ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രവാസം.......

തകര്‍ന്നടിഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ.
പകല്‍ മുഴുവന്‍ നീണ്ട യാത്ര..അബുദാബിയില്‍ വെച്ചിട്ടു പോന്ന പുസ്തകങ്ങളും വസ്ത്രങ്ങളും തിരിച്ചെടുക്കുവാന്‍ പറയാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങള്‍ ഒരു പാടായിരിക്കുന്നു.പഴയ സുഹൃത്തുകള്‍ ഫ്ലാറ്റ്‌ മാറുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യാത്ര മാറ്റിവെക്കുവാന്‍ വയ്യ.ആറു മാസം മുന്‍പ്‌ വരെ അവിടെയായിരുന്നു പൊറുതി.കൊടും ചൂടില്‍ നല്ലൊരു വ്യാഴാഴ്ച തന്നെ പുറപ്പെട്ടു. വലിയ ദൂരം ഇല്ല അബൂദാബിയിലേക്ക്‌.. പക്ഷെ, പുറപ്പെട്ട്‌ ഇറങ്ങുവാന്‍ വലിയ ബുദ്ധിമുട്ടാണെനിക്ക്‌.. ഇരുനൂറു കിലോമീറ്റര്‍ അടുത്തിരിക്കുന്നവന്റെ നാറ്റവും സഹിച്ച്‌ വേണം പോകാന്‍..
സുഹൃത്തുക്കളെ മുഴുവന്‍ വിളിച്ച്‌ ഒന്നിളക്കി നോക്കി, ആര്‍ക്കും കൂട്ട്‌ വരാന്‍ വയ്യ. വേനലിന്റെ ശാപം..
ആകെ ഒരു ലാഭമെന്നത്‌ ഒരു കൂട്ടുകാരന്‍ നാട്ടിലേക്ക്‌ പോകുന്നു അവന്റെ കൈയില്‍ വീട്ടിലേക്ക്‌ കത്ത്‌ കൊടുത്ത്‌ വിടാം.
കുറെ നാളായി കത്ത്‌ എഴുതാന്‍ ആവശ്യപെടുന്നു..ഫൊട്ടൊ ആവശ്യപ്പെട്ട്‌ തുടങ്ങിയിട്ടും കുറച്ചായി.. ഫോട്ടോയുടെ കാര്യം അവിടെ നില്‍ക്കട്ടെ, കത്ത്‌ അവിടെ ചെന്നിട്ട്‌ എഴുതാമെന്ന് കരുതി പുറപ്പെട്ടു. കത്ത്‌ എഴുതുമ്പോള്‍ നാലഞ്ച്‌ പുറം എഴുതണം എങ്കിലേ വീട്ടുകാരുടെ മനം നിറയൂ. അനിയത്തി കളിയാക്കും, നിന്റെ കഥ, വായിച്ചിട്ട്‌ തീരുന്നില്ലെന്ന്..
എഴുതുവാന്‍ മടിയാണു. എഴുതി തുടങ്ങിയാല്‍ നിര്‍ത്തുവാനും.. രാവിലെ തുടങ്ങി
വൈകീട്ട്‌ ജോലി അവസാനിക്കുന്നത്‌ വരെയുള്ള വിഷയങ്ങള്‍ പൊതുവിലും വിശ്രമസമയം ചെലവിടുന്നതിനെ പറ്റി വിശേഷിച്ചും വിസ്തരിച്ച്‌ എഴുതണം.അത്‌ എന്റെ പിതാശ്രീയുടെ ഒരു നിര്‍ബന്ധമാണു.വ്യായാമം, വസ്ത്രധാരണം, വസ്ത്രത്തിന്റെ നിറം തുടങ്ങിയ കാര്യങ്ങള്‍ തീര്‍ച്ചയായും എഴുതണം. അല്ലെങ്കില്‍ ചോദ്യം വരും..എന്നോടല്ല..പുള്ളി ഏെര്‍പ്പാടാക്കിയ ചില ചാരന്മാര്‍ ഉണ്ടിവിടെ, ദുബായില്‍..
പിതാശ്രീക്ക്‌ നന്നായി അറിയാം മൂത്ത സന്തതിയുടെ ലീലാവിലാസങ്ങള്‍!!!.അതാണു ഒരു ചാരകണ്ണ്‍ എന്റെ പിറകെ സൃഷ്ടിച്ചിരിക്കുന്നത്‌.കൈവിട്ട്‌ കളയാന്‍ വയ്യ ദൂരെയാണെങ്കിലും പയ്യനെ എന്നാണു.. ചാരന്മാര്‍ ആരൊക്കെയാണെന്നും അവര്‍ എവിടെയൊക്കെ ഉണ്ടാകുമെന്നും എനിക്ക്‌ കൃത്യമായും അറിയാം എന്നിടത്താണു എന്റെ ഉപ്പ(പിതാശ്രീ) പരാജയപ്പെടുന്നത്‌.പൂക്കുറ്റിയായി(മദ്യപിച്ച്‌ വഴിയില്‍ കിടക്കുന്നതിന്റെ നാട്ടുഭാഷ)കിടക്കുന്നത്‌ കണ്ടതിന്റെ മുപ്പതാം ദിവസം എന്നെ അറേബ്യായിലേക്ക്‌ നാടുകടത്തി. നാട്‌ വിടുന്നതിന്ന് മുന്‍പ്‌ ഒരു തീരുമാനവുമെടുത്തു, ഇനി മദ്യപാനമില്ല- അതു തെറ്റാണു, സങ്കടമാണു, വാതിലിനു പിറകില്‍ നിസ്സഹായയായി നില്‍ക്കുന്ന ഉമ്മയുടെ കണ്ണുനീരാണു,വേര്‍പ്പാടിലേക്ക്‌ നയിക്കുന്ന, വിരഹത്തിലേക്ക്‌ നയിക്കുന്ന പ്രണയിതാവിന്റെ ചങ്കെരിക്കുന്ന ദു:ഖത്തിന്റെ ആഴക്കടലാണു..ശ്രീമാന്‍ മോഹന്‍ലാല്‍ പറഞ്ഞതു പോലെ ഇന്നും തുടരുന്നു
എന്ന് തീരുമെന്ന് അറിയാത്ത ഈ പ്രവാസ പ്രവാഹം...

അഭിപ്രായങ്ങള്‍

Kalesh Kumar പറഞ്ഞു…
"സഫറോം കി സിന്ദഗി ജൊ കഭീ നഹി ഖത്തം ഹോ ജാത്തേ ഹേ!" (മോഹന്‍ലാലിന്റെ തന്നെ ഡയലോഗാ!)
കൊള്ളാം ഇബ്രു... നന്നായി! ഞാനും ഇന്നലെ അബുദാബിയില്‍ പോയിരുന്നു. ഉം അല്‍ കുവൈനില്‍ ആണ്‌ ചൂട്‌ കൂടുതല്‍ എന്ന് എനിക്ക്‌ മനസ്സിലായി!
aneel kumar പറഞ്ഞു…
ആസ്വദിച്ചു.
എന്നിട്ടബുദാബിയില്‍ ഇബ്രു പോയോ?
ഞങ്ങളെയും റൂമില്‍ത്തന്നെയാണോ ഇപ്പോ ഇരുത്തിയിരിക്കുന്നത്? എവിടെയാണ്‌ വായനക്കാര്‍ ഇപ്പോള്‍ ?
രാജ് പറഞ്ഞു…
ഇബ്രു എന്ന ഇബ്രാഹിം(കുട്ടി എന്നുണ്ടോ ആവ്വോ?) താങ്കളുടെ ബ്ലോഗ് വായിച്ചിരുന്നു ഞാൻ; കണ്ണടച്ച് വെള്ളത്തിൽ പൊങ്ങുതടി പോലെ പൊങ്ങിക്കിടക്കുന്ന സുഖാനുഭൂതി!
ചില നേരത്ത്.. പറഞ്ഞു…
ശ്രീ കലേഷ്‌,
അതെ അതു തന്നെ ആയിരുന്നു എഴുതണമെന്ന് വിചാരിച്ചത്‌.
പിന്നെ മോഹന്‍ലാലിനെ കൊണ്ട്‌ എന്റെ ഡയലോഗ്‌ പറയിപ്പിച്ചതാണു...

പ്രിയ അനില്‍,
അബൂദാബിയില്‍ പോയി,തിരിച്ച്‌ വന്നു,ചില ആളുകളുടെ മനസ്സിലിരിപ്പിനെ പറ്റി എഴുതാനാണു വിചാരിച്ചിരുന്നത്‌. പക്ഷേ, അഞ്ചു മണിയായപ്പോള്‍ കമ്പനി ഡ്രൈവര്‍ വന്ന് തിരക്കു കൂട്ടി. അതാണു വായനക്കാരെ പാതിവഴിയില്‍ ഇട്ടേച്ച്‌ പോയത്‌.
-ക്ഷമിക്കുക-

ശ്രീ പെരിങ്ങോടരെ,
എന്റെ ബ്ലോഗ്‌ വായിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ വളരെ അധികം സന്തോഷിക്കുന്നു.
ഇബ്രാഹിം മുഹമ്മദ്‌ എന്നാണു എന്റെ പേരു. കുട്ടിയാണു വീട്ടുകാര്‍ക്ക്‌, പക്ഷേ പേരിന്റെ കൂടെയില്ല, എനിക്കത്‌ ഇഷ്ടവുമല്ല..
-ഇബ്രു-
jay menon പറഞ്ഞു…
hey am not able to read it :(
സു | Su പറഞ്ഞു…
ഇബ്രൂ, അടുത്ത പോസ്റ്റിന്റെ തിരക്കിലാണോ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!