ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചില സമയ ദോഷങ്ങള്‍.

ഇവിടെ ദുബായില്‍ ഒരു പാട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്‌.സിവില്‍ എന്‍ജിനീയറിങ്ങിന്റെ അനന്തസാദ്ധ്യതകള്‍ നമ്മള്‍ മലയാളികള്‍ നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം അത്ര അധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌.എന്റെ ബാച്ചിലെ മുക്കാല്‍ പങ്കും ഇവിടെ എത്തി നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്‌. എന്റെ തന്നെ ജൂനിയര്‍ - സീനിയര്‍ സുഹൃത്തുക്കള്‍ വേറെയും..
ഞങ്ങള്‍ ചേര്‍ന്ന് ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്‌. നമ്മള്‍ മലയാളികള്‍ക്ക്‌ സംഘടന ഒഴിച്ച്‌ കൂടാനാകാത്ത ഒരു വിഭവമാണല്ലോ,
ഇനി കാര്യം പറഞ്ഞ്‌ തുടങ്ങാം..
അധിക പേരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിക്കാത്തവര്‍ക്ക്‌ അനുയോജ്യമായ ബന്ധം സംഘടിപ്പിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌. പക്ഷെ പലരും വളരെ അധികം ധൃതിയുള്ളവരാണ്‌. കാരണം നല്ല ജോലി, നല്ലശമ്പളം ഇനി അടുത്തത്‌ നല്ല ഭാര്യ തന്നെ എന്നാണ്‌ എന്റെയടക്കമുള്ളവരുടെ ലക്ഷ്യം.അങ്ങനെ ജോലിതിരക്കും ബ്ലോഗിങ്ങും കമന്റിങ്ങും കഴിഞ്ഞ്‌ കിട്ടുന്ന ഇടവേളകളില്‍ ഞാനും കേരള മാറ്റ്രിമോണിയില്‍ പെങ്കുട്ട്യൊളെ തപ്പിയിറങ്ങി. പത്ത്‌ മുന്നൂറ്‌ പ്രൊഫൈല്‍ തിരഞ്ഞ്‌ മടുത്തപ്പോള്‍ ഞാന്‍ വരന്മാരുടെ ലിസ്റ്റ്‌ തിരയാന്‍ തുടങ്ങി. അപ്പോഴുണ്ട്‌ എന്റെ ജൂനിയര്‍ ഒരുത്തന്‍ ഒരു കിടിലന്‍ പ്രൊഫൈല്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നു. തലയിലൂടെ ഒരു
മിന്നല്‍ പിണര്‍ പാഞ്ഞു...
അവന്റെ മൊബൈല്‍ നമ്പര്‍ എന്റെ കൈയില്‍ ഇല്ല, പക്ഷെ സംഘടിപ്പിച്ചു..
പിന്നെ കുറച്ച്‌ സുഹൃത്തുക്കളെ എല്ലാം വിളിച്ച്‌ വിവരം പറഞ്ഞു..
എല്ലാവരും ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കി. ഒരു പെണ്‍കുട്ടിയുടെ സഹോദരന്‌ അവനെ കണ്ട്‌ വിവാഹകാര്യം സംസാരിക്കുവാനുണ്ടെന്ന് ഞങ്ങളിലാരെങ്കിലും വിളിച്ച്‌ പറയുക.
അങ്ങനെയാണ്‌ അവനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് തന്ത്രപരമായി ദേര ദുബായിലെ മുനിസിപാലിറ്റി പാര്‍ക്കിലേക്ക്‌ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട്‌ എട്ട്‌ മണിക്ക്‌ വരാന്‍ പറഞ്ഞത്‌.
വൈകീട്ട്‌ അഞ്ച്‌ മണി മുതല്‍ മുന്‍ നിശ്ചയ പ്രകാരം ഓരോരുത്തരായി അവനെ പല പാര്‍ട്ടികള്‍ക്ക്‌ വിളിക്കാന്‍ തുടങ്ങി.അവന്ന് കമ്പനി വക ഒഴിച്ചുകൂടാനാവാത്ത പാര്‍ട്ടിയുണ്ടെന്നും പറഞ്ഞ്‌ ഒഴിഞ്ഞ്‌ മാറാന്‍ തുടങ്ങിയപ്പോഴേ ഞങ്ങളുടെ പദ്ധതി വിജയം മണത്തു തുടങ്ങിയിരുന്നു.അവന്റെ ഓരോ നീക്കവും സമര്‍ത്ഥമായി അവന്റെ റൂം മേറ്റ്‌ ഞങ്ങള്‍ക്ക്‌ എത്തിച്ച്‌ കൊണ്ടിരുന്നു.അങ്ങനെ ഞങ്ങള്‍ ഓരോരുത്തരായി പാര്‍ക്കില്‍ എത്തിയെന്ന് ഉറപ്പ്‌ വരുത്തി. ഞാന്‍ അവിടെ എത്തിയപ്പോഴുണ്ട്‌ കഥാനായകന്‍ കുളിച്ച്‌ കുട്ടപ്പനായി ആരെയോ കാത്ത്‌ നില്‍ക്കുന്നു. എന്നെ കണ്ടയുടനെ ഒഴിഞ്ഞു മാറാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു. കാരണം വേറൊരുത്തന്‍ അവന്റെ എതിര്‍ദിശയില്‍ വരുന്നുണ്ടായിരുന്നു. രണ്ടുപേര്‍ക്കുമിടയില്‍ പെട്ട്‌ നിസ്സഹായനായ കഥാനായകന്‍
ഇഞ്ചി തിന്ന കുരങ്ങിനെ പോലെ നിന്ന നില്‍പ്പില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവരും കടന്നു വന്നു. കൂട്ടിലടച്ച വെരുകിനെ പോലെ അവന്‍ വെപ്രാളപെട്ട കാഴ്ച അതിദയനീയമായിരുന്നു. മറ്റേതൊരു അവസരത്തിലാണെങ്കിലും അത്തരമൊരു കൂടിചേരല്‍ അവന്‍ ഒഴിവാക്കുമായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ അവന്‍ പെണ്‍വീട്ടുകാരെ കാത്ത്‌ നില്‍ക്കുകയല്ലെ!. പലരും പലതും പറഞ്ഞ്‌ പ്രലോഭിപ്പിച്ചിട്ടും കഥാനായകന്‍ നിന്ന നില്‍പ്പ്പ്പില്‍ തന്നെ!. അരമണിക്കൂര്‍ അവനെ അവിടെ തന്നെ നിര്‍ത്തി.ബഹളങ്ങളും പൊട്ടിചിരികളും ആ കൂട്ടായ്മയിലേക്ക്‌ പരിസര ശ്രദ്ധ തിരിയ്ക്കുമെന്നായപ്പോള്‍ ആരോ അവന്‍ കാത്ത്‌ നില്‍ക്കുന്ന ആളിന്ന് വിളിക്കുവാന്‍ പറഞ്ഞു. അവന്‍ മാറി നിന്ന് മൊബൈല്‍ കറക്കി.. ഞങ്ങളില്‍ ഒരുവന്‍ വാങ്ങിയ പുതിയ മൊബൈല്‍ റിംഗ്‌ ചെയ്യാന്‍ തുടങ്ങി.. ഞങ്ങളൊന്നിച്ച്‌ അവന്റെ അടുത്തേക്ക്‌ നടന്ന് നീങ്ങി, പിന്നെ മൊബൈല്‍ എടുത്ത്‌ റിംഗ്‌ ചെയ്യുന്ന അവന്റെ നമ്പര്‍ കാണിച്ച്‌ കൊടുത്തു.
കഥാനായകന്റെ മുഖത്തെ ഭാവമാറ്റം ഞാന്‍ ഇതുപോലത്തെ മറ്റൊരു അനുഭവമുണ്ടാകുന്നത്‌ വരെ മറക്കില്ല!!. അത്ര പരിതാപകരമായിരുന്നു. കരയാന്‍ വയ്യാത്തത്ര മുതിര്‍ന്നത്‌ കൊണ്ട്‌ കരഞ്ഞില്ലെന്നെയുള്ളൂ..
പിന്നെ എല്ലാവരും ചേര്‍ന്ന് അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം തൊട്ടടുത്ത ഹോട്ടലിലേക്ക്‌ മുന്‍നിശ്ചയപ്രകാരം കൊണ്ടുപോയി. ഞാന്‍ പതുക്കെ ആ കൂട്ടം വിട്ട്‌ മറ്റൊരു സ്ഥലത്തേക്ക്‌ നീങ്ങി.
രാത്രി ആരോ
വിളിച്ചു പറഞ്ഞു, ഹോട്ടലിലെ ബില്ലും അവനെ കൊണ്ട്‌ വസൂലാക്കിയെന്ന്..
പാവം..അവന്‌ മാനനഷ്ടവും പിന്നെ ധനനഷ്ടവും ഒന്നും വരികേലായിരുന്നു.. പ്രൊഫെഷണലുകള്‍ക്ക്‌ ഈ ആഴ്ച എന്ന പത്ര ജാതകം ഒന്നു നോക്കിയിരുന്നെങ്കില്‍...

അഭിപ്രായങ്ങള്‍

Kalesh Kumar പറഞ്ഞു…
ഇബ്രു, നല്ല പണി! പെണ്ണുകാണലും സംഭവങ്ങളും പ്രത്യേകിച്ചും ഗൾഫിൽ - ബോറൻ ഏർപ്പാടാ!

കഥ നന്നായിട്ടുണ്ട്‌!
Kiran പറഞ്ഞു…
i can read ur posts now:)

i reinstalled windows 98...didnt go to that site which you had asked me to...but still,i can see the posts:)
സു | Su പറഞ്ഞു…
ഇബ്രുവേ...,
ഇങ്ങനെയൊരു പാര സ്വന്തമായിട്ടും വരുമെന്നു
ഓര്‍ക്കണേ.
Kiran പറഞ്ഞു…
ningal okkae aalu kollamallo!

appo ethokkeyaanu avide gulfil pani,allae!

enthayalum post kalakki.
Oru post vaayikkukayaanennu tooniyilla, tannodu samsaarikkukayaanennae tooniyullu.
ചില നേരത്ത്.. പറഞ്ഞു…
SU & Kiran..

ജീവിതം യാന്ത്രികമായി തോന്നിതുടങ്ങുമ്പോള്‍ എങ്ങു നിന്നോ മരവിപ്പ്‌ ബാധിച്ച്‌ തുടങ്ങും, മനസ്സിന്‌-
വിശ്രമ വേളകള്‍ ഞങ്ങള്‍ ആനന്ദകരമാക്കുന്നതിങ്ങനെ ഒക്കെയാണ്‌..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.