മുസ്ല്യാർക്ക് എങ്ങോട്ട് തിരിയാനും ഒരാൾ വേണമായിരുന്നു.
ദേര ദുബായിൽ നിന്ന് ഖുസൈസിലേക്ക്, തെരുപ്പറമ്പിൽ അബ്ദുല്ലാക്കയുടെ മൂത്തമകനെ കാണാൻ, മൂന്നാം നമ്പർ ബസ്, പഴയ ദുബൈ സിനിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ മതിയാവുമെന്ന് നൂറാവർത്തി പറഞ്ഞു കാണും. ദുബൈ സിനിമ എവിടെയെന്നാണ് എപ്പോഴും സംശയം. ഇക്കോലത്തിലൊക്കെ ഉടുപ്പിടാവോ എന്ന് മൊയ്തീൻക്കയോട് ചോദിച്ചതോർമ്മയില്ലേ, അവിടെയായിരുന്നു ദുബൈ സിനിമ. സംസാരം തീർന്നപ്പോൾ, നദീമിന് എഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആവാസ വ്യവസ്ഥയുടെ ചിത്രം ഓർമ്മ വന്നു. ജലത്തിനടിയിലെ സസ്യങ്ങൾക്കിടയിൽ നിന്ന് വളഞ്ഞ് പുളഞ്ഞൊരു നീർക്കോലി, ജലവിതാനത്തിനടിയിൽ ബാക്കി ഉടലും മീതെ തലയുമായി, തുഴഞ്ഞു നിൽക്കുന്ന കൊച്ചു തവളയെ ലക്ഷ്യമാക്കി കുതിക്കുന്ന രംഗം. ചിത്രം ആ നിശ്ചലതയിൽ അല്ലായിരുന്നുവെങ്കിൽ, കിട്ടാവുന്ന എന്തെങ്കിലും കൊണ്ട് ആ തവളയെ രക്ഷിക്കണമെന്ന് , സിലബസ് വർഷങ്ങൾക്ക് ശേഷം മാറുന്നത് വരേയ്ക്കും ആ ചിത്രം കാണുമ്പോൾ നദീമിനു തോന്നാറുണ്ടായിരുന്നു. ആവാസ വ്യവസ്ഥയിൽ നീർക്കോലിയുടെ ഭക്ഷണം തവളയാണ്, കൊച്ചു തവളകൾ.
നദീം മുഴുത്ത കല്ലൊന്നെടുത്ത് കൊച്ചു തവളയ്ക്ക് നേരെയെറിഞ്ഞു. ഉഭയജീവിയാണെന്ന ബോധം നഷ്ടപ്പെട്ട തവള ഒന്നാഞ്ഞു തുഴഞ്ഞു.
മുസ്ല്യാർക്ക് വഴി തെറ്റുമോ?
ഗലദാരി സിഗ്നലിലെ പുതിയ പാലത്തിന്റെ അരികു പറ്റി ഇടത്തോട്ട് തിരിഞ്ഞ്, വീണ്ടും ഏതാനും വളവു തിരിവുകൾക്കും ശേഷം മൂന്നാം നമ്പർ ബസ്, ഗ്രാന്റ് ഹോട്ടലിന്റ്റെ മുന്നിലെത്തി. നീർക്കോലി ബോധമണ്ഡലത്തിൽ ഇരയുടെ ഗന്ധം അറിഞ്ഞു. ആവാസ വ്യവസ്ഥയിലെ താളഗതിയ്ക്ക് പിഴവു പറ്റുകയോ? ഒരിക്കലുമില്ല, ഒരിക്കലുമില്ല.
അസ്സലാമു അലൈക്കും!
തെറ്റുപറ്റുന്നതാർക്കാണ്? അബ്ദുല്ലാക്കയുടെ മൂത്ത മകനോ? റബ്ബുൽ ആലമീനായ തമ്പുരാനോ?
വ അലൈക്കും സലാം!
നീർക്കോലി പരിസരം മണത്തു. ഭേഷ്!
കൊച്ചു തവളയെ പിന്നെ ആഹരിക്കാം.നിറയെ കുളങ്ങളുള്ള നീർത്തടത്തിൽ , മടക്കയാത്രയാവുമ്പോൾ മാത്രം ഈ കൊച്ചു തവളയെ ഭക്ഷിയ്ക്കാം.
ഇരയ്ക്കൊപ്പം വേട്ടക്കാരൻ രാപകലുകളില്ലാതെ കുളത്തിൽ നിന്നും കുളത്തിലേക്ക് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. നീർക്കോലിയുടെ വിസ തീർന്നു. നീർക്കോലി പെരുമ്പാമ്പായി ജനിതകമാറ്റം ഉൾക്കൊണ്ടു. തവളകൾ തവളകളായി തന്നെ നിലകൊണ്ടു. ആവാസ വ്യവസ്ഥയിൽ ജനിതകമാറ്റത്തിന് വിവേചനം!
നീർക്കോലി പിന്നേയ്ക്കായി കരുതി വെച്ചിരുന്ന തവളയേയും ഭക്ഷിച്ചു. അവസാനം!
അസ്സലാമു അലൈക്കും!
പെരുമ്പാമ്പ് വിമാനം കയറി, നാടൻ കുളത്തിലേക്കിറങ്ങി. ആ വെള്ളിയാഴ്ച ഖുതുബയിൽ തവളകളെ തവളകളായി തന്നെ നിലനിർത്താൻ പ്രാർത്ഥിച്ചു. നീർക്കോലികളുടെ ആയാസങ്ങളെ പറ്റി റബ്ബുൽ ഇസ്സത്തിനോട്, ആകാവുന്ന നിലയിൽ തലയുയർത്തി പ്രാർത്ഥിച്ചു.
നീർക്കോലികളെ നീ പെരുമ്പാമ്പുകളാക്കേണമേ!!
നാടൻ തവളകൾ, പോക്രോം! പോക്രോം!! എന്നുറക്കെ ആമീൻ ചൊല്ലി.
അഭിപ്രായങ്ങള്‍