ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വപ്നവ്യാഖ്യാനം.

“ഉഷ്ണവാതകാറ്റ് അതിന്റെ ഉഗ്രസംഹാരശേഷിയോടെ ആഞ്ഞുവീശുന്നു. പ്രാ‍ര്‍ത്ഥനക്കിരിക്കുന്നവരുടെ
വസ്ത്രങ്ങളിലേക്കും ശരീരത്തിലേക്കും മണല്‍തരികള്‍ പടര്‍ന്ന് കയറുന്നു.വൈകി പ്രാര്‍ത്ഥനയ്ക്കെത്തിയവരായിരിക്കും അവരെന്ന് തീര്‍ച്ച.പ്രാര്‍ത്ഥനയ്ക്ക് വേണ്ട രീതിയിലല്ല അവരുടെ വസ്ത്രധാരണം.അവര്‍ക്കായി മറ്റുള്ളവര്‍ ഇടം നല്‍കാ‍ന്‍ തയ്യാറായതോടെ എനിക്കും പ്രാര്‍ത്ഥിക്കാനാകുന്നു.
പെരിങ്ങോടന്‍ കെട്ടിടത്തിന്റെ മുകളില്‍ നിലയില്‍ പ്രാര്‍ത്ഥിക്കുകയാകുമെന്ന് എന്റെ പ്രാര്‍ത്ഥനാനേരത്ത് ഓര്‍മ്മ വന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എന്റെ അടുത്തായുണ്ടായിരുന്ന ഫിലിപ്പിന സ്ത്രീ, അവള്‍ തോളോട് ചേര്‍ന്ന റ്റീ ഷര്‍ട്ടും മുട്ടൊപ്പം വരുന്ന ട്രൌസേഴ്സ് ആയിരുന്നു ധരിച്ചിരുന്നത്, ഖുറാന്റെ പ്രതിയെവിടെയെന്നാരാഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന ഗ്രന്ഥം രാ‍ജ്, പ്രാര്‍ത്ഥനയ്ക്ക് മുമ്പുണ്ടായിരുന്ന ധര്‍മ്മോപദേശ സമയത്ത് വായിച്ചിരുന്നത് ഞാനോര്‍ത്തു. ഫിലിപ്പിന വീണ്ടും ചോദ്യം ആവര്‍ത്തിച്ചത് അവഗണിച്ച് ഞാന്‍ പാതി അന്ധതയോടെ രാജിനെ തിരഞ്ഞ് മുകള്‍നിലയിലേക്ക് തപ്പിതടഞ്ഞ് കയറാനാരംഭിച്ചു. വിശ്വാസികളുടെ ധൃതിയിലുള്ള തിരിച്ച് പോക്ക് കാരണം എന്റെ യാത്ര ദുഷ്കരമാകുന്നു. എന്റെ താല്‍കാലികാന്ധതയ്ക്ക് കാരണമുണ്ട്. ധര്‍മ്മോപദേശ സമയത്ത് ഞാന്‍ ഉറങ്ങുകയും രാജ് അത് സശ്രദ്ധം ശ്രവിക്കുകയുമായിരുന്നു. പ്രാര്‍ത്ഥന തുടങ്ങാന്‍ നേരത്ത് ആരോ ചിലര്‍ ഉണര്‍ത്തിയപ്പോഴേക്കും മുകള്‍ നിലയില്‍ ഉള്‍ക്കൊള്ളാനാവാതെ താഴെ നിലയിലേക്ക് എനിക്ക് ഇറങ്ങേണ്ടതായും വന്നു. എനിക്ക് രാജിനെ അവിടെ ഒറ്റയ്ക്ക് നിര്‍ത്തുന്നതില്‍ ഉല്‍ക്കണ്ഠയുണ്ടായിരുന്നു. അയാള്‍ പ്രാര്‍ത്ഥനാമന്ദിരത്തില്‍ ആദ്യമായാണ്."

ഞാന്‍ പാതി അന്ധതയെ ഭയന്ന് ഉറക്കമുണര്‍ന്നു. തിരക്കിട്ട ജോലിയാണിപ്പോള്‍ പുതിയ ഓഫീസില്‍. വ്രത മാസത്തിലെ ചുരുക്കിയ ജോലി സമയത്തിനിടയ്ക്ക് തീര്‍ത്താല്‍ തീരാത്ത ജോലിയാണുള്ളത്. ഇഫ്താറിന്‍ ശേഷം മറ്റൊരു പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ വയ്യാത്തത്ര ക്ഷീണിതനായിരുന്നത് കാരണം ഞാന്‍ പതുക്കെ മയങ്ങി പോയി, അത് ഒരു ഗാഢനിദ്രയിലേക്കെത്തിച്ചു. ഉണര്‍ന്നപ്പോള്‍ എന്റെ പാതി അന്ധതയില്ലായിരുന്നു. പ്രകാശമാനമായ റൂമിലെ സാമഗ്രികള്‍ എനിക്ക് കാണാനായി. ഞാന്‍ ആശ്വസിച്ച് നെടുവീര്‍പ്പിട്ടപ്പോള്‍ എന്റെ സ്വപ്നത്തിന്റെ- മുകളിലെ ഖണ്ഡികയിലെ - വ്യാഖ്യാനമെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ തോന്നിയത്.
പ്രാര്‍ത്ഥനാമന്ദിരത്തില്‍ നീട്ടിയത്ത് രാജ്‌നായരെന്ന പെരിങ്ങോടന്‍.
ഈയിടെ അദ്ദേഹത്തിന് (എന്റെ പ്രിയപ്പെട്ട ബ്ലോഗ് എഴുത്തുകാരനാണദ്ദേഹം) വിശുദ്ധഖുരാന്റെ യു.ടി.എഫ് ഫോര്മാറ്റിലുള്ള മലയാളം പരിഭാഷ അയച്ച് കൊടുത്തിരുന്നു. അത് സംബന്ധിയായ സംശയനിവാരണങ്ങള്‍ക്കായി വിശ്രമ സമയത്ത്, ചില ലിങ്കുകള്‍ തെരഞ്ഞെടുത്ത് വരികയുമായിരുന്നു.അത് ആവശ്യമായി വന്നില്ലെന്നത് വേറെ കാര്യം. ആത്മീയകാര്യങ്ങള്‍ക്ക്, സംശയനിവാരണത്തിനായി സമീപിക്കാവുന്ന ബ്ലോഗറുടെ സഹായം രാജ് നേരത്തെ തേടിയിരുന്നു. പ്രാര്‍ത്ഥനാമന്ദിരത്തിലെ(മുസ്ലിം പള്ളി) അമുസ്ലിം സാന്നിദ്ധ്യം എന്ന സ്വപ്നസൂചകത്തെ വിവര്‍ത്തനം ചെയ്യുമ്പോള്‍, ഞാന്‍ ഈയിടെ വായിച്ച ഡോ. പി.കെ. പോക്കറിന്റെ ‘പള്ളികള്‍ ഇങ്ങിനെയുമാകാം’ എന്ന ലേഖനം ഓര്‍മ്മ വരുന്നു. തുര്‍ക്കിയിലേക്കും ഒമാനിലേക്കും ഈയടുത്ത് അദ്ദേഹം നടത്തിയ ഒരു യാത്രാവിവരണ ലേഖനമാണത്. തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ പതിനേഴാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ അഹമ്മദ് നിര്‍മ്മിച്ച നീലപള്ളിയും ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് ഈയിടെ നിര്‍മ്മിച്ച ‘ഗ്രാന്റ് മോസ്കും സന്ദര്‍ശിച്ചപ്പോള്‍ അവിടെ പ്രാര്‍ത്ഥനയ്ക്കല്ലാതെ വന്നെത്തിയ അനേകം വിവിധമത വിശ്വാസികളായ സന്ദര്‍ശകരെ പറ്റി അദ്ദേഹം കേരളത്തിലെ മുസ്ലിം പള്ളികളുമായി താരതമ്യം ചെയ്യുന്നു. ആ ഓര്‍മ്മയാണ് രാജിന്റെ സ്വപ്ന സാന്നിദ്ധ്യത്തിന് വഴിതെളിയിച്ചിട്ടുണ്ടാകുക.
മണല്‍കാറ്റ്.
ഈ സൂചകം എന്റെ നിലവിലുള്ള മാനസികമായ അസ്വസ്ഥതയെ സൂചിപ്പിക്കുന്നു. ആത്മീയമായ ആശങ്ക എന്നെ ബാധിച്ചിരിക്കുന്നതും അതിന്റെ സംശയദൂരീകരണത്തിനായി ആത്മീയ തല്പരനായ ഗുരുവിനെ തേടാന്‍ കഴിയാതെയിരിക്കുന്നതിന്റെയും തീവ്രമായ മനോവിചാരമാവാം. എന്നെ തന്നെ മണലില്‍ പൊതിയുന്ന ഉഷ്ണവാതം കുറേ കൂടെ ദീര്‍ഘമായ ചിന്താസരണിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
വേഷവിധാനത്തിലെ അശ്രദ്ധ.
പ്രാര്‍ത്ഥനക്കെത്തിയ സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രധാരണ രീതിയെ പറ്റി ചിന്തിക്കുമ്പോള്‍ ചില ഓറിയന്റലിസ്റ്റ് പ്രാര്‍ത്ഥനാരീതിയാണ് മനസ്സിലെത്തുന്നത്.മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിലെ മുസ്ലിം പള്ളികളിലൊന്നില്‍ വനിതാ പ്രൊഫസര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയതും അതുമായുണ്ടായ ചില സംവാദങ്ങളും ഓര്‍മ്മയിലെവിടെയോ തങ്ങി നില്‍ക്കുന്നതായി ബോദ്ധ്യപ്പെടുന്നു. പ്രാര്‍ത്ഥിക്കുന്ന മുസ്ലിംകളും പ്രാര്‍ത്ഥിക്കാത്ത മുസ്ലിംകളും എന്ന വേര്‍തിരിവ് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണെങ്കിലും സെപ്തംബര്‍ സംഭവങ്ങളോടെ അമേരിക്കന്‍ അന്വേഷണ ഏജന്‍സികളാണ് അത്തരമൊരു സാഹചര്യത്തെ പരാമര്‍ശിച്ചത്. ഓറിയന്റലിസ്റ്റ് ചിന്താഗതിക്കനുസൃതമായി ഇസ്ലാം മതവിശ്വാസാചാരങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ നിലവിലുള്ള ആചാരങ്ങളുടെ ഒരു പൊളിച്ചെഴുത്തുണ്ടായേക്കാം. സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചുള്ള , വസ്ത്രധാരണ നിബന്ധനകളില്ലാത്ത പ്രാര്‍ത്ഥനരീതിയെ പറ്റി ചിന്തിക്കുന്നത് ഈ സ്വപ്നദര്‍ശനത്തിന് ശേഷം മാത്രമാണ്.
എന്റെ ഉറക്കവും രാജിന്റെ ഉണര്‍ച്ചയും.
ധര്‍മ്മോപദേശ സമയത്തുള്ള ഉറക്കം എന്റെ ബാല്യകാലം മുതലുള്ള ദു:ശ്ശീലമാണ്. ഈ സ്വപ്നദര്‍ശനത്തിന്റെ ഉറക്കത്തിന് മുമ്പ് ഞാന്‍ വായിച്ചിരുന്ന പുസ്തകം അഡോണിസ് എന്ന തൂലികാനാമത്തില്‍ എഴുതുന്ന അറബ് എഴുത്തുകാരനായ അലി സ‌ഈദിന്റെ ‘സൂഫിസവും സര്‍‌റിയലിസവും’ എന്ന കൃതിയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ (1854-1891) ജീവിച്ചിരുന്ന റിംബൊ(Rimbaud) വിന്റെ കവിതകളിലെ സൂഫി ചിന്താധാരയുടെ സ്വാധീനം ചര്‍ച്ച ചെയ്യുന്ന ലേഖനമായിരുന്നു. ആത്മീയമായ ചില ഉണര്‍ത്തലുകള്‍ അന്തര്‍ലീനമായിരിക്കുന്ന സ്വപ്നമായിരുന്നു അതെന്ന് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് അതിലേക്ക് നയിച്ച വായനയാകാം.മറ്റൊന്ന്, സാരോപദേശങ്ങളും ധര്‍മ്മചിന്തകളും സാധാരണതലത്തിനുപരിയായുള്ള വിതാനത്തിലാണ് രാജിന്റേതെന്ന് നിരന്തരമായ സംഭാഷണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ചിന്തയുമാകാം, ഞാനുറങ്ങുമ്പോള്‍ രാജ് ഉണര്‍ന്നിരിക്കുന്നുവെന്ന സൂചകം തെളിയിക്കുന്നത്.

അഭിപ്രായങ്ങള്‍

Sreejith K. പറഞ്ഞു…
പെരിങ്ങോടന് ഇതിലും താല്പര്യം തുടങ്ങിയോ. പെരിങ്ങോടന്റെ ചിന്തകളും കേള്‍ക്കാന്‍ താല്പര്യമാകുന്നു.

ഇബ്രൂ, ഒരു റംസാന്‍ വ്രതം നിന്നെ ഒരു മതപണ്ഠിതനാക്കുമോ? ഇനി പെരിങ്ങോടനെ എങ്ങാനും നീ ആക്കിക്കളയുമോ. ചിന്തകള്‍ നന്നായി.
mariam പറഞ്ഞു…
ഇസ്ലാമിന്റെ മുറുക്കാന്‍ മാത്രമെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ചില “മസിലുകള്‍” നിലനിര്‍ത്തികൊണ്ട് തന്നെ അതിനു എത്രമാത്രം സാര്‍വത്രികത കൈവരിക്കാനാവും എന്നോര്‍ത്ത് ഉറങ്ങാന്‍ കിടന്നാല്‍ രാവിലെ ഇങ്ങനെ എഴുന്നേല്‍ക്കാം.


-മറിയം-
mariam പറഞ്ഞു…
ഇബ്രൂ നന്നായി എന്നു പറയാന്‍ മറന്നു
ലിഡിയ പറഞ്ഞു…
സ്വപ്നങ്ങളെ ഇങ്ങനെ നിര്‍വ്വചിക്കാനാവുമോ?സ്വയം അതറിയാനുള്ള ബുദ്ധിയുണ്ടായിരുന്നെങ്കില്‍,പണത്തിനായി നിര്‍വചിക്കുന്നവരെ പേടിയാണ്.

ഒത്തിരി സ്വപ്നങ്ങള്‍ കാണുന്നു,പലതും ഉറക്കമുണര്‍ന്ന ശേഷവും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നവ.

-പാര്‍വതി.
അഭയാര്‍ത്ഥി പറഞ്ഞു…
ഇബ്രുവിന്‌ നന്ദി.
വിശുദ്ധ ഖുറാന്‍ ഈ നൊയമ്പുകാല്‍ത്ത്‌ തന്നെ വായന തുടങ്ങാനാവുമെന്നതാണ്‌ എന്റെ നേട്ടം.
സ്വപ്ന വ്യാഖ്യാനത്തിലൂടെ രാജ്‌ ഒരു അടയാളമാകുന്നു.
വിശുദ്ധ ഇസ്ലാമിനെ ജന്മം കൊണ്ട്‌ മറ്റു മതസ്ഥരായവരിലും എത്തുന്നതിന്റെ നാന്ദി.

പ്രൗഡ ഗാംഭീര്യമുള്ള മരുഭൂമിയില്‍ നിന്ന്‌ വീശിയ അറിവിന്റെ കാറ്റ്‌ കാലാതിവര്‍ത്തിയായി എക്കാലവും വിരാജിക്കും. ഇസ്ലാമിലെ സാഹോദര്യ ഭാവത്തിന്റെ ആയിരത്തിലൊന്ന്‌ ഒരു മതത്തിലുമില്ലെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയട്ടെ. അല്ലാഹുവിന്റെ ഭയം അവനെ തിന്മകളില്‍ നിന്നക്റ്റുന്നു, മറ്റുള്ളവന്റെ വിശപ്പറിയിക്കുന്നു.

അറബി വംശജരുടെ സഹിഷ്ണുത നമ്മള്‍ക്കുണ്ടോ?. തമിഴ്‌ നാട്ടുകാരന്‍ കേരളത്തില്‍ ഉപജീവനം തേടിയെത്തിയാല്‍ നാം വേര്‍തിരിവ്‌ കാണിക്കുന്നു.
"പാണ്ടി- എന്തെങ്കിലും അടിച്ചുമാറ്റാതെ നോക്കിക്കൊ "എന്നതാണ്‌ ഇവരോടുള്ള നമ്മുടെ ഏറ്റിറ്റൂഡ്‌.

നമ്മള്‍ സമ്പന്നരായാല്‍ സാഹോദര്യത്തിന്‌ ദുരന്തമായിരിക്കും സംഭവിക്കുക.

നന്ദി ഇബ്രു നന്ദി
Rasheed Chalil പറഞ്ഞു…
സ്വപ്നങ്ങള്‍ക്ക് ഒത്തിരി അര്‍ത്ഥതലങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്. നല്ലൊരു സ്വപ്നവും അതിന്റെ അതിസുന്ദരമായ ആഖ്യാനവും. ഇബ്രൂ ഒത്തിരി ഇഷ്ടമായി.
Unknown പറഞ്ഞു…
ഇബ്രൂ,
സ്വപ്നം വിശകലനം ചെയ്ത രീതി എനിയ്ക്കിഷ്ടപ്പെട്ടു. പെരിങ്സിന്റെ വേര്‍ഷന്‍ ഉണ്ടോ ആവോ?
Shoukat പറഞ്ഞു…
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Shoukat പറഞ്ഞു…
നന്നായി.
ഇനിയും സ്വപ്നങ്ങള്‍ കാണുക.
വ്യാഖ്യാനിക്കുക.
ആശംസകള്‍.
Unknown പറഞ്ഞു…
ഇബ്രു പറഞ്ഞത്‌ സത്യം. ചരിത്രത്തിലെ പള്ളികള്‍ എന്നും സാംസ്‌കാരിക കേന്ദ്രങ്ങളായിരുന്നു. ദിവസവും അഞ്ചു നേരത്തെ പ്രാര്‍ഥനകള്‍ ആത്മവിശകലനത്തിനുള്ള സന്ദര്‍ഭങ്ങളും. പ്രാര്‍ഥനാമന്ദിരങ്ങളിലെ അന്യമതസ്‌ഥരുടെ സാന്നിദ്ധ്യം, പള്ളികളിലെ സ്‌ത്രീസാന്നിദ്ധ്യം, വേദഗ്രന്ധങ്ങള്‍, മതാചാരങ്ങള്‍, എല്ലാം ബിംബങ്ങള്‍ മാത്രം. അത്‌ പ്രധിനിദാനം ചെയ്യുന്ന ഒരു സാമൂഹിക-ജീവിത വ്യവസ്‌ഥിതിയുണ്ട്‌. അത്‌ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക ചിന്തകളുണ്ട്‌. അത്‌ ക്രമീകരിക്കുന്ന ജീവിതവ്യവസ്‌ഥിതിയുണ്ട്‌. പക്ഷെ, നമ്മുടെ സംവാദങ്ങളും ഗവേഷണങ്ങളും ജീവിതരീതി തന്നെയും, ആ ബിംബങ്ങളുടെ ഘടനയ്‌ക്ക്‌ ചുറ്റും കറങ്ങുന്നു. അത്‌ കൊണ്ടാണ്‌, റംസാനിലെ താടിയും, ഖുര്‍ആന്‍ പഠനവും, ജീവിതരീതിയും റംസാന്‍ കഴിഞ്ഞുള്ള പതിനൊന്നു മാസങ്ങളില്‍ നമ്മില്‍ നിന്നും അപ്രത്യക്ഷമാകുന്നത്‌. അത്‌ കൊണ്ടാണ്‌, റംസാനു കൊടുക്കുന്ന പ്രാധാന്യം മറ്റു മാസങ്ങള്‍ക്ക്‌ കൊടുക്കാന്‍ സാധിക്കാതെ പോകുന്നത്‌. അത്‌ കൊണ്ടാണ്‌, ഒരു അമുസ്‌ലിം (ഭാഷാപരമായി മാത്രം എടുക്കുക) പള്ളികളില്‍ പ്രവേശിക്കുന്നതും, ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പര്‍വ്വതീകരിക്കപ്പെടുന്നത്‌.
ഓ.ടൊ: ഇബ്രു.. എന്നത്തെയും പോലെ നിന്റെ എഴുത്തിനോട്‌ എനിക്ക്‌ അസൂയ തോന്നുന്നു. :)
അജ്ഞാതന്‍ പറഞ്ഞു…
ഇബ്രൂ,
നിന്റെ സ്വപ്നം ഒരു ഇറാനിയന്‍ ചലച്ചിത്രത്തിലെ രംഗങ്ങള്‍ പോലെ മുന്നില്‍ തെളിഞ്ഞു കണ്ടു.

അടുത്തു തന്നെ നീ ഒരു സ്വപ്നം കാണാന്‍ ഇടയുണ്ട്‌.അത് വ്യാഖ്യാനിച്ച് നി എത്തിച്ചേരുക സങ്കീര്‍ണ്ണമായ “സാമ്പത്തികശാത്ര” സമസ്യകളിലേക്കായിരിക്കും :D
Rasheed Chalil പറഞ്ഞു…
ഇബ്രൂ ഞാന്‍ മുമ്പൊരു കമന്റ് ഇട്ടതാണ്. എങ്കിലും ഇതുകൂടി ചേര്‍ത്ത് വെക്കണം എന്ന് തോന്നുന്നു.

ഒരിക്കല്‍ മദീനയില്‍ പ്രവാചകനെ സന്ദര്‍ശിക്കാനെത്തിയ ക്രസ്ത്യന്‍ സംഘത്തിന് പള്ളിയുടെ ഒരു ഭാഗം പ്രാര്‍ത്ഥിക്കാനായി പ്രവചകര്‍ സൌകര്യപെടുത്തി കൊടുത്തെത്രെ.

ജറൂസലം സന്ദര്‍ശിക്കാനെത്തിയ ഹസ്രത്ത് ഉമര്‍ അവിടെ ഒരു സിനഗോഗില്‍ പ്രാര്‍ത്ഥനക്കായി സൌകര്യം ചെയ്തു കൊടുത്തപ്പോള്‍ അത് നിരസിക്കുകയുണ്ടായി. കാരണം ചോദിച്ചവരോട് ഖലീഫാ ഉമറിന്റെ മറുപടി ഇങ്ങിനെയായിരുന്നു. അവിടെ വെച്ച് പ്രത്ഥിക്കുന്നതില്‍ എനിക്ക് വിരോധമുണ്ടായിട്ടല്ല. എന്റെ കാലശേഷം മുസ്ലിങ്ങള്‍ അത് ഉമര്‍ നമസ്കരിച്ച സ്ഥലമെന്ന് പറഞ്ഞ് ഈ ആരാധനാലയത്തെ വല്ലതും ചെയ്താല്‍ അതിന് ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ ഞാനും സമാധാനം പറയേണ്ടിവരും. അക്കാരണം കോണ്ട് മാത്രമാണ് താങ്കളുടെ അഭ്യര്‍ത്ഥന നിരസിച്ചത് എന്ന്.

ആരും പറയാത്ത ആര്‍ക്കും താത്പര്യമില്ലാത്ത ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍.
തണുപ്പന്‍ പറഞ്ഞു…
ചെറിയ ചെറിയ നാളങ്ങളില്‍ വലിയ വലിയ ചിന്തകള്‍ ഒളിപ്പിച്ച് വെക്കുന്ന ദീപസ്തംഭമാണെപ്പോഴും ഇബ്രുവിന്‍റെ പോസ്റ്റുകള്‍. തികച്ചും സ്വകാര്യമായ ഒരു സ്വപ്നത്തെ പങ്ക് വെച്ചപ്പോഴും അത് വിഭിന്നമാകുന്നില്ല.

പൊതുവേ അസ്വസ്ഥത നിറഞ്ഞമനസ്സിന്‍റെ സൃഷ്ടികളാണ് സ്വപ്നങ്ങള്‍ എന്നാണ് പറയാറ്. സ്വപ്നങ്ങളെ വ്യാഖ്യാനിക്കാതിരുന്നുകൂടെ? സ്വപ്നങ്ങള്‍ വെളിപാടുകളായിരിക്കാത്തതിന് കാരണവും അത് വ്യാഖ്യാനിക്കപ്പെടേണ്ടതല്ല എന്നത് തന്നെയെന്ന് തോന്നുന്നു.ഇന്ന് വരെ സ്വപ്നങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണനല്‍കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് എന്‍റെ അറിവ്.(സ്വപ്നവുമായി ബന്ധപ്പെട്ട ചില ഫിസിയോളജിക്കല്‍ പ്രോസസുകളെക്കുറിച്ച് വൈദ്യശാസ്ത്രം പ്രതിപാതിക്കുന്നത് അതിന്‍റെ ഉപജ്ഞാതക്കള്‍ തന്നെ ഒട്ടും സംതൃപ്തരല്ല എന്ന രീതിയിലാണ്.)

സ്വപ്നത്തിന്‍റെ ‘ഉടമകള്‍‘ തന്നെ സ്വപ്നത്തെ വ്യാഖ്യാനിക്കുന്നതിന്‍റെ പ്രധാന്യം സ്വപ്നം ഒരു സ്വകാര്യ സ്വത്താണെന്നുള്ളത് തന്നെ.മറ്റൊരാളുമായി പങ്ക് വെക്കുമ്പോള്‍ സ്സ്വപ്നങ്ങളുടെ ചാരുത നഷ്ടപ്പെടുന്നതായി പലപ്പോഴും തോന്നിയിട്ടുള്ളത്(ഞാന്‍ എന്‍റെ സ്വപ്നം പങ്ക് വെക്കുമ്പോഴും മറ്റൊരു സ്വപ്നത്തിന് ചെവികൊടുക്കുമ്പോഴും തോന്നാറുണ്ട്) അത്കൊണ്ടാകാം.

ഇബ്രുവിന്‍റെ സ്വപ്നത്തിലെ പാതി അന്ധതതന്നെ സ്വപ്നത്തിന്‍റെ പാതി നിര്‍വ്വചിക്കുന്നതായി തോന്നുന്നു. ആത്മീയമായ അസ്വസ്ഥതയാണ് സ്വപ്നത്തിന്‍റെ ആധാരം എന്നത് നിസ്സംശയം.പെരിങ്ങോടര്‍(എന്‍റെയും പ്രിയ ബ്ലോഗ്ഗര്‍) ഒരു നിമിത്തമാണ്.നിന്‍റെ പാതിമയക്കത്തിലും ഉണര്‍ന്നിരിക്കുന്ന ചിന്ത, ആത്മീയ കുതൂഹലതകളിലേക്ക് എരിത്തീയൊഴിച്ചവന്‍. പ്രാര്‍ഥനയുടെ ‘ഡ്രെസ്സ് കോഡ്’ ചര്‍ച്ചചെയ്യപ്പെടേണ്ട ത്രെഡാണ്.എന്തിനാകാം അത്? അതിന്‍റെ പ്രായോഗികത, ആവശ്യകത? എനിക്കറിയില്ല!വിശ്വാസികളുടെ ധൃതിയിലുള്ള തിരിച്ച് പോക്കാണ് നിന്‍റെ മുകളിലേക്കുള്ള യാത്രയെ ദുഷ്കരമാക്കുന്നത്.പരമ്പാരഗത (അ/അര്‍ദ്ധ/പ്സ്സ്യൂഡോ)വിശ്വാസികള്‍ വിരിച്ച പരവതാനിയാണ് യാത്രികരെ ദുഷ്കരരാക്കുന്നത്.മുന്‍ വിധികളിലൂന്നിയുള്ളതാണ് ആ വിശ്വാസം.ലക്ഷ്യ സ്ഥാനത്ത് കാത്തിരിക്കുന്നതെല്ലാം അറിഞ്ഞശേഷമുള്ള പര്യവേക്ഷണം എത്ര വിരസമായിരിക്കുമെന്നോര്‍ത്ത് നോക്കൂ..എന്നും തിരുവനന്തപുരം കോഴിക്കോട് റൂട്ടില്‍ ബസോടിക്കുന്ന കെ എസ് ആര്‍ ടി സി ഡ്രൈവറുടെ പര്യവേക്ഷണത്തില്‍ നിന്നും വിത്യസ്ഥമല്ല അതും.മുന്‍ വിധികളെ മാറ്റിനിര്‍ത്തി മതങ്ങളെ സമീപിക്കൂ.മതം ജീവിച്ചറിയേണ്ട ഒരു നിഗൂഡതയാണ്.വിശുദ്ധഗ്രന്ധം അതിലെക്കുള്ള വഴികാട്ടിയാണ്.അത് ജീവിതവുമായി നിത്യപ്രണയത്തിലാണ്.പരിത്യാഗം പഠിപ്പിക്കേണ്ടതും കടുത്ത സംഘര്‍ഷങ്ങള്‍ നല്‍കേണ്ടതുമല്ല അത്.ഒരു താപസനെ അതിനാവശ്യമില്ല. ചിട്ടയില്‍ അടുക്കിവെച്ച സൌന്ദര്യമാണ് അത് പ്രാദാനം ചെയ്യേണ്ടത്.പരമാത്മാവിനെ പ്രീണിപ്പിക്കേണ്ടത് ത്യാഗത്തിലൂടെയല്ല,അര്‍പ്പണത്തിലൂടെയാണെന്ന് തിരിച്ചറിയുക.

ഇബ്രുവിനെ പോലെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കാനും പങ്കുവെക്കാനുമായിരുന്നെങ്കില്‍ എന്നാശിച്ച് പോകുകയാണ്
കണ്ണൂസ്‌ പറഞ്ഞു…
അസ്വസ്ഥമായ മനസ്സാണ്‌ സ്വപ്നങ്ങള്‍ കാണാനും അതിനെ വ്യാഖ്യാനിക്കാനും തത്രപ്പെടുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്‌.

ഇബ്രുവിന്റെ പോസ്റ്റ്‌ ഒരുപാട്‌ ആഴത്തിലുള്ളതാണ്‌. ഒരല്‍പ്പം കൂടി വിശദമായി എഴുതിയിരുന്നെങ്കില്‍ - പ്രത്യേകിച്ച്‌ റിംബോയുടെ കവിതകളെപ്പറ്റി - എന്നാശിച്ചു പോവുന്നു.

തണുപ്പന്റെ കമന്റും ഉഗ്രന്‍.
ചില നേരത്ത്.. പറഞ്ഞു…
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ചില നേരത്ത്.. പറഞ്ഞു…
ശ്രീജിത്ത്,
പെരിങ്ങോടന്‍, മുകളറ്റം മാത്രം കാണുന്ന ഐസ് ബര്‍ഗാണ്. ബ്ലോഗുകള്‍ ആ അറിവിന്റെ മുകളറ്റം മാത്രം.

മറിയം.
വായിച്ചതിനും കമന്റിയതിനും വളരെ നന്ദി. ആ മസില്‍ കൊണ്ട് ഒരു പാട് പേര്‍ ജീവിച്ചു പോകുന്നു.

പാര്‍വ്വതീ.
സ്വപ്നാഖ്യാനം കാശിന് ചെയ്തു കൊടുക്കുന്നവ്വരുണ്ടോ? അതൊരു പുതിയ അറിവാണ് നല്‍കുന്നത് :)

ഗന്ധര്‍വ്വന്‍.
അറിവിലേക്ക് തുറക്കുന്ന വാതിലുകളല്ലേ വിശുദ്ധഗ്രന്ഥങ്ങളെല്ലാം തന്നെ. ശരിയും തെറ്റുമല്ല, ശരികളിലെ
സാമ്യമാവട്ടെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ആശംസിക്കുന്നു.

ഇത്തിരീ.
വായിച്ച് കമന്റിയതിന് നന്ദി. ചില അറിവുകള്‍ പകര്‍ന്നതിനും. രണ്ടാമത്തെ കമന്റ് ഈ പോസ്റ്റുമായി ബന്ധപ്പെട്ടതാണോ?
ഓര്‍മ്മയില്‍ വന്നപ്പോള്‍ പകര്‍ത്തിയതാകുമെന്ന് കരുതുന്നു.

ഡ്രിസിലേ.
ലക്ഷങ്ങള്‍ ചിലവിട്ടാണ് എന്റെ നാട്ടിലെ പള്ളി പണിതിരിക്കുന്നത്. ഇപ്പോള്‍ മദ്രസയും പുതുക്കി പണിയുന്നു.
കുറേ മുറിവൈദ്യന്മാരെ ഉണ്ടാക്കാതെ കാമ്പുള്ള ഒന്നുണ്ടായാല്‍ സമുദായം നന്നാകുമെന്നും അതിനായി ഒരു വായനശാല കൂടെ
ചേര്‍ത്ത് പണിയൂ എന്ന് പറഞ്ഞതിന് കേള്‍ക്കാത്ത പഴിയില്ല.

തുളസീ.
മക്-മല്‍ ബഫ് ഒക്കെ ചെറുപ്പത്തില്‍ ഇങ്ങിനെ സ്വപ്നം കണ്ടിട്ടുണ്ടാകും എന്നാണോ ഉദ്ദേശിക്കുന്നത്?.
അതായത് ഞാനും ഭാവിയില്‍ ഒരു മക്‍മല്‍ ബഫ് ആകും എന്നൊക്കെയാണോ. നീ എന്നെ കുളിരണിയിക്കല്ലേ..

തണുപ്പാ.
ഈ കമന്റ് എനിക്ക് ചിന്തയ്ക്ക് വക നല്‍കുന്നു വീണ്ടും. പാതി അന്ധതയെന്ന സൂചകം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നതിനെ
വീണ്ടും അനാവരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ചില സൂചകങ്ങളെ എനിക്ക് വ്യക്തമായി നിര്‍വ്വചിക്കാനും സാധിച്ചിട്ടില്ല.
മതം ജീവിച്ചറിയേണ്ട ഒരു നിഗൂഡതയാണ്.വിശുദ്ധഗ്രന്ധം അതിലെക്കുള്ള വഴികാട്ടിയാണ്.അത് ജീവിതവുമായി
നിത്യപ്രണയത്തിലാണ് എന്ന വാചകത്തിന്റെ പൊരുളായിരിയ്ക്കണം എന്റെ സ്വപ്നത്തിന്റെ ആകെ തുക. നന്ദി,
ഒരു നിര്‍വ്വചനത്തിന്നായി കണ്ടെത്തിയ വിലപ്പെട്ട സമയത്തിന്.

കണ്ണൂസ്.
സമ്പുഷ്ടമായൊരു അവധിക്കാലം ആശംസിക്കുന്നു. റിംബോവിന്റെ കവിതകളെ പറ്റി എഴുതുവാന്‍ എനിക്ക്
അതിയായ ആഗ്രഹമുണ്ട്. രണ്ട് സംസ്കാരങ്ങളുടെ സംഗമമാണ് റിംബോ കവിതകള്‍. പിടി തരാതെ വഴുതുന്ന
സൂചകങ്ങളും കാലാതിവര്‍ത്തിയായ ചിന്തകളും റിംബോയെ വ്യത്യസ്ത തലത്തില്‍ പ്രതിഷ്ഠിക്കുന്നു.
കുറുമാന്‍ പറഞ്ഞു…
ഇബ്രു....നല്ല സ്വപ്നം, സുന്ദരമായ നിര്‍വ്വചനം.

ഓഫ് : കാണുന്ന സ്വപ്നങ്ങള്‍ നിര്‍വ്വചിക്കാനുള്ള കഴിവില്ലാത്തതല്ല എന്റെ പ്രശ്നം, സ്വപ്നം കാണാറില്ലാത്തതാണെനന് ആരെങ്കിലും ഇവിടെ പറഞ്ഞ്വോ, ഉവ്വോ?
പ്രിയ ചിലനേരത്തെ, താങ്കളുടെ ചിന്തകളും നിരീക്ഷണങ്ങളും രസമുണ്ട്‌.
chithal പറഞ്ഞു…
തുര്‍ ക്കിയിലെ ആരാധനാലയങളെ പറ്റി പീ.കെ. പോക്കര്‍ എഴുതിയത് അത്റ വലിയ ആന അല്ഭുതം ഒന്നുമല്ല.നമ്മുടെ കേരളത്തിലെs.i.o എന്ന ഇസ്ലാമിക വിദ്ധ്യാര്ഥിപ്രസ്ഥാനം organise ചെയ്തമെധിക്കല്‍ വിധ്യര്ഥികളുടെ ഒരു മീറ്റില്‍ പങ്കെടുത്ത അമുസ്ലീം വിധ്യാര്ഥികളടക്കം അന്നു രാത്രി അന്തിയുറങിയത് സമീപത്തെ പള്ളിയിലായിരുന്നു.സ്വാമിമാരും അചന്മാരും പള്ളികളില്‍  പ്രസം ഗിക്കുന്നതും അവരുടെ വീക്ഷണങല്‍ അവതരിപ്പിക്കുനതും ചുരുക്കമല്ല
ചില നേരത്ത്.. പറഞ്ഞു…
ഫിറോസേ,
അവനവനറിയുന്നത് അവനവനെഴുതുക,നിന്റെ ‘ആന കാര്യ’ വര്‍ത്താനത്തിന്റെ കാരണമെനിക്കറിയാം.
ബ്ലോഗടച്ചിരിക്കാതെ ബ്ലോഗി തുടങ്ങൂ.
അദ്ദേഹത്തിനോട് നേരിട്ട് ചോദിക്കേണ്ടത്, അദ്ദേഹത്തോട് ചോദിക്കാനുള്ള വിചാരമുണ്ടാകണം.
chithal പറഞ്ഞു…
എന്താണു സഖാവേ ഇത്ര ചൂടാവാന്‍ ?പി.കെ.പോക്കറുടെ കപട വിലാപം അദ്ധേഹത്തിന്റെ ദുരുദ്ധേശവും സുപരിചിതമായ പല മറുപടികള്ക്കും കാരണമായി.അതില്‍ ചുലത് ഞാനും വായിച്ചിരുന്നു.താന്ക്കളുടെ എയുത്ത് കണ്ടപ്പോല്‍ ഒന്നു കമന്റിക്കളയാം എന്നു കരുതി.തെറ്റായിപ്പോയെങ്കില്‍ ഈയുള്ളവനോടു ക്ഷമീക്കുക
ചില നേരത്ത്.. പറഞ്ഞു…
ഫിറോസേ,
നിന്റെ ബ്ലോഗ് നീ തുറന്നിടൂ ആദ്യം. അതല്ലേ ശരി?
പി.കെ പോക്കറിന്റെ ലേഖനം ഞാന്‍ വായിച്ചത് മാധ്യമം വാരാന്ത്യപതിപ്പില്‍ നിന്നായിരുന്നു. എസ് ഐ ഒ വിന്റെ വകയിലൊരു ബന്ധുവായി വരുന്ന പ്രസിദ്ധീകരണമാണല്ലോ അത്. പി.കെ പോക്കറിനെയോ പെരിങ്ങോടനെയോ എന്നെ തന്നെയോ ഹൈപ്പ് ചെയ്യണമെന്ന് ഞാന്‍ ഇതുകൊണ്ടുദ്ദേശിച്ചില്ല. താങ്കളുടെ കമന്റ് കണ്ടപ്പോള്‍ എന്നെ തെറ്റായി വായിച്ചുവെന്നതിലെ വികാരം പ്രകടിപ്പിച്ചു.അത് എന്റെ തെറ്റോ നിങ്ങളുടെ തെറ്റോ അല്ല.
Lishar പറഞ്ഞു…
ഓകെയ്
മലയാളം
chithal പറഞ്ഞു…
എന്റെ ഇബ്രൂ,താങ്കള്‍ ആദ്യമായാണു ബ്ലോഗിലെ അതിധിയെ നീ എന്നു സം ബോധന ചെയ്യുന്നത്.വികാരങ്കള്‍ ക്ഷോഭമായാലും പ്രകടിപ്പിക്കുമ്പ്പോള്‍ നമ്മുടെ മാന്യത കീപ്പ് ചെയ്യന്ടേ?
നന്നായി. suberb flow.. keep writing.

anees kodiyathur
www.kodiyathur.com
വിചാരം പറഞ്ഞു…
നിന്നെ എനിക്കിഷ്ടമാണ്‌ .. നിന്റെ ബാഹ്യരൂപമോ എഴുത്തോ അല്ല .. മറിച്ച്‌ നിന്നിലെ നിഷേധിയെ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.