പതിനഞ്ചാം തവണയും കാർ മുന്നോട്ടെടുക്കാനാഞ്ഞപ്പോൾ ഗിയർ മാറ്റാതിരുന്നത് കാരണം മുരൾച്ച കൂടുതലായി. എന്ന് വെച്ചാൽ, പതിനഞ്ച് ടെസ്റ്റുകളിലും ഇതേ തെറ്റ് പരിഭ്രമം കാരണം ആവർത്തിച്ചിരിക്കുന്നു.
ജേഞ്ച് ഗിയർ!!
പരിശോധകൻ അലോസരപ്പെട്ടു.
സജിത്തിന്റെ മുഖം രക്തവർണ്ണമായി. ബ്രേക്കമർത്തി ഗിയർ ചേഞ്ച് ചെയ്തു. അനന്തരം വൺ പോയിന്റ് ത്രീ എഞ്ചിൻ നിസ്സാൻ സണ്ണി കാറിന്റെ ആക്സിലേറ്ററിൽ അമർത്തിയപ്പോൾ അനുസരണയില്ലാത്ത കുതിരയെ പോലെ മുന്നോട്ട് കുതിച്ചു. പരിശോധകൻ അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. സജിത്ത് അപ്പോഴുറപ്പിച്ചു, പതിനാറാം തവണ ടെസ്റ്റ് കൊടുക്കുമ്പോൾ കുറച്ച് കൂടെ ശ്രദ്ധിക്കണമെന്ന്. ഡ്രൈവിംഗ് സ്കൂളിന്റെ ഗേറ്റിൽ നിന്ന് പുറത്തേക്കുള്ള കച്ച പാർക്കിലൂടെ വണ്ടിയെടുത്ത് ലെബനോൺ റോഡിലെത്തിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു. കച്ച റോഡ് വഴി വണ്ടിയോടിക്കേണ്ടി വന്ന ഒരാളും ഇത് വരെ ടെസ്റ്റിൽ വിജയിച്ചിട്ടില്ല. എങ്കിലും, ഒരു യു ടേൺ എടുത്തതിന് ശേഷം വന്ന ആദ്യത്തെ ബസ് സ്റ്റോപ്പെത്തിയപ്പോൾ കേട്ടു.
ബാർക്കിംഗ്!
അറബി ഇൻസ്പെക്ടർ തന്നോടാവില്ല എന്നാണ് സജിത്ത് കരുതിയത്. പക്ഷേ വീണ്ടും ഇളകിയിരുന്ന് ഇൻസ്പെക്ടർ പറഞ്ഞു.
ബാർക്കിംഗ് ,യാ ! ഹബീബി.
സജിത്ത് വണ്ടി പരമാവധി ഒതുക്കി നിർത്തി. മനസ്സൊരു നിമിഷം ശാന്തമായപ്പോൾ, അന്തരാമിയിൽ നിന്നൊരു അനുരണനമുണ്ടായി,
ന്യൂട്രലിലിലാക്കടാ തെണ്ടീ!
ശേഷം, പിറകിലെ പാക്കിസ്ഥാനികളുടെ നിരയിലേക്ക് കയറിയിരുന്നു. ദൈവമേ, ഇത്തവണയെങ്കിലും ഈ ടെസ്റ്റിൽ വിജയിപ്പിക്കണേയെന്ന് നിശ്വസിച്ചു. ആ തക്കത്തിൽ മൂക്കിലേക്ക് സകലനിയന്ത്രണവും തെറ്റിച്ച് ശീമക്കൊന്നയുടേയും നിസ്‌വാറിന്റേയും രൂക്ഷഗന്ധം ഇടിച്ച് കയറി. അപ്പോൾ സജിത്ത് ദൈവത്തോട് പ്രാർത്ഥനയോടെ അന്വേഷിച്ചു.
“വൃത്തി എന്താണെന്ന് നീ ഇവരെ പഠിപ്പിക്കില്ലേ?”
കാർ അവസാനത്തെ വിദ്യാർത്ഥിയേയും കൊണ്ട് എല്ലായ്പ്പോഴും, നെടുവീർപ്പുകളോടെ ഊഴം കാത്ത് നിൽക്കുന്ന മറ്റൊരു കൂട്ടം വിദ്യാർത്ഥികളുടെ അടുത്തേക്കാണ് കൊണ്ടു പോകുന്നത്. തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്ന ഒരു ചാക്രിക ചലനം. ശേഷം റിസൾട്ട് പ്രഖ്യാപിക്കലായി.
“അഹ്മദ് ഖാൻ, ഫെയിൽ ”
“നോകിയ ഖാൻ, ഫെയിൽ ”
ഓരോ ചാക്രിക ചലനത്തിലും ഒരാൾ ഡ്രൈവിംഗ് ടെസ്റ്റ് പാസാവുമെന്നാണ് അലിഖിത നിയമം. അതിനാൽ സജിത്ത് , പിന്നെപ്പോഴെങ്കിലും ആലോചിച്ചാൽ തനിക്ക് തന്നെ നാണം തോന്നുന്ന വിധത്തിൽ ദൈവത്തിനോട് ഒന്നുകൂടെ പ്രാർത്ഥിച്ചു. ദൈവമേ, പ്ലീസ്. അപ്പോൾ കേട്ടു.
സജിത്ത് പെദങ്ങാത്ത് , ബാസ്
ഇക്കാലമത്രയും അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ആശ്വാസത്തിന്റേതായും പാതിയിൽ കേട്ട റിസൾട്ടിന്റെ കൃത്യതയ്ക്കും വേണ്ടിയുള്ള, കോസ്റ്റ് കട്ടിംഗ് നടത്തിയ ഒരേയൊരു വാക്ക്. ഒരേയൊരു അറബി വാക്ക് സജിത്തിൽ നിന്നും ബഹിർഗമിച്ചു.
ശൂ!
പരിശോധകൻ അലറി,
സജിത്ത് പെദങ്ങാത്ത് , ബാസ്!!
സകല ദൈവങ്ങൾക്കും മീതെ അമ്മയുടെ പ്രാർത്ഥനാനിരതമായ മുഖം തെളിഞ്ഞു വന്നു. ഇരിപ്പുറയ്ക്കാതെ ഫോൺ കാത്തിരിക്കുന്ന അച്ഛനെയോർമ വന്നു. കണ്ണിൽ നിന്നുതിർന്ന അശ്രുകണത്തിൽ, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെക്ക് ലിസ്റ്റിനു കുറുകെ വൃത്തിയില്ലാതെയെഴുതിയ ‘പാസ്’ എന്ന വാക്ക് പരന്നൊഴുകുന്നു. അകാല നര ബാധിച്ച തലമുടിയൊതുക്കി, നാട്ടിലേക്ക് വിളിച്ചു.
ഹമ്മേ! എനിക്ക് ലൈസൻസ് കിട്ടി.
ശേഷം സ്ക്രോൾ ചെയ്ത് നീങ്ങുന്ന പേരുകളിൽ ഒന്നിൽ മനസുടക്കി.
“ഇബ്രു-തെണ്ടി.”
ഇബ്രുവപ്പോൾ ലിവിംഗ് റൂമിലേക്ക് മാറ്റിയിട്ട ബെഡ്ഡിൽ മലർന്ന് കിടന്ന്, ഇന്നലെത്തേതു പോലെ ചായയിൽ പച്ചവെള്ളം കൂടിയാൽ നാട്ടിലേക്ക് കയറ്റി വിടുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാവം, അയാളെ പറഞ്ഞിട്ട് കാര്യമില്ല, ദൈവാനുഗ്രഹമെന്ന വൈക്കോൽ തുരുമ്പിലാണ് ഈ അനുഗ്രഹീത ജോലി, രിസഷൻ കാലത്ത് തൂങ്ങി നിൽക്കുന്നത്. ദുബായിലെ ഒഴുക്കിൽ നീ പെട്ടോ എന്നാണ്, മുജ്ജന്മ സുകൃതത്താൽ ഒഴുക്കിനു മുന്നെ അബുദാബിയിലേക്ക് വണ്ടി കയറിയ സുഹൃത്തുക്കൾ വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത്. നാട്ടിൽ, അവധിക്ക് പോയവരോട് പോലും ‘ ജോലിയെങ്ങനാ പോയി മോനെ’ എന്ന് നാട്ടുകാർ ആവലാതിപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നേരമെത്രയായി എന്ന് ചോദിച്ചപ്പോഴാണ്, തല ചെരിച്ചാൽ കാണാൻ പാകത്തിൽ വെച്ചിരിക്കുന്ന ക്ലോക്കിനെ പറ്റി ഭാര്യ ഓർമ്മിപ്പിച്ചത്. അപ്പോഴുണ്ട് ‘കോരപ്പൻ കോളിംഗ്’.
ഈ തെണ്ടിക്ക് രാവിലെ തന്നെ വേറെ പണിയില്ലേന്ന് ഒരു നിമിഷമാലോചിച്ചു. അതേ നിമിഷം, സംതിംങ്ങ് തടയാനാവുമെന്ന ശുഭാപ്തി വിശ്വാസവുമുണ്ടായി, അതേ നിമിഷം ‘ഹലോ’ ചൊല്ലി ഇരുപത്തിയൊന്ന് ഫിത്സ് രക്ഷിച്ചെടുത്തു.
അപാരമായ ശ്വാസനിയന്ത്രണത്തിൽ കോരപ്പെനെന്ന സജിത്ത് മൊഴിഞ്ഞു.
‘എനിക്കും കിട്ടി’.
പാവം, ഈയടുത്താണ് ലോണെടുത്ത് പറമ്പ് വാങ്ങിയത്, ബാക്കി പണം കൊണ്ട് ഒരു ടാറ്റാ ഇൻഡിക്ക കാറും. ഇത്ര ഭാഗ്യദോഷിയായ ഒരുത്തനുണ്ടാവില്ല തന്നെ. മൈനസായിരുന്ന ബാങ്ക് ബാലൻസ് ഈയിടെയാണ് പ്ലസ് ആയത്. അതിന്റെ സന്തോഷം എല്ലാവരേയും വിളിച്ച് ആഘോഷിച്ചത് പോലുമായിരുന്നു. കഷ്ടം എന്നല്ലാതെന്തു പറയാൻ!
‘ഇനിയെന്ത് ചെയ്യും? വീട്ടിലേക്ക് വിളിച്ച് പറഞ്ഞോ? ബാങ്കുകാരോട് പറയേണ്ട തൽക്കാലം, മാർക്കറ്റ് അപ് ആയി തുടങ്ങിയിരിക്കുന്നു, അബൂദാബിയിൽ ചാൻസ് ഉണ്ടാകും, നമുക്ക് ട്രൈ ചെയ്യാം’ ഇബ്രു പറഞ്ഞൊപ്പിച്ചു.
‘നീയെന്ത്‌ടാ പറേണത്, നിക്ക് ലൈസൻസ് കിട്ടിതിന്റെയാണ്ടാ, നീയൊക്കെ രാവിലെ എന്താലോചിച്ചിട്ടാണ്ടാ കെടക്കെണത്?’
സജിത്ത് സുഹൃത്തുക്കളോടൊക്കെ വിവരം പറഞ്ഞിട്ട് ടെസ്റ്റിനു പോയിരുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ സുഹൃത്തുക്കൾ രാവിലെ എഴുന്നേറ്റിരുന്നത് തന്നെ, സജിത്തിന് ഇന്ന് ‘ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം’ എന്ന് എസ് എം എസ് അയക്കാമല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു. പിന്നീട് ഈ പതിവ് ഇല്ലാതായി, എന്നിട്ടും ഡൈവിംഗ് സ്കൂളിലെ അസ്ലം ഒരു വിധം സുഹൃത്തുക്കൾക്കൊക്കെ സജിത്ത് തൊറ്റെന്ന വിവരം വിളിച്ച് പറയുമായിരുന്നു. പരിചയമുള്ള ഒരു ഇൻസ്പെകടർ തന്നെയാണ് സജിത്ത് കാറോടിക്കുമ്പോൾ മേലാസകലം വിറക്കുന്ന വിവരം അസ്ലമിനോട് പറയുന്നത്. അക്കാലത്താണ് കുടുംബം കൊച്ചിരാജാവിന്റെ പടത്തലവന്മാരുടേതാണെന്ന വിവരം സജിത്ത് എല്ലാവരോടുമായി പറയുന്നത്. വിറയൽ എന്നത് അവർക്ക് അന്യമത്രെ!
ഓ! അതായിരുന്നോ, ഇതിപ്പോ എത്രാമത്തേതിലാണീ ഓട്ടൊമാറ്റിക് ലൈസൻസ് കിട്ടിയത്, പതിനഞ്ച് തന്നെയല്ലേ? ഇനിയേത് വണ്ടിയാണ് എടുക്കണത്?” ഇബ്രു അലസമായി ചോദിച്ചു.
സജിത്തല്ലേ, അവനാരാ മോൻ! ഏത് ദ്രോഹിക്കലിനും പതിന്മടങ്ങ് ഡോസിൽ തിരിച്ച് തരും. ക്രയവിക്രയങ്ങളിൽ അപാരമായ മെയ്‌വഴക്കങ്ങളാൽ മേൽകൈ നേടും. ചിലപ്പോൾ, കാര്യങ്ങൾ വൃത്തിയായി പഠിക്കാനായിരുന്നു ഇക്കാലവിളംബം എന്നു പറഞ്ഞേക്കും. പറഞ്ഞുറപ്പിച്ച പെണ്ണ്, വേറേയൊരുത്തനെയാണ് ഇഷ്ടപ്പെടുന്നത് എന്നറിയിച്ച് പിൻവലിഞ്ഞപ്പോൾ അവളുടെ വീടിനടുത്ത് നിന്നു തന്നെ മറ്റൊരു കുട്ടിയെ പറഞ്ഞുറപ്പിക്കുക മാത്രമല്ല, പിൻവലിഞ്ഞ വീട്ടുകാരുടെ പത്ത് സെന്റ് സ്ഥലവും കെട്ടാൻ പോണ ചെക്കന്റെ വീട്ടുകാരുടെ വീടിന്റെ മുന്നിലെ സ്ഥലവും വിലക്ക് വാങ്ങിച്ച് പകരം വീട്ടിയവനാണ്.
സജിത്ത് പറഞ്ഞു.
‘ലാൻഡ് റോവർ’
സജിത്ത് അതുകൊണ്ട്, വാങ്ങാം വാങ്ങാതിരിക്കാം.
പക്ഷേ ഇബ്രു പിൻവലിഞ്ഞു.
“നിന്റെ അഹങ്കാരം കൊണ്ടാണെടാ തെണ്ടീ, നിനക്കിത്ര കാലവും ലൈസൻസ് കിട്ടാതിരുന്നത്. ”
അഭിപ്രായങ്ങള്‍