ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും
ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച്
നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും
ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ
വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ
ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം
നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍
പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍
നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍
അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി
വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷാ രൂപത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി നിരയായി
മുകളില്‍ നിന്ന് കീഴോട്ട്, വിവരിക്കുന്ന സംഭവത്തിന്റെ പ്രധാന തലക്കെട്ട് ആദ്യ നിരയില്‍ വരും വിധം അവിസാന്ത
എഴുതി പോന്നു. അരിഗോണികള്‍ക്കല്ലാതെ മറ്റാര്‍ക്കും അതൊരു ഭാഷയാണെന്ന് തോന്നിയില്ല. വംശനാശം സംഭവിച്ച
ഏതോ പക്ഷിയുടെ കാഷ്ഠം നിലത്ത് വീഴുന്നതിന്റെ രേഖാചിത്രമെന്ന് അരിഗോണികളല്ലാത്തവര്‍ അവിസാന്തയെ പറ്റി
കരുതി.


കാലം കഴിയവെ അരിഗോണി വംശം പരമ്പരാഗത വിശ്വാസത്തിലൂടെ ജീവിക്കാന്‍ മലകളും മരുഭൂമിയും താണ്ടി
നോഹയില്‍ നിന്നും അകന്നു. യാത്രയിലുടനീളം തങ്ങളില്‍ നിന്നുള്ളോരൊ ഇണകളെ വഴി വക്കിലുപേക്ഷിച്ച് അവസാന
ഇണയും ബാക്കിയാവും വരെ യാത്ര തുടര്‍ന്നു. ഓരോ ഇണകളും തങ്ങള്‍ക്ക് ലഭിച്ച പക്ഷിമൃഗാദികള്‍ക്കൊപ്പം നിഴല്‍
പ്രവാചകരുടെ നിര്‍ദ്ദേശമനുസരിച്ച് ജീവിച്ച് തുടങ്ങി.


അരിഗോണികള്‍, നിഴല്‍ പ്രവാചകരോട് സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആറാം മാസത്തില്‍ ആണ്‍കുഞ്ഞുങ്ങളെ
തികയാതെ പ്രസവിച്ചു. എല്ലാ ഇണകളും ആദ്യം ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിനായി നിലാവുള്ള രാത്രിയില്‍ മാത്രം
വംശവര്‍ദ്ധനയ്ക്കായി വേഴ്ചയിലേര്‍പ്പെട്ടു. തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞിനെ വീടിന്റെ വലത് വശത്ത്
ഭയഭക്തിയോടെ മറവ് ചെയ്തു. മരണദു:ഖത്തിന്റെ നാല്പത് നാ‍ള്‍ കഴിയുന്ന രാത്രിയില്‍ നിഴല്‍ പ്രവാചകരുടെ ആദ്യ
സന്ദേശവുമായി ആണ്‍കുഞ്ഞ് മാതാവിന് സ്വപ്നദര്‍ശനം നല്‍കി. മാതാവ് മകന്റെ നേത്രങ്ങളില്ലാത്ത മുഖരൂപം വരച്ച്
പുറത്തേക്ക് തുറക്കുന്ന വാതിലിന്റെ അകത്ത് ഇടത് വശത്തായി തൂക്കിയിട്ടു. ആ വീടിന്റെ സ്വപ്ന സന്ദേശവാഹകനെ
നിര്‍ദ്ദേശങ്ങള്‍ക്കായി സ്വപ്നം കണ്ടു.


അരിഗോണി മാതാക്കള്‍ നാലില്‍ കൂടുതല്‍ ഒരിക്കലും പ്രസവിച്ചില്ല. സ്വപ്ന സന്ദേശവാഹകനായ ആണ്‍കുഞ്ഞും മൂന്ന്
ആണോ പെണ്ണോ ആയവരും ചേര്‍ന്ന് ചെറിയ വംശം. ക്രമേണ വംശവര്‍ദ്ധന സംഭവിച്ചതോട് കൂടി അരിഗോണി
പിതാക്കന്മാര്‍ ലംബമായി ക്രമീകരിച്ച വീടുകളില്‍ താമസിച്ച് തുടങ്ങി. സമൂഹത്തിലെ പ്രായം ചെന്ന അരിഗോണി
ലംബമായ നിരയില്‍ ആദ്യം വീട് പിന്നെ പശു തൊഴുത്ത്, ആട്ടിന്‍ കൂട്,പക്ഷികള്‍ക്കായുള്ള കൂടുകള്‍ അങ്ങിനെ
നിരയായി സജ്ജീകരിച്ചു. അയാളെ മറ്റു അരിഗോണികള്‍ പിതാവെന്ന് വിളിച്ചു. പിതാവിന്റെ വസതിയുടെ ഇടത്
ഭാഗത്തോട് ചേര്‍ന്ന് സ്വപ്ന സന്ദേശവാഹകര്‍ക്കായി ഒരു നിര വീട് ഒഴിച്ചിട്ടു. മക്കള്‍ എന്ന് വിളിക്കുന്ന മറ്റു
അരിഗോണികള്‍ പ്രായകൂടുതല്‍ അനുസരിച്ച് ഇടതു വശത്തായി നിരയായി താമസിച്ചു. മക്കള്‍ പരസ്പരം
സഹോദരരെന്ന് കരുതി പോന്നു.


പകല്‍ സമയത്തെ അഞ്ചായി പകുത്ത് ആദ്യ പകുതിയില്‍ സ്വപ്നദര്‍ശനത്തിന്റെ സന്ദേശം ഓര്‍ത്തെടുക്കുവാനും പകല്‍
നേരത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുവാനും പ്രഭാതഭക്ഷണത്തിനായും നീക്കിവെച്ചു. അവിസാന്ത ഭാഷയുടെ
പഠനത്തിനായി രണ്ടാം പകുതിയും പുസ്തക രചനകള്‍ക്കായി മൂന്നാം പകുതിയും താഴെ ശിഖരത്തില്‍ ഭക്ഷണ ധാന്യവും
ക്രമാനുഗതമായി വിവിധ ശിഖരങ്ങളില്‍ മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്ക്ക് വേണ്ട വിഭവങ്ങളും ഏറ്റവും മുകളില്‍
ലോഹവും വിളയുന്ന, അരിഗോണ പ്രവാചകര്‍ സമ്മാനിച്ച അഗിനാര്‍ മരങ്ങള്‍ക്ക് വളമായൊഴിക്കാന്‍ തീ പകരാന്‍
നാലാം പകുതിയും വിനിയോഗിച്ചു. അരിഗോണികള്‍ക്ക് തീ ദ്രാവക രൂപത്തിലായിരുന്നു നോഹ സമ്മാനിച്ചിരുന്നത്.
പൊള്ളലേല്‍ക്കാത്ത കൈവിരലുകള്‍ കൊണ്ടവര്‍ അഗിനാര്‍ മരങ്ങള്‍ക്ക് തീ പകര്‍ന്നു. അഗിനാര്‍ മരങ്ങള്‍
മൂപ്പിനനുസരിച്ച് ലംബമായാണ് നട്ടിരുന്നത്. അഗിനാര്‍ വിത്തുകള്‍ പാകമാകുമ്പോള്‍ ഇടത്തേക്ക് കൊഴിഞ്ഞു.
അരിഗോണികര്‍ക്ക് അവയ്ക്ക് തീ പകരേണ്ട ജോലി മാത്രമേയുണ്ടായിരുന്നുള്ളൂ. അഞ്ചാം പകുതിയില്‍ പ്രാര്‍ത്ഥനാ
വാക്യങ്ങള്‍ ഉരുവിട്ട് കൃഷി സ്ഥലത്ത് നിന്ന് വിളവുമായി, നിരയായി തിരിച്ച് നടന്നു. അവനവന്റെ വീടുകളില്‍
എത്തുമ്പോഴാണ് സൂര്യന്‍ തെക്ക് അസ്ഥമിച്ചിരുന്നതെന്നതിനാല്‍ ഏറ്റവും ഇളയ അംഗമായിരുന്നു മടക്ക യാത്രയില്‍
മുന്നില്‍ നടന്നിരുന്നത്. അരിഗോണരുടെ കൃഷിസ്ഥലം മാത്രം പ്രവാചക സന്ദേശവാഹകരുടെ ഖബറിടത്തിന്റെ വലത്
ഭാഗത്തായി തയ്യാറാക്കി. കാരണം പ്രവാചകര്‍ അഗിനാര്‍ മരങ്ങളിലായിരുന്നു വസിച്ചിരുന്നത്. വലതു ഭാഗം
അരിഗോണര്‍ക്ക് അതിനാല്‍ പാവനമാക്കപെട്ടതായി.


മൂന്നാം പകുതിയില്‍ അരിഗോണര്‍ രചിച്ച അവിസാന്ത പുസ്തകങ്ങള്‍ പിതാവ് നാലാം പകുതിയില്‍ വായിച്ച്
തീര്‍ക്കുമ്പോള്‍ അവിസാന്ത ഭാഷയോട് തലയാട്ടി സംസാരിക്കുന്നത് പോലെ ദ്യോതിപ്പിച്ചു. രാത്രിയില്‍ അരിഗോണര്‍
വിളക്ക് തെളിയിക്കുമായിരുന്നില്ല. തീ ദ്രാവകമായായിരുന്നല്ലോ അക്കാലത്ത്. രാത്രിയില്‍, പ്രവാചക സന്ദേശകര്‍ക്ക്
അരോചകമാകാതിരിക്കാന്‍ അരിഗോണര്‍ കൂര്‍ക്കം വലിക്കാതിരുന്നു. ഇതിനായി രാത്രിയേയും നാല്
പകുതിയാക്കിയിരുന്നു. ഓരോ യാമത്തിലും അരിഗോണികള്‍ കൂര്‍ക്കം വലിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു. സന്ദേശവാഹകര്‍
അന്ത്യയാമത്തില്‍ മാത്രമാണ് അരിഗോണര്‍ക്ക് പ്രവചനങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്നത്. പകലിന്റെ ആദ്യ
പകുതിയില്‍ സ്വപ്നദര്‍ശനം അതിനാല്‍ സുഗമമായി ഓര്‍ത്ത് വെക്കാന്‍ അരിഗോണികള്‍ക്ക് കഴിഞ്ഞു.


പ്രപിതാവിന്റെ പൌരാണിക അവിസാന്ത പുസ്തകത്തില്‍ തലയാട്ടി, വംശചരിത്രം വായിച്ച്, വഴിവക്കില്‍ ഉപേക്ഷിച്ച്
പോയ വംശപരാവലിയെ തിരഞ്ഞ് ഞാനും യാത്രയായി. ഒമാനിലെ സീബ് വിമാനത്താവളത്തില്‍ നിന്നും ഇരുനൂറ്
മൈലകലെ നിസ്‌വ എന്നയിടത്ത് എത്തി ചേര്‍ന്ന് ഉപജീവനം കഴിച്ച് കൊണ്ടിരിക്കെ, ജബല്‍ അഖ്ദര്‍
എന്നയിടത്തൊരു അരിഗോണി പിതാവ് കാത്തിരിക്കുന്നതായി സ്വപ്നസന്ദേശം ലഭിച്ചു.


ചെങ്കുത്തായ മലനിര താണ്ടി, പൊട്ടി പൊളിഞ്ഞൊരു വാഹനത്തോട് ചാരി മയങ്ങുമ്പോള്‍ അവിസാന്ത ഭാഷയിലെ
വരവേല്‍പ്പ് ഗാനം കേട്ടു. വംശത്തിലൊരു അരിഗോണി പിറക്കുമ്പോള്‍ പിതാക്കന്മാര്‍ പാടുന്ന മനോഹര ഗാനം!!.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗാനം!!!

പ്രായാധിക്യത്തിന്റെ ദുര്‍ഗന്ധം മയക്കത്തില്‍ നിന്നുണര്‍ത്തുമ്പോള്‍ അരിഗോണി പിതാവെന്റെ ഇടത്തെ ചുമലിന്റെ
പിറകില്‍ അരിഗോണി ചിഹ്നത്തിന്ന് വേണ്ടി തിരയുകയായിരുന്നു. അരിഗോണിയുടെ മരണം വരെയുള്ള യാത്രയുടെ
മുഴുവന്‍ വിവരവും രേഖപ്പെടുത്തിയ ചിഹ്നം വായിച്ച് പിതാവ് പ്രവചിക്കാന്‍ തുടങ്ങി..
വഴിയിലുപേക്ഷിക്കപെട്ട പൂര്‍വ്വ പിതാക്കള്‍ക്ക് ആയിരത്തോളം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നും വംശപരമ്പരയെ
കൂട്ടിചേര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ഭാരതത്തിന്റെ തെക്കെ മൂലയില്‍ ഇതര സമുദായത്തോട് ഇടചേര്‍ന്ന് ജീവിക്കുന്ന
അരിഗോണികള്‍ മുഴുവനായും നാടുപേക്ഷിക്കുമെന്നും തിരിച്ച് പോകാനാകാതെ പ്രവാസികളായി മരിക്കുമെന്നും പ്രവചിച്ചു.

പ്രവചന നാള്‍ തൊട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ കെനിയയില്‍ നിന്നുമെത്തുന്ന അരിഗോണിക്കൊപ്പം
വംശപരമ്പരയെ തിരഞ്ഞ് യാത്രയാകും വരെ കാത്തിരിക്കാന്‍ പറഞ്ഞ് പിതാവ് അകന്നു പോയി.
ഈയടുത്ത് മറ്റൊരു സന്ദേശം ലഭിച്ചത് നൂറ്റാണ്ടുകളായുള്ള അരിഗോണി സമൂഹത്തിന്റെ നിലനില്‍പ്പിന്റെ പൊരുള്‍
തെളിയിക്കുന്നതായിരുന്നു. കെനിയയില്‍ നിന്നുള്ള അരിഗോണി യാത്രയ്ക്കൊരുങ്ങുന്നു...


ജന്മനാട്ടിലേക്ക് തിരിച്ച് പോകാന്‍ പ്രവാചകര്‍ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ മറ്റൊരു യാത്രയ്ക്കായ് അഗിനാര്‍ വിത്തുകള്‍
നിറച്ച ഭാണ്ഡവുമായി കാത്തിരിക്കുമ്പോള്‍, വംശനാശം സംഭവിച്ച ഏതോ പക്ഷിയുടെ കാഷ്ഠം നിലത്ത് വീഴുന്നതിന്റെ
രേഖാചിത്രമാണ് അവിസാന്ത ഭാഷയെന്ന് തെറ്റിദ്ധരിച്ച അരിഗോണികളല്ലാത്തവര്‍ക്ക്, ശാസ്ത്രത്തിന്റെ
പിന്‍ബലമുണ്ടായിട്ട് പോലും അരിഗോണി പ്രവചനങ്ങള്‍ പുലരുന്നതിന്റെ സാംഗത്യം കണ്ടെത്താന്‍ കഴിയാത്തതിനെ
പറ്റി ഖേദം തോന്നി.

-ശുഭം-

അഭിപ്രായങ്ങള്‍

Kalesh Kumar പറഞ്ഞു…
ഇബ്രാന്‍, സുഖമുള്ള , കൌതുകകരമായ വായന!!!
നന്നായിട്ടുണ്ട്!
Unknown പറഞ്ഞു…
കിടിലന്‍ മൈ ഡിയര്‍ ഇബ്രൂൂു..... ഒരു പുതിയ വംശത്തെ സൃഷ്‌ടിച്ചെടുത്ത നിന്റെ എഴുത്തിനെ കുറിച്ച്‌ ഞാന്‍ അസൂയപ്പെടുന്നു. പണ്ടാരോ പറഞ്ഞത്‌ പോലെ.. എപ്പോഴെങ്കിലും എഴുതിയാല്‍ മതി.. പക്ഷെ, ഇങ്ങനെയുള്ളത്‌ എഴുതണം..
Visala Manaskan പറഞ്ഞു…
കലേഷിന്റെ സെയിം അഭിപ്രായം. കൌതുകകരമായ വായന. വെരി ഗുഡ് വര്‍ക്ക് ഇബ്രാന്‍.
കെവിൻ & സിജി പറഞ്ഞു…
ഗുണ്ടായിണ്ടിഷ്ടാ.
അരവിന്ദ് :: aravind പറഞ്ഞു…
ഇബ്രൂ.എന്നോട് ക്ഷമിക്കൂ
ഇതു വരെ എഴുതാതെയിരുന്നതിന് ഞാന്‍ പരിഭവപ്പെട്ടതിന്..എന്തൂട്ട് കഥയാണിഷ്ടാ എഴ്‌ത്യേക്കണേ..ഇതിന് റിസേര്‍‌ച്ച് ആയിരുന്നല്ലേ ഇതു വരെ പരിപാടി!!
നമിച്ചു സുഹൃത്തേ..നമിച്ചു..
ഇതെങ്ങനെയെഴുതി എന്ന് ഞാനിപ്പോഴും അത്ഭുതപ്പെടുന്നു.
തണുപ്പന്‍ പറഞ്ഞു…
ഇബ്രൂ ! കലക്കിയിരിക്കുന്നു ! പറഞ്ഞതില്‍ കൂടുതല്‍ പറയാതിരിക്കുകയാണല്ലേ ?
ദേവന്‍ പറഞ്ഞു…
ഗോത്രങ്ങളുടെ ശാസ്ത്രവും കലയും വെളിവും നേരും നെറിയുമെല്ലാം വെള്ളക്കാരന്റെ അധിനിവേശത്തിനു മുന്നില്‍ മുട്ടുമടക്കുന്ന ഐതരേയ പാശ്ചാത്യ സംസ്കാരയുഗം ഇത്. അവന്റെ സംസ്കാരത്തിന്റെ സന്നിപാതത്തില്‍ നിമജ്ജമാകവേ ഗോത്രങ്ങളുടെ പ്രവാചകരും ദൈവവും സത്യവും അനുഷ്ഠാനങ്ങളും അവരുടെ തന്നെ മനസ്സില്‍ പ്രാകൃതവും അസത്യവുമെന്ന് ഗോത്രാംഗത്തിനുതന്നെ തോന്നിപ്പോകുന്നു.
Ghosts are unreal because they have no matter and exist only in people's mind...... so are laws of physics numberic system and laws of algebraic substituition but they are accepted as real.
(Zen & The Art of Motorcycle Maintenance- (ഓര്‍മ്മയില്‍ നിന്നെഴുതുന്നത് പദാനുപദം ഇങ്ങനെ ആകണമെന്നില്ല)- ഇതുപോലെ സത്യമെന്നും കെട്ടുകഥയെന്നും ഒറ്റനോട്ടത്തില്‍ തോന്നാവുന്ന പലതിനെയും സൂക്ഷിച്ചു നോക്കിയാല്‍ മറുവശവും കാണാമെന്ന് ചിലരേ തിരിചറിയുന്നുള്ളു.

വെളുത്ത ശാസ്ത്രസത്യങ്ങളിള്‍ വിശ്വസിക്കുന്നതിനാല്‍ നിര്‍ബന്ധബുദ്ധ്യാല്‍ മറക്കുന്ന അരിഗോണിയന്‍ ഗോത്രവേരുകള്‍ ചികയുന്ന കഥ ഗംഭീരമായി ഇബ്രൂ. ഒന്നു രണ്ടിടത്ത് One Hundred Years of Solitude ചുവ ഉള്ളത് അറിയാതെ വന്നതാകാം, അല്ലെങ്കില്‍ യാദൃശ്ചികമായി ഭവിച്ചതുമാകാമല്ലോ.
ഉമേഷ്::Umesh പറഞ്ഞു…
ഗംഭീരം, ഇബ്രൂ. ഈ അരിഗോണികള്‍ മറ്റെവിടെയെങ്കിലും പരാമൃഷ്ടരാണോ അതോ ഇബ്രുവിന്റെ ഭാവനാസൃഷ്ടികളോ?
Adithyan പറഞ്ഞു…
അരിഗോണികളുടെ സൃഷ്ടാവേ, രാഷ്ടൃം അങ്ങയെ നമിക്കുന്നു.

(sorry, its tough making sentences at Malayalam Character Picker
മലയാളം അക്ഷരം പെറുക്കി )
ഇബ്രുവിനെ വ്യത്യസ്‌തനാക്കുന്നത്‌ കഥപറച്ചിലിന്റെ സങ്കേതങ്ങളിലെ ഈ വ്യത്യസ്‌തത തന്നെ.
തന്റെ സങ്കല്‍പങ്ങളുടെയും അനുമാനങ്ങളുടേയും യഥാതഥമായ ആവിഷ്‌കാരം......

അറിയപ്പെടാത്ത,അല്ലെങ്കില്‍ ഒരിക്കലും ഉണ്ടായിരുന്നു എന്നു വിശ്വസിക്കപ്പെടാത്ത, ഒരു ജനതതിയുടെ വികാസപരിണാമങ്ങള്‍,ചില ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ ശൈലിയായ മാജിക്കല്‍ റിയലിസത്തിന്റെ വഴിയിലൂടെ വരച്ചുകാട്ടാനുള്ള ശ്രമം പ്രശംസനീയം തന്നെ..
മധ്യപൂര്‍വ്വേഷ്യയിലോ ഇരുണ്ടഭൂഖണ്ഡത്തിന്റെ എതെങ്കിലും കോണിലോ ഇങ്ങനെയൊരു ഗോത്രം ,ശാസ്‌ത്രത്തോട്‌ നിഴല്‍യുദ്ധം നടത്തി കടന്നുപോയിരിക്കാം.
പലയിടത്തും പ്രത്യക്‍ഷപ്പെടുന്ന,ദേവേട്ടന്‍ പറഞ്ഞ ആ ചുവ , ഇബ്രുവിന്റെ പരന്ന വായനയുടെ സ്വാധീനം തന്നെ..
രാജ് പറഞ്ഞു…
ആശയത്തിലും ആവിഷ്കാരത്തിലും വ്യത്യസ്തതപുലര്‍ത്തുന്ന കഥയാണെങ്കിലും കഥ പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ‘ഭാഷ’ നോവലുകള്‍ക്കും നീണ്ട ആഖ്യായികള്‍ക്കും മാത്രം ചേരുന്നതല്ലേ എന്നൊരു സംശയം; ചെറുകഥയില്‍ ഈ ഭാഷ മുഴച്ചു നില്‍ക്കുന്നു.
ഉമേഷ്::Umesh പറഞ്ഞു…
ഹോംസിനെയും വാട്സനെയും വായിച്ചിട്ടു് ഒരുപാടു കാലമായി ഹോംസേ. എല്ലാമൊന്നും വായിച്ചിട്ടുമില്ല. മെര്‍മോന്‍ വംശത്തിന്റെ കഥ പറയുന്ന കഥയാണോ ഈ Study in Scarlet?
ഉമേഷ്::Umesh പറഞ്ഞു…
കഥ മുഴുവന്‍ ഓര്‍മ്മയില്ല. പണ്ടു് ഈ കഥ വായിച്ചപ്പോള്‍ ഇതു ഷെര്‍ലക്ക് ഹോംസ് കഥ തന്നെയോ എന്നു് അന്ധാളിച്ചു് പുസ്തകത്തിന്റെ പുറംചട്ട പിന്നെയും ശ്രദ്ധിച്ചു വായിച്ചതു് ഓര്‍മ്മയുണ്ടു്.
SunilKumar Elamkulam Muthukurussi പറഞ്ഞു…
ഇബ്രുവും ഒരു അരിഗോണിവംശജനാണല്ലേ? അതേയതേ നല്ലകഥ. ഒന്നുകൂടെ മെനക്കിട്ട്‌ മിനുക്കാമായിരുന്നു സുഹൃത്തേ.
വിഷയം കൊണ്ടും ഭാഷകൊണ്ടും അവതരണ ശൈലികൊണ്ടും വേറിട്ടുനില്ക്കുന്നുവെന്നു പറയാതെ വയ്യ. പെരിങ്ങോടരുടെ അഭിപ്രായെത്തെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, നീണ്ടകഥകളുടെ ശൈലിയാണെങ്കിലും പെരിങ്ങോടര്‍ പറഞ്ഞ മുഴപ്പ് അത്രയ്ക്കങ്ങട് ഫീല്‍ ചെയ്യുന്നുണ്ടോയെന്ന് സംശയമാണ്.

ഒരു സാങ്കല്പിക വംശത്തെ യാഥാര്‍ത്ഥ്യത്തിന്‍റെ തീരത്തേയ്ക്കടുപ്പിക്കുന്നതില്‍ ഒരുപരിധിവരെ ഇബ്രു വിജയിച്ചിട്ടുമുണ്ട്.

ഞാനിത് വീണ്ടും വീണ്ടും വായിച്ചു ഇബ്രു. വായിച്ചുതീരുമ്പോള്‍ പറയാനുള്ളതുമുഴുവന്‍ പറയാതെപോയൊരു പ്രതീതി ഒരു പക്ഷേ എനിക്കുമാത്രം തോന്നിയതാവാം. ചരിത്രത്തെ ചില പ്രത്യേക സ്ഥലങ്ങളുമായി ബന്ധിപ്പിയ്ക്കാന്‍ ശ്രമിച്ചത് അലപ്ം പോരായ്മയായോ. എഴുതിക്കൊണ്ടിരിക്കുന്നത് ഒരു കഥയാണെന്നും നീട്ടിക്കൊണ്ടുപോകാതെ ഉടന്‍ അവസാനിപ്പിക്കണമെന്നുമുള്ള തോന്നലില്‍ പെട്ടെന്ന് എഴുതിത്തീര്‍ത്തപോലെ അവസാനത്തെ പാരഗ്രാഫ് വിട്ടുനില്ക്കുന്നുവെന്നുള്ളതും എന്‍റെ മാത്രം തോന്നലായിരിക്കാം.

അതുകൊണ്ടു തന്നെ അരിഗോണിയര്‍ വംശത്തിന്‍റെ കഥ എതാനും പാരഗ്രാഫുകളില്‍ ഒതുങ്ങേണ്ട ഒന്നല്ല എന്നാണ് എനിക്കുതോന്നുന്നത്. ഇബ്രുവിന് ഇനിയും എന്തെല്ലാമോ പറയാനുണ്ട്, വായനക്കാര്‍ക്ക് വായിക്കാനുമുണ്ട്. കുറച്ച് അദ്ധ്യായങ്ങളായി ഇതൊന്നു വികസിപ്പിച്ചുനോക്കൂ ഇബ്രു. ഇതിന്‍റെ അവസാനത്തെ പാരഗ്രാഫ് ഒരുപാട് അദ്ധ്യായങ്ങള്‍ക്ക് ശേഷം മാത്രം പറയേണ്ട ഒന്നാണ്. പെരിങ്ങോടര്‍ ചൂണ്ടിക്കാണിച്ച ഭാഷാപ്രശ്നവും മാറിക്കിട്ടും.
ചില നേരത്ത്.. പറഞ്ഞു…
കലേഷ്, കൌതുകമായി കണ്ടതിന് നന്ദി. ചുമരില്‍ കുതിര പടയാളിയുടെ നിഴല്‍ പടര്‍ത്തിയ രംഗം അവിചാരിതമായി കണ്ടപ്പോള്‍ എഴുതുവാന്‍ തോന്നിയതാണ് അരിഗോണികള്‍.

ഡ്രിസ്സിലേ. നിന്റെയൊക്കെ പ്രോത്സാഹനത്തിന് നന്ദി വാക്കുകളില്ല. നിന്റെ സൌഹൃദത്തിന് മേല്‍ ഞാനൊന്നും പകരം വെയ്ക്കുന്നുമില്ല.

വിശാലാ, കെവിന്‍‌ജീ, വായനയ്ക്ക് സമയം കണ്ടെത്തിയതിന് ഒരു പാട് നന്ദി.

അരവിന്ദ്. സ്നേഹ പൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാനീ സാഹസത്തിന് മുതിര്‍ന്നത്. ഈസ്റ്ററിന്റെ തിരക്കിനിടയിലും കമന്റിയതിന് നന്ദി.

തണുപ്പാ. ഭാവനയില്‍(നടിയല്ല) അഭിരമിക്കുമ്പോള്‍ നമുക്കിങ്ങനെ കുറേ എഴുതിപ്പോകാം. പക്ഷേ, വായിക്കുവാന്‍ ആളെ കിട്ടിയെന്ന് വരില്ല. ഇവിടം സന്ദര്‍ശിച്ചതിന് നന്ദി. പീറ്റേര്‍സ് ബര്‍ഗ് വിശേഷങ്ങള്‍ പകര്‍ത്തൂ. റഷ്യ എന്ന് കേള്‍ക്കുമ്പോള്‍ വെട്ടുകിളികളുടെ നാടെന്ന് ധരിച്ച് തുടങ്ങിയിരിക്കുന്നു ലോകം.

ദേവേട്ടാ.മാജിക്കല്‍ റിയലിസത്തില്‍. ഊന്നി ഒരു കഥ പറയാമെന്ന് വ്യമോഹിച്ചപ്പോള്‍ ഏകാന്തതയുടെ നൂറുവര്‍ഷത്തെ കുറിച്ചോര്‍ത്തു. ആ രചനാ സങ്കേതം മാത്രം കടം കൊണ്ട് എഴുതി തുടങ്ങിയപ്പോള്‍ മടുപ്പ് വന്നു തുടങ്ങി. അധിനിവേശങ്ങളില്‍ വേരറ്റ് പോയ ജനതയുടെ റിയലിസ്റ്റിക്കായ ഒരു പാ‍ട് കഥകളുടെ ബീജങ്ങള്‍ ചരിത്ര വായനയില്‍ സാദ്ധ്യമാണ്. പഴകിയ രീതിയെന്ന ആക്ഷേപം നിലനില്‍ക്കുന്നുവെങ്കിലും മലയാള സാഹിത്യത്തില്‍ വളരെ കുറച്ചേ ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്ന് തോന്നുന്നു.

ഉമേഷ് ജീ. ഭാവനാവിലാസത്തില്‍ നിന്ന് തന്നെ, പക്ഷേ രീതി പഴയത്. എന്റെ ചുരുങ്ങിയ വായനയില്‍ ഞാനിത്തരമൊരു വംശത്തെ കുറിച്ചറിഞ്ഞിട്ടില്ല. ദൈവികനീതിയില്‍ നിന്നും വളരെ അകന്ന ഒരു ജനതയിലേക്ക് പ്രവാചകരെ നിയോഗിക്കുമ്പോള്‍ അവിടെ നീതിയ്ക്ക് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന വംശത്തിന്റെ പരമ്പരാഗതമായ വിശ്വാസ രീതിയെ കുറിച്ച് ചിലതെഴുതിയതാണിത്. തികച്ചും സാങ്കല്‍പ്പികം.

ആദിത്യാ. ചിക്കാഗോയില്‍ ജീവിതമെങ്ങിനെ? ബാച്ച്ലര്‍ ജീവിതം ബോറാകുന്നുണ്ടോ?. വരമൊഴിയൊക്കെ വരുതിയില്‍ വരുത്തി പുതിയ വിശേഷങ്ങള്‍ പങ്കു വെയ്ക്കൂ.

ഇളം തെന്നലേ.. ദൈവിക ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ വന്ന് പോകുന്ന ചരിത്രങ്ങളിലേക്ക് നമ്മള്‍ ആകൃഷ്ടരാകാറില്ലേ? അല്ലയോ സത്യവിശ്വാസികളേ..ലൂത്തിന്റെ ജനതയെ ഞാനെങ്ങിനെ നശിപ്പിച്ചുവെന്ന് നിങ്ങള്‍ കാണുന്നില്ലേ? എന്നൊക്കെ വായിക്കുമ്പോള്‍ സ്വാഭാവികമായും നാം ആ ജനതയെ കുറിച്ചും അവരുടെ വിശ്വാസത്തെ കുറിച്ചും ഓര്‍ക്കില്ലേ.ഒരു നല്ല കഥാകൃത്തിന് മാജിക്കല്‍ റിയലിസം മുത്തു പോലെയാണ് . ഞാനിത് ആകെ കൂടെ വൃത്തികേടാക്കി. എന്നാലും ആ രീതിയില്‍ ഒരു പരിശ്രമം നിങ്ങളും നടത്തി നോക്കൂ.ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

പെരിങ്ങോടരെ, ചെറുകഥകള്‍ക്ക് ഭാഷയില്‍ നല്ല കൈത്തഴക്കം വേണമെന്നാണ് എന്റെ ഈ കഥ എന്നോട് പറയുന്നത്. നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

പ്രിയ ഷെര്‍ലക്ക്.
താങ്കളുടെ നിരീക്ഷണം വളരെ കൃത്യതയുള്ളതായിരുന്നു. ബ്ലോഗില്‍ പബ്ലിഷ് ചെയ്യണമെന്ന് ഉദ്ദേശിച്ച് എഴുതി തയ്യാറാക്കുമ്പോള്‍ പലതും വിട്ട് പോയത് പരിചയ കുറവ് കൊണ്ടാണ്. ഒരു രീതി അതില്‍ ഒരു കഥ എന്നാണ് ഈയിടെ എനിക്ക് തോന്നിയ കഥാരീതി. ഭാഷയില്‍ കൈത്തഴക്കം വരുത്തുക എന്ന ഒരുദ്ദേശമാണ് ഇതിനു പിന്നില്‍. ഒരു പക്ഷേ അഹങ്കാരമാണെന്ന് തോന്നിയേക്കാം. അടിപതറലുകള്‍ ഉറച്ച കാല്‍പ്പാടുകളിലേക്ക് നയിക്കുമെന്ന പ്രത്യാശ തന്നെയാണുള്ളത്. തുടര്‍ന്നും ചൂണ്ടിക്കാട്ടലുകള്‍ സന്തോഷത്തൊടെ സ്വീകരിക്കും. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഈ പോസ്റ്റില്‍ എനിക്ക് ലഭിച്ചു. വളരെയധികം സന്തോഷം തോന്നുന്നു. തുടര്‍ന്നെഴുതാന്‍ പ്രോത്സാഹനവുമാകുന്നു. വളരെ നന്ദി.

സുനില്‍ജീ..
തിരക്കിട്ട് അവസാനിപ്പിക്കാന്‍ കണ്ട കുറുക്കുവഴിയായിരുന്നു അത്. വളരെ കാലത്തിന് ശേഷം സുനില്‍ജീ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷം അറിയിക്കുന്നു.

പ്രിയ സാക്ഷീ. നിങ്ങള്‍ നല്‍കിയ അഭിനന്ദങ്ങള്‍ക്ക് നന്ദി.


സസ്നേഹം
-ഇബ്രു-
ചില നേരത്ത്.. പറഞ്ഞു…
പ്രിയ സാക്ഷീ..
പെരിങ്ങോടന്‍ പറഞ്ഞത് മുതല്‍ എനിക്കും തോന്നി തുടങ്ങിയിരുന്നു. ഒരു തുടരന്‍ ആക്കിയാലോ എന്ന അതിമോഹം. വേര്‍ഡ്പ്രസ്സിലോ മറ്റോ എഴുതി ആരും കാണാതെ ഒളിപ്പിച്ചെഴുതുന്നതില്‍ സാക്ഷിയുടെ നിര്‍ദ്ദേശവും എന്നെ പ്രോത്സാഹിപ്പിക്കുന്നു.നന്ദി.
ദേവന്‍ പറഞ്ഞു…
ഇല്ലാത്തത്‌ എന്നാല്‍ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത തൊട്ടിട്ടില്ലാത്ത മണത്തിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത കാര്യം. ഈ ലോകത്ത്‌ എറ്റവും പ്രയാസം അതിനെക്കുറിച്ചെഴുതാന്‍ തന്നെ.

മാജിക്കല്‍ റീയലിസത്തിന്റെ ഏറ്റവും വലിയ പുലിവാല്‍ അതിന്റെ നിര്‍മ്മാണം നളപാകത്തിലല്ലെങ്കില്‍ അസ്റ്റെറിക്സ്‌ കോമിക്ക്‌ മാതിരിയോ ജംഗ്ഗിള്‍ ബുക്ക്‌ പോലെയോ ആയിപ്പോകുമെന്നതാണ്‌ (വാചകത്തിലേയുള്ളൂ എന്റെ കഥയെഴുത്ത്‌ .. ഇതുവരെ ഞാന്‍ നാലു വരി കഥ എഴുതീട്ടില്ല)

എങ്കിലും, ഇതിനൊരു സൊല്യൂഷന്‍ ആയി കാണുന്നത്‌ ഇതാണു ഞാന്‍:

1. ഞാനും ഇബ്രുവും ഇന്നലെ ദുബായില്‍ കണ്ടു എന്നെഴുതാനാണ്‌ എനിക്കേറ്റവും എളുപ്പം. അത്‌ അക്ഷരം പ്രതി സംഭവിച്ച കാര്യം. ജാക്ക്‌ ലണ്ടന്‍ മുതല്‍ എസ്‌ കെ വരെ അങ്ങനെ എഴുതി.

2. അതിനെ മോഡിഫൈ ചെയ്ത്‌ ഞാനും വിശാലനും ഇന്നലെ ദുബായില്‍ കണ്ടു എന്ന് ആക്കാന്‍ ഇത്തിരി കൂടി പ്രയസം കാരണം ഒരു വേരിയബിള്‍ സാങ്കല്‍പ്പികം. എറ്റവും പ്രചാരമുള്ള കഥനം ഇതാണ്‌. ഉദാ, പ്ലേഗ്‌, ലന്തന്‍ ബത്തേരി,

3. സ്റ്റാലിനും ഉമേഷും ബിക്കിനി ഐലാന്റിനടുത്തുള്ള ഹെലിക്കന്‍ ഐലാന്റില്‍ കണ്ടു എന്നു പാരയുമ്പോള്‍ സങ്കല്‍പ്പത്തിലും കേട്ടറിവിലും മാത്രമായ കഥാപാത്രങ്ങളും സ്ഥലങ്ങളും. മാജിക്കല്‍ റീയലിസത്തിനോട്‌ അടുത്തു. എറ്റവും പ്രയാസവും ഇതിനുണ്ടാക്കാന്‍ തന്നെ. വന്യവും വിദൂരവുമായ നാടിന്റെ കഥ
പറയാന്‍ ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക്‌ എളുപ്പം കഴിഞ്ഞു.

4. കോമട്ടി നാട്ടില്‍ കൊച്ചിട്ടിയും ഉണിക്കണ്ടപ്പനും കണ്ടു എന്നു പറയുമ്പോള്‍ അതു മുത്തശ്ശിക്കഥ. ഇതെഴുതാനും എളുപ്പമാണ്‌ ഒന്നും നോക്കാനില്ല, കുറുക്കന്‍ സംസാരിക്കും ഈ നാട്ടില്‍ സിംഹത്തിനു 10 തല ഉണ്ടാവും.

സ്റ്റെപ്‌ ബൈ സ്റ്റെപ്‌ ആയി സബ്സ്റ്റിറ്റ്യൂഷന്‍ നടത്തിയാല്‍ നമുക്കിഷ്ടമുള്ള മിക്സ്‌ കിട്ടേണ്ടതാണ്‌..ആദ്യം എനിക്കു പകരം സ്റ്റാലിന്‍, പിന്നെ ഇബ്രുവിനു പകരം ഉമേഷ്‌ പിന്നെ ദുബായിക്കു പകരം ഇല്ലാത്ത ഐലാന്റ്‌.

ഈ ലോകത്ത്‌ എറ്റവും പ്രയാസമുള്ള എഴുത്തിലിട്ടാണു ഇബ്രു കൈ വച്ചത്‌. ബുദ്ധിമുട്ടുകള്‍ സാരമാക്കണ്ടാ. വേഗത്തില്‍ തീര്‍ക്കാനും നോക്കണ്ടാ.. തീര്‍ച്ചയായും കൂടുതല്‍ നന്നാവും.
Durga പറഞ്ഞു…
എനിക്കും തോന്നി ഒരു മാര്‍കേസ് രചന വായിക്കുന്ന സുഖം പലയിടത്തും...ഏകാന്തതയുടെ 100 വര്‍ഷങ്ങളിലൂടെ ഒന്നു ഞാനും കടന്നുപോയി.....
നന്നായിട്ടുണ്ട് ഇബ്രൂ....ഇനിയും എഴുതൂ..തന്റെ ശൈലി ഒരു വാഗ്ദാനമാണു, നമ്മുടെ ഭാഷയ്ക്ക്.
Kumar Neelakandan © (Kumar NM) പറഞ്ഞു…
ഇബ്രു, വായനതുടങ്ങിയപ്പോള്‍ എനിക്കൊന്നും മനസിലായില്ല. അതു തുടരുംതോറും വായനയുടെ സുഖമേറി. വായനയുടെ വേഗമേറി.

പുതിയ അറിവുകള്‍. പുതിയ ചിന്തകള്‍. പുതിയ സങ്കേതം.
നന്നായി ഇബ്രു.
അതുല്യ പറഞ്ഞു…
ഇബ്രുവേ എനിക്കങ്ങട്‌ കത്തീലാ ട്ടോ. (ഹെങ്കന്‍ എഫക്റ്റ്‌ അല്ലാട്ടോ, അതു ദേവന്‍ പുളിയിഞ്ചി കിട്ടാത്ത അരിശം തീര്‍ത്തതാ) എന്റെ തലയിലേ മസാലയ്കു ഇതു ശരിയാവില്ലാത്തതു കൊണ്ടാകാം. അലെങ്കില്‍ ചിന്താ ശ്രേണിയിലേ കുഴലപ്പം കൊണ്ടാവാനും മതി. കടിച്ചാ പൊട്ടാത്തെ അവലോസുണ്ട,ഒന്ന് കടിച്ചിട്ട്‌, പൊട്ടിയിലെങ്കിലു ഞാന്‍ ആരും കാണാതെ അതു മാറ്റി വയ്കും. അല്ലാതെ, എമിറേറ്റ്‌ റോഡിന്റെ നടുവിലു കൊണ്ട്‌ പോയി വച്ച്‌, സിമന്റ്‌ കട്ട കയറ്റിയ റ്റ്രേയിലര്‍ കയറ്റി പൊടിച്ച്‌ വായില്ലിട്ട്‌, തലയിലുള്ള (ഉണ്ടെങ്കില്‍) ഡിസ്ക്‌ സ്പേസ്‌ തിര്‍ക്കാന്‍ നിക്കില്ലാ. നടന്നതോ, നടക്കാന്‍ സാധ്യതയുള്ള എേതെങ്കിലും "കഥ" പോലത്തെയുള്ള വല്ലതുമേ എനിയ്ക്‌ കത്തൂ.... സത്യസന്ധത ഇബ്രുവിനോട്‌ ആവാംന്ന് കരുതിയാട്ടോ പറഞ്ഞത്‌. പുതിയ അറിവുകള്‍ നല്ലതു തന്നെ. പക്ഷെ അറിവിനു പകരം പുതിയ ഒരു സങ്കല്‍പം അല്ലെങ്കില്‍ മിത്തില്‍ നിന്ന് ഒരു വഴി മാറി പോകല്‍ എന്തു കൊണ്ടോ എന്റെ മനസ്സിന്റെ ആഴത്തിലേയ്ക്‌ ഇറങ്ങി ചെല്ലുന്നില്ലാ, അതു കൊണ്ടാവാം, ഞാന്‍ ഒന്നുമാവത്തതും ഈ വയസ്സിലും.

പിന്നെ അന്ധനായ അമ്മാവനോട്‌ ഉരുളീലെ പുഴുങ്ങുന്നതു തുണിയാണെങ്കില്‍ എന്റെേയും കൂടീ ന്ന് പറയണപോലെ, ഞാനും പറയാം, ഇനിയും എഴുതൂ... പക്ഷെ ഇതു പോലെ വേണ്ടാ, വായിച്ച അപ്പോ കത്തണം, സൂര്യാ ബള്‍ബ്‌ ....സൂര്യാ ട്യുബ്‌.....

അല്ലാഹു അക്ബര്‍........
ബിസ്മില്ലാഹി രഹ്മാനു രഹിം
നീ എന്നെ കാത്തോളണേ.........
ഇബ്രൂനേ വഴീലു കാണുമാറാകല്ലേ..
രാജ് പറഞ്ഞു…
മാജിക്കല്‍ റിയലിസം എന്തെന്നറിയാന്‍ “ആല്‍ക്കമിസ്റ്റ്” വായിക്കുകയാണു് ഏറ്റവും ഉത്തമം. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ മനുഷ്യനെ വഴിപിഴപ്പിച്ചു കൊല്ലും ;)

പൌലൊ കൊയ്‌ലൊയുടെ തന്നെ “സഹീറും” ഈ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണെന്നു തോന്നുന്നു.

സാക്ഷി,
ഇബ്രു ഈ കഥ എഴുതി തീര്‍ക്കുന്നതിനും മുമ്പേ അല്പം വായിക്കുവാന്‍ തന്നിരുന്നു, അതുവായിച്ചു ഞാന്‍ കരുതിയതു് ഇയാള്‍ ഇതിനെ സീരിയലൈസ് ചെയ്യുവാനാണു് ഉദ്ദേശിക്കുന്നതെന്നായിരുന്നു. ചെറുകഥയായി സംഭവം പ്രത്യക്ഷപ്പെട്ടപ്പോള്‍ “മുന്‍‌വിധികള്‍” കുഴപ്പമാക്കിയതുകൊണ്ടാവാം, ചെറുകഥയ്ക്കു പറ്റിയ ഭാഷയായില്ലെന്നു് എനിക്കു തോന്നിയതു്. ഇപ്പോഴും അങ്ങിനെ തന്നെ തോന്നുന്നു.
myexperimentsandme പറഞ്ഞു…
ഇബ്രൂ... രണ്ട് ഖണ്ഡിക വരയേ ആയുള്ളൂ.. പയ്യെത്തിന്നാല്‍ പായും തിന്നാമെന്നാണല്ലോ... സ്വന്തമായി ഇങ്ങിനെയൊക്കെ എഴുതാനുള്ള കഴിവ് അപാരം തന്നെ.. പെരിങ്ങോടരുടെ പടക്കം വായിച്ച് തീര്‍ന്നതേ ഉള്ളൂ... ഇനി അരിഗോണികള്‍...
രാജ് പറഞ്ഞു…
മാജിക്കല്‍ റിയലിസം ചുരുങ്ങിയൊരു നിര്‍വചനത്തില്‍ ഒതുങ്ങുകയില്ല ഷെര്‍ലക്കേ, ദേവന്‍ എഴുതിയ കമന്റിനു ചുവടുപിടിച്ചെഴുതിയതുകാരണം ആ ഒരു ആംഗിളിലേ മാജിക്കല്‍ റിയലിസമെന്നു ഞാന്‍ പറഞ്ഞുള്ളൂ (അതാണെങ്കില്‍ ഇതും ആണു് എന്നര്‍ഥത്തില്‍)

ഏകാഗ്രമായുള്ളൊരു പഠനത്തിലും ആല്‍ക്കെമിസ്റ്റ്, മാജിക്കല്‍ റിയലിസം അനുവര്‍ത്തിക്കുന്ന കൃതി തന്നെ. ഫാന്റസിയും, വിശദീകരണങ്ങള്‍ക്കു മുതിരാത്ത ലോജിക്കല്‍ സിമ്പല്‍‌സും, സമയം എന്നൊരു dimension -നെ അവഗണിക്കുന്നതും, നാടോടിക്കഥകളും, മിത്തുകളും ഇടകലര്‍ത്തുന്നതും മാ.റിയലിസത്തിന്റെ സ്വഭാവമെന്നിരിക്കെ, ആല്‍ക്കെമിസ്റ്റ് അപ്രകാരമുള്ള കൃതിയെന്നു എളുപ്പം കരുതാവുന്നതാണു്.

എല്ലാ മാജിക്കല്‍ റിയലിസ്റ്റിക് കൃതിയിലും സിമ്പോളിക് എലമെന്റ്സ് കാണുന്നില്ലേ?

അവതാരികയില്‍ പൌലൊ, സ്വകൃതിയെ മാജിക്കല്‍ റിയലിസ്റ്റിക് കൃതിയെന്നു പറയുന്നതിനു പകരം സിമ്പോളിക് രചനയെന്നു പറയുന്നതിന്റെ കാരണം, മാജിക്കല്‍ റിയലിസം അനുവാചകന്റെ തിരിച്ചറിവുകളും, സിമ്പോളിസം എഴുത്തുകാരന്റെ രീതിയും ആയതുകൊണ്ടാവും.
തണുപ്പന്‍ പറഞ്ഞു…
സാക്ഷിയോട് ചുവട് പിടിച്ച് ഞാനിതും കൂടി പറയട്ടെ, അരിഗോണികളുടെ ചരിത്രം ഏതാനും ഖണ്ടികയില്‍ ഒതുക്കേണ്ടതല്ല.ഒരു ചെറുകഥയുടെ ചട്ടക്കൂടില്‍ തീര്‍ക്കേണ്ടതുമല്ല. ആദ്യവായാനയില്‍ തന്നെ തോന്നിയിരുന്നു ഇബ്രു പറയാനുദ്ദേശിച്ചതത്രയും പറഞ്ഞിട്ടില്ലെന്ന്.
‘ശുഭം’ എന്നെഴുതിയിരിക്കുന്നത് വലിയൊരപാകതയായി ഞാന്‍ കാണുന്നു. പ്രിയപ്പെട്ട ഇബ്രൂ, ഇതിവിടെ അവസാനിപ്പിക്കാനുള്ളതല്ല. വായിക്കാന്‍ ആളുണ്ടാകുമോ എന്ന ആശങ്ക നീങ്ങിയല്ലോ! ഇനി എഴുതി തുടങ്ങുക. തിരക്കിട്ട് അവസാനിപ്പിച്ചിടത്തു നിന്നല്ല, ചുമരില്‍ കുതിര പടയാളിയുടെ നിഴല്‍ പടര്‍ത്തിയ രംഗത്തില്‍ നിന്നു തന്നെ വീണ്ടും തുടങ്ങുക.

ആശംസകള്‍
Kuttyedathi പറഞ്ഞു…
എത്ര സൂക്ഷ്മമായ ഭാവന! ഖലീല്‍ ഇബ്രാനെന്നു പണ്ടു വിളിച്ചതാരാണാവോ ? ദേവേട്ടന്‍ പറഞ്ഞ പോലെ ഏറ്റവും ബുദ്ധിമുട്ടേറിയ രചനാ സങ്കേതത്തിലിങ്ങനെയൊന്നെഴുതാന്‍ വേണ്ടിയായിരുന്നല്ലേ കാത്തിരിപ്പ്‌ ?

ചോദിക്കട്ടെ..ആക്ച്വലി മ്മടെ നോഹക്കു ഇണകളെ കൊടുത്ത സംഭവം എവിടെയെങ്കിലും എഴുതപ്പെട്ട ചരിത്രമാണോ ? അതോ, അതു മുതല്‍ തുടങ്ങുന്നോ ഭാവനയുടെ കളികള്‍ ? അമ്പമ്പോ...
Achinthya പറഞ്ഞു…
സുന്ദരം.മാജിക്കൽ റിയലിസം ഒരിക്കലും കാലഹരണപ്പെടുന്ന ശൈലിയാണെന്ന് എനിക്ക് തോന്നുന്നില്ല.മലയാളത്തിൽ ഇതിന്റെ തുടക്കവും അവസാനവും തമ്മിലുള്ള ദൂരം വളരെ കുറഞ്ഞ്വോ ന്നൊരു സംശയം.

കൊയ്‌ലോ കഥകൾ പലപ്പഴും വിരസായിട്ടുള്ള ആവർത്തനത്തിലൂടെ വെറും അലിഗറിയായി മാറിയത് പോലെ പലപ്പഴും തോന്നീട്ട്ണ്ട്.

മനസ്സിൽ മഞ്ഞശലഭങ്ങളായി പാറി നടക്കുന്നവൻ തന്നെ മാജിക്കൽ റിയലിസത്തിന്റെ ഏറ്റവും നല്ല കാമുകൻ.
സന്തോഷം ഒരുപാടു നൽകിയ വായനാനുഭവം.

ഈ പോസ്റ്റ് കണിച്ചു തന്ന കുമ്മാറിനു നന്ദി.

സ്നേഹം
Santhosh പറഞ്ഞു…
സുന്ദരമായിരിക്കുന്നു.

അരിഗോണികളുടെ ചരിത്രം (ഇവിടെ മറ്റുപലരും സൂചിപ്പിച്ചതുപോലെ) ചെറുകഥയിലൊതുക്കരുത്. താങ്കള്‍ക്കറിയാവുന്ന എന്തൊക്കെയോ ഞങ്ങള്‍ വായനക്കാര്‍ക്ക് അറിയില്ല എന്ന വിചാരമാണ് ശുഭം എന്ന അവസാന വാക്കു കഴിയുമ്പോഴും തോന്നുക.

ചെറുകഥയുടെ ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ചില്ലറ പ്രശ്നങ്ങള്‍ വന്നുപെട്ടിട്ടുമുണ്ട്.

1. ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് അരിഗോണികള്‍ക്ക് എടുത്തുപറയത്തക്കതായി എന്തെങ്കിലും സംഭവിച്ചോ? അതോ, വെറുമൊരു സൂചന മാത്രമോ?
2. “അവര്‍ അവിസാന്ത ഭാഷ മറന്നില്ല” എന്നതുകൊണ്ട്, “അവര്‍ മറ്റുഭാഷ വശത്താക്കിയപ്പോഴും അവിസാന്ത ഭാഷ മറന്നില്ല” എന്നല്ല വിവക്ഷ എന്നു കരുതട്ടെ.
3. “അവസാന ഇണയും ബാക്കിയാവും വരെ യാത്ര തുടര്‍ന്നു” - ഈ യാത്ര “ക്രമേണ വംശവര്‍ദ്ധന സംഭവിച്ചതോട് കൂടി” ഇല്ലാതായി എന്നാണ് മനസ്സിലാക്കിയത്. ഞാന്‍ മനസ്സിലാക്കിയത് ശരിയോ?

താങ്കള്‍ക്കറിയുകയും വായനക്കാര്‍ക്കറിയാതിരിക്കുകയും ചെയ്യുന്ന കാര്യത്തിന് ഒരു ഉദാഹരണം:

സന്ദേശവാഹകര്‍ അരിഗോണര്‍ക്ക് സ്ഥിരമായി നല്‍കിയിരുന്ന പ്രവചനങ്ങളും നിര്‍ദേശങ്ങളും എന്തായിരുന്നു? ഈ പ്രവചനങ്ങളും നിര്‍ദേശങ്ങളും എല്ലാം തന്നെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നോ? അല്ല എന്നാണ് കഥയില്‍ നിന്ന് മനസ്സിലാകുന്നത്. എങ്കില്‍, ഈ പ്രവചനങ്ങളുടെയും നിര്‍ദേശങ്ങളുടെയും പ്രസക്തിയെന്ത്?

ഇതൊക്കെ ആദ്യവായനയില്‍ പൊന്തിവന്ന ചോദ്യങ്ങളാണ്. ഇതൊരു ബൃഹത്തായ കൃതിയാക്കാന്‍ ഈ പുലമ്പലുകള്‍ പ്രചോദനമാവുമെങ്കില്‍!
Unknown പറഞ്ഞു…
ഇബ്രു,
തിരക്കു പിടിച്ച ദിവസങ്ങളായതു കൊണ്ട് ഇപ്പൊഴാണു സ്വസ്ഥമായി ഒന്നു വായിക്കാനൊത്തത്. നന്നായിട്ടുണ്ട്. പക്ഷെ ഇനിയും മെച്ചപ്പെടുത്താമായിരുന്നു. പെരിങ്ങോടന്‍ പറഞ്ഞതുപോലെ അരിഗോണികളുടെ ചരിത്രം കുറെക്കൂടി വിശാലമായ ഒരു കാന്‍‌വാസില്‍ വരച്ചിടേണ്ടതാണു. തിടുക്കപ്പെട്ട് കോറിയിട്ടതുപോലെ ഒരു അനുഭവമാണിപ്പോള്‍.

-----------------------------
ഒരു രീതി അതില്‍ ഒരു കഥ എന്നാണ് ഈയിടെ എനിക്ക് തോന്നിയ കഥാരീതി.
-----------------------------
ഇതു തന്നെയാണു വേണ്ടതും. വളരെ മികച്ചതെങ്കിലും ഒരേ ശൈലിയില്‍ മാത്രം തളച്ചിടപ്പെട്ട എഴുത്തിന്റെ കാലം കഴിഞ്ഞുവെന്നാണു എനിക്കും തോന്നുന്നത്. എങ്കിലും ചുവടു മാറ്റങ്ങള്‍ വളരെ സൂക്ഷ്മതയോടെ തന്നെയാവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കണ്ണൂസ്‌ പറഞ്ഞു…
സത്യത്തില്‍, എനിക്കൊന്നും പറയാനില്ല. കമന്റുകള്‍ വായിക്കുന്നതിനു മുന്‍പേ അഭിപ്രായം എഴുതേണ്ടതായിരുന്നു എന്നു തോന്നുന്നു. ഷെര്‍ലക്കിന്റേയും ദേവന്റേയും സന്തോഷിന്റേയും ഒക്കെ നിരീക്ഷണങ്ങള്‍ എന്റെ വഴി തെറ്റിച്ചു കളഞ്ഞു.

നന്നായിരിക്കുന്നു, ഇബ്രൂ. പക്ഷേ, ഭാഷയിലൂടെ ഒരു മാന്ത്രിക ലോകം സൃഷ്ടിക്കുക മാത്രമാണോ കഥാകാരന്റെ ദൌത്യം എന്നാണ്‌ ഇപ്പോള്‍ ബാക്കി നില്‍ക്കുന്ന തോന്നല്‍. ആന്തലൂഷ്യ എന്ന സാങ്കല്‍പിക സ്ഥലത്തുള്ള സാന്റിയാഗോ എന്ന ഇടയന്‍ " നിനക്കെന്തെങ്കിലും മനസ്സു കൊണ്ട്‌ വേണമെങ്കില്‍ ഈ ലോകം മുഴുവന്‍ നിന്നെ സഹായിക്കും". (ഈ വൃത്തികെട്ട പരിഭാഷക്ക്‌ മാപ്പ്‌) എന്ന് മനസ്സിലാക്കുന്ന ആല്‍ക്കെമിസ്റ്റ്‌ മാജിക്കല്‍ റിയലിസം ആണെങ്കിലും അല്ലെങ്കിലും, നമ്മില്‍ വളര്‍ത്തുന്ന വിശ്വാസം - അല്ലെങ്കില്‍ അതു പോലെ വേറെ എന്തെങ്കിലും ഒന്ന് - ഓരോ സീരിയസ്‌ വായനയിലും തിരയുന്നവനാണ്‌ ഞാന്‍.

ഇബ്രു ഈ കാന്‍വാസ്‌ വലുതാക്കാന്‍ കാത്തിരിക്കുകയാണ്‌ ഞാനും.
അജ്ഞാതന്‍ പറഞ്ഞു…
ആമാടപ്പെട്ടി നിറയെ കഥകള്‍ എഴുതി വെച്ച്‌ അതില്‍ നിന്നും മുഹൂര്‍ത്തം നോക്കി മുന്നായി കഥകള്‍ അളന്ന്‌ പോസ്റ്റു ചെയ്ത്‌ ഞങ്ങളെ അത്‌ഭുതപെടുത്തുന്ന കൂട്ടുകാര,

നി "Where the Green Ants Dream" എന്ന സിനിമ കണ്ടിരുന്നോ?

ഒരു ഖനി സ്ഥാപനവും ആദിവാസി വിഭാഗവും
തമ്മില്‍ സ്ഥലത്തിനെ കുറിച്ച്‌ നടക്കുന്ന ഒരു തര്‍ക്കമുണ്ട്‌ ആ സിനിമയില്‍.തങ്ങളുടെ
പിതാമഹന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമാണതെന്നും അതു വിട്ടുപോകാന്‍ തയ്യാറല്ല എന്നും അറിയിക്കുന്ന ആദിവാസികളോട്‌
അതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ജഡ്‌ജി ആവശ്യപെടുന്നു.എന്നാല്‍ പിതമഹന്മാരുടെ കൂടെ അടക്കം ചെയ്ത വസ്തുക്കള്‍
കണ്ടാല്‍ ആ നിമിഷം തന്നെ തങ്ങള്‍ ഇല്ലാതകും എന്നതുകൊണ്ടു അവരതിനു തയ്യാറാകുന്നില. കുട്ടത്തില്‍ ഉണ്ടായിരുന്ന "ഊമ" എന്നു വിളിക്കുന്നയാള്‍ എന്തോ പറയാന്‍ തുടങ്ങുന്നു.അയാള്‍ പറയുന്നത്‌ തര്‍ജ്ജിമ ചെയ്തു കൊടുക്കാന്‍ ജഡ്‌ജി ആവശ്യപെട്ടപ്പോള്‍ ആദിവാസികള്‍ പറയുന്നത്‌ അയളുടെ ഗോത്രത്തില്‍ "ഊമ" മാത്രമാണ്‌ ഇപ്പോള്‍ ജിവിച്ചിരിക്കുന്നതതെന്നും അതുകൊണ്ട്‌ അയളുടെ ഭാഷ മറ്റാര്‍ക്കും മനസ്സിലാകില്ല എന്നുമാണ്‌.തെളിവുകള്‍ ഹാരജാക്കാനാവാതെ ആദിവാസികള്‍ക്‌ നഷ്ടമാകുന്നു വരുടെ ഇടം

ഗ്രുഹാതുരത്വത്തില്‍ നിന്ന്‌ നട്ടം തിരിയുന്ന ബ്ലോഗെഴുത്തുകളില്‍ വേറിട്ട്‌ നില്‍ക്കുന്നു ഇബ്രുവിന്റെ സ്വരം.
അജ്ഞാതന്‍ പറഞ്ഞു…
തുളസിയേ, അത്, അത്!

ഗൃഹാതുരത്വത്തിന്റെ ഇത്തിരിവട്ടത്തില്‍ നിന്ന് ബ്ലോഗുകള്‍ പുറത്തു വരട്ടെ. ചിന്തക്ക് വളമിടുന്ന ചിലതൊക്കെ ഉണ്ടാവട്ടെ.

മറ്റ് ബ്ലോഗുകളെ തരം താഴ്ത്തുകയല്ല ഞാന്‍. ബഹുജനം, പലവിധം എന്നാണല്ലോ. നമുക്ക് ബ്ലോഗുലകത്തില്‍ എല്ലാം വേണം. ഗൃഹാതുരത്വവും പ്രണയവും രാഷ്ട്രീയവും തമാശയും ഒക്കെ വേണം. കൂടെ നമ്മളുണ്ടെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ചിലതും വേണം.

ഇബ്രുവിന് അത് കഴിഞ്ഞിരിക്കുന്നു. മാര്‍ക്കിടുന്നതില്‍ ഞാന്‍ പിശുക്കനാ ഇബ്രൂ. എന്നാലും നൂറിലൊരു അറുപത് ഇരിക്കട്ടെ.
കണ്ണൂസ്‌ പറഞ്ഞു…
ഷെര്‍ലക്കേ, ഞാന്‍ സൊല്യൂഷന്‍ തിരയുന്നു എന്ന് പറയാമോ എന്നറിയില്ല. സൃഷ്ടി നല്‍കുന്ന ആശയം/ സന്ദേശം എനിക്ക്‌ സ്വീകാര്യമാവണമെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. സൃഷ്ടി അങ്ങിനെ ഒരു സന്ദേശം നല്‍കുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌ എന്നാണ്‌ അര്‍ത്ഥമാക്കിയത്‌.

ആസ്വാദകന്‍ എന്ന നിലയില്‍ എനിക്കുള്ള ബുദ്ധിപരമായ പരിമിതികളും ഇതിന്‌ തടസ്സമാണ്‌. സംശയമൊന്നുമില്ല. :-)
nalan::നളന്‍ പറഞ്ഞു…
അഗോണി ഗോത്രത്തെപ്പറ്റി വായിച്ചതും ഇബ്രുവിന്റെ അരിഗോണിചരിത്രവും അടുത്തടുത്ത് വായിച്ചതുകൊണ്ടാവാം ഇതവരുടെ കൂടെ ചരിത്രമല്ലേയെന്നു തോന്നിപ്പോയത്.
എല്ലാമൊന്നുമുള്‍ക്കോള്ളാനെന്റെ പരിമിതമായ വായനകൊണ്ടു കഴിയില്ലെന്നറിയാം എങ്കിലും കല്ലുകളില്‍ തിളക്കം.
മുറിഞ്ഞ നാവില്‍ നിന്നുമിറ്റുവീണ അവിസാന്തയുടെ ചോരയിറ്റുവീണ കടലാസില്‍, മുകളില്‍ നിന്നുമുതിര്‍ന്നിറങ്ങിയ കാഷ്ഠത്തിന്റെ ചുവപ്പ്..
ഇബ്രുവേ ഈ പുതിയ പാതയിലൂടെരുപാട്.. കാത്തിരികക്കുന്നു ഈ പ്രവാസം വിധിക്കപ്പെട്ട ഞാനും..
അജ്ഞാതന്‍ പറഞ്ഞു…
നളാ, എന്താണീ അഗോണി ഗോത്രത്തിന്റെ കഥ. ഏതാണീ ഗോത്രം? ഇതിന്റെ പ്രത്യേകതയെന്താ? നളപാകത്തില്‍ ഒന്നു വിവരിക്കുമോ?
അഭയാര്‍ത്ഥി പറഞ്ഞു…
ഷെറ്‍ലൊക്ക്‌ ഒരു സര്‍വകലാശാലയാണു. അതുല്യയില്‍ തുട്ങ്ങുന്ന ഒരു പാടൂ വായനക്കാറ്‍ക്കു ഈ അരിഗോണി വംശകഥ ലളിതമാക്കി കൊടുക്കുന്നു.

പേരു പോലെ തന്നെ ഉള്ള സൂക്ഷ്മ നിരീക്ഷണ പാടവം, വിവരം, ഇടപെടലുകള്‍. ഞാനും ഒരു ഷെറ്‍ലൊക്ക്‌ ഫാന്‍
ദേവന്‍ പറഞ്ഞു…
[എന്താണീ അഗോണി ഗോത്രത്തിന്റെ കഥ]
Benny,
Ogoni Tribe versus Shell Oil is a story available all over internet

Read it here
http://www.ratical.org/corporations/OgoniFactS.html

and Wiki it here
http://en.wikipedia.org/wiki/Ogoni
(sorry koottukare, ee PCyil malayalam illa)
അജ്ഞാതന്‍ പറഞ്ഞു…
ഓ, അപ്പോള്‍ ഇതായിരുന്നു ഒഗോണിക്കഥ അല്ലേ? നന്ദി, ദേവരാഗമേ...
nalan::നളന്‍ പറഞ്ഞു…
ബെന്നിയേ,
തെറ്റു തിരുത്തിക്കോട്ടെ, അഗോണിയല്ല ഒഗോണി ഗോത്രമാണു്. തിടുക്കത്തിലെഴുതിയതുകാരണം ഓര്‍മ്മയുടെ വേരിഫിക്കേഷനു സമയം കിടച്ചില്ല.
സത്യം പറഞ്ഞാല്‍ ബെന്നിയുടെ ചോദ്യമാണെന്നെ ഒഗോണികളെപ്പറ്റി കൂടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചത്. കമന്റെഴുതിയപ്പോള്‍ ഒഗോണികളെപ്പറ്റി മനസ്സില്‍ വന്നത് അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനതയുടെ (ഗോത്രത്തിന്റെ) രൂപമായിരുന്നു, പ്രവാസികളായി മാറാന്‍ വിധിക്കപ്പെട്ട മറ്റൊരു ജനത.
ഇബ്രുവേ, ക്ഷമി അനവസരമായൊരു കമന്റ് വരുത്തിവച്ച... അധികം ചരിത്രം ഇല്ലാത്ത ഒഗോണികള്‍ക്ക് ഇബ്രുവിന്റെ ഭാവനയില്‍ വിരിഞ്ഞ അരിഗോണികളുടെ ചരിത്രം ഞാന്‍ കടമെടുത്തുവെന്നു കരുതിയാല്‍ മതി.
നൈജീരിയയിലെ നൈഗര്‍ താഴ്വരയിലെ ഗോത്രവര്‍ഗ്ഗം, ആദ്യം ബ്രിട്ടിഷ് കോളനിയും, പിന്നീട് നൈജീരിയന്‍ സര്‍ക്കാരുകളുടെ വാഴ്ചയും, ഒടുവില്‍ എണ്ണ ഊറ്റിയെടുക്കാന്‍ വന്ന ബഹുരാഷ്ട്ര കമ്പനികളും ചവിട്ടി മെതിച്ച ഒരു തുണ്ട് ഭൂമി സ്വന്തമെന്നു നെഞ്ചിലേറ്റിക്കൊണ്ടുനടന്ന ഒരു ജനത, അതെ കെന്‍ സാരോ വിവയുടെ സ്വന്തം ഒഗോണിനാ
ചില നേരത്ത്.. പറഞ്ഞു…
ദുര്‍ഗാ, മാര്‍ക്കേസിന്റെ വാ‍യനയുടെ ഒരംശം എന്റെ എഴുത്തില്‍ സ്വാഭാവികമായി വന്നു ചേര്‍ന്നതാണ്. പ്രതീക്ഷകള്‍ക്ക് നന്ദി.

കുമാര്‍ജീ.
ഒരു വൈകുന്നേരം ഇതേപറ്റി ആലോചിക്കാനും പിന്നെയൊരു വൈകുന്നേരം ടൈപ്പ് ചെയ്യാനും എടുത്ത് തയ്യാറാക്കിയതാണ് അരിഗോണികള്‍. എഴുത്തിന്റെ പിന്നില്‍ വലിയ ചിന്തയുണ്ടായ്യിരുന്നില്ല. പലപ്പോഴും ഞാന്‍ പെരിങ്ങോടരോട് തന്നെ സൂചിപ്പിച്ചിരുന്നു. വാക്കുകളുടെ മനോഹരമായ കൂട്ടിചേര്‍ക്കലുകളാണ് എനിക്ക് കഥ. ആശയം എനിക്ക് വലിയ പ്രാധാന്യമില്ല. കഥകള്‍ വായിക്കുമ്പോള്‍ അവ മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുമുള്ളൂ. അരിഗോണികളുടെ ആശയം തോന്നിയപ്പോള്‍ ഒരു പോസ്റ്റിലേക്ക് വേണ്ടി മാത്രമാണ് ഉദ്ദേശിച്ചത്. ആസ്വാ‍ദനത്തിന് നന്ദി. പ്രോത്സാഹനങ്ങള്‍ക്കും. അചിന്ത്യയ്ക്ക് ഈ പോസ്റ്റ് വായിക്കാന്‍ പ്രേരിപ്പിച്ചതിനും.

അതുല്യ ചേച്ചീ. ശരി അങ്ങിനെയും നോക്കാം. വഴിയില്‍ കണ്ടാല്‍ കോപിക്കുമെന്ന് ധരിക്കരുതേ..ഞാനൊരു പാവം അന്തര്‍മുഖനാണ്.

വക്കാരി മാഷേ ..വായിച്ചു തീര്‍ന്നോ അതോ രണ്ട് ഖണ്ഡികയില്‍ വായന നിര്‍ത്തിയോ?

സ്വാര്‍ത്ഥാ..
എഴുത്തില്‍ പലതും ഒഴിവാക്കിയിരുന്നു. ഒരു പോസ്റ്റ് ആയിരുന്നല്ലോ ഉദ്ദേശം. ഇനിയെന്തായാലും ഒന്നു ശ്രമിച്ച് നോക്കണം. കിട്ടിയാലൂട്ടി!!!

കുട്ട്യേടത്തീ.
മ്മടെ നോഹ 900 വര്‍ഷം പ്രബോധനം നടത്തിയിട്ട് ഏഴ് പേരാണ് വിശ്വാസികളായത്. പ്രബലമായ വിശ്വാസവുമായി കഴിഞ്ഞിരുന്ന എത്ര ജനവിഭാഗങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം?.

അചിന്ത്യ.. ആസ്വാദനത്തിന് നന്ദി.വളരെ സന്തോഷം.

പ്രിയ സന്തോഷ്ജീ.

1. ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് അരിഗോണികള്‍ വിശ്വാസ സംഹിതകള്‍ രചിക്കുകയായിരുന്നു. അതില്‍ ഒരുപാട് പറയുവാനുണ്ട്.
2. അവിസാന്ത ഭാഷയെ കുറിച്ച്; ഇസ്രായീലുകാര്‍ ഹിബ്രു ഭാഷയെ എങ്ങിനെ പരിപാലിക്കുന്നുവോ അതു പോലെയെന്നാണ് ഉദ്ദേശിച്ചത്. അവിസാന്തയ്ക്ക് പുറമെ മറ്റു ഭാഷകളും അവര്‍ക്ക് അറിയാമായിരുന്നു.
3.അവസാന ഇണയും വരെ; നോഹയില്‍ നിന്ന് അകലുന്നത് നിഴല്‍ പ്രവാചകരുടെ സന്ദേശം ലഭിച്ചിട്ടായിരുന്നു. അതൊരു പലായനം(?) ആയിരുന്നു. ഒരു പാട് ഇണകള്‍ മനുഷ്യരിലും മൃഗങ്ങളിലും നിശ്ചിത ദൂരത്തില്‍ വംശ വര്‍ദ്ധനയ്ക്കായി ആയിരുന്നു ആ യാത്ര. സമൂഹത്തിന്റെ വ്യാപനത്തിനും.

സന്ദേശ വാഹകര്‍ ദൈനം ദിന ജീവിതത്തിലെ സൂക്ഷ്മതകള്‍ മുതല്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് വരെ നിര്‍ദ്ദേശം നല്‍കി.

ഒരു തുടരനാക്കാന്‍ ഞാനിത് ഉദ്ദേശിക്കുന്നത് ഈ രീതിയില്‍ ആണ്..
1. അരിഗോണീകളുടെ ജനനം.
2. ജീവിതം
3. വിവിധ പ്രവാചകരും അരിഗോണീകളുടെ വിശ്വാസവും.
4. ലോകാവസാനം വരെയുള്ള നില നില്‍പ്പ്.
5. വംശത്തിന്റെ ഒടുക്കം.

യാത്രാമൊഴീ.
ഒരൊറ്റ പോസ്റ്റില്‍ ഒതുങ്ങുന്നില്ല അരിഗോണീകള്‍ എന്നത് നല്ല തിരിച്ചറിവ് എനിക്ക് നല്‍കുന്നു. നന്ദി.

കണ്ണൂസ്. വായനയ്ക്കായി സമയം കണ്ടെത്തിയതിന് നന്ദി.
സാഹിത്യം ആര്‍ക്ക് വേണ്ടി? എന്തിനു വേണ്ടി എന്നതിലേക്കാണ് കണ്ണൂസിന്റെ ആസ്വാദനം നയിക്കുന്നത്.

തുളസീ. ആമാടപെട്ടിയില്‍ കഥയുടെ ഭാണ്ഡം സൂക്ഷിക്കുന്നില്ല. തെരഞ്ഞെടുക്കാന്‍ കുറേ ആശയങ്ങളുണ്ട്. പിറവിയുടെ നോവിനാല്‍ നീറുമ്പോള്‍ എരിഞ്ഞ് തീരുന്ന സിഗരറ്റ് കുറ്റികളില്‍ നിന്ന് ഭാവനയും ഉണരുന്നു. പ്രചോദനങ്ങള്‍ മറ്റെന്തെങ്കിലുമാവാം. വായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കുറേ പേരുണ്ടെന്ന ആശ്വാസമാണ് ബ്ലോഗിലേക്ക് എന്നെ അടുപ്പിക്കുന്നത്. നന്ദി. ഞാനാ സിനിമ കണ്ടിട്ടില്ല. കോമഡി സിനിമകളുടെ ആരാധകരുടെ കൂടെ താമസിക്കുന്നത് കൊണ്ട് അന്നേരം കുറെ പുസ്തകങ്ങള്‍ വായിക്കുന്നു. സിനിമയുടെ ഒരു കോപ്പി എനിക്കും കരുതി വെക്കൂ.

പ്രിയ ബെന്നീ.മാര്‍ക്ക് അറുപത് എന്ന് പറയുമ്പോള്‍ ഫസ്റ്റ് ക്ലാസ് ആയി. കുറവൊന്നുമല്ല. വളരെ സന്തോഷം തോന്നുന്നു. തുളസിയുമായി ഞാനും യോജിക്കുന്നു.

നളാ..ദേവേട്ടന്‍ പറഞ്ഞപ്പോഴാണ് ഒഗോണികളെ കുറിച്ച് ഞാനും വായിച്ചിട്ടുണ്ടെന്ന് ഓര്‍ത്തത്. ഏതോ ഒരു ആഴ്ചപ്പതിപ്പില്‍. പക്ഷേ ഇതെഴുതുമ്പോള്‍ തീര്‍ച്ചയായും ഞാനതോര്‍ത്തിരുന്നില്ല. അരിഗോണികള്‍ ഗൌരവം അര്‍ഹിക്കുന്നു.

പ്രിയ ഷെര്‍ലക്ക്, പെരിങ്ങോടന്‍, ദേവേട്ടന്‍. നിങ്ങളുടെ സംവാദം സശ്രദ്ധം വായിക്കുന്നു.പഠനാര്‍ഹമെന്ന് പ്രത്യേകം പറയുന്നില്ല. അരിഗോണികള്‍ ഇത്ര വലിയ വായന ഞാന്‍ സത്യമായും പ്രതീക്ഷിച്ചിരുന്നില്ല.

പ്രിയ ഗന്ധര്‍വ്വരേ..നന്ദി. എഴുത്തിലെ, ചൂണ്ടിക്കാട്ടിയ പല തെറ്റുകളും എനിക്ക് തിരുത്താവുന്നവയാണ് എന്നതാണ് എന്റെ പ്രതീക്ഷ. അതെന്നെ തുടരെഴുത്തിന് പ്രേരിപ്പിക്കുന്നു.

എല്ലാവര്‍ക്കും സ്നേഹത്തോടെ

ഇബ്രു
മനൂ‍ .:|:. Manoo പറഞ്ഞു…
ഇബ്രൂ,

വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു, അര്‍ഹിയ്ക്കും വിധംതന്നെ. എനിക്ക്‌ കൂടുതലൊന്നും പറയുവാനില്ല, എങ്കിലും...

വ്യത്യസ്തതയുള്ള വായാനാനുഭവം തന്നെയാണിത്‌. പിന്നെ ഇവിടെ പലരും സൂചിപ്പിച്ചതുപോലെ, ഇതൊരു പരന്ന എഴുത്തിനുള്ള ഭാവനസ്ഫുലിംഗമാണെന്നതിലും എനിക്ക്‌ എതിരഭിപ്രായമില്ല. കാരണം ഇതൊരു ചെറുകഥയുടെ പരിധിയിലൊതുങ്ങുന്ന പ്രമേയമല്ലതന്നെ.

പണ്ടെന്നോ, ഗോത്ര വംശങ്ങളുടെ ഉല്‍പ്പത്തിയേയും, അന്നത്തെ ജനജീവിതരീതികളെ കുറിച്ചും, ദൈവത്തിന്റെ 'ജനനത്തെ' പറ്റിയും, പിന്നെ പുരോഹിത വര്‍ഗ്ഗത്തിന്റെ തന്ത്രങ്ങളേയുമെല്ലാം അവലംബിച്ച്‌ ഒരു കാല്‍പ്പനിക(അങ്ങനെതന്നെയോ അതിനെ വിളിക്കേണ്ടതെന്നെനിക്കിനിയുമറിയില്ല) കഥ വളരെ പരത്തി, യുക്തിയുക്തമായി എഴുതിയ ഒരു നോവല്‍ വായിച്ചതോര്‍മ്മ വന്നു.

തീര്‍ച്ചയായും, എഴുതപ്പെടാതെപോയ ചരിത്രങ്ങളും കഥകളും, ഒരു നുറുങ്ങു അറിവുപോലും ഇങ്ങനെയുള്ള വികാസങ്ങള്‍ക്കിടം നല്‍കുന്നു എന്നത്‌ വളരെ അഭിനന്ദനാര്‍ഹമാണ്‌.

സന്തോഷിനുണ്ടായതുപോലുള്ള പല ചോദ്യങ്ങളും ഇപ്പോഴും ഉത്തരമില്ലാതെ തുടരുമ്പോള്‍, അരിഗോണികള്‍ തികച്ചും ഗൌരവത്തോടെയുള്ള സമീപനം അര്‍ഹിക്കുന്നു എന്നും ഇബ്രു കൂടുതല്‍ സമയം ചിലവിട്ടു തന്നെ, ഇതിനെ വിപുലമാക്കണമെന്നുമാണെന്റെ അഭിപ്രായം.

നീ പറഞ്ഞിരിക്കുന്നതുപോലെ, ഇവയെ പല തലക്കെട്ടുകള്‍ക്കടിയിലെത്തിച്ച്‌ വിവരിക്കാനായാല്‍ അതിനുമപ്പുറം ഒന്നുംതന്നെ ആവശ്യപ്പെടുവാനവശേഷിക്കുന്നില്ല എന്നുമെനിക്കു തോന്നുന്നു. പ്രത്യേകിച്ച്‌, ഇതു പൂര്‍ണ്ണമായും ഒരു ഭാവനാ സൃഷ്ടിയാവുമ്പോള്‍...

ഭാവുകങ്ങള്‍...
ചില നേരത്ത്.. പറഞ്ഞു…
പ്രിയ മഴനൂല്‍,
ഉന്മാദം മൂത്ത് ആത്മഹത്യ ചെയ്ത അബോക്കറിന്റെ കഥയ്ക്ക് വാചകം കൂര്‍പ്പിച്ച് നടക്കുന്നതിനിടയിലാണ് നിഴല്‍ പ്രവാചകര്‍ കയറി വന്നത്.
ആല്‍കെമിസ്റ്റിനെ കുറിച്ച് പലരും പറഞ്ഞത് പ്രകാരം ഷോപ്പിങ്ങ് സെന്ററില്‍ വെച്ച് സിദ്ധാര്‍ത്ഥനാണ് ആല്‍കെമിസ്റ്റ് വായിക്കാന്‍ തന്നത്. അതിനിടയ്ക്ക് ഷെര്‍ലക്ക് പറഞ്ഞ പുസ്തകവും തുളസി പറഞ്ഞ സിനിമയ്ക്കും വേണ്ടി ഒരന്വേഷണം വിഫലമായി.
ജോണ്‍ എബ്രഹാം എന്ന പ്രതിഭാശാലി എഴുതിയ ഒരു കഥയ്ക്ക് മറ്റേതോ ഒരു ലോകപ്രതിഭയുടെ സൃഷ്ടിയുമായി സാമ്യമുണ്ടെന്നറിഞ്ഞപ്പോള്‍ സകല തെമ്മാടികളുമൊരുപോല്‍ ചിന്തിക്കുന്നുവെന്ന് ജോണ്‍ എബ്രഹാം പറഞ്ഞ കഥ കലേഷ് പറഞ്ഞു.
ആല്‍കെമിസ്റ്റിന്റെ ഒരു താള്‍ വായിച്ച, പുസ്തകം വെറുക്കുന്ന സുഹൃത്ത് ലോകം മുഴുവന്‍ ഒരാളുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനെത്തും എന്ന കെയ്‌ലോ വചനം കേട്ട് അതവനും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.
എന്റെ ഭാവനകളും മറ്റാരെങ്കിലും സാമ്യപ്പെടുത്തുന്നുണ്ടാകാം. ആല്‍കെമിസ്റ്റ് വായിച്ചപ്പോള്‍ പെരിങ്ങോടന്‍ മുന്‍പ് എഴുതിയ കാറ്റ് കഥപറയുമ്പോള്‍ എന്ന കഥയുമെനിക്കോര്‍മ്മ വന്നു.
ഇപ്പോള്‍ നീയുമിതാ മറ്റൊരു നോവലിനെ പറ്റി പറയുന്നു. എനിക്ക് മിശ്രവികാരമാണിത് കേള്‍ക്കുമ്പോള്‍.
നിന്റെ സാന്നിദ്ധ്യം എനിക്ക് സന്തോഷം വളരെ നല്കുന്നു.
തുടര്‍ന്നെഴുതുന്നതിന് മുന്‍പ് എനിക്കാ നോവലിനെ പറ്റി വായിക്കാനുണ്ട്. ചില തെമ്മാടികള്‍ വളരെ മുമ്പേ നമ്മെ പോലെ ചിന്തിച്ചിട്ടുണ്ട്.
Kalesh Kumar പറഞ്ഞു…
ഇബ്രാന്‍, ഇത് അന്‍പതാമത്തെ കമന്റ്. ഇനി മതി. കൂടുതല്‍ കമന്റുകള്‍ വരാന്‍ കാ‍റ്തിരിക്കാ‍തെ തുടങൂ....
1. അരിഗോണീകളുടെ ജനനം.
2. ജീവിതം
3. വിവിധ പ്രവാചകരും അരിഗോണീകളുടെ വിശ്വാസവും.
4. ലോകാവസാനം വരെയുള്ള നില നില്‍പ്പ്.
5. വംശത്തിന്റെ ഒടുക്കം.

ഒക്കെ വായിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍...
തുടങ്ങൂ....
ഇതിനു വേണ്ടി ഒരു ഡെഡിക്കേറ്റഡ് ബ്ലോഗങ്ങ് തുടങ്ങിക്കൂടേ? അരിഗോണികളെന്നും പറഞ്ഞൊരെണ്ണം?
Manjithkaini പറഞ്ഞു…
ഇബ്രൂ ഉവ്വ്;
മലയാളത്തില്‍ ഇതുപോലെ നോവലെഴുതുന്ന ഒരുവനുണ്ട്. ഷാരോണ്‍. അദ്ദേഹത്തിന്റെ നോവലുകള്‍ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. 'ഒഹീമോ' എന്ന നോവലില്‍ ഇബ്രുവിന്റെ അരിഗോണികളെപ്പോലെയുള്ള ഗോത്രങ്ങളുടെ കഥയാണു പറയുന്നത്. പുല്‍മേടുകള്‍ക്കപ്പുറം പുഴയൊഴുകുന്നു, കറുത്ത കാള്‍മാര്‍ക്സ് എന്നിങ്ങനെ മറ്റു ചില നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്. എല്ലാം വായിച്ചുകഴിഞ്ഞപ്പോള്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും ബൈബിളിലെ ഉല്‍‌പത്തി പുസ്തകവും വല്ലാതെ അനുകരിച്ചെഴുതിയിരിക്കുന്നു എന്നു തോന്നി.

ഇബ്രു അരിഗോണികളുടെ കഥ നോവലാക്കിയാലും അങ്ങനെയൊരു തോന്നല്‍ വരുമെന്നു ഞാന്‍ ഭയക്കുന്നു.

മാര്‍കേസ് നോവലിന്റെ പ്രമേയം ചരിത്രത്തില്‍ ഒരിക്കലും നടന്നിരിക്കാന്‍ സാധ്യതയില്ലാത്ത സംഭവങ്ങളാണെങ്കിലും ആ നോവലിലെമ്പാടും അധിനിവേശത്തിനു മുന്‍‌പുള്ള ദക്ഷിണ അമേരിക്കന്‍ ജനതയുടെ ആത്മാവുണ്ട് . ആ ആത്മാവിനോടു ചേര്‍ന്നു നിന്നതുകൊണ്ടാവാം മാര്‍കേസിന് 'ഏകാന്തതയുടെ നൂറൂവര്‍ഷങ്ങള്‍' മനോഹരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
അരിഗോണികളെ വിപുലമാക്കാന്‍ ഇബ്രു തുനിയുമ്പോള്‍ ആ ഒഴുക്കു കിട്ടുമോ എന്നെനിക്കു സംശയമുണ്ട്.

ഭാവനാ സമ്പത്തു കുറച്ചു കാണുകയല്ല. എന്നാലും നമ്മുടെ സാംസ്കാരിക ഭൂമികയോടു ചേര്‍ന്നുനില്‍ക്കുന്ന കാര്യങ്ങള്‍, ഇത്തരം ഭാവനയിലൂടെ കഥയോ നോവലോ ആക്കിയാല്‍ ഇബ്രുവിന്റെ ശ്രമം കൂടുതല്‍ ഭംഗിയാകില്ലേ?

എന്തിനേറെ, പേരു മമ്മദ്, പോക്കര്‍ എന്നൊക്കെ ആയിപ്പോയേക്കാമെങ്കിലും, ഇബ്രു ജനിച്ചു വളര്‍ന്ന മലപ്പുറത്തിന്റെ പരിസരങ്ങളില്‍ത്തന്നെ ഇത്തരമൊരു മാജിക്കല്‍ റിയലിസത്തിനു സാധ്യതകള്‍ ഒളിഞ്ഞു കിടപ്പുണ്ടാവില്ലേ.

ഒക്കെ എന്റെ അഭിപ്രായങ്ങള്‍. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതല്ല.

കിട്ടുമെങ്കില്‍ മലയാളത്തിലിറങ്ങിയ ഒഹിമോ വായിച്ചു നോക്കുക.

ഓ. ടോ.
മേല്‍പ്പറഞ്ഞ നോവലില്‍ ഏറ്റവും കൂടുതല്‍ കാണാനിടയുള്ള വാക്കുകള്‍ യോനി, മുലകള്‍, ഭോഗം (അശ്ലീലമായല്ല). തൂലികാ നാമം ഷാരോണ്‍ എന്നാണെങ്കിലും നോവലിസ്റ്റ് ഒരു പാതിരിയാണു കേട്ടോ !
Chathunni പറഞ്ഞു…
ഇബ്രൂ,
മനൊഹരമായ ശൈലി. :-) അതിലുപരി നല്ല ചിന്ത.. കൂടുതല്‍ എഴുതുക.. ഇബ്രു എതൊ ജ്ഞാന പിശാചിന്റെ കയ്യില്‍ നിന്നും ചോര കുടിച്ചു ജ്ഞാനി ആയ ലക്ഷണമുണ്ട്‌.. :)
Adithyan പറഞ്ഞു…
അരിഗോണിരാജാവേ, അടുത്ത ലക്കത്തിനായി അടിയങ്ങള്‍ കാത്തിരിക്കുവാണേയ്യ്‌!!!
Nileenam പറഞ്ഞു…
അയ്യേ!!! അരിഗോണി വംശജര്‍ ഉത്പ്പത്തിയുടെ താളുകളില്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് സംശയിച്ചു ആദ്യം.ഇപ്പോഴല്ലെ മനസ്സിലായെ, ഭാവനയായിരുന്നുന്നു. നന്നായി ട്ടൊ.
അജ്ഞാതന്‍ പറഞ്ഞു…
നേരിട്ടു പരിചയമില്ലെങ്കിലും ബെന്യമിന്റെ ബ്ലൊഗ് ല്‍ ഒരു ചോദ്യമെറി‍ഞ്ഞിരുന്നു.ഈ ബ്ലോഗ് കണ്ടപ്പോള്‍ ചോദ്യത്തിന്റെ പൊരുള്‍ പിടികിട്ടി.‍‍തീര്‍ച്ചയായും പ്രവാസികളില്‍ നല്ല എഴുതുകാരുണ്ട്.പക്ഷെ അവര്‍ പ്രവാസികളല്ലെങ്കിലും നല്ല എഴുത്തു/വായനക്കാര്‍ ആയിരിക്കില്ലേ? പ്രവാസം എ‍ഴുത്തിനു ഗുണകരമായ പ്രകോപനം ആണു.പക്ഷെ അതു എഴുത്തുകാരെ സൃഷ്റ്റിക്കില്ല.പ്രവാസം കാര്‍ന്നു തിന്നു വികലമാക്കിയ അപൂര്‍വം രചനകളെങ്കിലും നമ്മള്‍ വായിച്ചിട്ടുണ്ട്.താങ്കള്‍‍ക്കു നല്ല ഭാഷയും ഭാവനയുമുണ്ട്.അഭിനന്ദനങ്ങള്‍.‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!