായിരുന്നു. നിന്നിലെ നന്മയില്ലായ്മയെക്കാള്‍ എന്നിലെ ഉദാരതയെ ഞാന്‍ ഭയന്നിരുന്നു.

ഞാനാരു? ഉത്തരമില്ലാത്ത സമസ്യ
അഭയാര്‍ത്ഥി പറഞ്ഞു…
പ്റവാചകനും, സദ്ഗുണ സമ്പന്നനും, ദീന ദയാലുവും, സഹാനുഭൂതിയുള്ളവനും, ക്റുരനും , കള്ളനും,വ്യഭിചാരിയും, കൂട്ടികൊടുപ്പുകാരനും, ദുറ്‍വ്റുത്തനും ഒരേ മനുഷ്യന്റെ പലമുഖങ്ങള്‍. (ആശയം ചുള്ളികാടു).

അശാന്തമായ ഒരന്വ്വേഷണമാണു ജീവിതം. അതിന്റെ കണ്ടെത്തല്‍ മരണമാണു.
നാം തിരയുന്നതൊന്നു മാത്റം-മരണം. അതിലേക്കുള്ള വഴിയില്‍ പല വേഷങ്ങളില്‍ ഒന്നു മാത്റം ദാറ്‍ശനികന്‍.

കടല്‍തീരത്തെ കപ്പലണ്ടി വില്‍പനക്കാരനും, ഗബ്റിയേല്‍ ഗാര്‍സിയ മാറ്‍ക്കുയസും പലവഴിയില്‍ ജീവിതം എന്ന പ്റെഹേളികയെ തിരഞ്ഞു മരണ ദറ്‍ശനം ഉണ്ടാകുന്നവറ്‍.

ബ്ളോഗില്‍ കാവ്യ ഭംഗിയുള്ള വരികള്‍ വാരിത്തൂകി നറു മണം പരത്തുന്ന ഇബ്രു കവിതയോടു നീതി പുലറ്‍ത്തുന്നു
കുറുമാന്‍ പറഞ്ഞു…
ഇബ്രുവേ, കവിത വായിച്ച് കമന്റിടാന്‍ ഞാന്‍ അശക്തനാണ്, കാരണം അന്‍ഞത (വാക്കിന്റെ അക്ഷരം തെറ്റാണെന്നറിയാം, പക്ഷെ, എങ്ങിനെ ടൈപ്പ് ചെയ്തിട്ടും ശരിയാകുന്നില്ല, തെളിച്ച വഴിക്കുപോകുന്നില്ലെങ്കില്‍, പോകുന്ന വഴിക്ക് തെളിക്കാന്‍ തീരുമാനിച്ചു).

നന്നായിരിക്കുന്നു.
കുറുമാന്‍ പറഞ്ഞു…
ഇബ്രുവേ, കവിത വായിച്ച് കമന്റിടാന്‍ ഞാന്‍ അശക്തനാണ്, കാരണം അന്‍ഞത (വാക്കിന്റെ അക്ഷരം തെറ്റാണെന്നറിയാം, പക്ഷെ, എങ്ങിനെ ടൈപ്പ് ചെയ്തിട്ടും ശരിയാകുന്നില്ല, തെളിച്ച വഴിക്കുപോകുന്നില്ലെങ്കില്‍, പോകുന്ന വഴിക്ക് തെളിക്കാന്‍ തീരുമാനിച്ചു).

നന്നായിരിക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന...